കൂളന്റ്
പ്രധാനമായും വാഹനങ്ങളുടെ റേഡിയേറ്ററുകളിൽ വെള്ളത്തിനു പകരമായോ വെള്ളത്തോടൊപ്പമോ ഉപയോഗിക്കുന്ന രാസവസ്തുവാണ് കൂളന്റ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വർദ്ധനവ് മൂലമാണ് ഇന്ത്യയിൽ കൂളന്റിന് പ്രചാരമേറിയത്. റേഡിയേറ്ററുകളിലെ വെള്ളം തിളയ്ക്കുന്ന താപപരിധി ഉയർത്തുന്നതു മൂലം ബാഷ്പീകരണത്തിന്റെ വേഗത കുറയ്ക്കുവാൻ സാധിക്കുന്നു. ഇനം തിരിച്ചറിയുവാനായി ചേർക്കുന്ന ഡൈ മൂലമാണ് ഇവ നിറവ്യത്യാസത്തിൽ കാണപ്പെടുന്നത്.
കൂളന്റിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മൂലം റേഡിയേറ്റർ, എഞ്ചിൻ, സിലിണ്ടർ ഹെഡ് എന്നിവയിലെ ലോഹഭാഗങ്ങൾ വേഗത്തിൽ ദ്രവിക്കാതെ സംരക്ഷണം നൽകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതോടൊപ്പം തണുപ്പുള്ള കാലാവസ്ഥയിൽ വെള്ളം കട്ട പിടിച്ച് സിലിണ്ടർ ബ്ളോക്കിൽ വിള്ളൽ ഉണ്ടാകാതെ സഹായിക്കുകയും ചെയ്യുന്നു. ആദ്യകാലങ്ങളിൽ ലയിപ്പിച്ച എഥിലിൻ ഗ്ലൈക്കോളാണ് കൂളന്റിൽ അടങ്ങിയിരുന്നത്. പിന്നീട് ക്ഷമത കൂടിയ എന്നാൽ വിഷാംശമടങ്ങിയ ഡൈ എഥിലിൻ ഗ്ലൈക്കോൾ കൂളന്റിൽ ഉൾപ്പെടുത്തി. എന്നാൽ ഇവയുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം മൂലം വിഷാംശം കുറവുള്ള പ്രൊപ്പിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഇതു മൂലം 187 ഡിഗ്രി താപനിലയിൽ മാത്രമേ വെള്ളം തിളയ്ക്കുകയുള്ളു. രാസവസ്തുക്കളില്ലാത്ത ജൈവാധിഷ്ഠിതമായ വസ്തുക്കളടങ്ങിയ കൂളന്റുകളും ഇന്ന് പ്രചാരത്തിലുണ്ട്. രാസവസ്തുക്കളാൽ നിർമ്മിതമായ കൂളന്റുകളെപ്പോലെ ഇവ പ്രതിവർഷം മാറ്റേണ്ടി വരുന്നില്ല, ഒപ്പം ഗ്ലൈക്കോൾ അടങ്ങിയ കൂളന്റുകളിലെപ്പോലെ ദ്രവിക്കൽ തടയുവാനായി പ്രത്യേകരാസവസ്തുക്കളുടെ ആവശ്യവുമില്ല.
- മൂന്ന് തരം കൂളന്റുകളാണ് പ്രധാനമായുള്ളത്.
- ഗ്രൂപ്പ് 1
എഥിലിൻ, പ്രൊപ്പിലിൻ എന്നിവ അടങ്ങിയിട്ടുള്ള ഇവ പച്ച നിറത്തിലാണ് സാധാരണ കാണപ്പെടുന്നത്. വാഹനങ്ങളിൽ ഇവ വർഷത്തിലൊരിക്കൽ പൂർണ്ണമായും മാറ്റി പുതിയ കൂളന്റ് നിക്ഷേപിക്കേണ്ടതാണ്. ഇരുമ്പ്, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാതിരിക്കുവാനായി സിലിക്കേറ്റുകളും ഫോസ്ഫേറ്റുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
- ഗ്രൂപ്പ് 2
ഈഥൈൽ ഹെക്സനോയിഡ് ആസിഡ് എന്ന ജൈവ അമ്ലമാണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഓറഞ്ച്, പിങ്ക് നിറങ്ങളിൽ ലഭിക്കുന്ന ഇവ അഞ്ചു വർഷത്തിലൊരിക്കൽ മാത്രം മാറ്റി പുതിയ കൂളന്റ് നിക്ഷേപിച്ചാൽ മതി. കൂടാതെ ഇവയിൽ രാസവസ്തുക്കളായ സിലിക്കേറ്റുകളും ഫോസ്ഫേറ്റുകളും ഉൾപ്പെടുത്തിയിട്ടില്ല.
- ഗ്രൂപ്പ് 3
ചുവന്ന നിറത്തിൽ ലഭിക്കുന്ന ഇവയിൽ അലുമിനിയത്തിന്റെ ദ്രവിക്കൽ തടസപ്പെടുത്തുവാനായി സിലിക്കേറ്റുകൾ ചേർത്തിരിക്കുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- CO2 as a natural coolant — FAQs Archived 2007-10-06 at the Wayback Machine.
- Industrial Coolant Suppliers