നാദിർ ഷാ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാദിർ ഷാ (വിവക്ഷകൾ) എന്ന താൾ കാണുക. നാദിർ ഷാ (വിവക്ഷകൾ)

1929 മുതൽ 1933-ൽ തന്റെ മരണം വരെ അഫ്ഗാനിസ്താന്റെ രാജാവായിരുന്നു മുഹമ്മദ് നാദിർ ഷാ (പഷ്തു: محمد نادر شاه - ജനനനാമം മുഹമ്മദ് നാദിർ ഖാൻ; 1883 ഏപ്രിൽ 9 - 1933 നവംബർ 8).

മുഹമ്മദ് നാദിർ ഷാ
محمد نادر شاه
അഫ്ഗാനിസ്താന്റെ രാജാവ്
ഭരണകാലം1929 ഒക്ടോബർ 17 - 1933 നവംബർ 8
മുൻ‌ഗാമിഹബീബുള്ള കലകാനി
പിൻ‌ഗാമിമുഹമ്മദ് സഹീർ ഷാ
രാജകൊട്ടാരംബാരക്സായ് വംശം
പിതാവ്മുഹമ്മദ് യൂസഫ് ഖാൻ
മാതാവ്ഷറഫ് സുൽത്താന ഹുകുമത് ബീഗം

അഫ്ഗാനിസ്താന്റെ ഭരണം, പഷ്തൂണുകളിലെ ബാരക്സായ് വംശത്തിൽ നിന്നും കവർന്നെടുത്ത, ഹബീബുള്ള കലകാനിയെ തോൽപ്പിച്ചാണ് 1929 ഒക്ടോബറിൽ, ബാരക്സായ് വംശജനായ മുഹമ്മദ് നാദിർ ഖാൻ, ഭരണം തിരിച്ചുപിടിച്ചത്. നാദിർ ഖാനും സഹോദരന്മാരുമുൾപ്പെടുന്ന മുസാഹിബാൻ കുടുംബമാണ് ഹബീബുള്ള കലകാനിക്കെതിരെ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നത്.

രാജാവാകുന്നതിനു മുൻപ്, 1919-ൽ മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ, അഫ്ഗാൻ സേനയിലെ ഒരു സേനാനായകനായിരുന്ന നാദിർ ഷാ, ഒരു ബ്രിട്ടീഷ് കോട്ട പിടിച്ചടക്കുക വഴി, പഷ്തൂണുകൾക്കിടയിൽ വീരനായകനാകുകയും ചെയ്തിരുന്നു. മുഹമ്മദ് നാദിർ ഷാ, 1933-ൽ കൊല്ലപ്പെടുകയും, പുത്രനായ മുഹമ്മദ് സഹീർ ഷാ അധികാരത്തിലേറുകയും ചെയ്തു.

ആദ്യകാലം

തിരുത്തുക

1883-ൽ സർദാർ മുഹമ്മദ് യൂസഫ് ഖാന്റെ പുത്രനായി ഇന്ത്യയിലെ ഡെറാഡൂണിലായിരുന്നു മുഹമ്മദ് നാദിർ ഖാൻ ജനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേര് സർദാർ യഹ്‌യ ഖാൻ എന്നായിരുന്നു. അതുകൊണ്ട് യഹ്‌യ ഖേൽ എന്നായിരുന്നു ഈ കുടുംബം അറിയപ്പെട്ടിരുന്നത്. ദോസ്ത് മുഹമ്മദിന്റെ അർദ്ധസഹോദരനും പെഷവാറിലെ സർദാറുമായിരുന്ന സുൽത്താൻ മുഹമ്മദ് ഖാന്റെ (1795-1861) വംശപരമ്പരയിലുള്ള കുടുംബമായിരുന്നതിനാൽ അമാനുള്ളയുടെ ബാരക്സായ് കുടുംബമായും ഇവർക്ക് ബന്ധമുണ്ട്. ഇതിനു പുറമേ തായ്‌വഴിയായി, നാദിർഖാന് സാദോസായ് വംശവുമായും ബന്ധമുണ്ടായിരുന്നു.

