മറാഠ സാമ്രാജ്യത്തിലെ പ്രമുഖനായ ഒരു സുബേദാറായിരുന്നു മൽഹാർ റാവു ഹോൾക്കർ (16 മാർച്ച് 1693 - 20 മെയ് 1766). മറാഠാ ഭരണം വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിച്ച റാണോജി സിന്ധ്യയ്‌ക്കൊപ്പം പ്രവർത്തിച്ച ആദ്യകാല സൈനികത്തലവരിൽ ഒരാളായിരുന്നു അദ്ദേഹം. മറാഠാ ചക്രവർത്തിയായ ഷാഹു ഒന്നാമൻ്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പേഷ്വ (പ്രധാനമന്ത്രി), ഇൻഡോർ പ്രദേശത്തിന്റെ ഭരണച്ചുമതല മൽഹാർ റാവു ഹോൾക്കർക്ക് നൽകി. പിൽക്കാലത്ത് മാൾവ ഭരിച്ച ഹോൾക്കർ രാജവംശത്തിൻ്റെ സ്ഥാപകനായിരുന്നു മൽഹാർ റാവു.

മാൾവയുടെ സുബേദാർ
Malhar Rao
ഹോൾക്കർ
മൽഹാർ റാവു ഹോൾക്കർ, രാജസ്ഥാനിലെ ബുന്ദിയിൽ നിന്നുള്ള ഛായാചിത്രം c.
ജനനം(1693-03-16)16 മാർച്ച് 1693
ജെജൂരി, പൂനെ ജില്ല
മരണം20 മേയ് 1766(1766-05-20) (പ്രായം 73)
ആലംപൂർ, മധ്യപ്രദേശ്
ദേശീയത മറാഠാ സാമ്രാജ്യം
പദവിപേഷ്വയുടെ ജനറൽ[1]
യുദ്ധങ്ങൾ
  • ബാലാപ്പൂർ യുദ്ധം
  • വസായ് യുദ്ധം
  • പാൽഖേഡ് യുദ്ധം
  • സിക്കന്ദരാബാദ് യുദ്ധം
  • മാണ്ഡ്സൗർ യുദ്ധം
  • താനെ ഉപരോധം
  • ഫറൂഖാബാദ് യുദ്ധം (1751)
  • മറാഠാ-നൈസാം യുദ്ധം (1751-1752)
  • മാൻഗ്രോൾ ഉപരോധം
  • ദില്ലി യുദ്ധം (1757
  • ബർവറാ ഉപരോധം (1757
  • പെഷവാർ കീഴടക്കൽ (1758)
  • കക്കൂർ യുദ്ധം
  • ദില്ലി കീഴടക്കൽ (1760)
  • ദില്ലി യുദ്ധം (1764)
  • മൂന്നാം പാനിപ്പത്ത് യുദ്ധം
  • ബാഗ്രു യുദ്ധം
  • രാക്ഷസ്ഭുവൻ യുദ്ധം
  • ധോൽപൂർ യുദ്ധം(1766)
ബന്ധുക്കൾ
മൽഹാർ റാവു ഹോൾക്കറുടെ പ്രതിമ, ലാൽബാഗ് കൊട്ടാരം, ഇൻഡോർ, മധ്യപ്രദേശ്

ആദ്യകാലജീവിതം

തിരുത്തുക

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ജെജൂരിക്ക് സമീപമുള്ള ഹോൾ ഗ്രാമത്തിൽ ഹട്കർ-ധൻഗർ കുടുംബത്തിൽ ഖണ്ടൂജി ഹോൾക്കറുടെ മകനായി 1693 മാർച്ച് 16 നാണ് മൽഹറാവു ഹോൾക്കർ ജനിച്ചത്. 1696-ൽ അദ്ദേഹത്തിന് മൂന്ന് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. മൽഹാർ റാവു തലോദയിൽ (നന്ദുർബാർ ജില്ല, മഹാരാഷ്ട്ര) തൻ്റെ മാതൃസഹോദരനായ സർദാർ ഭോജരാജ്റാവു ബാർഗളിൻ്റെ സംരക്ഷണയിലാണ് വളർന്നത്. സർദാർ കദം ബന്ദേ എന്ന മറാത്ത പ്രഭുവിന്റെ കീഴിൽ അദ്ദേഹത്തിൻ്റെ അമ്മാവൻ ഒരു കുതിരപ്പട നടത്തിയിരുന്നു. തൻ്റെ കുതിരപ്പടയിൽ ചേരാൻ ബാർഗൾ മൽഹർ റാവുവിനോട് ആവശ്യപ്പെടുകയും താമസിയാതെ അദ്ദേഹത്തെ കുതിരപ്പടയുടെ ഒരു വിഭാഗത്തിന്റെ നിയന്ത്രണ ചുമതല ഏൽപ്പിക്കുകയും ചെയ്തു.[2]

