മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി.[1] മണ്ണന്‍, പൊങ്ങമ്പനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ഉദ്ഭവനകാലം 10-14 ദിവസങ്ങളാണ്.[2] പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

അഞ്ചാംപനി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

Measles virus
Measles virus.JPG
Measles virus
Virus classification
Group:
Group V ((−)ssRNA)
Order:
Family:
Genus:
Type species
Measles virus

രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണ് അഞ്ചാംപനി.[3] വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം.[4] അഞ്ചാംപനി അങ്ങേയറ്റം പകരുന്നതാണ്. രോഗബാധിതനായ വ്യക്തിയുമായി താമസസ്ഥലം പങ്കിടുന്ന പ്രതിരോധശേഷി കുറഞ്ഞ പത്തിൽ ഒമ്പത് പേർക്കും ഈ രോഗം പിടിപെടും.[5] ചുണങ്ങു തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് മുതലുെ നാല് ദിവസം വരെയും രോഗികളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാവുന്നതാണ്. [5]അഞ്ചാംപനിയെ പലപ്പോഴും കുട്ടിക്കാലത്ത് ബാധിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏത് പ്രായത്തിലുമുള്ളവരെയും ഇത് ബാധിക്കാം.[6] മിക്ക ആളുകൾക്കും ഒന്നിലധികം തവണ രോഗം പിടിപെടാറില്ല.[3] സംശയാസ്പദമായ കേസുകളിൽ മീസിൽസ് വൈറസിന്റെ പരിശോധന പൊതുജനാരോഗ്യരംഗത്തിനു പ്രധാനമാണ്.[5] മറ്റ് മൃഗങ്ങളിൽ സാധാരണയായി അഞ്ചാംപനി കണ്ടുവരാറില്ല.[4]

രോഗബാധിതർക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല.[4] എന്നാലും ശ്രദ്ധയോടെയുള്ള പരിചരണ ആരോഗ്യനില മെച്ചപ്പെടുത്തും.[3] അത്തരം പരിചരണത്തിൽ ഓറൽ റീഹൈഡ്രേഷൻ ലായനി, ആരോഗ്യകരമായ ഭക്ഷണം, പനി നിയന്ത്രിക്കാനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടാം.[3][7] ചെവി അണുബാധയോ ന്യുമോണിയയോ പോലുള്ള ബാക്ടീരിയ അണുബാധകൾ ഉണ്ടായാൽ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കണം.[3][4] കുട്ടികൾക്ക് വിറ്റാമിൻ എ സപ്ലിമെന്റേഷനും ശുപാർശ ചെയ്യുന്നു.[4] 1985 നും 1992 നും ഇടയിൽ യു.എസ്.എയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 0.2% കേസുകളിൽ മാത്രമാണ് മരണം സംഭവിച്ചത്.[5] എന്നാൽ പോഷകാഹാരക്കുറവുള്ളവരിൽ മരണനിരക്ക് 10% വരെയാകാം.[3] അണുബാധ മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്.[4]

അഞ്ചാംപനി വാക്സിൻ രോഗം തടയാൻ ഫലപ്രദവും സുരക്ഷിതവുമാണ്.[3][8] മറ്റ് വാക്സിനുകളുമായി സംയോജിപ്പിച്ചാണ് ഇത് നൽകുന്നത്. 2000-നും 2017-നും ഇടയിൽ വാക്സിനേഷൻ അഞ്ചാംപനി മൂലമുള്ള മരണങ്ങളിൽ 80% കുറവുണ്ടാക്കി.[4]

രോഗലക്ഷണങ്ങൾതിരുത്തുക

പനി, കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമെടുപ്പ്, ചെറിയ ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. നാലഞ്ചു ദിവസങ്ങൾക്കകം ചുവന്ന ത്വക്ക്-ക്ളോമങ്ങൾ പ്രത്യക്ഷമാകുന്നു. വായ്ക്കകത്ത് സ്ഫോടങ്ങൾ ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. ഈ സ്ഫോടങ്ങൾ ദേഹമാസകലം വ്യാപിക്കുകയും ത്വക്ക് ചുവന്നു തടിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികൾ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

ശ്വേതമണ്ഡലത്തിലെ പുണ്ണ്, വായ്പ്പുണ്ണ് ബ്രോങ്കോന്യൂമോണിയ, മധ്യകർണശോഥം, വയറിളക്കം എന്നിവ സങ്കീർണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.

ചികിത്സതിരുത്തുക

പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. രോഗിയെ രോഗാരംഭം മുതൽ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

രോഗപ്രതിരോധംതിരുത്തുക

ആന്റിമീസിൽസ് വാക്സിൻ സജീവരോഗപ്രതിരോധമായും ഗാമാഗ്ളോബുലിൻ നിഷ്ക്രിയപ്രതിരോധശക്തി നല്കാനായും ഉപയോഗിക്കുന്നു. 1958-ൽ എൻഡേഴ്സും (Enders) സഹപ്രവർത്തകരുംകൂടിയാണ് ആന്റിമീസിൽസ് വാക്സിൻ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് പറ്റിയത്. മൃതവൈറസ് വാക്സിൻ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകൾ എല്ലാം 1960 മുതൽ ഉപയോഗത്തിൽ വന്നു തുടങ്ങിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. Guerra FM, Bolotin S, Lim G, Heffernan J, Deeks SL, Li Y, Crowcroft NS (December 2017). "The basic reproduction number (R0) of measles: a systematic review". The Lancet Infectious Diseases. 17 (12): e420–e428. doi:10.1016/S1473-3099(17)30307-9. PMID 28757186.
  2. "Measles".
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "Measles Fact sheet N°286". World Health Organization. November 2014. മൂലതാളിൽ നിന്നും 3 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 February 2015.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "Measles fact sheet". World Health Organization. മൂലതാളിൽ നിന്നും 2019-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-05-20.
  5. 5.0 5.1 5.2 5.3 Atkinson W (2011). Epidemiology and Prevention of Vaccine-Preventable Diseases (12 പതിപ്പ്.). Public Health Foundation. പുറങ്ങൾ. 301–23. ISBN 9780983263135. മൂലതാളിൽ നിന്നും 7 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 February 2015.
  6. Chen S.S.P. (22 February 2018). Measles (Report). Medscape. മൂലതാളിൽ നിന്നും 25 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 May 2020.
  7. Bope, Edward T.; Kellerman, Rick D. (2014). Conn's Current Therapy 2015. Elsevier Health Sciences. പുറം. 153. ISBN 9780323319560. മൂലതാളിൽ നിന്നും 2017-09-08-ന് ആർക്കൈവ് ചെയ്തത്.
  8. Russell, SJ; Babovic-Vuksanovic, D; Bexon, A; Cattaneo, R; Dingli, D; Dispenzieri, A; Deyle, DR; Federspiel, MJ; Fielding, A; Galanis, E (September 2019). "Oncolytic Measles Virotherapy and Opposition to Measles Vaccination". Mayo Clinic Proceedings. 94 (9): 1834–39. doi:10.1016/j.mayocp.2019.05.006. PMC 6800178. PMID 31235278.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ചാംപനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ചാംപനി&oldid=3898134" എന്ന താളിൽനിന്ന് ശേഖരിച്ചത്