വാക്സിൻ വിരുദ്ധത
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
എന്തിനാണ് വാക്സിനേഷൻ
തിരുത്തുകഭാരത സർക്കാർ നിലവിൽ നിർബന്ധിത വാക്സിനേഷൻ കൊണ്ട് തടുത്തു നിർത്താൻ ശ്രമിക്കുന്ന പത്തോളം അസുഖങ്ങൾ ഉണ്ട്. അതിൽ പോളിയോ വാക്സിൻ വ്യാപകമായി നൽകി പോളിയോ എന്ന ആയുഷ്കാലവൈകല്യത്തെ തുടച്ചുനീക്കിയിരിക്കുന്നു. ‘പൾസ് പോളിയോ’ പദ്ധതി ഉടൻ തന്നെ പിൻവലിക്കപ്പെടാൻ പോകുന്നതാണ്. ഡിഫ്തീരിയ, ടെറ്റനസ് പോലെ മരണത്തിനു പര്യായമായ അസുഖങ്ങളിൽ നിന്ന് ചെറിയ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വാക്സിനുകളെ എതിർക്കുന്ന പ്രവണത ആളുകളിൽ കാണുന്നുണ്ട്. വാക്സിനുകളിൽ മരുന്നുകൾ അടങ്ങിയിട്ടില്ല, മറിച്ച് രോഗമുണ്ടാക്കാൻ ശേഷി നഷ്ടപ്പെട്ട അണുക്കളെ ശരീരത്തിലേക്ക് കുത്തിവെച്ച് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷിക്ക് ആ രോഗത്തെ പരിചയപ്പെടുത്തുകയും, അതിനാൽ പിന്നീടൊരിക്കൽ അതേ അസുഖം വന്നാൽ ശരീരം യഥാസമയം അതിനോട് പ്രതികരിച്ചു രോഗത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഇവയ്ക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ല. കുത്തിവെപ്പ് എടുത്തതിന് ശേഷം ഉണ്ടാകുന്ന പനി ശരീരത്തിന്റെ സ്വഭാവികപ്രതിരോധം നടക്കുന്നു എന്നതിന്റെ തെളിവ് മാത്രമാണ്. കുത്തിവെച്ച ഭാഗത്തെ വേദന അൽപസമയം കൊണ്ട് മാറുന്നതുമാണ്. ഇവ വന്ധ്യതക്കോ ഓട്ടിസത്തിനോ മറ്റൊന്നിനും തന്നെയോ കാരണമാകുന്നില്ല എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞതു കാരണം കുത്തിവെപ്പ് എടുക്കാൻ സാധിക്കാത്ത ചില അവസ്ഥകളിൽ (ഉദാഹരണത്തിന്: AIDS, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ) ഉള്ളവരെ സംരക്ഷിക്കുന്ന കടമ കൂടി കൃത്യമായി കുത്തിവെപ്പ് എടുത്തവർ ചെയ്യുന്നുണ്ട്. ഇവരിലേക്ക് അസുഖം പകരുന്നതിനു ഒരു വിലങ്ങുതടിയായി കുത്തിവെപ്പ് എടുത്തവർ നിലകൊള്ളുന്നു. ഇതിനെയാണ് ശാസ്ത്രലോകം 'സാമൂഹിക പ്രതിരോധം' (Herd Immunity) എന്ന് വിളിക്കുന്നത്.[1][2][3]
വാക്സിനേഷനു നേരെയുള്ള ചില എതിർപ്പുകളും മറുപടികളും
തിരുത്തുക- അസുഖം വരും മുൻപേ ചികിത്സ ആവശ്യമില്ല
മറുപടി: പോളിയോ അസുഖം വന്ന് അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാൽ, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ്-ബി, വില്ലൻ ചുമ തുടങ്ങിയ വാക്സിൻ കൊണ്ട് തടയാവുന്ന അസുഖങ്ങൾ ഭാവിയിൽ ഗൗരവകരായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ കലാശിക്കാൻ സാധ്യത ഉള്ളവയാണ്.[1]
- ഇംഗ്ലീഷ് മരുന്നായത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകും
മറുപടി: വാക്സിനുകൾ ഒന്നുംമരുന്നുകൾ അല്ല. നിർവീര്യമായ അണുക്കൾ ശരീരത്തിൽ കയറിയത് കൊണ്ടുണ്ടാകുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമായ പനി, കുത്തിവെപ്പ് എടുത്ത ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ് ചില പാർശ്വഫലങ്ങൾ. അപൂർവ്വമായി സാരമായ മറ്റു പാർശ്വഫലങ്ങൾ വന്നേക്കാം. അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾ, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്. അത്യപൂർവമായി മാത്രമേ ഇതിലും ഭീകരമായ പാർശ്വഫലങ്ങൾ വാക്സിനുകൾ കാരണം ഉണ്ടാകാറുള്ളൂ. അതിനു കാരണം വാക്സിൻ തന്നെ ആകണമെന്നുമില്ല. വാക്സിൻ സൂക്ഷിക്കുന്ന സങ്കീർണമായ ‘cold chain’ മുറിഞ്ഞാൽ, അല്ലെങ്കിൽ വാക്സിൻ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.[1][4]
- വാക്സിനുകൾക്ക് രഹസ്യ അജണ്ടകൾ ഉണ്ട്. അവ വന്ധ്യതക്ക് കാരണമാകുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു
മറുപടി: വാക്സിൻ യുഗം തുടങ്ങുന്നതിനു മുൻപ് പത്തും അതിലേറെയും കുട്ടികൾ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികൾക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂർണ ആരോഗ്യത്തോടെ പ്രായപൂർത്തി എത്തിയിരുന്നില്ല. മാത്രമല്ല, ഇന്ന് മാതൃശിശുമരണനിരക്ക് കുറവുമാണ്. വന്ധ്യത ഉണ്ടാകുന്നതിന് അനേകം കാരണങ്ങൾ ഉണ്ട്. വൈകി നടക്കുന്ന വിവാഹം, ജോലി കരുപ്പിടിപ്പിക്കാൻ വേണ്ടി ഗർഭം നീട്ടി വെക്കുന്നത്, പി. സി. ഒ. ഡി പോലുള്ള ജീവിതശൈലിയും ഹോർമോൺ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങളും ഉണ്ട്. ഇത് ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്. ഇതിൽ വാക്സിനെ കുറ്റപ്പെടുത്തുന്നത് ശാസ്ത്രീയ അടിത്തറ ഇല്ലാതെയാണ്. ആരോഗ്യപ്രവർത്തകരുടെ അധ്വാനം കൊണ്ട് പോളിയോ തുടച്ചു നീക്കാനായി. ഇന്ത്യയിൽ 2018 നു ശേഷം ഒരു പോളിയോ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനുകൾ അമേരിക്കയുടെ രഹസ്യ അജണ്ടയാണ് എന്ന് പറഞ്ഞ് കുത്തിവെപ്പ് എടുക്കാതിരിക്കുന്ന ഏതാനും ചില രാജ്യങ്ങളിൽ ഇന്നും പോളിയോ അസുഖങ്ങൾ റിപ്പോർട്ട് ചെയുന്നുമുണ്ട്.[1]
- വാക്സിൻ കുത്തിവെച്ചാൽ അസുഖം ഉണ്ടാകും
മറുപടി: ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG വാക്സിൻ കാലികളിൽ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വർഷത്തോളം 239 തവണ തുടർച്ചയായി, വളർത്തുന്ന മാധ്യമം മാറ്റി വളർത്തി (subculture) നിർവീര്യമാക്കിയതാണ്. ഇതിൽ നിന്നും അസുഖം വരാൻ ഉള്ള സാധ്യത ഇല്ല തന്നെ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നിൽ ഇത് പോലെ വളരെ സങ്കീർണമായ പ്രക്രിയകൾ ഉണ്ട്. ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല, മറിച്ചു സർക്കാർ നിയന്ത്രിതസ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവവും അവ വളരുന്ന പരിസ്ഥിതി സാഹചര്യങ്ങളും വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.[1][5]
- മുൻതലമുറകൾക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകൾ ഇപ്പോൾ കുഞ്ഞുങ്ങൾക്ക് എന്തിനു കൊടുക്കുന്നു?
മറുപടി: അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കും. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകൾ ഏൽക്കാത്ത അണുക്കൾ നിലവിലുണ്ട്. കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുൻതലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. ഈ തലമുറ രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.[1]
- ആയുർവ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാർഗങ്ങൾ ഉള്ളപ്പോൾ ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ എന്തിനാണ് കുത്തിവെച്ചു കരയിപ്പിക്കുന്നത്?
മറുപടി: ഒരു ചികിത്സാവിധിയിലും ഈ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ മരുന്നില്ല. ലക്ഷണങ്ങൾ മെച്ചപ്പെട്ടേക്കാം, വേദന കുറക്കാൻ ആയേക്കാം. വാക്സിൻ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലൻചുമ, പോളിയോ തുടങ്ങിയവ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അധികമാരും നേരിൽ കാണാത്തത് കൊണ്ട് അതിന്റെ ഭീകരത മനസ്സിലാക്കാൻ സാധിക്കില്ല. പേപ്പട്ടി കടിച്ചാലോ, വസൂരി വന്നാലോ ആളുകൾ വാക്സിനേഷൻ എടുക്കുന്നത് അതിന്റെ ഭീകരത നേരിൽ കണ്ടത് കൊണ്ടാണ്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 അസീസ്, ഷിംന. "കുത്തിവെപ്പും കുത്തിത്തിരിപ്പും". amrithakiranam.in. അമൃതകിരണം. Archived from the original on 2021-05-18. Retrieved 2021-05-30.
- ↑ Daily, Keralakaumudi. "എന്താണ് വാക്സിൻ...അതെങ്ങനെ പ്രവർത്തിക്കുന്നു?" (in ഇംഗ്ലീഷ്). Retrieved 2021-05-30.
- ↑ "വാക്സിൻ - പലവിധം" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-08-31. Retrieved 2021-05-30.
- ↑ "Vaccines and immunization: What is vaccination?" (in ഇംഗ്ലീഷ്). Retrieved 2021-05-30.
- ↑ "How to talk about vaccines" (in ഇംഗ്ലീഷ്). Retrieved 2021-05-30.