അമീർ അബ്ദുർ‌റഹ്മാൻ ഖാന്റെ ഭരണകാലത്ത്, നാദിർ ഖാന്റെ കുടുംബത്തെ രാജ്യത്തുനിന്നും പുറത്താക്കിയിരുന്നു. അബ്ദുർ‌റഹ്മാന്റെ പുത്രൻ ഹബീബുള്ളയുടെ ഭരണകാലത്ത് (ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ) തന്റെ മുത്തച്ഛന് അഫ്ഗാനിസ്താനിലേക്ക് മടങ്ങിവരുവാൻ അനുവാദം ലഭിച്ചപ്പോൾ നാദിർ ഖാനും അദ്ദേഹത്തോടൊപ്പം അഫ്ഗാനിസ്താനിലെത്തി. ഒരു സൈനികനായി ജീവിതമാരംഭിച്ച നാദിർ ഖാൻ, അഫ്ഗാൻ സൈന്യത്തിന്റെ മുഖ്യസേനാനായകനായി മാറി. ഒന്നാം ലോകമഹായുദ്ധകാലത്ത് അമീർ ഹബീബുള്ളയുടെ വിമതനായിരുന്ന നാസറുള്ളായുടെ കൂട്ടത്തിൽ നാദിർ ഖാനും ഉൾപ്പെട്ടിരുന്നതായി കരുതപ്പെടുന്നു.

മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ നാദിർ ഖാന്റെ നേതൃത്വത്തിൽ താൽ-ലെ ബ്രിട്ടീഷ് കോട്ട പിടിച്ചടക്കാൻ സാധിച്ചത്, അതിർത്തിപ്രദേശത്തെ പഷ്തൂണുകൾക്കിടയിൽ നാദിർ ഖാന്റെ മതിപ്പ് വർദ്ധിപ്പിച്ചു. 1923-ൽ അമാനുള്ള കൊണ്ടുവന്ന ഭരണഘടനയെ എതിർത്ത നാദിർ ഖാൻ, സ്വയം ഫ്രാൻസിലേക്ക് പോകുകയും അവിടെ, മഹ്മൂദ് താർസിക്കു പകരം സ്ഥാനപതിയാകുകയും ചെയ്തു. പിന്നീട് അസുഖം മൂലം ഔദ്യോഗികകാര്യങ്ങളിൽ നിന്ന് വിട്ടുനിന്നെങ്കിലും 1929-ൽ അമാൻ അള്ളാക്ക് അധികാരം നഷ്ടപ്പെട്ടതറിഞ്ഞ് രാജ്യത്ത് തിരിച്ചെത്തി. രാജ്യത്തിന്റെ അതിർത്തിപ്രദേശത്തെത്തിയ അദ്ദേഹം, ഹബീബുള്ള കലകാനി, ഗവർണർ സ്ഥാനത്തുനിന്ന് പുറത്താക്കിയ തന്റെ സഹോദരൻ ഷാ മഹ്മൂദിനൊപ്പം ചേർന്ന് പ്രവർത്തനമാരംഭിച്ചു.[1]

ഹബീബുള്ള കലകാനിക്കെതിരെയുള്ള പോരാട്ടം

തിരുത്തുക

കാബൂളിൽ ഹബീബുള്ള കലകാനിയുടെ ഭരണത്തിനെതിരെയുള്ള പഷ്തൂണുകളുടെ പോരാട്ടത്തിന് നേതൃത്വം നൽകിയത് നാദിർ ഖാനും അഞ്ചു സഹോദരന്മാരും അർദ്ധസഹോദരന്മാരുമടങ്ങിയ മുസാഹിബാൻ കുടുംബമായിരുന്നു. മുഹമ്മദ് അസീസ് ഖാൻ, മുഹമ്മദ് ഹാഷിം ഖാൻ, ഷാ വാലി ഖാൻ (ഇദ്ദേഹം അമാനുള്ളയുടെ മാതുലനായിരുന്നു), ഷാ മഹ്മൂദ് ഖാൻ, മുഹമ്മദ് അലി ഖാൻ എന്നിവരായിരുന്നു ഈ സഹോദരന്മാർ. കാബൂളിലെ ശോർ ബസാറിലെ ഹസ്രത്തിന്റേയ്യും അയാളുടെ മുജദ്ദിദി കുടുംബത്തിന്റെയും ഡ്യൂറണ്ട് രേഖക്ക് കിഴക്ക് (ഇന്നത്തെ പാകിസ്താൻ) വസിച്ചിരുന്ന മഹ്സൂദ്, വസീറി എന്നിങ്ങനെ നിരവധി പഷ്തൂൺ വംശങ്ങളുടേയും പിന്തുണ ഇക്കാര്യത്തിൽ നാദിർ ഖാന്‌ ലഭിച്ചു.[1]

