<< മാർച്ച് 2022 >>

മാർച്ച് 6-10

നീർമാതളം
നീർമാതളം

ഇന്ത്യയിലുടനീളം പുഴകളുടേയും തോടുകളുടേയും അരികിലായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. ഏകദേശം 9-12 മീ. ഉയരത്തിൽ വളരുന്ന സസ്യത്തിന്റെ തൊലിക്ക് ചാരനിറമാണ്. ഡിസംബർ-ഏപ്രിൽ കാലയളവിൽ പുഷ്പിക്കുന്ന ചെടിക്ക് മഞ്ഞകലർന്ന വെളുപ്പുനിറമുള്ള പൂക്കളാണ്.

ഛായാഗ്രഹണം: Rison Thumboor


മാർച്ച് 11-15

നീലക്കൊടുവേലി
നീലക്കൊടുവേലി

ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. സസ്യമായി വച്ചുപിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വേഗം വളരുന്ന ഈ ചെടി 1.8 മീറ്റർ വരെ ഉയരം വയ്ക്കും. പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ട ഒരു ദിവ്യൗഷധത്തിന്റെ പേരും നീലക്കൊടുവേലി എന്നാണ്.

ഛായാഗ്രഹണം: Vengolis


മാർച്ച് 16-20

ബൃഹദീശ്വരക്ഷേത്രം
ബൃഹദീശ്വരക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ബൃഹദീശ്വരക്ഷേത്രം. പെരിയ കോവിൽ, രാജരാജേശ്വരം കോവിൽ എന്ന പേരുകളിലും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ആദ്യകാലങ്ങളിലെ പേര് തിരുവുടയാർ കോവിൽ എന്നായിരുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രം പണികഴിപ്പിച്ചത്. യുനസ്കോ ലോകപൈതൃകസ്ഥാനമായി ബൃഹദീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: മുജീബ് റഹ്മാൻ. കെ


മാർച്ച് 21-25

തമിഴ് സർവകലാശാല
തമിഴ് സർവകലാശാല

തമിഴ് ഭാഷയുടെ വികസനത്തിനും ഗവേഷണത്തിനുമായി തഞ്ചാവൂരിൽ 1981ൽ സ്ഥാപിച്ച സർവകലാശാലയാണ് തമിഴ് സർവകലാശാല. ഇന്ത്യയിൽ ഒരു പ്രാദേശികഭാഷയുടെ വികസനത്തിനുവേണ്ടി ആദ്യമുണ്ടായ സർവകലാശാലയാണിത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഗവേഷണവിദ്യാർഥികൾക്കായി തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ പ്രത്യേക കോഴ്സുകൾ സർവകലാശാല നടത്തിവരുന്നുണ്ട്. ബിരുദാനന്തരബിരുദങ്ങളും പി.എച്ച്.ഡി., ഡി.ലിറ്റ്. പോലുള്ള ഉന്നത ഗവേഷണ ബിരുദങ്ങളും നല്കിവരുന്നു. സർവകലാശാലയുടെ ലൈബ്രറി കെട്ടിടമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുഗീഷ്


മാർച്ച് 26-30

തമിഴ് സർവകലാശാല
തമിഴ് സർവകലാശാല

ദക്ഷിണേന്ത്യൻ തീരദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ബുൾബുൾ ഇനമാണ് നാട്ടുബുൾബുൾ. ഇവയുടെ ശരീരം കടും തവിട്ടു നിറവും തല, മുഖം, കഴുത്ത് എന്നിവ കറുപ്പുമാണ്. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു. ദിവസേന ഒരേ സ്ഥലത്ത് കൃത്യസമയത്ത് കുളിക്കാനെത്തുന്ന സ്വഭാവം നാട്ടുബുൾബുളിനുണ്ട്.

ഛായാഗ്രഹണം: പ്രദീപ് ആർ.


മാർച്ച് 31

ലിസ ചലാൻ
ലിസ ചലാൻ

ഐ.എസ്. തീവ്രവാദികൾ 2015ൽ തുർക്കിയിൽ നടത്തിയ ഭീകരാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് ചലച്ചിത്രകാരിയാണ് ലിസ ചലാൻ. ഒരു ഹ്രസ്വചിത്രം നിർമ്മിക്കുകയും നിരവധി ഫീച്ചർ ഫിലിമുകളിലും ഡോക്യുമെന്ററികളിലും ടിവി സീരീസ് പ്രോജക്ടുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കേരള സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നേടി.

ഛായാഗ്രഹണം: എൻ സാനു