രൂപ്പൂർ ആണവനിലയം
റഷ്യൻ സഹായത്തോടെ ബംഗ്ലാദേശിലെ രൂപ്പൂരിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന ആണവനിലയമാണ് രൂപ്പൂർ ആണവനിലയം (ബംഗാളി: রূপপুর পারমাণবিক বিদ্যুৎ কেন্দ্র). രണ്ടു റിയാക്ടറുകളിൽ നിന്നായി 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള ശേഷി ഈ നിലയത്തിനുണ്ട്. ബംഗ്ലാദേശിലെ ആദ്യത്തെ ആണവനിലയം കൂടിയായ രൂപ്പുർ 2023-ഓടെ പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ സർക്കാരിനു കീഴിലുള്ള റോസാറ്റം സ്റ്റേറ്റ് അറ്റോമിക് എനർജി കോർപ്പറേഷനാണ് ആണവനിലയത്തിന്റെ നിർമ്മാണച്ചുമതല നിർവ്വഹിക്കുന്നത്.[1][2][3][2]
രൂപ്പൂർ ആണവനിലയം Rooppur Nuclear Power Plant | |
---|---|
Country | ബംഗ്ലാദേശ് |
Location | രൂപ്പൂർ, ഈശ്വർദീ ഉപജില്ല, പബ്ന ജില്ല, ബംഗ്ലാദേശ് |
Coordinates | 24°4′0″N 89°2′50″E / 24.06667°N 89.04722°E |
Status | നിർമ്മാണം പുരോഗമിക്കുന്നു |
Commission date | 2023 |
Construction cost | 12.65 ബില്യൺ ഡോളർ |
Owner(s) | ബംഗ്ലാദേശ് ആണവോർജ്ജ കമ്മീഷൻ |
Operator(s) | റോസാറ്റം ( റഷ്യ) |
Nuclear power station | |
Reactor type | VVER-1200 |
Reactor supplier | Rosatom |
Power generation | |
Units planned | 2 × 1200 MW |
Nameplate capacity | 2400 MW |
External links | |
Website | http://www.rooppurnpp.gov.bd |
Commons | Related media on Commons |
സ്ഥാനം
തിരുത്തുകബംഗ്ലാദേശിലെ പബ്ന ജില്ലയിലെ ഈശ്വർദീ ഉപജില്ലയിൽ റൂപ്പൂർ എന്ന സ്ഥലത്താണ് ആണവ നിലയം സ്ഥാപിക്കുവാനുദ്ദേശിക്കുന്നത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് 140 കിലോമീറ്റർ അകലെയായി പത്മ നദിയുടെ തീരത്താണ് ഇത് നിർമ്മിക്കുന്നത്.[4]
ചരിത്രം
തിരുത്തുകഇവിടെ ഒരു ആണവനിലയം സ്ഥാപിക്കുവാനുള്ള പദ്ധതി ആദ്യമായി മുന്നോട്ടുവച്ചത് 1961-ലാണ്.[5] ഇതിനായി 254 ഏക്കർ സ്ഥലം ആ വർഷം സർക്കാർ ഏറ്റെടുത്തു. പ്ലാന്റ് തുടങ്ങുന്നതിനുള്ള അനുമതി 1963-ൽ ലഭിച്ചു. നിർമ്മാണവുമായി സഹകരിക്കുന്നതിനായി 1964-ലും 1966-ലും കനേഡിയൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേവർഷങ്ങളിൽ സ്വീഡിഷ്, നോർവീജിയൻ സർക്കാരുകളുമായി നടത്തിയ ചർച്ചകളും വിജയം കണ്ടില്ല.
1971-ൽ ബംഗ്ലാദേശ് സ്വതന്ത്രമായി. രൂപ്പൂർ ആണവ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് സർക്കാർ മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് 1974-ൽ സോവിയറ്റ് യൂണിയനുമായി നടത്തിയ ചർച്ചയും പരാജയമായിരുന്നു.
