എസ്.എൻ.സി. ലാവലിൻ കേസ്

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്,എസ്.എൻ.സി. ലാവലിനുമ
(ലാവലിൻ കേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം [1]. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം [പ്രവർത്തിക്കാത്ത കണ്ണി][2].

1995 ഓഗസ്റ്റ് 10-ആം തീയതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു[പ്രവർത്തിക്കാത്ത കണ്ണി] [3] [4].

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.[4]

ചരിത്രം

തിരുത്തുക

പശ്ചാത്തലം

തിരുത്തുക

പള്ളിവാസൽ-ശെങ്കുളം-പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ പുനരുദ്ധാരണത്തിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB), സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് (CEA) നൽകിയ ശുപാർശ നിഷേധിക്കപ്പെടുന്നതോട് കൂടിയാണ് ലാവലിൻ സംബന്ധിയായ വിവാദങ്ങൾ തുടങ്ങിയത്. ഈ ജലവൈദ്യുതപദ്ധതികൾക്ക് പുനരുദ്ധാരണം ആവശ്യമില്ല എന്ന് കണ്ട്, കെ.എസ്.ഇ.ബി-യുടെ ശുപാർശക്ക് ബദലായി അന്ന് CEA മുന്നോട്ട് വെച്ചത്, ഈ പദ്ധതികളുടെ ഉല്പാദനശേഷി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ്. എന്നാൽ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശങ്ങൾ തള്ളി, കെ.എസ്.ഇ.ബി. പുനരുദ്ധാരണവുമായി മുന്നോട്ട് പോകുവാൻ തീരുമാനിക്കുകയായിരുന്നു [1].

ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് ഒപ്പ് വച്ച 13 വൈദ്യുത പദ്ധതി കരാറുകളും ധാരണാപത്രരീതിയാണ് അവലംബിച്ചത്. ഈ പതിമൂന്ന് പദ്ധതികളിൽ മൂന്നെണ്ണം ജലവൈദ്യുത പദ്ധതികൾ ആയിരുന്നു. ഇതിൽ ആദ്യത്തേത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയാണ്. 1995-ൽ സി.വി. പത്മരാജൻ വൈദ്യുത മന്ത്രി ആയിരിക്കുന്ന കാലയളവിലാണ് കൺസൾട്ടൻസിക്കുള്ള ധാരണാപത്രം എസ്.എൻ.സി. ലാവലിൻ കമ്പനി ആയിട്ടു തന്നെ ഒപ്പിട്ടത്. കുറ്റ്യാടി പദ്ധതിയിലെ അനുബന്ധ കരാർ ഒപ്പിട്ടത് ജി. കാർത്തികേയൻ മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ്.[4]

ധാരണാപത്രവും അടിസ്ഥാനക്കരാറും

തിരുത്തുക

1995 ഓഗസ്റ് 10 ന് അന്നത്തെ ഐക്യ ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതികളുടെ പുനരുദ്ധാരണം സംബന്ധിച്ച് എസ്.എൻ .സി. ലാവലിനുമായി ധാരണാപത്രം ഒപ്പുവെച്ചത്. എ.കെ. ആന്റണി നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ, വൈദ്യുത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജി. കാർത്തികേയൻ ആയിരുന്നു എസ്.എൻ.സി. ലാവലിനുമായിട്ട് കേരള സംസ്ഥാനത്തിന് വേണ്ടി ധാരണാ പത്രത്തിൽ ഒപ്പ് ചാർത്തിയത് [1]. കാനഡയിൽനിന്ന് വായ്പയെടുത്തു പദ്ധതി നടപ്പാക്കുക എന്ന പക്കേജിന്റെ ഭാഗമായാണ് അന്നത്തെ സർക്കാർ എസ്.എൻ.സി. ലാവലിനുമായി ധരണാപത്രം അംഗീകരിച്ചത്. ഈ ധാരാണാ പത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ചുവടെ കൊടുക്കുന്നു [4].

  • "കെ.എസ്.ഇ.ബി. നിർണ്ണയിക്കുന്ന പദ്ധതികളുടെ പുനരുദ്ധാരണത്തിന് വേണ്ടി പഠനങ്ങളും ഡിസൈനും സാമഗ്രികൾ വാങ്ങുന്നതും നിർമ്മാണവും മാനേജ്‌മെന്റും സൂപ്പർവിഷനും അടക്കം മൊത്തം പ്രോജക്റ്റ് മാനേജ്‌മെന്റിനു വേണ്ടി വൈദ്യുതബോർഡും എസ്.എൻ.സി.-ലാവലിനും ചേർന്ന് ഒരു സംയുക്തസംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു." - ആമുഖം.
  • "അടുത്ത രണ്ടു മാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ പുനരുദ്ധാരണത്തിന് വേണ്ടീ വിഭവസമാഹരണത്തിനും യന്ത്രസാമഗ്രികളുടെ സപ്ലൈക്കും സേവനങ്ങൾക്കും വേണ്ടി വിശദമായ ഒരു പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് വേണ്ടി എസ്.എൻ.സി.-ലാവലിൻ പരിശ്രമിക്കും. ഇ.ഡി.സി., സിഡ, ലാവലിൻ കാപ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള രീതിസമ്പ്രദായവും എസ്.എൻ.സി.-ലാവലിൻ നൽകേണ്ട സേവനങ്ങളുടെ വ്യാപ്തിയും ഈ രേഖയിലുണ്ടാകും" - ക്ലോസ് 7.

1995 ഒക്ടോബറിൽ കരാറിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ രൂപപ്പെടുത്തുന്നതിനായിട്ട് കാനഡ സന്ദർശിക്കുകയുണ്ടായി. 1996 ജനുവരി 3-ന് എസ്.എൻ.സി.-ലാവലിൻ കേരള സർക്കാരിന് അയച്ച കത്തിൽ പറയുന്നത് പ്രകാരം കാനഡയിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് അവർ തന്നെ യന്ത്രങ്ങളുടെയും സേവനങ്ങളുടെയും സപ്ലയറും എക്സ്പോർട്ടർമാരുമെന്ന് ഉറപ്പു നൽകണമെന്ന് വ്യവസ്ഥ വച്ചു. തുടർന്ന് 1996 ഫെബ്രുവരി 24 ന് ഇതിന്റെ തുടർച്ചയായി കൺസൽട്ടന്റിന്റെ സേവനങ്ങൾക്കായുള്ള കരാറിൽ (Contract for consultant's services between KSEB and SNC Lavalin Inc.) ഒപ്പ് വയ്ക്കുകയും ചെയ്തു. കരാറനുസരിച്ച് യന്ത്ര സാമഗ്രികൾ വാങ്ങുന്നത് ആഗോള ടെൻഡർ വിളിക്കാതെ വായ്പ നൽകുന്ന കാനഡയിൽ നിന്ന് തന്നെ ആയിരിക്കണമെന്നായിരുന്നു നിബന്ധന. ഈ കരാറിന്റെ അനുബന്ധമായി കരാറിന്റെ വ്യാപ്തി നിശ്ചയിക്കുകയുണ്ടായി. അതനുസരിച്ച് "കരാർ ഒപ്പ് വയ്ക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ടി ലാവലിൻ താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാക്കും: മാനേജ്‌മെന്റിനുള്ള സാങ്കേതിക സേവനങ്ങൾ, എഞ്ചിനീയറീങ്ങ്, യന്ത്ര സാമഗ്രികൾ വാങ്ങൽ, നിർമ്മാണത്തിന്റെ മേൽനോട്ടം."[4]

