കേരളത്തിലെ ഒരു നാടുവാഴിയും ഇരിങ്ങോൾക്കാവിന്റെ അവസാന ഊരാൺമ അവകാശിയുമായിരുന്നു നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി (1912 - 2019 ജൂലൈ 26). ഇരിങ്ങോൾകാവിനു സമീപമാണ് ദേവസ്വം ബോർഡിന് വിട്ടുനൽകിയ നാഗഞ്ചേരി മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളിൽ ഒന്നായിരുന്നു നാഗഞ്ചേരി മന. പതിനെട്ടു ദേശങ്ങളുടെ അധികാരവും ഒമ്പത് ക്ഷേത്രങ്ങളുടെ ഊരാണ്മയും ഉണ്ടായിരുന്ന മന കൂടിയായിരുന്നു ഈ നാഗഞ്ചേരി മന.[1] നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠൻ നമ്പൂതിരിയുടെ മകനാണ് വാസുദേവൻ നമ്പൂതിരി. ദേവകി അന്തർജനമാണ് മാതാവ്. നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. അവർക്കാർക്കും ആൺ മക്കൾ ഇല്ലാതിരുന്നതിനെ തുടർന്ന് സ്വത്തുക്കൾ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനുമായി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേർന്ന് സ്വത്തുക്കൾ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി നൽകി. ഈ നാടുവാഴി പരമ്പരയിലെ അവസാനത്തെ നാടുവാഴിയാണ് ഇദ്ദേഹം.

വാസുദേവൻ നമ്പൂതിരി

നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇരിങ്ങോൾ കാവ്. ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്ക്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഈ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കാവ്.[2]

തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌നശേഖരവും ഉണ്ടായിരുന്ന മനയ്ക്ക് 800 കിലോയ്ക്ക് മുകളിലുള്ള സ്വർണ്ണ ശേഖരവും ഉണ്ടായിരുന്നു. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ലാണ് ഇല്ലം മുറ്റത്ത് പണ്ട് ശേഖരിച്ചിരുന്നത്. 1980-ലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ കൈമാറിയത്. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കി കൃഷി ഭൂമി കർഷകർക്ക് വിതരണം ചെയ്തപ്പോൾ മനക്കാരുടെ ഭൂമിയുടെ സിംഹഭാഗവും നഷ്ടപ്പെട്ടു. ഇരിങ്ങോൾക്കാവും അതിനു ചുറ്റുമുള്ള 35 ഏക്കർ സ്ഥലവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായി. ഇരിങ്ങോൾക്കാവ് ക്ഷേത്രവും, 60 ഏക്കറോളം വരുന്ന വനഭൂമിയും, ക്ഷേത്രത്തിലെ ആനയും, തിരുവാഭരണങ്ങളുമടക്കം സൗജന്യമായാണ് കൈമാറിയത്.[3] 1960-കളുടെ മധ്യത്തിൽ വരെ ഭൂവുടമകളായിരുന്നു കുടുംബം. 14 ക്ഷേത്രങ്ങളുടെ ഊരാൺമയും 8 മനകളുടെ ഉടമസ്ഥാവകാശവും ഉണ്ടായിരുന്നു.

അവസാനം മന വിറ്റുകിട്ടിയ പണം കൊണ്ട് രണ്ടു പെണ്മക്കളെ വിവാഹം കഴിപ്പിച്ചു വിട്ടു. അല്ലപ്രയിലെ മൂന്നുസെന്റ് സ്ഥലത്താണ് വാസുദേവൻ നമ്പൂതിരി അവസാനകാലത്ത് കഴിഞ്ഞിരുന്നത്.

ഭൂപരിഷ്‌കരണ നിയമം വരുന്ന സമയം വരെ കേരളത്തിൽ 37,000 ഏക്കർ ഭൂമിയുടെ മനയ്ക്ക് സ്വന്തമായിരുന്നു. പെരുമ്പാവൂർ ഇരിങ്ങോൾ കാവ്, കൊമ്പനാട് ശ്രീധർമ്മശാസ്താക്ഷേത്രം, ഐമുറി ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും , ആലുവയിൽ വിടാക്കുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ്, ഇരവിച്ചിറ ശിവക്ഷേത്രം, നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൊടുപുഴയിൽ, കരിമണ്ണൂർ നരസിംഹസ്വാമിക്ഷേത്രം, പന്നിയൂർ വരാഹസ്വാമിക്ഷേത്രം, തിരുവനന്തപുരത്ത്, വഴുതക്കാട് മഹാഗണപതിക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളുടെ ഉടമകളായിരുന്നു നാടുവാഴികൾ. ഒപ്പം പതിനെട്ടോളം ദേശങ്ങളുടെയും ഉടമസ്ഥരും നാടുവാഴികളുമായിരുന്നു. തൊടുപുഴയിൽ പന്നിയൂർ, കരിമണ്ണൂർ, തട്ടക്കുഴ, ചീനിക്കുഴി, ഉടുമ്പന്നൂർ, പുറപ്പുഴ എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കർ ഭൂമി, തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം, വട്ടത്തുവിളാകം, വഞ്ചിയൂർ, വിളവൻകോട്, നെയ്യാറ്റിൻകര, ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി, തോവാള, അഗസ്തീശ്വരം എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കർ ഭൂമി, കൂടാതെ കൊച്ചിയിലും, തിരുവിതാംകൂറിലുമായി ഏക്കർ കണക്കിനു ഭൂമിയും ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പുവരെ സർക്കാരിൽനിന്ന് 62 രൂപ ജന്മിക്കരം ലഭിച്ചിരുന്നു. ഇതു വാങ്ങാൻ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയിൽ അത് അദ്ദേഹം നിരാകരിച്ചു.[4]

വാർദ്ധക്യസഹജമായ അസുഖം മൂലം 107-ആം വയസ്സിൽ 2019 ജൂലൈ 26-ന് പെരുമ്പാവൂർ അല്ലപ്രയിൽ മകന്റെ വീട്ടിൽ വച്ച് മരണമടഞ്ഞു.[5] പരേതയായ സാവിത്രി അന്തർജനം ഭാര്യ. പത്മജ, വനജ, നീലകണ്ഠൻ, ഗണപതി എന്നിവർ മക്കളാണ്.

അവലംബം തിരുത്തുക

  1. "കാലം സാക്ഷി , ചരിത്രം സാക്ഷി". Archived from the original on 2019-07-21. Retrieved 21 ജൂലൈ 2019.
  2. "പെരുബാവൂർ നാഗഞ്ചേരി മന". Archived from the original on 2019-07-31. Retrieved 21 ജൂലൈ 2019.
  3. "37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ. പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം. കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ". Archived from the original on 2019-07-21. Retrieved 21 ജൂലൈ 2019.
  4. "നാഗഞ്ചേരി മനയ്ക്കൽ വാസുദേവൻ നമ്പൂതിരി വിട പറയുമ്പോൾ നഷ്ടമാകുന്നത് കേരളത്തിലെ അവസാന നാടുവാഴിയെ". Archived from the original on 2019-07-27. Retrieved 27 ജൂലൈ 2019.
  5. "നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരി അന്തരിച്ചു". Archived from the original on 2019-07-27. Retrieved 27 ജൂലൈ 2019.
"https://ml.wikipedia.org/w/index.php?title=വാസുദേവൻ_നമ്പൂതിരി&oldid=3791519" എന്ന താളിൽനിന്ന് ശേഖരിച്ചത്