2001-ൽ ബംഗ്ലാദേശ് ഭരണകൂടം ഒരു ദേശീയ ആണവോർജ്ജ പദ്ധതിക്കു രൂപം നൽകി.[5] 2009-ൽ ബംഗ്ലാദേശ് സർക്കാർ റഷ്യൻ സർക്കാരുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചു. അതേവർഷം ഫെബ്രുവരി 13-ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റഷ്യൻ ആണവോർജ്ജ കോർപ്പറേഷനായ റോസാറ്റത്തിന്റെ നേതൃത്വത്തിൽ 2013-നു മുമ്പായി ആണവനിലയത്തിന്റെ നിർമ്മാണം ആരംഭിക്കുവാനും തീരുമാനിച്ചു.[6][7][8][9][10]
ആശങ്കകൾ
തിരുത്തുക2013-ൽ തന്നെ ആണവനിലയത്തിന്റെ വിജയ സാധ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ബംഗ്ലാദേശി ശാസ്ത്രജ്ഞർക്കിടയിൽ ആശങ്ക പ്രകടമായിരുന്നു.[11] ബംഗ്ലാദേശിൽ നിർമ്മിക്കാൻ പോകുന്ന ആണവ നിലയം റഷ്യയുടെ കാലഹരണപ്പെട്ട വി.വി.ഇ.ആർ.-1000[൧] ശ്രേണിയിലുള്ളതാണെന്നും നിലയം സ്ഥാപിക്കുവാൻ തെരഞ്ഞെടുത്ത സ്ഥലം ഇതിന് അനുയോജ്യമല്ലെന്നും ആരോപണങ്ങളുയർന്നു.[12] ആണവമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ റഷ്യയുമായി കരാറുണ്ടാക്കിയിട്ടില്ല എന്നതും നിലയത്തിന്റെ നിർമ്മാണത്തിനു വേണ്ടിവരുന്ന ഭീമമായ ചെലവും കൂടിയായപ്പോൾ രൂപ്പുർ ആണവനിലയത്തിനെതിരെ ശക്തമായ എതിർപ്പുണ്ടായി. തുടർന്ന് ഒരു വർഷത്തോളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അതേത്തുടർന്ന് പദ്ധതിയിൽ മാറ്റംവരുത്തുവാൻ അധികൃതർ നിർബന്ധിതരായി.
റൂപ്പൂരിൽ വി.വി.ഇ.ആർ.-1200 ശ്രേണിയിലുള്ള രണ്ട് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന പദ്ധതി റോസാറ്റം മുന്നോട്ടുവച്ചു.[2] ഈ റിയാക്ടറുകളിൽ നിന്ന് 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. പദ്ധതി മാറ്റത്തിന്റെ ഫലമായി ആണവനിലയത്തിന്റെ നിർമ്മാണച്ചെലവ് 400 കോടി യു.എസ്. ഡോളറിൽ നിന്നും 1300 കോടി യു.എസ്. ഡോളറായി വർദ്ധിച്ചുവെന്ന് 2015 ഡിസംബറിൽ ദ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.[13] റഷ്യയിലെ പരിസ്ഥിതി പ്രവർത്തകർ പോലും റഷ്യൻ ആണവനിലയങ്ങൾ സുരക്ഷിതമല്ല എന്നു വാദിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിലയം ബംഗ്ലാദേശിൽ തുടങ്ങുന്നതിനോട് ട്രൻസ്പേരൻസി ഇന്റർനാഷണലും ആശങ്ക പ്രകടിപ്പിച്ചിരുന്നു.[13]
നിർമ്മാണം
തിരുത്തുക2016-ൽ റൂപ്പുർ ആണവനിലയത്തിന്റെ ഗ്രൗണ്ട് വർക്കുകൾ ആരംഭിച്ചു. ഏകദേശം 1265 കോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 90 ശതമാനവും റഷ്യയിൽ നിന്നു വായ്പയെടുക്കും. 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള രണ്ടു യൂണിറ്റുകളും 2023-ലും 2024-ലും പ്രവർത്തനം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. നിർമ്മാണം പൂർത്തിയായ ശേഷം ഒരു വർഷത്തോളം കാലം നിലയത്തിന്റെ നിയന്ത്രണം റോസാറ്റം നിർവ്വഹിക്കും. അതിനുശേഷം ബംഗ്ലാദേശ് സർക്കാരിനു കൈമാറും. നിലയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനം റഷ്യ നൽകും. ഉപയോഗശേഷം അവശേഷിക്കുന്ന ഇന്ധനം റഷ്യ തന്നെ കൊണ്ടുപോകും.[14] 2017 നവംബർ 4-ന് ബംഗ്ലാദേശ് അറ്റോമിക് എനർജി റഗുലേറ്ററി അതോറിറ്റി ആദ്യ യൂണിറ്റിന്റെ നിർമ്മാണത്തിന് അനുമതി നൽകി.[15]
