വരാപ്പുഴ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

10°05′44″N 76°19′13″E / 10.095440°N 76.320380°E / 10.095440; 76.320380 എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വരാപ്പുഴ ഗ്രാമപഞ്ചായത്ത്.

വരാപ്പുഴ
Map of India showing location of Kerala
Location of വരാപ്പുഴ
വരാപ്പുഴ
Location of വരാപ്പുഴ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
നിയമസഭാ മണ്ഡലം വരാപ്പുഴ
ജനസംഖ്യ 31,266 (2001)
സ്ത്രീപുരുഷ അനുപാതം 1081 /
സാക്ഷരത 93.25%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/varapuzhapanchayat/

പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. കിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് 1949-ൽ തിരുകൊച്ചിയായി. സംസ്ഥാന പുനഃസംഘടനയോടു കൂടി ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ മലബാർ പ്രദേശവും കൂടി തിരുക്കൊച്ചിയോട് ചേർക്കപ്പെട്ടു. വരാപ്പുഴ പഞ്ചായത്തിന്റെ പൂർവ്വ രൂപം തുടങ്ങുന്നത് പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വില്ലേജ് യൂണിയനിലായിരിക്കും. കരമടക്കുന്ന ജന്മിമാർക്കു മാത്രം വോട്ടവകാശമുണ്ടായിരുന്ന ആ സംവിധാനത്തിൽ നിന്നും പരിണമിച്ച് ഇന്നത്തെ വരാപ്പുഴ പഞ്ചായത്ത് രൂപം കൊള്ളുന്നത് 1958-ൽ ആണ്. 1949 വരെ കോട്ടയം റവന്യൂ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. പിന്നീട് വരാപ്പുഴ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ തൃശൂർ ജില്ലയുടെ ഭാഗമായി . 1956 നവംബർ ഒന്നുമുതൽ കേരള സംസ്ഥാനം രൂപം കൊണ്ടെങ്കിലും എറണാകുളം ജില്ലയുടെ ഭാഗമായി വരാപ്പുഴ രൂപപ്പെടുന്നത് 1958-ൽ ആണ്. ഇന്നത്തെ വരാപ്പുഴ, ഏലൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു വരാപ്പുഴ വില്ലേജ് യൂണിയന്റെയും ആദ്യകാല പഞ്ചായത്തിന്റെയും വ്യാപകാതിർത്തി. 1990 ൽ വരാപ്പുഴ പഞ്ചായത്ത് വിഭജിക്കപ്പെട്ട് ഇന്നത്തെ രൂപത്തിൽ ഏലൂർ-വരാപ്പുഴ പഞ്ചായത്തുകൾ ആയി മാറി. വരാപ്പുഴ വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു പോൾ തളിയത്ത്. അതിനുശേഷം നിലവിൽ വന്ന വരാപ്പുഴ പഞ്ചായത്തിന്റെയും ആദ്യത്തെ പ്രസിഡന്റ് പോൾ തളിയത്ത് തന്നെ ആയിരുന്നു. [1]

ചരിത്രം

തിരുത്തുക
  • വിദേശ മിഷനറിമാരുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു വരാപ്പുഴ. സത്യ ക്രിസ്ത്യാനികൾ എന്ന് അവരെ വിളിച്ചിരുന്നതുകൊണ്ട് അവരുടെ അധിവാസകേന്ദ്രത്തിന് സത്യപട്ടണം എന്നർത്ഥം വരുന്ന വെരാപ്പൊളിസ് എന്ന് നാമകരണം ചെയ്തിരുന്നുവെന്നും വെരാപൊളിസ് എന്ന പദത്തിൽ നിന്നും കാലാന്തരത്തിൽ വരാപ്പുഴ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു.
  • പെരുമാക്കന്മാരുടെ വാണിജ്യധനകാര്യമന്ത്രിയുടെ ആസ്ഥാനം ഏലൂരായിരുന്നു. മന്ത്രിയുടെ ഔദ്യോഗികനാമം ഏലേലചിങ്ങൻ (സിംഹൻ) എന്നായിരുന്നു. ഏലൻ എന്ന ചെന്തമിഴ് വാക്കിന് വരൻ (അധികാരി) എന്നു കൂടി അർത്ഥമുണ്ട്. ആ വാക്കിൽ നിന്ന് വരന്റെ പുഴയായും അതിനു രൂപപരിണാമം സംഭവിച്ച് വരാപ്പുഴയായെന്നും ഐതിഹ്യമുണ്ട്.
  • മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന വരാപ്പുഴയിലെ വരാഹക്ഷേത്രവുമായി ബന്ധപ്പെടുത്തി വരാഹപുരം എന്ന് വിളിച്ചിരുന്നത് ലോപിച്ച് വരാപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതായും ഐതിഹ്യമുണ്ട്.