ഇടതു മുന്നണിയുടെ ഇടപെടൽ

തിരുത്തുക

1996 മേയിൽ അധികാരത്തിലെത്തിയ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാരിന് മുൻ-ധാരണാപത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ കഴിയുമായിരുന്നില്ല. മാത്രവുമല്ല, അക്കാലത്ത് രൂക്ഷമായ വൈദ്യുതിക്ഷാമത്തിന്റെ പിടിയിലായിരുന്നു കേരളം. അധികാരമേറ്റെടുത്ത സമയത്ത് കേവലം 24 ദിവസത്തേക്കുള്ള വൈദ്യുതോല്പാദനത്തിനുള്ള വെള്ളം മാത്രമായിരുന്നു കേരളത്തിലെ ജലസംഭരണികളിൽ ഉണ്ടായിരുന്നത്. [4]

ഐക്യ ജനാധിപത്യമുന്നണി സർക്കാർ ഒപ്പുവച്ച പതിമൂന്ന് ധാരണാ പത്രങ്ങളിൽ പതിനൊന്നും റദ്ദാക്കാൻ പിണറായി വിജയൻ വൈദ്യുതമന്ത്രിയായിരുന്ന ഇടതു ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചു. റദ്ദാക്കാതിരുന്ന കുറ്റ്യാടി എക്സറ്റൻഷൻ പദ്ധതിയുടെയും പള്ളിവാസൽ, പന്നിയാർ, ചെങ്കുളം നവീകരണത്തിന്റെയും കരാറുകളാണ് തുടർന്നത്. അനുബന്ധ കരാർ ഒപ്പിട്ടു കൊണ്ട് പദ്ധതി നിർവ്വഹണവുമായി മുന്നോട്ട് പോകുവാനേ കെ.എസ്.ഇ.ബി.-ക്ക് സാധ്യമാവുകയുണ്ടായിരുന്നുള്ളൂ. 1997 ഫെബ്രുവരി 10-ന് യു.ഡി.എഫ്. ഒപ്പ് വച്ച കരാറുകളുടെ തുടർനടപടിയായി അനുബന്ധ കരാറുകളും ഒപ്പു വച്ചു. ഈ കരാറിലെ പുതുക്കിയ നിബന്ധനകൾ പ്രകാരം മുൻ-കരാറിലെ നിന്നും വ്യത്യസ്തമായി 1996-ലെ വിലനിലവാരത്തിൽ - അതായത് ഏകദേശം 32 കോടി രൂപയുടെ കുറവിൽ - യന്ത്രസാമഗ്രികൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുവാൻ സാധിച്ചു. [4]

ഇടതുമുന്നണിയുടെ പുതുക്കിയ കരാറും, പഴയ കരാറും തമ്മിലുള്ള ഒരു താരതമ്യ പഠനം ചുവടെ കൊടുക്കുന്നു.

ലാവലിൻ കരാറിൽ യു.ഡി.എഫ്. ഉണ്ടാക്കിയ വ്യവസ്ഥകളും എൽ.ഡി.എഫ്. വരുത്തിയ മാറ്റങ്ങളും. [4]
ഇനം യു.ഡി.എഫ്. ഉണ്ടാക്കിയ വ്യവസ്ഥകൾ എൽ.ഡി.എഫ്. വരുത്തിയ മാറ്റങ്ങൾ
സാധന സാമഗ്രികളുടെ വില 157 കോടി രൂപ 131 കോടി രൂപ
പലിശ 7.8 ശതമാനം 6.8 ശതമാനം
കമിറ്റ്‌മെന്റ് ചാർജ് 0.5 ശതമാനം 0.375 ശതമാനം
അഡ്മിനിസ്ട്രേഷൻ ഫീസ് 0.75 ശതമാനം 0.5 ശതമാനം
എക്സ്പോഷർ ഫീസ്സു് 5.8 ശതമാനം മുതൽ 6.25 ശതമാനം വരെ 4.76 ശതമാനം
സാമൂഹിക ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് 46 കോടി 98.30 കോടി

മലബാർ കാൻസർ സെന്റർ

തിരുത്തുക

വിദേശത്ത് നിന്നുള്ള കനേഡിയൻ കമ്പനികൾക്ക് ലഭിക്കുന്ന കരാറുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയിട്ട് കനേഡിയൻ ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് ഏജൻസി പദ്ധതി പ്രവർത്തനങ്ങൾക്കല്ലാതെ, സാമൂഹികക്ഷേമത്തിനായുള്ള ഗ്രാന്റ് നൽകുന്നുണ്ട്. അതിനു മുമ്പ് നടന്ന ചർച്ചകളുടെ തുടർച്ചയായി, ഇത്തരത്തിൽ കരാറിന്റെ ഭാഗമായുള്ള ഗ്രാന്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ്.എൻ.സി. ലാവലിന്റെ അന്നത്തെ വൈസ്-പ്രസിഡന്റ് ആയിരുന്ന ക്ലോസ് ട്രെൻഡലിന് 1996 മാർച്ച് 14-ന് വൈദ്യുതി മന്ത്രി ആയിരുന്ന ജി. കാർത്തികേയൻ എഴുത്തയയ്ക്കുകയുണ്ടായി.[5]

പ്രസ്തുത ഗ്രാന്റ് 46 കോടിയിൽ നിന്ന് 98 കോടി രൂപയാക്കുവാനും, അത് ഉപയോഗിച്ച് തലശേരിയിൽ മലബാർ കാൻസർ സെന്റർ നിർമ്മിക്കുവാനും പിണറായി വിജയന്റെ കാലത്ത് എസ്.എൻ.സി. ലാവലിനുമായി ധാരണയായി. ഈ ധനസഹായം ലാവലിൻ നേരിട്ടു ലഭ്യമാക്കാമെന്നായിരുന്നില്ല, മറിച്ച് കാനഡയിലെ സർക്കാർ ഏജൻസികളിൽ നിന്ന് ധനം സമാഹരിച്ച് ലഭ്യമാക്കാമെന്നായിരുന്നു ധാരണ. 1998 ഏപ്രിൽ 24-ന് മലബാർ കാൻസർ സെന്റർ നിർമ്മാണത്തിനുള്ള ധാരണാ പത്രം ഒപ്പ് വച്ചു [4].