ആരംഭിക്കുന്ന ന്യൂക്ലിയാർ റിയാക്ടറുകൾ
തിരുത്തുകയൂണിറ്റ് | ഇനം | ശേഷി | നിർമ്മാണം ആരംഭിച്ചത് | പ്രവർത്തനം തുടങ്ങുന്നത് |
---|---|---|---|---|
രൂപ്പൂർ 1 | VVER-1200/523 | 1200 MWe | 2017 | 2023 |
രൂപ്പൂർ 2 | VVER-1200/523 | 1200 MWe | 2018 | 2024 |
കുറിപ്പുകൾ
തിരുത്തുക൧ ^ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച ആണവറിയാക്ടറാണ് വി.വി.ഇ.ആർ. (VVER) അഥവാ WWER (വാട്ടർ - വാട്ടർ എനർജറ്റിക് റിയാക്ടർ). ഉന്നത മർദ്ദത്തിലുള്ള ജലമാണ് ഇതിൽ കൂളന്റായി ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Cabinet clears draft law to form company to operate Rooppur nuclear power plant". bdnews24.com. 4 May 2015. Retrieved 6 June 2015.
- ↑ 2.0 2.1 2.2 "Delay for Bangladesh nuclear plant". World Nuclear News. 20 October 2015. Retrieved 26 October 2015.
- ↑ "Rooppur nuclear deal signed with Russia", The Financial Express, 25 December 2015, retrieved 27 December 2015
- ↑ "Russian loan for Rooppur construction". World Nuclear News. 16 January 2013. Retrieved 24 May 2013.
- ↑ 5.0 5.1 Nuclear Power in Bangladesh, World Nuclear Association, archived from the original on 2016-01-18, retrieved 1 January 2016
- ↑ Mahbub, Sumon (15 January 2013). "N-plant funding deal cut". bdnews24.
- ↑ "PM seeks more Russian investment in ICT sector". The News Today. 15 January 2013. Archived from the original on 2017-11-08. Retrieved 2017-11-26.
- ↑ "Collaboration in defence, telecom agreed upon". The News Today. 15 January 2013. Archived from the original on 2017-11-08. Retrieved 2017-11-26.
- ↑ "Bangladesh agrees nuclear power deal with Russia". BBC News. 2 November 2011.
- ↑ "Bangladesh to Get $1Bln Loan for Weapons". The Moscow Times. 16 January 2013.
- ↑ [1], Voice for Justice World Forum, 30 June 2013
- ↑ Karmaker, Arun (23 July 2015). "Rooppur Plant reactor technology being changed". Prothom Alo. Archived from the original on 2015-12-23. Retrieved 2016-07-19.
- ↑ 13.0 13.1 TIB concerned over Rooppur nuke plant’s safety, The Daily Star, 28 December 2015
- ↑ "Contract signed for preparatory work at Bangladesh's NPP". Nuclear Engineering International. 1 April 2016. Retrieved 4 April 2016.
- ↑ "Rooppur gets design, construction licence". www.thedailystar.net. The Daily Star. 5 November 2017. Archived from the original on 4 November 2017. Retrieved 6 November 2017.