സ്വിസ് - യു.എസ്. പ്രകൃതി ശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും ആയിരുന്നു ലൂയി അഗാസി. സ്വിറ്റ്സർലണ്ടിൽ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സർവകലാശാലാ വിദ്യാഭ്യാസം സൂറിച്ചിലും ഹൈഡൽബർഗിലും മ്യൂണിച്ചിലുമായി പൂർത്തിയാക്കി. പിന്നീട് തത്ത്വ ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചു.

ലൂയി അഗാസി

ജനനം(1807-05-28)മേയ് 28, 1807
Haut-Vully, Switzerland
മരണംഡിസംബർ 14, 1873(1873-12-14) (പ്രായം 66)
പൗരത്വംUnited States
കലാലയംUniversity of Erlangen-Nuremberg
അറിയപ്പെടുന്നത്Polygenism
ജീവിതപങ്കാളി(കൾ)Cecilie Braun
Elizabeth Cabot Cary
കുട്ടികൾAlexander, Ida, and Pauline
പുരസ്കാരങ്ങൾWollaston Medal (1836)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾUniversity of Neuchâtel
Harvard University
Cornell University
ഡോക്ടർ ബിരുദ ഉപദേശകൻCarl Friedrich Philipp von Martius
മറ്റു അക്കാദമിക് ഉപദേശകർIgnaz Döllinger, Georges Cuvier, Alexander von Humboldt[1]
ശ്രദ്ധേയരായ വിദ്യാർത്ഥികൾWilliam Stimpson, William Healey Dall, Karl Vogt[1]
ഒപ്പ്

പ്രകൃതി ശാസ്ത്രജ്ഞൻ

തിരുത്തുക

മ്യൂണിച്ചിലെ പ്രകൃതി ശാസ്ത്രജ്ഞനായ ജെ.ബി. സ്പിക്സ് തുടങ്ങി വെച്ച ബ്രസീലിയൻ മത്സ്യങ്ങളുടെ വർഗീകരണത്തെ കുറിച്ചുള്ള ഗവേഷണം 22-ാമത്തെ വയസ്സിൽ അഗാസി പൂർത്തിയാക്കി. 1830-ൽ പ്രസിദ്ധീകൃതമായ മദ്ധ്യ യൂറോപ്പിലെ ശുദ്ധ ജല മത്സ്യങ്ങളുടെ ചരിത്രം (Histroy of the Fresh Water Fishes of Central Europe) അഗാസിയുടെ വിലപ്പെട്ട കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റ അസ്തമിത മത്സ്യങ്ങൾ (Fossil Fishes) കഴിവുറ്റ ഒരു പുരാജീവി ശാസ്ത്രകാരനെ നമുക്ക് കാണിച്ചു തരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബാരൺ ക്യൂവിയറുടെ (1769-1832) ശിഷ്യനും സുഹൃത്തും ആയിരുന്നു അഗാസി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായി അഗാസി 1832-ൽ സ്വിറ്റ്സർലണ്ടിൽനിന്നും പാരിസിലേക്കു പോയി . അന്നു മുതൽ 1846 വരെ ഇദ്ദേഹം ന്യൂഷാടെൽ സർവകലാശാലയിൽ പ്രകൃതി ശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. ജൂറാ പർവതനിരകളിലെ ഹിമാനി നിരീക്ഷണങ്ങളിലൂടെ ഇദ്ദേഹം 1836-ൽ ഹിമനദികളെ കുറിച്ചുള്ള പഠനം ആരംഭിച്ചു. 1840-ൽ ഹിമാനികളുടെ പഠനം (Studies of Glaciers) പ്രസിദ്ധീകൃതമായി.

ജന്തുശാസ്ത്ര പ്രൊഫസർ

തിരുത്തുക

1846-ൽ യു.എസ്സിൽ ബോസ്റ്റണിലുള്ള ലോവൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രഭാഷണ പരമ്പരയ്ക്കായി അഗാസി ക്ഷണിക്കപ്പെട്ടു. 1848-ൽ ഹാർവാഡ് സർവകലാശാലയിൽ ഇദ്ദേഹം ജന്തുശാസ്ത്ര പ്രൊഫസറായി. അവിടെ നിന്നും 1851-ൽ ചാൾസ്ടൺ മെഡിക്കൽ കോളജിൽ പ്രൊഫസറായി പോയെങ്കിലും 1854-ൽ ഹാർവാഡിലേക്ക് മടങ്ങി വരികയും മരണം വരെ അവിടെ തുടരുകയും ചെയ്തു. 1859-ൽ പാരീസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പുരാജീവി വിജ്ഞാനീയ പ്രൊഫസറായി ക്ഷണിക്കപ്പെട്ടുവെങ്കിലും അമേരിക്കയിലെ ജോലികൾ അവിഘ്നം തുടരുന്നതിനായി അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്. 1860-ൽ ഹാർവാഡിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി (Museum of Comparative Zoology) സ്ഥാപിക്കാൻ ഇദ്ദേഹം മുൻകൈയെടുത്തു; അതിന്റെ ആദ്യത്തെ ഡയറക്ടറും ഇദ്ദേഹമായിരുന്നു. 1861-ൽ ഇദ്ദേഹം അമേരിക്കൻ പൌരത്വം സ്വീകരിച്ചു. അമേരിക്കയുടെ പ്രകൃതി ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങൾ പൂർണ്ണമാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1873-ൽ ഇദ്ദേഹം പെനിക്കീസ് ദ്വീപിൽ അമേരിക്കയിലെ പ്രഥമ സമുദ്ര ജന്തുശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു.

കുടുംബം

തിരുത്തുക

ആദ്യ ഭാര്യയായിരുന്ന സെസിൽ ബ്രൊണിന്റെ മരണ ശേഷം (1850) എലിസബത്ത് കാബട്കാരിയെ ഇദ്ദേഹം വിവാഹം ചെയ്തു. റാഡ്ക്ലിഫ് കോളജിന്റെ സ്ഥാപകയായ എലിസബത്ത് സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകയായിരുന്നു. ബ്രസീലിലൂടൊരു യാത്ര (Journey in Brazil) അഗാസിയുടെയും കാബട്കാരിയുടെയും സംയുക്ത കർതൃത്ത്വത്തിലുള്ള ഒരു കൃതിയാണ്. പ്രസിദ്ധ ജലജന്തു ശാസ്ത്രജ്ഞനായ അലക്സാണ്ടർ അഗാസി (1835-1910) ഇദ്ദേഹത്തിന്റെ പുത്രനാണ്.

അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രകാരന്മാരിൽ ഒരാളായിരുന്നു അഗാസി. തന്റെ ശിഷ്യന്മാരെ സഹപ്രവർത്തകാരായാണ് അദ്ദേഹം കണ്ടത്. മാസ്സാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിൽ വെച്ച് 1873 ഡിസംബർ 13-ന് ഇദ്ദേഹം നിര്യാതനായി. മൌണ്ട് ഓബേൺ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സംസ്ക്കരിച്ചത്.

  1. 1.0 1.1 Nicolaas A. Rupke, Alexander von Humboldt: A Metabiography, University of Chicago Press, 2008, p. 54.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ലൂയി അഗാസി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 
Wikisource
ലൂയി അഗാസി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൂയി അഗാസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലൂയി_അഗാസി&oldid=4097695" എന്ന താളിൽനിന്ന് ശേഖരിച്ചത്