1717-ൽ തൻ്റെ അമ്മാവൻ്റെ മകളായ ഗൗതമ ബായ് ബർഗലിനെ (29 സെപ്റ്റംബർ 1761) അദ്ദേഹം വിവാഹം കഴിച്ചു. ഇത് കൂടാതെ ബാനാ ബായ് സാഹിബ് ഹോൾക്കർ, ദ്വാരക ബായ് സാഹിബ് ഹോൾക്കർ, ഹർകു ബായ് സാഹിബ് ഹോൾക്കർ, ഖാണ്ഡറാണി എന്നിവരെയും അദ്ദേഹം വിവാഹം കഴിച്ചു. ഖാണ്ഡറാണി ഒരു രാജകുമാരിയായിരുന്നു. വിവാഹത്തിൽ തന്നെ പ്രതിനിധീകരിക്കാൻ, മൽഹാർ റാവു തൻ്റെ വാൾ (മറാഠിയിൽ ഖാണ്ഡ) അയച്ചു കൊടുത്തതിനെ തുടർന്നാണ് അവർ ആ പേരിൽ അറിയപ്പെട്ടത്.

പേഷ്വായുടെ കീഴിൽ

തിരുത്തുക

സൈനികസേവനത്തിൽ സമർത്ഥരായ പോരാളികൾക്ക് എളുപ്പം ഉയരാൻ സാധിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1715-ൽ അദ്ദേഹം ഖാന്ദേശിലെ കദം ബന്ദേയുടെ നിയന്ത്രണത്തിലുള്ള സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. അക്കാലത്ത് സാധാരണമായിരുന്ന കൂലിപ്പട്ടാള വ്യവസ്ഥയിൽ അംഗമായ ഹോൾക്കർ, 1719-ൽ ഡൽഹി കീഴടക്കാനായി ബാലാജി വിശ്വനാഥ് നയിച്ച സൈന്യത്തിലെ അംഗമായിരുന്നു. 1720-ലെ ബാലാപൂർ യുദ്ധത്തിൽ നിസാമിനെതിരെ പോരാടുകയും ബർവാനി രാജാവിനൊപ്പം സേവനമനുഷ്ഠിക്കുകയും ചെയ്തു.[3]

1721-ൽ, ബന്ദേയുടെ കൂടെയുള്ള സേവനം മടുത്ത മൽഹാർ റാവു , പേഷ്വാ ബാജിറാവുവിൻ്റെ സൈന്യത്തിൽ ഒരു സൈനികനായി ചേർന്നു. ബാജിറാവുവുമായി അദ്ദേഹം അടുപ്പത്തിലാവുകയും അധികം താമസിയാതെ തന്നെ ഉയർന്ന റാങ്കുകൾ നേടുകയും ചെയ്തു. 1723-24 ലെ പേഷ്വയുടെ സൈനികനീക്കത്തിൽ പങ്കെടുത്തതിന് ശേഷം ഭോപ്പാൽ സംസ്ഥാനവുമായുള്ള തർക്കം പരിഹരിക്കുന്നതിൽ മൽഹാർ റാവു നയതന്ത്രപരമായ പങ്കും വഹിച്ചു. 1725-ൽ ഹോൾക്കർ 500 പേരടങ്ങുന്ന ഒരു സേനയെ നയിക്കുകയായിരുന്നു. 1727-ൽ മാൾവയിലെ വിവിധ പ്രദേശങ്ങളിൽ സൈന്യത്തെ നിലനിർത്താൻ അദ്ദേഹത്തിന് ഒരു ഗ്രാൻ്റ് അനുവദിച്ചു.