അധികാരത്തിലേക്ക്

തിരുത്തുക

തുടക്കത്തിലെ ചില പരാജയങ്ങൾക്ക് ശേഷം 1929 ഒക്ടോബർ 10-ന് നാദിർ ഖാന്റെ സഹോദരൻ ഷാ വാലിയുടെ നേതൃത്വത്തിലുള്ള സൈന്യം കാബൂൾ പിടിച്ചടക്കുകയും ഹബീബുള്ള കലകാനിയെ തടവിലാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് നാദിർ ഖാൻ രാജാവായി പ്രഖ്യാപിക്കുകയും നാദിർ ഷാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹബീബുള്ള കലകാനിയേയും അയാളുടെ സഹോദരനടക്കം മറ്റു രണ്ടു നേതാക്കളേയും വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. 1930 സെപ്റ്റംബറിൽ കൂടിയ ഒരു ലോയ ജിർഗയിൽ നാദിർ ഖാന്റെ രാജസ്ഥാനം അംഗീകരിക്കപ്പെട്ടു.[1]

പുതിയ ഭരണഘടനയും പരിഷ്കാരങ്ങളും

തിരുത്തുക

1931 ഒക്ടോബറിൽ മുഹമ്മദ് നാദിർ ഷാ ഒരു പുതിയ ഭരണഘടന നടപ്പിലാക്കി. ഉസുൽ നാമെ-ഇ അസാസി എന്നാണ് ഈ ഭരണഘടന അറിയപ്പെടുന്നത്. 1964 വരെ ഈ ഭരണഘടന നിലവിലിരുന്നു.1923-ലെ ഭരണഘടനയോട് സാമ്യമുള്ളതായിരുന്നെങ്കിലും 1929-നു ശേഷമുള്ള സാമൂഹ്യസ്ഥിതി നിലനിർത്തുന്ന രീതിയിലായിരുന്നു ഈ ഭരണഘടന രൂപപ്പെടുത്തിയത്. നാദിർ ഷായുടേയും കുടുംബത്തിന്റേയ്യും സ്ഥാനം ഊട്ടിയുറപ്പിച്ച ഈ ഭരണഘടന അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു.

പല പരാമർശങ്ങളും അവ്യക്തമായിരുന്ന ഈ ഭരണഘടനയിലും യഥാർത്ഥ അധികാരം രാജാവിൽ കേന്ദ്രീകരിച്ചു. പ്രധാനമന്ത്രിയുടെ നിയമനം, മറ്റു മന്ത്രിമാരുടെ നിയമനത്തിന്റെ അംഗീകാരം, സൈന്യത്തിന്റെ സർവ്വസൈന്യാധിപസ്ഥാനം, ദേശീയസമിതിയുടെ തീരുമാനങ്ങളെ അംഗീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരം, മന്ത്രിമാരെ പിരിച്ചുവിടാനുള്ള അധികാരം ഇവയെല്ലാം രാജാവിൽ നിക്ഷിപ്തമായിരുന്നു.

1923-ലെ ഭരണഘടനയിൽ വരുത്തിയ ഭേദഗതി പോലെത്തന്നെ, ഷിയാ വിശ്വാസമടക്കമുള്ളവയെ നിരാകരിച്ച് ഹനഫി ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗികമതമാക്കുകയും എല്ലാ നിയമങ്ങളും ശരി അത്ത് അനുസരിച്ചാക്കുകയും ചെയ്തു. മതക്കോടതികൾക്ക് പൂർണമായ സ്വയംഭരണാവകാശം നൽകിയെങ്കിലും അവസാന അപ്പീൽ അധികാരി രാജാവായിരുന്നു.

വംശീയസഭയാ ലോയ ജിർഗയുടെ പ്രാധാന്യം ഇക്കാലത്ത് വീണ്ടും വർദ്ധിച്ചതോടെ അഫ്ഗാൻ രാഷ്ട്രീയത്തിൽ വംശനേതാക്കളുടെ പ്രാധാന്യം ഉയർന്നു. വംശനേതാക്കളുടെ സഹായം ഉറപ്പാക്കുന്നതിന് പല വംശങ്ങളേയും നികുതിയിൽ നിന്നും ഒഴിവാക്കുക വരെ ചെയ്തിരുന്നു. രാജാവും, മജ്ലിസ് ആയാൻ എന്ന, രാജാവ് നാമനിർദ്ദേശം ചെയ്ത ഇരുപതിലധികം അംഗങ്ങളുമടങ്ങിയ സെനറ്റും, മജ്ലിസ്-ഇ ശവ്‌രായി മില്ലി എന്ന 106 അംഗങ്ങളുള്ള ദേശീയസമിതിയും ആണ് നിയമനിർമ്മാണത്തിന് ചുമതലപ്പെട്ടിരുന്നത്.