ധനവിനിയോഗം

തിരുത്തുക

പള്ളിവാസൽ, പന്നിയാർ പദ്ധതികളുടെ നവീകരണജോലി അങ്കമാലി ടെൽക്കും, ശെങ്കുളം പദ്ധതിയുടേത് പി.ഇ.എസ്. ഹൈദരാബാദ് എന്ന കമ്പനിയുമാണ് ചെയ്തത്. ഇന്ത്യയിൽനിന്നുള്ള സാധനങ്ങൾക്കും ഇവിടത്തെ സ്ഥാപനങ്ങൾവഴി നിർവഹിച്ച ജോലിക്കും 68.85 കോടി വിനിയോഗിച്ചു. വായ്പയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് 28.86 കോടി നൽകി. എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷന് 50.27 കോടിയാണ് കൊടുത്തത്. ഇതിൽ 48.99 കോടിയും വായ്പയ്ക്കുള്ള പലിശയാണ്. മൊത്തം 333.08 കോടി വിനിയോഗിച്ചു.

2000 ഒക്ടോബറിലാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. 2003 ഫെബ്രുവരിയിൽ പൂർത്തിയായി. ഒന്നാംഘട്ട പ്രവൃത്തി 2001 ഡിസംബറിലാണ് പൂർത്തിയാക്കുന്നത്. രണ്ടാംഘട്ട ജോലി തുടങ്ങുന്നത് 2001 ഡിസംബറിലും. പദ്ധതിക്ക് ആകെ ചെലവഴിച്ചത് 333.08 കോടിയാണ്. കൺസൾട്ടൻസി ഫീസായി 21.26 കോടിയും സാധനങ്ങളുടെ വിലയായി 163.84 കോടിയും ലാവ്ലിന് നൽകി.[6]

അഴിമതി ആരോപണങ്ങൾ, അന്വേഷണങ്ങൾ

തിരുത്തുക

2001 ജൂണിലാണ് പി.എസ്.പി പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് 36 യു.ഡി.എഫ്. എം.എൽ.ഏ-മാർ ഇതിന്മേൽ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2003 മാർച്ചിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ ലാവലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. [4]

സി.എ.ജി. യുടെ കണ്ടെത്തലുകൾ

തിരുത്തുക

2005 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ സി.എ.ജി റിപ്പോർട്ടിലാണ് ലാവലിൻ ഇടപാടുകളെ സംബന്ധിച്ച പരാമാർശനങ്ങൾ വന്നത്. 2006 ഫെബ്രുവരിയിലാണ് പ്രസ്തുത റിപ്പോർട്ട്[പ്രവർത്തിക്കാത്ത കണ്ണി][7] സമർപ്പിക്കപ്പെട്ടത് [8]. കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഈ ഇടപാടിനെക്കുറിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകൾ ഇവയാണ്[9] [7]:

  • എസ്.എൻ.സി.-ലാവലിന് കരാർ നൽകുന്നതിനും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പദ്ധതികൾ തിരഞ്ഞെടുക്കുന്നതിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല
  • വിദേശ ധനസഹായം ധാരണയാക്കുന്നതിൽ കാണിച്ച അലംഭാവം വൈദ്യുത ബോർഡിന്റെ സാമ്പത്തിക താല്പര്യങ്ങളെ ദോഷകരമായി ബാധിച്ചു
  • പലവിധ സാങ്കേതിക തകരാറുകൾ മൂലം പുനരുദ്ധാരണത്തിന് ചെലവായ 374.50 കോടി രൂപയ്ക്ക് ആനുപാതികമായ ഉല്പാദനക്ഷമത കൈവരിക്കുവാൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂലം കഴിഞ്ഞിട്ടില്ല
  • വൈദ്യുതോല്പാദനത്തിൽ വർദ്ധനവില്ലാത്തത് കൊണ്ട് ഉല്പാദന ക്ഷമത എന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടു
  • മലബാർ ക്യാൻസർ സെന്ററിന്റെ പേരിൽ കിട്ടേണ്ട ഗ്രാന്റായ 98.30 കോടി രൂപയിൽ 89.32 കോടി രൂപ ധാരണാ പത്രം പുതുക്കാത്തതിന്റെ പേരിൽ കിട്ടിയില്ല.

എന്നാൽ സി.എ.ജി. റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് മഴ ലഭ്യത കുറഞ്ഞതിനാൽ പിഴവുകൾ നിറഞ്ഞതാണെന്നും, യഥാർത്ഥത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ വൈദ്യുതോല്പാദന ശേഷി 112.22 മെഗാവാട്ടിൽ നിന്ന് 123.60 മെഗവാട്ടായി വർദ്ധിപ്പിക്കുവാൻ കഴിഞ്ഞുവെന്നും എസ്.എൻ.സി. ലാവലിൻ പിന്നീട് അവകാശപ്പെട്ടിരുന്നു. ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായി അടച്ചിടാതെ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂലം 104 കോടി രൂപയുടെ ലാഭം കേരള വൈദ്യുതി വകുപ്പിന് ഉണ്ടായതായും അവർ അവകാശപ്പെട്ടു [10]. ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ് സി.എ.ജി.-യുടെ നിർണ്ണയ രീതികളും, അന്നത്ത മഴ ലഭ്യതാക്കണക്കുകളും. 1994-95 മുതൽ 2004-05 വരെയുള്ള പത്ത് വർഷ ഇടവേളയിൽ പള്ളിവാസൽ - ശെങ്കുളം - പന്നിയാർ വൈദ്യുതനിലയങ്ങളിലെ ഉല്പാദനം പരിശോധിച്ചു കൊണ്ടാണ് കാര്യക്ഷമതയെ സംബന്ധിച്ചുള്ള നിഗമനങ്ങളിൽ സി.എ.ജി. എത്തിച്ചേർന്നത്. 1994-95 മുതൽ 1998-99 വരെയുള്ള കാലഘട്ടം പുനരുദ്ധാരണത്തിന് മുമ്പുള്ള കാലമായും, 1999-00 മുതൽ 2002-03 വരെയുള്ളത് പുനരുദ്ധാരണകാലമായും, 2003-04 മുതൽ 2004-05 വരെയുള്ളത് പുനരുദ്ധാരണത്തിന് ശേഷമുള്ള കാലമായും പരിഗണിച്ചു കൊണ്ടാണ് കാര്യക്ഷമതയെ പറ്റി പഠിച്ചത്. പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള കാലഘട്ടത്തിനെ അപേക്ഷിച്ച് അത് കഴിഞ്ഞപ്പോൾ വൈദ്യുതോല്പാദനം വർദ്ധിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് സി.എ.ജി. എത്തിയത്. എന്നാൽ പി.സി.പി. പദ്ധതികൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കമ്മീഷൻ ചെയ്തതിന്റെ തൊട്ടടുത്ത വർഷം കേരളമൊട്ടാകെ കൊടും വരൾച്ച നേരിട്ട വർഷമായിരുന്നു. അക്കാലയളവിൽ കേരളത്തിന്റെ മൊത്തം വൈദ്യുതോല്പാദനം 5943 ദശലക്ഷം യൂണിറ്റിൽ നിന്നും 4340 ദശലക്ഷം യൂണിറ്റായി കൂപ്പുകുത്തുകയായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മഴ വർദ്ധിച്ചപ്പോൾ ഉല്പാദന കൂടിയതായി കാണാം. ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1994- 95 തൊട്ട് 2006-07 വരെയുള്ള കാലഘട്ടത്തിലെ മൊത്തം മഴ ലഭ്യത, മൊത്തം വൈദ്യുതോല്പാദനം, പി.എസ്.പി. പദ്ധതികളിലെ ഉല്പാദനം, പി.എസ്.പി. പദ്ധതികളുടെ പങ്ക് (ശതമാനത്തിൽ) എന്നിവ കാണാം.[4].