1728-ലെ പാൽഖേഡ് യുദ്ധത്തിൽ മുഗൾ സൈന്യത്തിൻ്റെ സാധനസാമഗ്രികളുടെ വിതരണവും ആശയവിനിമയങ്ങളും തടസ്സപ്പെടുത്തുന്നതിൽ മൽഹാർ റാവു വിജയിച്ചു. ഈ ദൗത്യത്തിന്റെ വിജയം അദ്ദേഹത്തിൻ്റെ പദവി കൂടുതൽ മെച്ചപ്പെടുത്തി. താരതമ്യേന അത്ര വിശ്വസ്തരല്ലാത്ത മറാഠാ പ്രഭുക്കന്മാരിൽ നിന്നുള്ള ഭീഷണിയെ നേരിടാൻ പേഷ്വ മൽഹാർ റാവുവിന്റെ പദവി ഉയർത്തുകയായിരുന്നു. 1732-ഓടെ, പടിഞ്ഞാറൻ മാൾവയുടെ വലിയൊരു ഭാഗം പേഷ്വ അദ്ദേഹത്തിന് നൽകി. അപ്പോഴേക്കും ഹോൾക്കറിന് ആയിരക്കണക്കിന് സൈനികർ വരുന്ന ഒരു കുതിരപ്പടയുടെ ചുമതലയുണ്ടായിരുന്നു.

മുഗൾ സാമ്രാജ്യത്തിനും ദുറാനി സാമ്രാജ്യത്തിനും എതിരായ യുദ്ധം

തിരുത്തുക

മറാഠാ സാമ്രാജ്യത്തിൻ്റെ മുൻനിര കമാൻഡർമാരിൽ ഒരാളായി മാറിയ മൽഹാർ റാവു(1760), ജലേസർ യുദ്ധം (1737), ഡൽഹി യുദ്ധം (1737), ഭോപ്പാൽ യുദ്ധത്തിൽ നൈസാമിൻ്റെ പരാജയം (1737) തുടങ്ങിയ യുദ്ധങ്ങളിൽ പങ്കെടുത്തു. 1739-ൽ പോർച്ചുഗീസുകാരിൽ നിന്ന് വസായിയെ പിടിച്ചടക്കിയ സൈനികനീക്കത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1748 മുതൽ, മാൾവയിൽ മൽഹാർ റാവു ഹോൽക്കറുടെ സ്ഥാനം ദൃഢവും ഭദ്രവുമായി. 1748-ലെ രോഹില്ലകളുമായുള്ള സംഘർഷത്തിൽ പ്രകടിപ്പിച്ച ധീരതയ്ക്ക് ഷാഹു അദ്ദേഹത്തിന് ചന്ദോർ പ്രദേശത്തിന്റെ സർദേശ്മുഖ് പദവി നൽകി. 1757-ൽ ഈശ്വരി സിങ്ങുമായുള്ള അധികാരമത്സരത്തിൽ ജയ്പൂരിലെ മാധോസിംഗ് ഒന്നാമന് നൽകിയ സഹായത്തിന് പകരമായി രാംപുര, ഭാൻപുര, ടോങ്ക് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.[4] മൽഹാർ റാവു തന്നെ പിടികൂടാൻ വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഈശ്വരി സിംഗ് ആത്മഹത്യ ചെയ്തു. മൽഹാർ റാവുവിനെ ശത്രുക്കൾ എത്രത്തോളം അപകടകാരിയായി കണ്ടിരുന്നുവെന്ന് ഈ സംഭവം വെളിവാക്കുന്നു. എന്നിരുന്നാലും, തന്റെ മാന്യതയുടെ ഒരു അടയാളമെന്ന നിലയിൽ, മൽഹാർ റാവു ഈശ്വരി സിങ്ങിൻറെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു.