ഫ്യൂഡൽ വ്യവസ്ഥയുടെ അവസാന കണ്ണിയായിരുന്നു തേവർകാട്ടിലെ അറക്കൽ ജനാർദ്ദനനായ്ക്കന്റേത്. ചില ശിക്ഷണാധികാരങ്ങൾ അന്നത്തെ ഭരണകർത്താക്കളിൽ നിന്നും ലഭിച്ചിരുന്ന ഒരു നാട്ടു പ്രമാണി കൂടിയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനം പോലെയുളള സാമൂഹ്യ പരിഷ്കരണ കാര്യത്തിൽ സുപ്രധാനമായ ഒരു പങ്കുവഹിച്ച വ്യക്തിയായിരുന്നു വലിയ വീട്ടിൽ ശ്രീകമലനാഥപൈ. ഇ.എം.എസ് 1948-ൽ തന്റെ ഏതാനും നാളത്തെ ഒളിവു ജീവിതകാലം കഴിച്ചു കൂട്ടിയത് പുത്തൻപള്ളിയിലെ പാലക്കപ്പറമ്പു തറവാട്ടിലായിരുന്നു എന്നത് അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്താത്തതാണെങ്കിലും ഒരു ചരിത്ര യാഥാർത്ഥ്യമായി അവശേഷിക്കുന്നു. വരാപ്പുഴ പ്രദേശത്ത് വ്യക്തി ഭൂവുടമകൾ വളരെ കുറവായിരുന്നതായാണ് കാണുന്നത്. ഭൂമിയിൽ ഭൂരിഭാഗവും തുറവൂർ, ആലപ്പുഴ ദേവസ്വങ്ങളുടേതായിരുന്നു. ഭൂമിയിൽ താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും പാട്ടക്കുടിയാന്മാരോ കുടികിടപ്പുകാരോ ആയിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ പ്രാരംഭഘട്ടമായ ഭൂനയബിൽ 1957-ൽ ഇ.എം.എസിന്റെ ഭരണകാലത്ത് വന്നതോടെയാണ് കുടികിടപ്പുകാരെ തങ്ങളുടെ കുടിയിടത്തിൽ നിന്നും ഒഴിപ്പിക്കാതിരിക്കാനുള്ള സംരക്ഷണം നിലവിൽ വന്നത്. തുടർന്ന് ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നങ്കിലും അതിനുമുമ്പേ തന്നെ 1969-ൽ വരാപ്പുഴയിലെ ഉന്നത ഭൂവുടമകളായ വലിയ വീട്ടിൽ തറവാട്ടുകാർ സ്വമേധയാ നൂറുപേർക്ക് എ.കെ.ജി.യെക്കൊണ്ട് കുടികിടപ്പവകാശം കൊടുപ്പിച്ചത് ഭൂപരിഷ്കരണ പ്രസ്ഥാനത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. ഭൂപരിഷ്കരണത്തിലൂടെ കുടികിടപ്പുകാർക്കും കർഷകർക്കും മറ്റും ഉടമാവകാശം സിദ്ധിച്ചതോടെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വമ്പിച്ച നേട്ടങ്ങളാണ് ഈ പ്രദേശത്തിന് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.എ.ഡി.1400-ന് മുമ്പേ തന്നെ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി ശിവക്ഷേത്രം നിലനിന്നിരുന്നതായി രേഖകൾ ഉണ്ട്. എ.ഡി.1400-ൽ എഴുതപ്പെട്ട കോക സന്ദേശം എന്ന കാവ്യത്തിന്റെ കർത്താവ് തിരുമുപ്പം ക്ഷേത്രം സന്ദർശിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരികമായി പൊതുവെ ഉയർന്ന നിലവാരം പുലർത്തുന്ന പഞ്ചായത്തുകളിലൊന്നാണ് വരാപ്പുഴ ഗ്രാമ പഞ്ചായത്ത്. ഈ രംഗത്ത് ഉന്നത നിലവാരം പുലർത്തിയിട്ടുള്ള മഹത് വ്യക്തികളെ സംഭാവന ചെയ്യുവാൻ വരാപ്പുഴ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