കേരളത്തിലെ ജലവൈദ്യുത ഉല്പാദനം 1994-95/2006-07. [4]
വർഷം മൊത്തം ഉല്പാദനം (ദശലക്ഷം യൂണിറ്റ്) പി.എസ്.പി. ഉല്പാദനം (ദശലക്ഷം യൂണിറ്റ്) പി.എസ്.പി. വിഹിതം (%)
1994-95 6571 555 8.45
1995-96 6626 463 6.99
1996-97 5469 539 9.86
1997-98 4785 500 10.45
1998-99 6625 484 7.31
1999-00 6298 477 7.57
2000-01 5452 465 8.53
2001-02 5943 355 5.97
2002-03 4340 367 8.46
2003-04 3413 397 11.63
2004-05 5333 534 10.01
2005-06 7450 587 7.88
2006-07 7496 586 7.82

സംസ്ഥാന വിജിലൻസിന്റെ കണ്ടെത്തലുകൾ

തിരുത്തുക

2006 ഫെബ്രുവരിയിൽ ലാവലിൻ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്നും വിജിലൻസ് അന്വേഷണം തൃപ്തികരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അന്നത്തെ യു.ഡി.എഫ്. ഗവൺമെന്റ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. 2006 ഫെബ്രുവരി 10-ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. ലാവലിൻ കേസിൽ അഴിമതി കണ്ടെത്തുവാനായിട്ടില്ലായെന്നും, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനർഹമായ ആനുകൂല്യങ്ങൾ നേടുവാനായി കുറ്റകൃത്യങ്ങളിൽ ആരും ഏർപ്പെട്ടിരുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു[11]. എന്നാൽ ചില ഉദ്യോഗസ്ഥർക്കെതിരെ സാങ്കേതികമായ കാരണങ്ങൾ നിരത്തി നിയമനടപടികൾ സ്വീകരിക്കുവാൻ വിജിലൻസ് ശുപാർശ ചെയ്തിരുന്നു.[4]

എന്നാൽ 2006 മാർച്ച് 1-ന് ലാവലിൻ കേസ് അന്വേഷണം സി.ബി.ഐ-ക്ക് കൈമാറുവാൻ അന്നത്തെ യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വിജിലൻസ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ വിജിലൻസ് ഡയറക്ടർ ഉപേന്ദ്ര വർമ്മയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു [4] [11]. പിണറായി വിജയനെ വിജിലൻസ് റിപ്പോർട്ടിൽ ഒഴിവാക്കിയത് മൂലം ഭരണപക്ഷവും പ്രതിപക്ഷവും കള്ളന്മാരാണ് എന്ന രീതിയിൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സമ്മർദ്ദഫലമായാണ് മന്ത്രിസഭായോഗം കൂടി അന്വേഷണം സി.ബി.ഐ-ക്ക് വിട്ടതെന്ന് പിൽക്കാലത്ത് ഈ തീരുമാനത്തെപ്പറ്റി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്.[12]

കേരള ഹൈക്കോടതിയിൽ ലാവലിൻ കേസ് സി.ബി.ഐ.-ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഒരു പൊതുതാല്പര്യഹർജിയുടെ വാദത്തിനിടെ അന്ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ അഭിപ്രായം ആരായുകയുണ്ടായി. വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്ന നിലപാടാണ് അന്ന് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്. സർക്കാർ അഭിപ്രായപ്പെട്ടത്. വിജിലൻസ് റിപ്പോർട്ടിന്റെ തന്നെ പശ്ചാത്തലത്തിൽ അന്വേഷിക്കുവാൻ തക്ക ഗൗരവമുള്ളതൊന്നും ഈ കേസിലില്ല എന്ന് സി.ബി.ഐ.-യും കോടതിയെ അറിയിക്കുകയുണ്ടായി. എങ്കിലും പിന്നീട് പത്രവാർത്തകൾ തെളിവുകളായി സ്വീകരിച്ചു കൊണ്ട് കേസ് സി.ബി.ഐ.ക്ക് വിടുവാൻ കോടതി ഉത്തരവിട്ടു [4].

സി.ബി.ഐയുടെ കണ്ടെത്തലുകൾ

തിരുത്തുക

ലാവലിൻ കേസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന 456 താളുകൾ ഉള്ള ഫയൽ സി.ബി.ഐ.ക്കു ലഭിച്ചു [പ്രവർത്തിക്കാത്ത കണ്ണി][13]. 2009 ജനുവരി 22-ന് സി.ബി.ഐ. കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ധാരണാ പത്രവും അടിസ്ഥാന കരാറും ഒപ്പിട്ട ജി. കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അനുബന്ധ കരാർ ഒപ്പിട്ട പിണറായി വിജയനെ ഒമ്പതാം പ്രതിയായി പട്ടിക സമർപ്പിക്കുകയുണ്ടായി.[4]

കേസിൽ 11 പ്രതികളുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.[പ്രവർത്തിക്കാത്ത കണ്ണി][14]