മൽഹാർ റാവു ഹോൾക്കർ, ജയപ്പ സിന്ധ്യ, ഗംഗാധർ താത്യ, തുക്കോജിറാവു ഹോൾക്കർ, ഖാണ്ഡേറാവു ഹോൾക്കർ എന്നിവർ പേഷ്വാ ബാലാജി ബാജിറാവുവിൻ്റെ നിർദ്ദേശപ്രകാരം ഷാദുല്ല ഖാൻ, അഹമ്മദ് ഖാൻ ബംഗാഷ്, മുഹമ്മദ് ഖാൻ, ബഹാദൂർ ഖാൻ രോഹില്ല എന്നിവർക്കെതിരെ സഫ്ദർജംഗിനെ സഹായിക്കാൻ പോയി. ഫത്തേഗഡിലെയും ഫറൂഖാബാദിലെയും യുദ്ധത്തിൽ അവർ റോഹില്ലകളെയും ബംഗാഷിനെയും പരാജയപ്പെടുത്തി (മാർച്ച് 1751-ഏപ്രിൽ 1752). 1751 ഡിസംബറിൽ അഹമ്മദ് ഷാ അബ്ദാലി പഞ്ചാബ് ആക്രമിച്ചതായി മുഗൾ ചക്രവർത്തി അറിഞ്ഞപ്പോൾ റോഹില്ലകളുമായും ബംഗാഷുമായും സന്ധി ചെയ്യാൻ സഫ്ദർജംഗിനോട് ആവശ്യപ്പെട്ടു. 1752 ഏപ്രിൽ 12-ന്, സഫ്ദർജംഗ് മറാഠകളെ സഹായിക്കാൻ സമ്മതിച്ചു. എന്നാൽ ചക്രവർത്തി ഈ കരാർ അംഗീകരിച്ചില്ല. പകരം 1752 ഏപ്രിൽ 23-ന് അഹമ്മദ് ഷാ അബ്ദാലിയുമായി ഒരു ഉടമ്പടി ഒപ്പുവച്ചു. അതിനിടയിൽ, സലാബത്ത് ഖാൻ ആക്രമിച്ചതിനാൽ മൽഹാർ റാവു ഹോൾക്കറിനോട് പേഷ്വ പൂനെയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

1754 ജനുവരി 20 മുതൽ മെയ് 18 വരെ മറാത്തകൾ കുംഹെർ കോട്ട ഉപരോധിച്ചു. ഏകദേശം നാല് മാസത്തോളം യുദ്ധം തുടർന്നു. യുദ്ധസമയത്ത് മൽഹർ റാവു ഹോൾക്കറുടെ മകൻ ഖാണ്ഡേറാവു ഹോൾക്കർ 1754 മാർച്ച് 24-ന് തുറന്ന പല്ലക്കിൽ തന്റെ സൈന്യത്തെ പരിശോധിക്കുമ്പോൾ കോട്ടയിൽ നിന്ന് വെടിയുതിർത്തു. പീരങ്കിയുണ്ടയേറ്റ് അദ്ദേഹം മരിച്ചു. തൻ്റെ ഏക മകൻ്റെ മരണത്തിൽ പ്രകോപിതനായ മൽഹാർ റാവു പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. മഹാരാജാവായ സൂരജ് മലിൻ്റെ തല വെട്ടി നശിപ്പിച്ച ശേഷം കോട്ടയുടെ മണ്ണ് യമുനയിലേക്ക് എറിയുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. മറാത്തകൾ കോട്ടയുടെ ചുറ്റുമുള്ള ഉപരോധം വർദ്ധിപ്പിച്ചു. എന്നാൽ മറ്റൊരു ഭരണാധികാരിയും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകാത്തതിനാൽ സൂരജ് മാൾ ഒറ്റപ്പെട്ടു. ഈ സമയത്ത് മഹാരാജാ സൂരജ് മലിനെ മഹാറാണി കിഷോരി ഉപദേശിച്ചു. വിഷമിക്കേണ്ടെന്ന് ഉറപ്പ് നൽകുകയും നയതന്ത്ര ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർ ദിവാൻ രൂപ് റാം കത്താരയുമായി ബന്ധപ്പെട്ടു. മൽഹാർ റാവു ഹോൾക്കറും ജയപ്പ സിന്ധ്യയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ജയപ്പ തൻ്റെ നിശ്ചയദാർഢ്യത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അവർക്കറിയാമായിരുന്നു. മറാത്തകൾക്കുള്ളിലെ പരസ്പര വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്താൻ അവർ മഹാരാജാ സൂരജ് മലിനെ ഉപദേശിച്ചു. ദിവാൻ രൂപ് റാം കത്താര ജയപ്പ സിന്ധ്യയുടെ സുഹൃത്തായിരുന്നു. ഒരു ഉടമ്പടി നിർദ്ദേശിച്ചുകൊണ്ട് മഹാരാജാ സൂരജ് മലിൽ നിന്ന് ഒരു കത്ത് സ്വീകരിക്കാൻ അവൾ ദിവാൻ രൂപ് റാം കത്താരയോട് അഭ്യർത്ഥിച്ചു. ജയപ്പ സിന്ധ്യ സൂരജ് മലിനോട് സഹായം ഉറപ്പുനൽകുകയും രഘുനാഥറാവുവുമായി ബന്ധപ്പെടുകയും ചെയ്തു. സൂരജ് മാളുമായി ഒരു ഉടമ്പടി ഒപ്പിടാൻ രഘുനാഥറാവു ഹോൾക്കറെ ഉപദേശിച്ചു. മൽഹർ റാവു ഹോൾക്കർ സ്ഥിതിഗതികൾ വിലയിരുത്തുകയും ഒറ്റപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഉടമ്പടിക്ക് സമ്മതം നൽകുകയും ചെയ്തു. ഇത് 1754 മെയ് 18-ന് രണ്ട് ഭരണാധികാരികളും തമ്മിൽ ഒരു ഉടമ്പടിക്ക് കാരണമായി. ഈ ഉടമ്പടി മഹാരാജാ സൂരജ് മലിന് വളരെ പ്രയോജനപ്രദമായി.[5]


