വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഏപ്രിൽ 2022
<< | ഏപ്രിൽ 2022 | >> |
---|
ഐ.എസ്. തീവ്രവാദികൾ 2015ൽ തുർക്കിയിൽ നടത്തിയ ഭീകരാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് ചലച്ചിത്രകാരിയാണ് ലിസ ചലാൻ. ഒരു ഹ്രസ്വചിത്രം നിർമ്മിക്കുകയും നിരവധി ഫീച്ചർ ഫിലിമുകളിലും ഡോക്യുമെന്ററികളിലും ടിവി സീരീസ് പ്രോജക്ടുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കേരള സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നേടി.
ഛായാഗ്രഹണം: എൻ സാനു
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രതാരമാണ് ഭാവന. രണ്ട് പതിറ്റാണ്ടായി അഭിനയരംഗത്തുള്ള ഭാവനയുടെ യഥാർത്ഥ നാമം കാർത്തിക എന്നാണ്. ആദ്യ ചലച്ചിത്രമായ നമ്മൾ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടി. ദൈവനാമത്തിൽ എന്ന ചിത്രത്തിന് 2005-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: എൻ സാനു
കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവപ്രതിഷ്ഠ. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രക്കുളത്തിനു നടുക്കുള്ള ഗോപുരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അജീഷ് കുമാർ
ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനായ ഗുളികനെ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ആരാധിക്കുന്നു. ഗുളികൻ തെയ്യമാണ് ചിത്രത്തിൽ. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
ഛായാഗ്രഹണം: അജീഷ് കുമാർ