  • ഒന്നാം പ്രതി: കെ. മോഹനചന്ദ്രൻ (വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ)
  • രണ്ടാം പ്രതി: കെ.ജി. രാജശേഖരൻ നായർ (മുൻ ബോർഡ്‌ അംഗം)
  • മൂന്നാം പ്രതി: മാത്യു റോയി (മുൻ ബോർഡ്‌ അംഗം)
  • നാലാം പ്രതി: ആർ. ശിവദാസ്‌ (മുൻ ചെയർമാൻ)
  • അഞ്ചാം പ്രതി‌: കസ്‌തൂരിരംഗ അയ്യർ (മുൻ ചീഫ്‌ എൻജിനീയർ)
  • ആറാം പ്രതി‌: ആർ. ഗോപാലകൃഷ്‌ണൻ നായർ (മുൻ ബോർഡ്‌ അംഗം)
  • ഏഴാം പ്രതി: പി.എ. സിദ്ധാർത്ഥ മേനോൻ (മുൻ ബോർഡ്‌ ചെയർമാൻ)
  • എട്ടാം പ്രതി‌: ക്ലോസ്‌ ടെണ്ടൽ (വൈസ്‌ പ്രസിഡന്റ്‌, എസ്‌.എൻ.സി. ലാവലിൻ കാനഡ)
  • ഒൻപതാം പ്രതി‌: പിണറായി വിജയൻ (മുൻ വൈദ്യുതി മന്ത്രി)
  • പത്താം പ്രതി‌: എ. ഫ്രാൻസിസ്‌ (മുൻ ഊർജവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി)
  • പതിനൊന്നാം പ്രതി‌: എസ്‌.എൻ.സി. ലാവലിൻ കമ്പനി, കാനഡ.

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ പിണറായി വിജയനും ജി. കാർത്തികേയനും ലാവലിൻ കരാറിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലായെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയുണ്ടായി [2] [15].

സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധി

തിരുത്തുക

2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സി.ബി.ഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.[16].[17][18]

അനുബന്ധ വിവാദങ്ങൾ

തിരുത്തുക

വരദാചാരിയുടെ തല

തിരുത്തുക

പി.എസ്.പി. പദ്ധതികളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് എസ്.എൻ.സി.-ലാവലിനുമായുള്ള ഇടപാടിനെ എതിർത്ത അന്നത്തെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണം എന്ന് പിണറായി വിജയൻ ഫയലിൽ എഴുതി എന്നൊരു ആരോപണം 2003-ൽ ഉയർന്നത് വലിയൊരു വിവാദത്തിന് തിരി കൊളുത്തുകയുണ്ടായി[19]. പക്ഷെ പ്രസ്തുത പരാമർശം നടത്തിയത് പി.എസ്.പി. പദ്ധതികളുടെ പശ്ചാത്തലത്തിൽ അല്ലെന്നും സഹകരണ മന്ത്രിയെന്ന നിലയിൽ ആ വകുപ്പിന്റെ ചുമതലകളുമായി ബന്ധപ്പെട്ട് വന്നതാണ് ഇതെന്നും അന്വേഷണ സംഘത്തിന് ഒമ്പതാം പ്രതിയെന്ന നിലയ്ക്ക് പിണറായി വിജയൻ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുകയുണ്ടായി [20]. ആ കാലഘട്ടത്തിൽ പ്രസ്തുത പരാമർശത്തെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകളും പിണറായി വിജയന്റെ അവകാശവാദത്തെ സാധൂകരിക്കുന്നവയാണ് [21] [22].

വിമർശനങ്ങൾ

തിരുത്തുക

2021 ഓഗസ്റ്റ് 10 വരെ തുടർച്ചയായി 28 തവണ കേസ് പരിഗണനക്കെടുക്കാതെ മാറ്റിവച്ചതിനെ തുടർന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കെതിരെ അതിനിശിതമായ വിമർശനങ്ങളാണ് ഉയരുന്നത്. ക്രൈം വാരിക ചീഫ് എഡിറ്റർ കെ.നന്ദകുമാർ, വി.എസ്.അച്യുതാനന്ദൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ തുടങ്ങിയവർ ഈ കേസ് അനന്തമായി നീണ്ടുപോകുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.[23]