മൽഹാർ റാവു ഹോൾക്കറുടെ നേതൃത്വത്തിലുള്ള മറാഠകളുടെ സഹായത്തോടെ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ സഫ്ദർജംഗിനെ പരാജയപ്പെടുത്തി. ഈ സമയത്ത് മുഗൾ ചക്രവർത്തി അഹ്മദ് ഷാ ബഹാദൂർ ഒരു വലിയ സൈന്യവുമായി സിക്കന്ദരാബാദിൽ തമ്പടിച്ചു. മറുവശത്ത്, പേഷ്വയുടെ ഇളയ സഹോദരൻ രഘുനാഥ് റാവു, മൽഹാർ റാവു ഹോൾക്കർ എന്നിവരുടെ നേതൃത്വത്തിൽ 2,000 മറാഠാ പടയാളികളും അവരുടെ സഖ്യകക്ഷിയായ ഫിറോസ് ജംഗ് മൂന്നാമനും ചേർന്ന് സിക്കന്ദരാബാദ് (1754) ഒന്നാം യുദ്ധത്തിൽ മുഗൾ ചക്രവർത്തിയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ചക്രവർത്തി തൻ്റെ അമ്മയെയും ഭാര്യമാരെയും 8,000 സ്ത്രീകളെയും ഉപേക്ഷിച്ച് ഡൽഹിയിലേക്ക് പലായനം ചെയ്തു.[6]

മൽഹർ റാവു ഹോൾക്കർ, രഘുനാഥറാവു, ഷംഷേർ ബഹാദൂർ, ഗംഗാധർ താത്യ, സഖരംബാപ്പു, നരോശങ്കർ, മൗജിറാം ബനിയ എന്നിവർ 1757 ഓഗസ്റ്റ് 11-ന് ഡൽഹി ആക്രമിക്കുകയും നജീബ്-ഉൽ-ദൗളയെ പരാജയപ്പെടുത്തുകയും ചെയ്തു. തുടർന്ന് അഹമ്മദ് ഖാൻ മിർ-ബക്ഷി സ്ഥാനം ഏറ്റെടുത്തു. 1758 മാർച്ചിൽ അവർ സർഹിന്ദ് കീഴടക്കി. 1758 ഏപ്രിൽ 20-ന് മൽഹർ റാവു ഹോൾക്കറും രഘുനാഥറാവുവും ചേർന്ന് ലാഹോർ ആക്രമിച്ച് കീഴടക്കി. തുക്കോജിറാവു ഹോൾക്കർ അറ്റോക്ക് കീഴടക്കി. സബാജി സിന്ധ്യ, വിത്തൽ ശിവദേവ് വിൻചുർക്കർ എന്നിവർ പെഷവാറിൽ വെച്ച് ഒപ്പം ചേർന്നു. രഘുനാഥറാവുവും മൽഹറാവു ഹോൾക്കറും പഞ്ചാബിൽ നിന്ന് മടങ്ങി. അക്കാലത്ത് ഏവരും ഏറ്റവും ഭയപ്പെട്ടിരുന്ന മറാഠാ സർദാർ ആയിരുന്നു മൽഹർ റാവു ഹോൾക്കർ.