ദേശീയസമിതിയിലെ അംഗങ്ങളെ മൂന്നുവർഷകാലാവധിക്ക് രാജ്യത്തെ പ്രായപൂർത്തിയായവർ തിരഞ്ഞെടുക്കുകയായിരുന്നു. പിൽക്കാലത്ത് സ്ത്രീകളുടെ വോട്ടവകാശം ഇസ്ലാമിന് നിരക്കുന്നതല്ല എന്ന കാരണത്താൽ ഒഴിവാക്കിയിരുന്നു. ജാമിയത്ത് അൽ ഉലമ എന്ന മറ്റൊരു ദേശീയസമിതികൂടി ഇക്കാലത്ത് നിലവിലിരുന്നു. നിയമങ്ങളും സർക്കാരിന്റെ മറ്റുനടപടികളും ഇസ്ലാമിന് നിരക്കുന്ന രീതിയിലാണെന്ന് ഉറപ്പിക്കലായിരുന്നു ഈ സമിതിയുടെ ജോലി.

മതവാദികളെയെന്നപോലെ, കാബൂളിലെ പരിഷ്കരണവാദികളെ സന്തോഷിപ്പ്ക്ക്കാനെന്നോണം, പത്രസ്വാതന്ത്ര്യവും നിർബന്ധിതവിദ്യാഭ്യാസവും ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പുറമേ മദ്യത്തിന്റെ ഉപയോഗത്തിന് വിലക്കും കടുത്ത ശിക്ഷയും ഏർപ്പെടുത്തിയിരുന്നു.[1]

1931-ലെ ഭരണഘടന ഒരു പിന്തിരിപ്പൻ സ്വഭാവമുള്ളതായിരുന്നെങ്കിലും രാജ്യം എന്ന ആശയം നിരവധി ജനങ്ങളിൽ അത് എത്തിച്ചു. മതനേതാക്കളെ ഭരണസംവിധാനത്തിൽ ഉൾക്കൊള്ളിക്കുകയും സർക്കാരിന്റെ മതനിരപേക്ഷവും മതപരവുമായ വിദ്യാഭ്യാസം നിരവധി വിദ്യാർത്ഥികൾക്ക് ലഭ്യമാകുകയും ചെയ്തതോടെ രാജ്യത്തിന്റേയും സർക്കാരിന്റേയും പ്രാധാന്യം വിവിധമേഖലകളിലുള്ള ജനങ്ങളിൽ എത്തിച്ചേർന്നു. സിവിൽ കേസുകൾക്കായുള്ള മതനിരപേക്ഷകോടതികൾ വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിൽ തുറക്കപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ, സൈനികർ, വിദ്യാർത്ഥികൾ എന്നീനിലകളിൽ നിവരധി അഫ്ഗാൻ വംശജർ ഭരണകൂടത്തിന്റെ ആശ്രിതരും അതിന്റെ ഭാഗവുമായി മാറി. രാജ്യം, വംശത്തേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ആളുകൾ തിരിച്ചറിയാൻ തുടങ്ങി.[2]

എതിർപ്പുകൾ

തിരുത്തുക

ശക്തമായ ഭരണമായിരുന്നെങ്കിലും എതിരാളികളെ മുഴുവൻ അടിച്ചമർത്താൻ മുഹമ്മദ് നാദിർ ഷാക്ക് സാധിച്ചിരുന്നില്ല. മുൻപ് രാജസ്ഥനത്തുനിന്ന് പുറത്തായ അമാനുള്ളയുടേയും, അമാനുള്ളയുടെ ഭാര്യാപിതാവായിരുന്ന മഹ്മൂദ് താർസിയുടേയും കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും നാദിർ ഷാക്ക് ഭീഷണിയുയർത്തിക്കൊണ്ടിരുന്നു.[2]