കേസിൻ്റെ നാൾവഴി

തിരുത്തുക

1995 മുതൽ 2022 വരെ

  • 1995 ഓഗസ്‌റ്റ് പത്ത് ∙ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കൺസൽട്ടന്റായി വൈദ്യുതി ബോർഡ് കാനഡയിലെ എസ്എൻസി ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടു.
  • 1996 ഫെബ്രുവരി 24 ∙ എസ്‌എൻസി ലാവ്‌ലിനുമായുള്ള ധാരണാരപത്രം കൺസൾട്ടൻസി കരാറാക്കി മാറ്റി. സാങ്കേതികസഹായത്തിനും പദ്ധതിയുടെ നിർമാണ മേൽനോട്ടത്തിനും ധനസഹായം ലഭ്യമാക്കാനും ലാവ്‌ലിനുമായി ബോർഡ് കരാർ ഒപ്പിട്ടു. മൂന്നു വർഷത്തിനകം പുനരുദ്ധാരണം പൂർത്തിയാക്കണമെന്നു വ്യവസ്‌ഥ. കൺസൽട്ടൻസി ഫീസ് 20.31 കോടി രൂപ.
  • 1996 ഒക്‌ടോബർ 15 ∙ വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം കാനഡയിൽ ലാവ്‌ലിനുമായി ചർച്ച നടത്തുന്നു. മലബാർ കാൻസർ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. കൺസൽട്ടൻസി കരാർ, ഉപകരണങ്ങൾ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കൺസൽട്ടൻസി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ 1997ൽ അന്തിമ കരാർ. ലാവ്‌ലിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പദ്ധതികൾ നവീകരിക്കാമെന്ന പൊതുമേഖലാ സ്‌ഥാപനമായ ഭെല്ലിന്റെ ശുപാർശ തള്ളി.
  • 1997 ഫെബ്രുവരി പത്ത് ∙ മൂന്നു പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ലാവ്‍ലിൻ കമ്പനിയും സംസ്ഥാന വൈദ്യുതി ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മലബാർ കാൻസർ സെന്റിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്‍ലിൻ നടത്തി.
  • 1997 ജനുവരി 25 ∙ 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്‍ലിനുമായുള്ള അന്തിമ കരാറിനു കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ അംഗീകാരം.
  • 1998 മാർച്ച് മൂന്ന് ∙ മന്ത്രിസഭായോഗം കരാർ അംഗീകരിച്ചു. മലബാർ കാൻസർ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിൻ നൽകുമെന്നാണു കരാർ. എന്നാൽ കാൻസർ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രം.
  • 2005 ജൂലൈ 13 ∙ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ലാവ്‌ലിൻ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തിൽ സർക്കാരിനു വൻനഷ്‌ടമുണ്ടായതായി സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.
  • 2006 ജനുവരി 20 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ ക്രമക്കേടു നടന്നെന്നും ഇതെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും കോട്ടയം വിജിലൻസ് എസ്പി എ.ആർ.പ്രതാപന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. പിണറായി വിജയൻ അടക്കം നാലു മുൻ വൈദ്യുതി മന്ത്രിമാരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ടിനു രൂപം നൽകിയത്.
  • 2006 ഫെബ്രുവരി 06 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടിനെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ അടങ്ങുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കുന്നതിനു സ്‌പീക്കർക്കു ലഭിച്ചു.
  • 2006 ഫെബ്രുവരി 08 ∙ എസ്എൻസി ലാവ്‌ലിൻ കരാറിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
  • 2006 ഫെബ്രുവരി 13 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ലാവ്‌ലിൻ വൈസ് പ്രസിഡന്റും വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പടെ ഒൻപതു പേരെ പ്രതികളാക്കി കേസ് റജിസ്‌റ്റർ ചെയ്യാൻ വിജിലൻസ് സർക്കാരിനോടു ശുപാർശ ചെയ്‌തു.
  • 2006 ഫെബ്രുവരി 14 ∙ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി മലബാർ ക്യാൻസർ ആശുപത്രിക്കു 98 കോടി രൂപയുടെ ഗ്രാന്റിനായി ധാരണാപത്രം ഒപ്പിട്ടശേഷം സർക്കാർ കരാർ ഒപ്പിടാത്തതു ഗുരുതര വീഴ്‌ചയാണെന്നു വിജിലൻസ് കണ്ടെത്തി.
  • 2006 ഫെബ്രുവരി 25 ∙ മലബാർ ക്യാൻസർ ആശുപത്രിയുമായി ബന്ധപ്പെട്ട ഇടപാടിൽ 98 കോടി രൂപ കിട്ടിയിട്ടില്ലെന്നു സിഎജിയുടെ അന്തിമ റിപ്പോർട്ട് കുറ്റപ്പെടുത്തിയിരിക്കേ, ആശുപത്രിക്ക് ഇനി ഒരു പൈസ പോലും കൊടുക്കാൻ ബാക്കിയില്ലെന്നു കനേഡിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.
  • 2006 ഫെബ്രുവരി 28 ∙ എൽഡിഎഫ് ഭരണകാലത്തെ എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ കെഎസ്ഇബിയുടെ മൂന്നു മുൻചെയർമാന്മാരും കനേഡിയൻ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉൾപ്പെടെ എട്ടുപേരെ പ്രതി ചേർത്തു വിജിലൻസ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട്(എഫ്ഐആർ) സമർപ്പിച്ചു. പ്രതികൾ: എസ്എൻസി ലാവ്‌ലിൻ വൈസ് പ്രസിഡന്റ് ക്ലോസ് ട്രൻഡൽ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻമാരായിരുന്ന പി.എ. സിദ്ധാർഥ മേനോൻ, ആർ.ശിവദാസൻ, ബോർഡ് അംഗങ്ങളായിരുന്ന രാജശേഖരൻ നായർ, മാത്യു റോയി, രണ്ടു മുൻ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ.
  • 2006 മാർച്ച് ഒന്ന് ∙ ലാവ്‌ലിൻ കേസിന്റെ അന്വേഷണം സിബിഐക്കു വിടാൻ മന്ത്രിസഭായോഗം(ഉമ്മൻ ചാണ്ടി) തീരുമാനിച്ചു.
  • 2006 മാർച്ച് രണ്ട് ∙ സർക്കാരുമായി ആലോചിക്കാതെ ലാവ്‍ലിൻ കേസിൽ കോടതിയ്ൽ എഫ്ഐആർ നൽകിയ വിജിലൻസ് ഡയറക്‌ടർ പി.ഉപേന്ദ്രവർമയെ മാറ്റി.
  • 2006 മാർച്ച് 10 ∙ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുന്ന സുപ്രധാന ഫയൽ അപ്രത്യക്ഷമായതായി വിജിലൻസ് റിപ്പോർട്ടിൽ പരാമർശം. കേസ് അന്വേഷിച്ച എസ്.പി. നീണ്ട അവധിയിൽ പോകുന്നു.
  • 2006 ജൂലൈ 14 ∙ എസ്എൻസി ലാവ്‌ലിൻ കേസിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നു സിബിഐയുടെ പ്രാഥമിക സാധ്യതാ പഠനത്തിൽ കണ്ടെത്തി.
  • 2006 നവംബർ 16 ∙ എസ്എൻസി ലാവ്‌ലിൻ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജൂലൈ 18 ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും സിബിഐ. വ്യക്‌തമാക്കി.
  • 2006 ഡിസംബർ 04 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നു സംസ്‌ഥാനമന്ത്രിസഭായോഗം(വിഎസ് മന്ത്രിസഭ) തീരുമാനിച്ചു.
  • 2007 ജനുവരി 02 ∙ എസ്‌എൻസി ലാവ്‌ലിൻ അടക്കം ആർക്കും കരാർ നൽകാൻ താൻ ശുപാർശ ചെയ്‌തിട്ടില്ലെന്നു സിപിഎം നേതാവ് ഇ. ബാലാനന്ദൻ.
  • 2007 ജനുവരി 03 ∙ എസ്‌എൻസി ലാവ്‌ലിൻ കരാർ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സർക്കാർ ഹാജരാക്കണമെന്നും ഹൈക്കോടതി.
  • 2007 ജനുവരി 16 ∙ എസ്‌എൻസി ലാവ്‌ലിൻ കേസ് സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