1757-ൽ അദ്ദേഹം സുബേദാർ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1760 -ൽ നടന്ന രണ്ടാം സിക്കന്ദരാബാദ് യുദ്ധത്തിൽ ജഹാൻ ഖാൻ്റെ നേതൃത്വത്തിലുള്ള ദുറാനി സാമ്രാജ്യത്തിലെ കുതിരപ്പടയോട് മൽഹർ റാവു ഹോൾക്കർ പരാജയപ്പെട്ടു.[7]

അഹമ്മദ് ഷാ അബ്ദാലി ഒരു വൻ സന്നാഹവുമായി ദത്താജി റാവു സിന്ധ്യയെ ആക്രമിച്ച സമയത്ത് മൽഹാർ റാവു സഹായത്തിനെത്തിയില്ല. അദ്ദേഹം രജപുത്താനയിൽ തന്നെ തുടർന്നു. ഒരു നിർണ്ണായക സമയത്ത് സിന്ധ്യയെ രക്ഷിക്കാൻ എത്തിയില്ലെന്ന് പല ചരിത്രകാരന്മാരും മൽഹാർ റാവുവിനെ വിമർശിക്കുന്നു, അതേസമയം അദ്ദേഹത്തിൻ്റെ നീക്കത്തെ അനുകൂലിച്ച് സംസാരിക്കുന്ന ചില ചരിത്രകാരന്മാരുടെ അഭിപ്രായം സിന്ധ്യയെ സഹായിക്കാൻ നീങ്ങിയിരുന്നെങ്കിൽ മൽഹാർ റാവുവിന്റെ രജപുത്താനയിലെ സ്ഥാനം ദുർബലമാകുമായിരുന്നു എന്നതാണ് . ദത്താജി സിന്ധ്യയുടെ പരാജയത്തിനും മരണത്തിനും ശേഷം അദ്ദേഹം ഗറില്ലാ യുദ്ധം പരീക്ഷിക്കുകയും തൻ്റെ ഭരണത്തിൻ കീഴിൽ ഡൽഹി പിടിച്ചടക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഉത്തരേന്ത്യയിലെ വനങ്ങൾക്കിടയിലുള്ള തുറന്ന സമതലങ്ങൾ, ഭൂമിശാസ്ത്രപരമായ അറിവില്ലായ്മ, പ്രദേശവാസികളുടെ പിന്തുണയുടെ അഭാവം എന്നിവ കാരണം അഫ്ഗാൻ ജനറൽ ജഹാൻ ഖാൻ റേവാദിയിൽ വച്ച് മൽഹാർ റാവുവിനെ പരാജയപ്പെടുത്തി. രണ്ടാം സിക്കന്ദ്രബാദ് യുദ്ധത്തിലും നിർണ്ണായകമായി പരാജയപ്പെട്ടതോടെ ഡൽഹി കീഴടക്കുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം അവസാനിച്ചു.