അന്ത്യം

തിരുത്തുക

1933 ജൂൺ 6-ന് നാദിർ ഷായുടെ സഹോദരനും ജർമ്മനിയിലെ സ്ഥാനപതിയുമായിരുന്ന മുഹമ്മദ് അസീസ് ഖാൻ[ഖ], ബെർലിനിൽ വച്ച് കൊലചെയ്യപ്പെട്ടു. 1933 നവംബർ 8-ന് കാബൂളിലെ ഒരു വിദ്യാലയം സന്ദർശിക്കുന്ന വേളയിൽ മുഹമ്മദ് നാദിർ ഷായും കൊലചെയ്യപ്പെട്ടു. രണ്ടു കൊലപാതകങ്ങൾക്കു പിന്നിലും നാദിർ ഷായുടെ മുസാഹിബാൻ കുടുംബവും, ചാർഖി കുടുംബവുമായുള്ള[ക] ദീർഘകാലശത്രുതയായിരുന്നു കാരണം.

നാദിർഷായുടെ മരണശേഷം, അദ്ദേഹത്തിന്റെ സഹോദരന്മാരും അർദ്ധസഹോദരന്മാരും ചേർന്ന്, നാദിർ ഷായുടെ മകനായ സഹീർ ഷായെ രാജാവായി തിരഞ്ഞെടുത്തു.[2]

കുറിപ്പുകൾ

തിരുത്തുക
  • ക. ^ അമാനുള്ളയുടെ പക്ഷക്കാരായിരുന്ന ചാർഖികൾ, അമാനുള്ളയുടെ മുത്തച്ഛനായ അബ്ദുർറഹ്മാൻ ഖാന്റെ ഒരു സേനാനായകനായിരുന്ന ഗുലാം ഹൈദർ ഓരക്സായ് ചാർഖിയുടെ മക്കളായിരുന്നു. ഇവരാകട്ടെ നാദിർ ഷായുടെ മുസാഹിബാൻ കുടുംബത്തിന്റെ കടുത്ത എതിരാളികളായിരുന്നു. ചാർഖികളിലെ രണ്ടു സഹോദരന്മാരെ 1932-ലും 33-ലുമായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് നാദിർ ഷാ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. ചാർഖികളിലെ ഒരു സഹോദരനായ ഗുലാം സിദ്ദിഖ് ചാർഖി, മഹ്മൂദ് താർസിയുടെ ഒരു മകളെയാണ് വിവാഹം ചെയ്തിരുന്നത്. അങ്ങനെ ഇവർ അമാനുള്ള ഖാന്റെ ബന്ധുക്കളുമായി. അമാനുള്ളയുടെ കാലത്ത് 1928-ൽ ഗുലാം സിദ്ദീഖ് ചാർഖി, വിദേശകാര്യമന്ത്രിയായിരുന്നു. പിന്നീട് ബെർലിനിൽ സ്ഥാനപതിയുമായി. അമാനുള്ളയുടെ പതനത്തോടെ ഔദ്യോഗികസ്ഥാനത്തുനിന്നും പുറത്തായെങ്കിലും ഗുലാം സിദ്ദീഖ്, 1962-ൽ തന്റെ മരണം വരെ യൂറോപ്പിൽ തുടർന്നു. 1933-ൽ നാദിർ ഷായുടെ സഹോദരൻ, മുഹമ്മദ് അസീസ് ഖാന്റെ ബെർലിനിൽ വച്ചുള്ള കൊലപാതകത്തിനു പിന്നിൽ ഗുലാം സിദ്ദീഖ് ചാർഖിയുടെ പങ്കാളിത്തം ആരോപിക്കപ്പെടുന്നു. നാദിർ ഷായുടെ മരണത്തിനു ശേഷം ഈ കുടുംബവൈര്യം അധികം പടർന്നില്ല.[2]
  • ഖ.^ ഇദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദ് ദാവൂദ് ഖാൻ, പിൽക്കാലത്ത് സഹീർ ഷാ രാജാവിനു കീഴിൽ അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിയാകുകയും, പിന്നീട് സഹീർ ഷായെ അട്ടിമറിച്ച് രാജ്യത്തിന്റെ പ്രസിഡണ്ടാകുകയും ചെയ്തു.
  1. 1.0 1.1 1.2 1.3 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 283–286. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 2.3 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 287–289. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നാദിർ_ഷാ&oldid=1689770" എന്ന താളിൽനിന്ന് ശേഖരിച്ചത്