  • 2008 ജനുവരി ഒന്ന് ∙ പിണറായി വിജയനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടുകളിൽ പലതിലും പ്രഥമദൃഷ്‌ട്യാ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ.
  • 2008 ജൂലൈ 28 ∙ പിണറായി വിജയനെ കമല ഇന്റർനാഷനൽ എക്‌സ്‌പോർട്ടേഴ്‌സുമായി ബന്ധപ്പെടുത്തി ഉന്നയിക്കപ്പെട്ട ക്രമക്കേടാരോപണത്തിൽ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ.
  • 2008 സെപ്റ്റംബർ 18 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിബിഐ നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു.
  • 2008 സെപ്റ്റംബർ 22 ∙ എസ്‌എൻസി ലാവ്‌ലിൻ അഴിമതിയാരോപണത്തിന്റെ കേസന്വേഷണ ഡയറി സിബിഐ ഹൈക്കോടതിക്കു കൈമാറി.
  • 2008 സെപ്റ്റംബർ 23 ∙ എസ്‌എൻസി ലാവ്‌ലിൻ കേസന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കി, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് അന്വേഷണത്തിൽ തൃപ്‌തികരമായ പുരോഗതിയുണ്ടെന്നു കോടതി വിലയിരുത്തി.
  • 2008 സെപ്റ്റംബർ 24 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്കിനു കൂടുതൽ തെളിവുകൾ നൽകാൻ ക്രൈം പത്രാധിപർ നന്ദകുമാറിനോടു സിബിഐ ആവശ്യപ്പെട്ടു.1997ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ നടത്തിയ കാനഡ യാത്രയുടെയും ലാവ്‌ലിൻ പ്രതിനിധികളുമായി നേരിട്ടു നടത്തിയ ചർച്ചയുടെയും വിവരങ്ങൾ സിബിഐ ഉദ്യോഗസ്‌ഥർക്കു കൈമാറി. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി ‘മുഖ്യമന്ത്രി, മാർപാപ്പ, ഭഗവദ്‌ഗീത’ എന്ന പേരിൽ സംസ്‌ഥാന പിആർഡി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ കോപ്പിയും നൽകി.
  • 2009 ജനുവരി 23 ∙ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി ല്വ്‍ലിൻ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയനും വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്‌ഥരും ചേർന്നു കാനഡയിലെ എസ്‌എൻസി ലാവ്‌ലിൻ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്നു കണ്ടെത്തിയതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു. കമ്പനിക്കു കരാർ നൽകാൻ ഇവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു. ചട്ടങ്ങൾ ലംഘിച്ചും നടപടിക്രമങ്ങൾ അവഗണിച്ചും നൽകിയ കരാർ മൂലം വൈദ്യുതി ബോർഡിന് 390 കോടി രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്ന കേസിൽ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണു പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്.കരാറിലെ പഴുതുകൾ മൂലം തലശേരിയിലെ മലബാർ കാൻസർ സൊസൈറ്റിക്കു ലാവ്‌ലിൻ കമ്പനി വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായം നഷ്‌ടമായി.
  • വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ മെംബർ മാത്യു റോയി, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ, ഇലക്‌ട്രിക്കൽ മെംബറായിരുന്ന ആർ. ഗോപാലകൃഷ്‌ണൻ, മുൻ ബോർഡ് ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ, എസ്‌എൻസി ലാവ്‌ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെൻഡൽ, പിണറായി വിജയൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ്‌എൻസി ലാവ്‌ലിൻ കമ്പനി എന്നിവരാണ് ലാവ്‍ലിൻ കേസിലെ പ്രതികൾ.
  • 2009 ജനുവരി 23 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ(ആർ.എസ്.ഗവായി) അനുമതി നൽകി.
  • 2009 ജൂൺ 11 ∙ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഏഴാം പ്രതി. നേരത്തേ ഒൻപതാം പ്രതിയായിരുന്നു വിജയൻ. അഴിമതിക്കു കാരണമായ ഗൂഢാലോചനയിൽ വിജയന്റെ പങ്ക് അതീവ ഗുരുതരമെന്നു സിബിഐ കണ്ടെത്തി. ലാവ്‌ലിൻ കമ്പനിയാണു കുറ്റപത്രത്തിൽ ഒൻപതാം പ്രതി.
  • വൈദ്യുതിവകുപ്പു മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ, എസ്‌എൻസി ലാവ്‌ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെൻഡൽ, മുൻമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ്‌എൻസി ലാവ്‌ലിൻ കമ്പനി എന്നിവരാണു യഥാക്രമം ഒന്നു മുതൽ ഒൻപതു വരെ പ്രതികൾ.
  • 2009 ഓഗസ്റ്റ് 10 ∙ ലാവ്‌ലിൻ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ ആർ.എസ്.ഗവായിയുടെ നടപടിക്കെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.
  • 2013 ജൂലൈ 17 ∙ എസ്‌എൻസി ലാവ്‌ലിൻ അഴിമതിക്കേസിലെ കുറ്റപത്രം സിബിഐ കോടതി വിഭജിച്ചു. ഏഴാം പ്രതി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. കേസിൽ പ്രതികളായ ലാവ്‌ലിൻ കമ്പനിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെയും ലാവ്‌ലിൻ കമ്പനിയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണു കുറ്റപത്രം വിഭജിച്ചത്.
  • 2013 നവംബർ അഞ്ച് ∙ ഏറെ വിവാദമുയർത്തിയ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പിണറായി അടക്കമുള്ളവർ നൽകിയ വിടുതൽ ഹർജി അംഗീകരിച്ച കോടതി, മറ്റ് ആറു പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി.
  • 2013 നവംബർ ആറ് ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്‌തരാക്കിയ സിബിഐ കോടതി ഉത്തരവു ചോദ്യം ചെയ്‌തു ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി.
  • 2014 ഫെബ്രുവരി ആറ്∙ ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നു നാലാം ജഡ്‌ജിയായ ജസ്‌റ്റിസ് എൻ.കെ. ബാലകൃഷ്‌ണനും പിന്മാറിയതിനെ തുടർന്നു ചീഫ് ജസ്‌റ്റിസിന്റെ നിർദേശപ്രകാരം കേസ് ജസ്‌റ്റിസ് കെ. രാമകൃഷ്‌ണന്റെ ബെഞ്ചിലേക്കു മാറ്റി.
  • 2014 ഫെബ്രുവരി 18 ∙ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിൻ കമ്പനിക്കു കൂടിയ നിരക്കിൽ കരാർ നൽകിയതു വഴി സർക്കാരിനു യഥാർഥത്തിൽ 266.25 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
  • 2017 മാർച്ച് 27 ∙ ലാവ്‌ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. കേസിലെ പ്രതികൾക്കു ഗൂഢാലോചനയിൽ പങ്കുമുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നു സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.
  • 2017 ഓഗസ്റ്റ് 23 ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു
  • 2021 ഓഗസ്റ്റ് 10 : 28 തവണ മാറ്റിവച്ച ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു.[24]
  • 2022 സെപ്റ്റംബർ 13ന് ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കാൻ സുപ്രീം കോടതി 2022 ഓഗസ്റ്റ് 25ന് തീരുമാനിച്ചു.[25][26][27]