മൽഹാർ റാവു ഹോൾക്കർ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ പങ്കെടുത്തു. പേഷ്വായുടെ ബന്ധുവും മറാഠാ സൈന്യത്തിൻ്റെ കമാൻഡറുമായ സദാശിവറാവു ഭാവുവിനോടും രാജാ സൂരജ് മലിനോടും തങ്ങളുടെ ഭാരമേറിയ വസ്തുവകകളും ഭാരമേറിയ ഫ്രഞ്ച് നിർമ്മിത പീരങ്കികളും ചമ്പൽ നദിക്ക് പിന്നിലെ ഏതെങ്കിലും മറാഠാ കോട്ടകളിൽ ഉപേക്ഷിച്ച്, അഫ്ഗാനികൾ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുന്നതുവരെ പരമ്പരാഗത മറാത്ത ഗറില്ലാ യുദ്ധം തുടരുക എന്ന് മൽഹാർ റാവു ഹോൾക്കർ ഉപദേശിച്ചതായി പറയപ്പെടുന്നു. ആധുനികവൽക്കരിച്ച യൂറോപ്യൻ യുദ്ധരീതിയിൽ വിശ്വസിച്ചതിനാലും മൽഹാറാവുവിൻ്റെ ഗറില്ലാ യുദ്ധം അഫ്ഗാനികൾക്കെതിരെ മുൻപ് പരാജയപ്പെട്ടതിനാലും ഈ ഉപദേശം സദാശിവറാവു ചെവിക്കൊണ്ടില്ല. മൽഹർ റാവുവിൻ്റെ ഉപദേശം മാനിക്കരുതെന്ന് സദാശിവറാവുവിൻ്റെ ഉപദേഷ്ടാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ചില സ്രോതസ്സുകൾ പ്രസ്താവിക്കുന്നു.

അദ്ദേഹം അഫ്ഗാനികൾക്കെതിരെ നിരവധി ആക്രമണങ്ങൾ സംഘടിപ്പിക്കുകയും അപാരമായ ധൈര്യം കാണിക്കുകയും ആയിരക്കണക്കിന് ദുറാനി, റോഹില്ല സൈനികരെ വധിക്കുകയും ചെയ്തു. മറാഠകൾ തോൽക്കുന്നത് കണ്ട് അദ്ദേഹം പാനിപ്പത്ത് യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി. ഒപ്പം ആയിരക്കണക്കിന് സാധാരണ ജനങ്ങളെയും മറാഠാ സർദാർമാരുടെ കുടുംബങ്ങളെയും തന്നോടൊപ്പം രക്ഷിക്കുകയും ചെയ്തു. ഈ പിൻവാങ്ങലിൻറെ പേരിൽ പലരും അദ്ദേഹത്തെ ഭീരു എന്ന് വിളിച്ചു. എന്നാൽ, അവർ തോറ്റാൽ പാർവതിബായിയെയും മറ്റു പലരെയും രക്ഷിക്കാൻ സദാശിവറാവു തന്നെ ആവശ്യപ്പെട്ടതായി പലരും വാദിക്കുന്നു. മാത്രമല്ല , അദ്ദേഹം യുദ്ധക്കളത്തിൽ തന്നെ തുടർന്നിരുന്നെങ്കിൽ തന്നെയും അഫ്ഗാൻ സാംബുരാക്കുകൾക്കും ജെസൈലുകൾക്കുമെതിരെ അവിടെ നടന്ന തുറന്ന യുദ്ധത്തിൽ അദ്ദേഹത്തിൻ്റെ സംഘബലം കുറഞ്ഞ കുതിരപ്പടയ്ക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഏറിയ പക്ഷം മറാഠാ സൈന്യത്തിന്റെ തോൽവി കുറച്ച് കൂടി വൈകിപ്പിയ്ക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

മാൻഗ്രോൾ യുദ്ധത്തിൽ അദ്ദേഹം രജപുത്രരെ നിർണ്ണായകമായി പരാജയപ്പെടുത്തുകയും മധ്യേന്ത്യയിലെ മറാത്ത ശക്തിയുടെ പുനരുത്ഥാനത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. തൻ്റെ മരുമകളായ അഹല്യഭായ് ഹോൾക്കറുടെ ഭാവിയിലെ മഹത്തായ ഭരണകാലത്തിൻ്റെ അടിത്തറ പാകുന്നതിന് അദ്ദേഹം പിന്തുണ നൽകി. പാനിപ്പത്തിലെ പരാജയത്തിൽ നിന്ന് കരകയറാൻ മഹാദ്ജി സിന്ധ്യയെ സഹായിക്കുകയും സിന്ധ്യകളുടെ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു.

