വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മാർച്ച് 2020
<< | മാർച്ച് 2020 | >> |
---|
ഒരു നാടൻ കളിയാണ് പട്ടം പറത്തൽ. കുട്ടികളും മുതിർന്നവരും ഈ വിനോദത്തിൽ ഏർപ്പെടുന്നു.
ഛായാഗ്രഹണം: വിജയൻ രാജപുരം
പശ്ചിമഘട്ടത്തിലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം വിരളമായി കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് മലബാർ മിന്നൻ. സമുദ്രനിരപ്പിൽനിന്ന് മുന്നൂറ് മുതൽ തൊള്ളായിരം മീറ്റർ വരെയുള്ള മഴക്കാടുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. ചിറകിന്റെ അടിവശത്ത് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്, കടും തവിട്ടുനിറത്തിലുള്ള ഒരു പട്ടയും കാണാം. ചിറകിന് പുറത്ത് ആൺശലഭത്തിന് നീലനിറവും പെൺശലഭത്തിന് തവിട്ടുനിറവുമാണ്.
ഛായാഗ്രഹണം: വിനയരാജ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. വേനൽക്കാലത്ത് പൂക്കുന്ന ഈ വൃക്ഷത്തിന്റെ പൂക്കൾ സ്വർണാഭമാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ കൊന്നപ്പൂക്കൾ പ്രധാനമായതുകൊണ്ടാണ് കണിക്കൊന്ന എന്ന പേര് ലഭിച്ചത്.
ഛായാഗ്രഹണം: Shagil Kannur
ആഫ്രിക്കൻ, ഏഷ്യൻ പ്രദേശങ്ങളിൽ വളരുന്ന ഒരു സപുഷ്പിസസ്യമാണ് കാട്ടെള്ള്. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണിത്. ആഫ്രിക്കയിൽ ഒരു ഇലക്കറിയായി ഉപയോഗിക്കുന്ന ഈ സസ്യ്ം കേരളത്തിലെ ചില സ്ഥലങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്നു. കാട്ടെള്ള് ഒരു കളയായി കൃഷിയിടങ്ങളിൽ ശല്യമായിത്തീരാറുണ്ട്. ഇലകൾ പാകം ചെയ്തോ അല്ലാതേയോ ഉപയോഗിക്കാം. തണ്ട് സൂപ്പുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്, വിത്തും ഭക്ഷ്യയോഗ്യമാണ്.
ഛായാഗ്രഹണം: വിജയൻ രാജപുരം
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ്. ആവാസസ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്