  • ഇതുവരെ മൊത്തം 38 തവണ മാറ്റിവച്ച ലാവ്‌ലിൻ കേസ് 2024 മെയ് 1ന് അന്തിമവാദം കേൾക്കാൻ സുപ്രീം കോടതി 2024 ഫെബ്രുവരി 6ന് തീരുമാനിച്ചു.[28]
  1. 1.0 1.1 1.2 ഷാജു ഫിലിപ്പ് (ഫെബ്രുവരി 10 2009). "SNC Lavalin case: The scam and the probe so far". Indian Express. Retrieved 8 ജനുവരി 2012. {{cite web}}: Check date values in: |date= (help)
  2. 2.0 2.1 "CBI clean chit to Karthikeyan, Pinarayi". Express Buzz. 20 ഡിസംബർ 2011. Retrieved 8 ജനുവരി 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "എസ്.എൻ.സി. ലാവലിൻ കേസ്". മാതൃഭൂമി. {{cite news}}: Cite has empty unknown parameter: |1= (help)CS1 maint: url-status (link)
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 ഇനിയെന്ത് ലാവലിൻ, ലാവലിൻ ഇനിയെന്ത് - ഡോ. തോമസ് ഐസക്
  5. ഷാഫി റഹ്മാൻ (ജൂലൈ 10 2009). "Exclusive: Former Kerala minister sought Lavalin favour". ഇന്ത്യാ ടുഡേ. Retrieved ജനുവരി 8 2012. {{cite news}}: Check date values in: |accessdate= and |date= (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-25. Retrieved 2009-05-30.
  7. 7.0 7.1 "Review Relating to Statutory Corporation" (PDF) (in English). Comptroller of Audit General, India. Retrieved 29 May 2009.{{cite web}}: CS1 maint: unrecognized language (link)
  8. "CAG report faults KSEB on SNC Lavalin deal". Thiruvananthapuram: Business Line. 13 ഫെബ്രുവരി 2006.
  9. "Kadavoor Sivadasan owes an explanation: Pinarayi". ചെന്നൈ, ഇന്ത്യ: The Hindu. 20 ഫെബ്രുവരി 2009. Archived from the original on 2014-02-23. Retrieved 2012-05-29.
  10. "CAG report 'error-filled': Lavalin". Thiruvananthapuram: Hindustan Times. 19 ഫെബ്രുവരി 2009.[പ്രവർത്തിക്കാത്ത കണ്ണി]
  11. 11.0 11.1 "Kerala Govt to hand over SNC Lavalin case to CBI: Chandy". OneIndia News. 1 March 2006. Retrieved 29 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  12. "ലാവലിൻ: പിണറായിയെ പ്രതിയാക്കിയതിൽ യു. ഡി..എഫിന് പങ്കില്ല -ഉമ്മൻചാണ്ടി". മാതൃഭൂമി. 16 March 2011. Archived from the original on 2015-09-11. Retrieved 29 May 2012.
  13. "എസ്.എൻ.സി. ലാവലിൻ കേസ്". മലയാള മനോരമ.{{cite news}}: CS1 maint: url-status (link)
  14. "പ്രതികൾ പതിനൊന്ന്‌ ആരൊക്കെ?". മാതൃഭൂമി. ജനുവരി 24, 2009. Archived from the original on 2009-01-30. Retrieved ജനുവരി 24, 2009.
  15. "CBI: no evidence against Pinarayi, Karthikeyan". The Hindu (in ഇംഗ്ലീഷ്). Thiruvananthapuram. September11 2012. Retrieved 19 April 2013. The Central Bureau of Investigation (CBI) on Monday reiterated before the CBI Special Court here that it had not obtained any clinching evidence of undue pecuniary advantage made by Communist Party of India (Marxist) State secretary Pinarayi Vijayan or of Speaker G. Karthikeyan's involvement in the multi-crore SNC-Lavalin corruption case. {{cite news}}: Check date values in: |date= (help)
  16. C. Gouridasan Nair (November 06 2013). "Pinarayi cleared of charges in Lavalin case". The Hindu (in ഇംഗ്ലീഷ്). Thiruvananthapuram. Retrieved 07 February 2016. In a development that could have major implications for State politics, particularly that within the State CPI(M), a CBI special court here has cleared Communist Party of India (Marxist) State secretary Pinarayi Vijayan of all the charges levelled against him in the SNC-Lavalin case. R. Raghu, special judge trying Central Bureau of Investigation (CBI) cases, rejected the CBI charge sheet against Mr. Vijayan and other accused in the case holding that the CBI could not prove any of its charges. The CBI case was that the State exchequer had lost Rs.86.25 crore as a result of a conspiracy involving Mr. Vijayan and the others relating to the award of a Rs.360-crore contract for repair and revival of the Pallivasal, Sengulam and Panniyar hydroelectric projects to SNC-Lavalin, a Canadian firm, during 1995-97. {{cite news}}: Check date values in: |accessdate= and |date= (help)
  17. എസ്.എൻ.സി. ലാവലിൻ കേസ്
  18. SNC Lavlin Corruption Case
  19. "കാനഡാ കരാർ എതിർത്ത സെക്രട്ടറിക്ക് തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി". മലയാള മനോരമ. 8 March 2003. കാനഡാ കമ്പനിയുമായുള്ള ഇടപാടിനെ 'അസംബന്ധം' എന്ന് പ്രിൻസിപ്പൽ സെക്രട്ടറി വരദാചാരി വിശേഷിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് അദ്ദേഹത്തിന്റെ തല പരിശോധിപ്പിക്കുവാൻ മെഡിക്കൽ ബോർഡിലേക്ക് അയക്കണമെന്ന് എഴുതിയത്.
  20. "ഒമ്പതാം പ്രതിയുടെ വിശദീകരണങ്ങൾ". സമകാലിക മലയാളം. 20 February 2009. p. 12.
  21. "ധനസെക്രട്ടറിക്കെതിരെ മന്ത്രിയുടെ പരാമർശം വിവാദമായി". മലയാള മനോരമ. 12 September 1997.
  22. കെ. ബാലചന്ദ്രൻ (11 September 1997). "ധനകാര്യ സെക്രട്ടറിക്കെതിരെ സഹകരണ മന്ത്രി". കേരള കൗമുദി.
  23. https://www.newindianexpress.com/states/kerala/2021/feb/24/sc-defers-lavalin-case-again-congress-bjp-allege-compromise-politics-2268092.html
  24. https://www.manoramaonline.com/news/latest-news/2017/08/23/lavalin-case-timeline.html
  25. http://www.mangalam.com/news/detail/580541-latest-news-snc-lavling-case.html
  26. https://www.manoramaonline.com/news/latest-news/2022/08/25/supreme-court-will-consider-lavalin-case-on-september-13-th.html
  27. http://www.mangalam.com/news/detail/583115-latest-news-snc-lavalin-case-will-be-considered-on-tuesday.html
  28. https://www.mathrubhumi.com/news/india/eight-years-listing-mentioning-this-what-happened-with-lavalin-case-in-supreme-court-so-far-1.9301099

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എസ്.എൻ.സി._ലാവലിൻ_കേസ്&oldid=4022400" എന്ന താളിൽനിന്ന് ശേഖരിച്ചത്