 
മൽഹാർ റാവു ഹോൾക്കറിന്റെ സമാധി ഛത്രി, ആലംപൂർ, മധ്യപ്രദേശ്

1766 മെയ് 20-ന് അദ്ദേഹം ആലംപൂരിൽ വച്ച് മരിച്ചു. മൽഹാർ റാവുവിൻ്റെ ചെറുമകനും ഖണ്ഡേറാവുവിൻ്റെ ഇളയ മകനുമായ മാലേ റാവു ഹോൾക്കർ അഹല്യബായിയുടെ ഭരണത്തിൻ കീഴിൽ ഇൻഡോറിൻ്റെ ഭരണാധികാരിയായി. അഹല്യ ബായ് ഹോൾക്കർ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ലാഹറിലെ ആലംപൂരിൽ അദ്ദേഹത്തിൻ്റെ ശവസംസ്കാര സ്ഥലത്ത് സമാധി ഛത്രി നിർമ്മിച്ചു.[8][9]

ജനപ്രിയ മാധ്യമങ്ങളിൽ

തിരുത്തുക
  • 1994-ലെ ഹിന്ദി ടിവി പരമ്പരയായ ദി ഗ്രേറ്റ് മറാത്തയിൽ ഹോൾക്കറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് പരീക്ഷിത് സാഹ്നിയാണ്.
  • 2015ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ബാജിറാവു മസ്താനിയിൽ മൽഹാർ റാവു ഹോൽക്കറെ അവതരിപ്പിച്ചത് ഗണേഷ് യാദവാണ്.
  • 2019 ലെ ബോളിവുഡ് ചിത്രമായ പാനിപ്പത്തിൽ, രവീന്ദ്ര മഹാജാനി മൽഹർ റാവു ഹോൽക്കറുടെ വേഷം അവതരിപ്പിക്കുന്നു.
  • പേഷ്വാ ബാജിറാവു എന്ന ഹിന്ദി-ഭാഷാ ടിവി പരമ്പരയിൽ, ഋഷിരാജ് പവാർ ഹോൾക്കറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു.
  • ഹിന്ദി ഭാഷയിലുള്ള ടിവി പരമ്പരയായ പുണ്യശ്ലോക് അഹല്യ ബായിയിൽ രാജേഷ് ശൃംഗാർപുരെയാണ് മൽഹർ റാവു ഹോൽക്കറുടെ വേഷം ചെയ്യുന്നത്.
  1. Holkars of Indore Archived 30 October 2013 at the Wayback Machine.
  2. Solomon, R. V.; Bond, J. W. (2006). Indian States: A Biographical, Historical, and Administrative Survey. Asian Educational Services. p. 70. ISBN 9788120619654.
  3. Gordon, Stewart (1993). The Marathas 1600-1818. Vol. 2. Cambridge University Press. pp. 117–118. ISBN 9780521268837.
  4. Sinh, Raghubir (2017). Sarkar, Sir Jadunath (ed.). Malwa in Transition Or A Century of Anarchy: the First Phase 1698—1765. Kalpaz Publications. p. 302. ISBN 9789351289166.
  5. Dr. Prakash Chandra Chandawat: Maharaja Suraj Mal aur unka yug, Jaypal Agencies Agra, 1982, Pages 110-118
  6. Jenkins, Everett Jr. (2010). The Muslim Diaspora (Volume 2, 1500-1799): A Comprehensive Chronology of the Spread of Islam in Asia, Africa, Europe and the Americas. McFarland & Co Inc. p. 261. ISBN 9781476608891.
  7. Sarkar, Jadunath (1972). Fall of the Mughal Empire. A M S Press, Incorporated. pp. 228–230. ISBN 9780404055820.
  8. "History of Bhind district". Archived from the original on 2018-05-01. Retrieved 2024-10-11.
  9. India Govt tender for the improvement of Malhar Rao Holkar's Chhatri at Alampur[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മൽഹാർ_റാവു_ഹോൾക്കർ&oldid=4135015" എന്ന താളിൽനിന്ന് ശേഖരിച്ചത്