കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വിഭാഗങ്ങളിലെ നേതൃനിരയിലുള്ള ഒരു കുടുംബമാണ് മുജദ്ദിദി കുടുംബം. രാജ്യത്ത് മതപരമായ കാര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇവർ, 1980കളിൽ സോവിയറ്റ് യൂനിയനെതിരെ ഒരു പ്രധാന പ്രതിരോധവിഭാഗത്തെ നയിച്ചിരുന്നു. സിബ്ഗത്തുള്ള മുജദ്ദിദി നേതൃത്വം നൽകിയ ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) ആയിരുന്നു ഈ പ്രതിരോധകക്ഷി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമീർ അമാനുള്ളയുടെ പരിഷ്കരണനടപടികളെ എതിർത്തിരുന്നവരിൽ പ്രധാനികളായിരുന്നു മുജദ്ദിദി കുടുംബാംഗങ്ങൾ. ഈ കുടുംബത്തിലെ ഫസൽ മുഹമ്മദ്, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമർ എന്നിവരായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.[1]

നൂറ്റാണ്ടിന്റെ അവസാനം കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലും ഈ കുടുംബം നേതൃസ്ഥാനം വഹിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ നൂർ മുഹമ്മദ് താരക്കിയുടെ ഭരണകാലത്ത് 1979 ജനുവരിയിൽ ഈ കുടുംബത്തിലെ ഏതാണ്ടെല്ലാ പുരുഷന്മാരേയും സർക്കാർ തടവിലാക്കുകയും 80-ഓളം വരുന്ന ഇവരെ പിന്നീട് രഹസ്യമായി കൊലപ്പെടുത്തുകയും ചെയ്തു.[2]

ചരിത്രം

തിരുത്തുക

പതിനാറ്‌ പതിനേഴ് നൂറ്റാണ്ടുകളിൽ മുഗൾ ഭരണത്തിലായിരുന്ന ഇന്ത്യയിൽ ജീവിച്ചിരുന്ന പരിഷ്കരണവാദിയായിരുന്ന സൂഫി, ഷേഖ് അഹമ്മദ് സർഹിന്ദിയുടെ പരമ്പരയിൽപ്പെട്ടവരാണ് മുജദ്ദിദി കുടുംബം. സിർഹിന്ദിയുടെ ഒരു പിൻ‌ഗാമി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഫ്ഗാനിസ്താനിലെത്തുകയും കാബൂളിലെ ശോർ ബസാറിൽ ഒരു സൂഫി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശ്രമത്തിലെ മുഖ്യൻ, ശോർ ബസാറിലെ ഹസ്രത് സാഹിബ് എന്ന് അറിയപ്പെട്ടുപോന്നു.[1]

  1. 1.0 1.1 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 279–280. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 306. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുജദ്ദിദി_കുടുംബം&oldid=3487650" എന്ന താളിൽനിന്ന് ശേഖരിച്ചത്