ആരാധനാലയങ്ങൾ

തിരുത്തുക
  • പ്രശസ്തമായ ദുർഗാദേവീ ക്ഷേത്രം
  • ഗുരുദേവക്ഷേത്രം മണ്ണംതുരുത്ത്
  • മുഹിയുദ്ദീൻ ജുമാ-മസ്ജിദ് മണ്ണംതുരുത്ത്
  • ഇന്ഫണ്ട് ജീസസ് ചർച്ച്‌ തുണ്ടത്തുംകടവ്
  • കാർമൽ മൌന്റ്റ്‌ ചർച്ച്‌ വരാപ്പുഴ
  • ക്രിസ്തുനഗർ ചർച്ച്‌ ചെട്ടിഭാഗം
  • സെൻറ് ജോർജ്ജ് ചർച്ച്‌ പുത്തൻപള്ളി
  • വാനമ്പാടി കപ്പേള - പുത്തൻപള്ളി പള്ളിയ്ക്ക് കീഴിൽ ഉള്ള ഈ കപ്പേളയിൽ ആണ് പ്രശസ്തമായ മുട്ടുപെരുന്നാൾ നടക്കുന്നത്. രസകരമായ ഒരു കഥയാണ് ഈ പേരിനു പിന്നിൽ. ആദ്യനാളുകളിൽ പള്ളിക്ക് സ്ഥലപരിമിതിയുണ്ടായിരുന്ന സമയത്ത് പെരുന്നാൾ നടത്തിയിരുന്നത് വഴിയിൽ വെച്ചായിരുന്നു. അപ്പോൾ ആരാധരുടെ തിരക്കുമുലം ഒരാൾ എങ്ങോട്ടു തിരിഞ്ഞാലും മറ്റൊരാളുടെ ദേഹത്തു മുട്ടുമായിരുന്നു. ഇതി പിന്നീട് മുട്ടുപെരുന്നാളായി മാറി
  • പനയക്കൽ ശ്രീ വനദുർഗ്ഗ ക്ഷേത്രം - ദേവസ്വംപാടം
  • ശ്രീരാമപുരം മഹാവിഷ്ണു ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സെൻറ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ

,പുത്തൻപള്ളി

  • ഗവ.യു.പി സ്കൂൾ ചിറയ്ക്കകം
  • സെൻറ് ജോസെഫ് എൽ പി സ്കൂൾ , മണ്ണംതുരുത്ത്
  • ഹോളി ഇന്ഫണ്ട് ബോയ്സ് ഹൈസ്കൂൾ എടംബാടം
  • സെൻറ് ജോസഫ്‌ ഗേൾസ്‌ ഹൈസ്കൂൾ എടംബാടം
  • ഇന്ഫണ്ട് ജീസസ് എൽ പി സ്കൂൾ തുണ്ടത്തുംകടവ്
  • സെൻറ് മേരീസ് എൽ പി സ്കൂൾ മുട്ടിനകം
  • ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ഒളനാട്

പ്രധാനവ്യക്തികൾ

തിരുത്തുക
  • എം.പി.പോൾ - സാംസ്കാരിക നായകൻ , സാഹിത്യകാരൻ.
  • റോസി തോമസ്‌ - എഴുത്തുകാരി
  • ടി.എം.ചുമ്മാർ - പത്രപ്രവർത്തകൻ
  • പപ്പൻ - ലോക പ്രശസ്തനായ വോളിബോൾ കളിക്കാരൻ
  • സിനി തളിയത്ത് - അഖിലേന്ത്യാ തലത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് കളിച്ച ബാസ്ക്കറ്റ് ബോൾ താരം.

വാർഡുകൾ

തിരുത്തുക
  1. തേവർക്കാട്
  2. ചിറയ്ക്കകം നോർത്ത്
  3. ചിറയ്ക്കകം സൌത്ത്
  4. പുത്തൻപള്ളി നോർത്ത്
  5. മുട്ടിനകം നോർത്ത്
  6. മുട്ടിനകം സൌത്ത്
  7. പുത്തൻപള്ളി സൌത്ത്
  8. മണ്ണംതുരുത്ത്
  9. വരാപ്പുഴ നോർത്ത്
  10. വരാപ്പുഴ സൌത്ത്
  11. തുണ്ടത്തുംകടവ് സൌത്ത്
  12. തുണ്ടത്തുംകടവ് നോർത്ത്
  13. തുണ്ടത്തുംകടവ് ഹെഡ്ക്വാർട്ടേഴ്സ്
  14. ചെട്ടിഭാഗം ടൌൺ
  15. ചിറയ്ക്കകംപാടി
  16. ദേവസ്വംപാടം[2]

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
  • "തദ്ദേശസ്വയംഭരണ വെബ്സൈറ്റ്". Archived from the original on 2010-09-23. Retrieved 2010-07-09.
  • "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.