വാൾട്ടർ സിഡ്നി ആഡംസ്
നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതിശാസ്ത്രജ്ഞനാണ് വാൾട്ടർ സിഡ്നി ആഡംസ്(ഡിസംബർ 20, 1876 – മെയ് 11, 1956). കാലിഫോർണിയയിലെ മൌണ്ട് വിൽസൺ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടർ ആയിരുന്നു[1].
Walter Sydney Adams വാൾട്ടർ സിഡ്നി ആഡംസ് | |
---|---|
ജനനം | |
മരണം | മേയ് 11, 1956 | (പ്രായം 79)
ദേശീയത | United States |
കലാലയം | Dartmouth College |
പുരസ്കാരങ്ങൾ | Gold Medal of the Royal Astronomical Society (1917) Henry Draper Medal (1918) Bruce Medal (1928) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | astronomy |
സ്ഥാപനങ്ങൾ | Mount Wilson Observatory |
ജീവിതരേഖ
തിരുത്തുകതുർക്കിയിലെ ആന്റിയോക്കിലാണ്(Antioch) ഇദ്ദേഹത്തിന്റെ ജനനം.വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു. മാതാപിതാക്കൾക്കൊപ്പം 8-ം വയസ്സിൽ ആഡംസ് അമേരിക്കയിലേക്കു താമസം മാറ്റി. ഷിക്കാഗൊ സർവകലാശാലയിലെ ഡാർമൌത്ത് കോളജിലും ജർമനിയിലെ മ്യൂണിച്ച് സർവകലാശാലയിലും ആണ് ഇദ്ദേഹം ജ്യോതിശ്ശാസ്ത്ര പഠനം നടത്തിയത്.
1901-04 കാലത്ത് യെർക്സ് നിരീക്ഷണാലയത്തിൽ (യു. എസ്.) നക്ഷത്ര വർണരാജികളെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. കാലിഫോർണിയയിലെ മൌണ്ട് വിൽസണിൽ സ്ഥാപിതമായ വാഷിങ്ടൺ കാർണേഗീ ഇൻസ്റ്റിറ്റ്യൂട്ടിൽ 1904-ൽ അംഗമായി. 1923-46 കാലഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു.
സൂര്യന്റെയും നക്ഷത്രങ്ങളുടെയും വർണരാജികളെപ്പറ്റി പഠിക്കുന്നതിൽ അസാമാന്യ വൈദഗ്ദ്ധ്യമാണ് ഇദ്ദേഹം പ്രദർശിപ്പിച്ചത്. സൌരകിരണങ്ങളുടെ വർണരാജിവിശ്ളേഷണം ചെയ്യുക, ദൂരദർശിനിയിലൂടെ സൂര്യഭ്രമണത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുക, നക്ഷത്രങ്ങളുടെ വേഗവും ദൂരവും നിർണയിക്കുക, സവിശേഷ നക്ഷത്രങ്ങളുടെ വിശദാംശങ്ങൾ നിരീക്ഷിക്കുക, താരാന്തരീയ മണ്ഡലങ്ങളിലെ വാതകങ്ങളെക്കുറിച്ച് പഠിക്കുക എന്നീ കാര്യങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധികേന്ദ്രീകരിച്ചത്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആസൂത്രണത്തിനായി നിയമിതമായ കമ്മിറ്റിയിലെ ഒരംഗമെന്ന നിലയിൽ ഇദ്ദേഹം ചെയ്ത സേവനം വിലപ്പെട്ടതാണ്. 200 ഇഞ്ച് ദൂരദർശിനി പലോമർ നിരീക്ഷണാലയത്തിൽ സ്ഥാപിക്കുന്നതിലും ഇദ്ദേഹം നിർണായകമായ പങ്കു വഹിച്ചു. ജ്യോതിശ്ശാസ്ത്ര കണ്ടുപിടിത്തങ്ങൾക്കിടെ നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1956 മേയ് 11-ന് പസാദേനയിൽ നിര്യാതനായി.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആഡംസ്, വാൾട്ടർ സിഡ്നി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |