മുഹമ്മദ് സഹീർ ഷാ
അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്നു മുഹമ്മദ് സഹീർ ഷാ (ജീവിതകാലം: 1914 ഒക്ടോബർ 15 - 2007 ജൂലൈ 23). 1933 മുതൽ 1973-ൽ ഒരു അട്ടിമറിയിലൂടെ പുറത്താക്കപ്പെടുന്നതുവരെയുള്ള നാല് പതിറ്റാണ്ടുകാലം സഹീർ ഷാ, രാജ്യത്തിന്റെ തലവനായിരുന്നു. അട്ടിമറിക്കു ശേഷം രാജ്യത്തു നിന്ന് പലായനം ചെയ്ത അദ്ദേഹം തിരിച്ചെത്തിയതോടെ 2002-ൽ രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി.[2]
മുഹമ്മദ് സഹീർ ഷാ محمد ظاهر شاه | |
---|---|
അഫ്ഗാനിസ്താന്റെ രാജാവ്[1] അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവ് | |
ഭരണകാലം | 1933 നവംബർ 8 – 1973 ജൂലൈ 17 |
പദവികൾ | രാഷ്ട്രപിതാവ് |
അടക്കം ചെയ്തത് | മരഞ്ചാൻ കുന്ന് |
മുൻഗാമി | മുഹമ്മദ് നാദിർ ഷാ |
പിൻഗാമി | രാജഭരണം നിർത്തലാക്കി മുഹമ്മദ് ദാവൂദ് ഖാൻ പ്രസിഡണ്ടായി |
അനന്തരവകാശികൾ | ബിൽഖ്വിസ് ബീഗം (ജനനം: 1932 ഏപ്രിൽ 17) മുഹമ്മദ് അക്ബർ ഖാൻ (1933 ഓഗസ്റ്റ് 4 - 1942 നവംബർ 26) അഹ്മദ് ഷാ ഖാൻ (കിരീടാവകാശി) (ജനനം:1934 സെപ്റ്റംബർ 23) മായം ബീഗം (ജനനം:1936 നവംബർ 2) മുഹമ്മദ് നാദിർ ഖാൻ (ജനനം: 1941 മേയ് 21) ഷാ മഹ്മൂദ് ഖാൻ (1946 നവംബർ 15 - 2002 ഡിസംബർ 7) മുഹമ്മദ് ദാവൂദ് പഷ്തൂണ്യാർ ഖാൻ (1949 ഏപ്രിൽ 14) മിർ വായിസ് ഖാൻ (ജനനം: 1957 ജനുവരി 7) |
രാജകൊട്ടാരം | ബാരക്സായ് |
പിതാവ് | മുഹമ്മദ് നാദിർ ഷാ |
മാതാവ് | മാഹ് പർവാർ ബീഗം |
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, സഹീർ ഷായുടെ ഭരണകാലത്ത്, രാജാവിന്റെ ഏകാധിപത്യരീതിക്ക് കുറവ് വന്നു. ഭരണരംഗത്ത് പ്രധാനമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും പ്രാധാന്യം വർദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക-വ്യവസായികരംഗങ്ങളിൽ ശ്രദ്ധചെലുത്താനും, പഷ്തൂണുകളുടെ മാതൃഭാഷയായ പഷ്തുവിന് ഭരണരംഗത്ത് സ്ഥാനം നൽകാനും സഹീർ ഷായുടെ സർക്കാരിന് സാധിച്ചു.
അധികാരത്തിലേക്ക്
തിരുത്തുക1929 മുതൽ 1933 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന മുഹമ്മദ് നാദിർ ഷായുടെ പുത്രനാണ് സഹീർ ഷാ. 1933 നവംബർ 8-ന് പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് 19 വയസുകാരൻ സഹീർ ഷാ രാജാവായി അധികാരമേറ്റത്. ഭാവിയിലെ രാജാവ് എന്ന നിലയിൽ, നാദിർ ഷാ, തന്റെ പുത്രന് ആവശ്യമായ പരിശീലനം നൽകിയിരുന്നു. ചെറുപ്രായത്തിൽത്തന്നെ തന്റെ പിതാവിന്റെ കീഴിൽ, സഹീർ ഷാ പ്രതിരോധം, വിദ്യാഭ്യാസം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.[3]
ഭരണം
തിരുത്തുകസഹീർ ഷാ, രാജാവായി ചുമതലയേറ്റെടുത്തതിനു ശേഷം, ദീർഘകാലം അയാളുടെ പിതൃസഹോദരന്മാരാണ് ഭരണത്തിന് മേൽനോട്ടം നിർവഹിച്ചിരുന്നത്. 1929-ൽ നാദിർഷാക്കു കീഴിൽ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ സർദാർ മുഹമ്മദ് ഹാഷിം ഖാൻ ആയിരുന്നു 1946 വരെ തത്ത്വത്തിൽ രാജ്യത്തിന്റെ ഭരണം നടത്തിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, 1946-ൽ മുഹമ്മദ് ഹാഷിം ഖാന് പകരം അയാളുടെ സഹോദരൻ, ഷാ മഹ്മൂദ് ഖാൻ പ്രധാനമന്ത്രിയായി. ഇദ്ദേഹത്തിന്റെ കാലത്ത് പത്രസ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതുപോലുള്ള കുറേ പരിഷ്കരണനടപടികൾ കൈക്കൊള്ളുകയുണ്ടായെങ്കിലും ഇതിന് ഉദ്ദേശിച്ച ഫലം ലഭ്യമായില്ല.[3]
പഷ്തു ഭാഷയുടെ പ്രാധാന്യം
തിരുത്തുകസഹീർ ഷായുടെ ഭരണകാലത്ത്, പഷ്തു ഭാഷക്ക് ഭരണരംഗത്ത് പ്രവേശനം ലഭിച്ചു. പഷ്തൂണുകളെ ഒരുമിച്ചു നിർത്തുന്ന പഷ്തു ഭാഷയുടെ വേരുകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് ഇക്കാലത്ത് പഠനങ്ങളും ചർച്ചകളും നടന്നു. 1936-ൽ, പഷ്തു അഫ്ഗാനിസ്താനിലെ ദേശീയഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും പേർഷ്യൻ, ഔദ്യോഗികഭാഷയായി തുടർന്നു. 1938 മുതൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് പഷ്തു അറിഞ്ഞിരിക്കണം എന്ന് നിയമമായി. ഇതിനു മുൻപ്, ഫാർസിവാൻ എന്നു വിളിക്കപ്പെട്ടിരുന്ന പേർഷ്യൻ ഭാഷികളായിരുന്നു രാജ്യത്തിന്റെ ഭരണരംഗത്തിന്റെ നട്ടെല്ലായി വർത്തിച്ചിരുന്നത്. 1958-ൽ അഫ്ഗാനിസ്താനിൽ പ്രയോഗത്തിലിരുന്ന പേർഷ്യൻ ഭാഷക്ക്, ദാരി എന്ന് ഔദ്യോഗികമായി പേരിട്ടു.[3]
സാമ്പത്തിക വാണിജ്യരംഗത്തെ സർക്കാർ ഇടപെടലുകൾ
തിരുത്തുക1930-കളുടെ തുടക്കം മുതൽ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് സർക്കാർ പ്രത്യക്ഷമായി ഇടപെടാൻ തുടങ്ങി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നുള്ള പ്രശസ്തമായ കാരകുൽ (പേർഷ്യൻ ആട്) തുകലിന്റെ കയറ്റുമതിയെ സർക്കാർ പ്രോത്സാഹിപ്പിച്ചു. 1934-ൽ ബാങ്ക്-ഇ മില്ലി എന്ന ദേശീയബാങ്കും ആരംഭിച്ചു. സർക്കാർ 40-45 ശതമാനം വരെ മുതൽമുടക്കുന്ന പൊതുമേഖലാവ്യവസായങ്ങളുടെ സ്ഥാപനത്തിനും ഇക്കാലത്ത് തുടക്കം കുറിച്ചു. വടക്ക് ഖുന്ദുസ് മേഖലയിൽ വൻ പരുത്തിത്തോട്ടങ്ങൾക്കും തുടക്കം കുറിച്ചു. അങ്ങനെ തൊട്ടടുത്ത സോവിയറ്റ് റിപ്പബ്ലിക്കുകളെപ്പോലെ, പരുത്തി അഫ്ഗാനിസ്താന്റെ സാമ്പത്തികരംഗത്തെ വെളുത്ത പൊന്നായി മാറി.[3]
വിദേശബന്ധങ്ങൾ
തിരുത്തുകസഖ്യശക്തികളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്ത് അഫ്ഗാനിസ്താൻ ആരോടും കക്ഷി ചേരാതെ നിഷ്പക്ഷമായി നിലകൊണ്ടു. ബ്രിട്ടന്റേയും അമേരിക്കൻ ഐക്യനാടുകളുടേയും അഭ്യർത്ഥനപ്രകാരം, ജർമ്മനിയുടേയും ഇറ്റലിയുടേയും സ്ഥാനപതിമാരെ അഫ്ഗാനിസ്താൻ പുറത്താക്കി.
1947 ഓഗസ്റ്റിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തിനു ശേഷം, ഡ്യൂറണ്ട് രേഖക്ക് കിഴക്കുള്ള പഷ്തൂണുകളുടെ ആവശപ്രദേശത്തെക്കുറിച്ച് തർക്കം ഉടലെടുത്തു. വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യ (NWFP) എന്ന ഈ മേഖല ബ്രിട്ടീഷുകാർ പാകിസ്താനോടൊപ്പം ചേർത്തു. ഈ പ്രദേശത്തിന്മേലുള്ള അവകാശവാദം പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.[3]
ദാവൂദ് ഖാന്റെ പരിഷ്കാരങ്ങൾ
തിരുത്തുകസഹീർ ഷായുടെ കീഴിൽ ഭരണം നടത്തിയ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് ദാവൂദ് ഖാൻ. 1953 സെപ്റ്റംബർ 20-ന് ഷാ മഹ്മൂദിന്റെ സ്ഥാനത്ത് മുഹമ്മദ് ദാവൂദ് ഖാൻ പ്രധാനമന്ത്രിയായി അധികാരമേറ്റു.[ക] ദാവൂദിന്റെ ഭരണകാലത്ത് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനുമായുള്ള ബന്ധം വളർന്നു. സോവിയറ്റ് യൂനിയനിൽ നിന്നും അഫ്ഗാനിസ്താന് സൈനികസഹായങ്ങൾ ലഭിച്ചു എന്നതിനു പുറമേ, മറ്റു സോവിയറ്റ് സഖ്യരാഷ്ട്രങ്ങളിലെന്ന പോലെ പഞ്ചവത്സരപദ്ധതികളും അഫ്ഗാനിസ്താനിൽ നടപ്പാക്കി. സ്ത്രീകൾക്ക് പർദ്ദ ധരിക്കാതെ പുറത്തിറങ്ങാനുള്ള അനുവാദം നൽകിയതുപോലെ വിവിധ സാമൂഹികപരിഷ്കാരങ്ങളൂം ദാവൂദ് ഖാന്റെ കാലത്ത് നടപ്പാക്കി.
എന്നാൽ ഡ്യൂറണ്ട് രേഖക്ക് കിഴക്കുള്ള പാകിസ്താനിലെ പഷ്തൂണുകളുടെ ആവാസമേഖലയെച്ചൊല്ലി പാകിസ്താനുമായി അഭിപ്രായസംഘർഷമുണ്ടായി. ഇതിനെത്തുടർന്ന് പാക് അഫ്ഗാൻ അതിർത്തി അടച്ചതിലൂടെ പൂർണമായും കരയാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്താനിൽ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും രാജ്യം സാമ്പത്തികപ്രതിസന്ധിയിലായി. ഇതോടെ നിൽക്കക്കളിയില്ലാതെ 1963 മാർച്ച് 9-ന്, മുഹമ്മദ് ദാവൂദ് ഖാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.
ദാവൂദ് ഖാന് പകരം, മുൻപ് ഖനിമന്ത്രിയായിരുന്ന മുഹമ്മദ് യൂസഫ് ആണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. രാജകുടുംബത്തിൽ നിന്നല്ലാതെയുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് യൂസഫ്. പുതിയ സർക്കാരിന്റെ നയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, പാകിസ്താനുമായുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നതായിരുന്നു. 1963 മേയിൽ ഇറാനിലെ ഷായെ മദ്ധ്യസ്ഥനാക്കി, ഇരുസർക്കാരുകളും ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കി.[3]
ഭരണഘടനാനുസൃതസാമ്രാജ്യം
തിരുത്തുകമുഹമ്മദ് യൂസഫ്, പ്രധാനമന്ത്രി ചുമതലയേറ്റ് ആഴ്ചകൾക്കകം ഒരു പുതിയ ഭരണഘടന രൂപീകരിക്കുന്നതിൻ സർക്കാർ പ്രഖ്യാപനമിറക്കി. അതുവരെ, സഹീർഷായുടെ പിതാവ് മുഹമ്മദ് നാദിർ ഷാ അവതരിപ്പിച്ച ഭരണഘടനയഅയിരുന്നു രാജ്യത്ത് നിലവിലുണ്ടായിരുന്നത്.
1964 സെപ്റ്റംബർ 9-ന് പുതിയ ഭരണഘടനക്കുള്ള നിർദ്ദേശങ്ങൾ ലോയ ജിർഗയിൽ അവതരിപ്പിച്ചു. പത്തുദിവസങ്ങൾക്കു ശേഷം ലോയ ജിർഗ ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചു. 1964 ഒക്ടോബർ 1-ന് രാജാവ് പുതിയ ഭരണഘടനയിൽ ഒപ്പുവച്ചു. ഇതോടൊപ്പം തന്നെ മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരിനെ നിയമിച്ചു. തിരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ നടത്തുക എന്നതായിരുന്നു ഈ സർക്കാരിന്റെ പ്രധാന ഉദ്ദേശം.
പുതിയ ഭരണഘടനയനുസരിച്ച് അഫ്ഗാനിസ്താൻ ഒരു ഭരണഘടനാനുസൃതസാമ്രാജ്യമായി (Constitutional monarchy). കാലങ്ങളായി രാജകുടുംബത്തിന് ഭരണത്തിലുൾല പ്രാധാന്യത്തെ ഈ ഭരണഘടന അസാധുവാക്കി. രാജകുടുംബാംഗങ്ങൾക്ക്, പ്രധാനമന്ത്രി, പാർലമെന്റംഗം, സുപ്രീം കോടതി ന്യായാധിപൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇതിനു പുറമേ രാജകുടുംബാംഗങ്ങളാരും ഒരു രാഷ്ട്രീയകക്ഷിയെ നയിക്കരുതെന്നും ലോയ ജിർഗ ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസം, സ്വത്തവകാശം, മതസ്വാതന്ത്ര്യം, ഒത്തുകൂടാനുള്ള സ്വാതന്ത്ര്യം എന്നിവയും ഈ ഭരണഘടന വിഭാവനം ചെയ്തിരുന്നു. ഇസ്ലാമികനിയമങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പത്രസ്വാതന്ത്ര്യവും പൗരന്മാർക്ക് രാഷ്ട്രീയകക്ഷികൾ രൂപികരിക്കാനുള്ള അനുവാദവും ഇതിലുണ്ടായിരുന്നു. പഷ്തു ഭാഷയിൽ, വോലെസി ജിർഗ എന്നറിയപ്പെട്ടിരുന്ന ഒരു ജനസഭയും (ദേശീയ അസംബ്ലി) മെഷ്രാനോ ജിർഗ എന്ന പ്രമുഖസഭയും (Senate) അടങ്ങിയതായിരുന്നു പാർലമെന്റ്. പ്രായപൂർത്തിയായ എല്ലാ സ്ത്രീപുരുഷന്മാരും തിരഞ്ഞെടുപ്പിലൂടെയാണ് ജനസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. സെനറ്റിൽ മൂന്നു വിഭാഗങ്ങളുണ്ടായിരുന്നു. ഇതിൽ മൂന്നിലൊന്നു പേരെ രാജാവ് നാമനിർദ്ദേശം ചെയ്യുന്നവരായിരുന്നു. 28 പ്രവിശ്യാസമിതികളിലെ പ്രതിനിധികളായിരുന്നു മറ്റൊരു മൂന്നിലൊന്ന്. പ്രവിശ്യകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ബാക്കിയുള്ളവർ. പാർലമെന്റ് പിരിച്ചുവിടാനുള്ള അവകാശം രാജാവിൽ നിക്ഷിപ്തമായിരുന്നു.[3]
രാഷ്ട്രീയ അസ്ഥിരത
തിരുത്തുക1964 ഭരണഘടന അനുസരിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പ് 1965 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി നടന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനസഭ, ഒക്ടോബർ 14-ന് സമ്മേളിച്ചു. സഭയുടെ ആദ്യസമ്മെളനം വിവിധപ്രതിനിധികൾ തമ്മിലുൾല വൻവാഗ്വാദങ്ങൾക്ക് വഴിവച്ചു. ഒക്ടോബർ 25-ന് സ്വകാര്യമായി സഭാസമ്മേളനം നടത്താൻ തീരുമാനമായെങ്കിലും ഇതിനെതിരെ കാബൂളിൽ പ്രതിഷേധവും പ്രകടനങ്ങളും അരങ്ങേറി. നാലുദിവസങ്ങൾക്കു ശേഷം മുഹമ്മദ് യൂസഫ് രാജിവച്ചു.[ഖ]
1965-ലെ പ്രതിഷേധപ്രകടനങ്ങൾ ഒരു ദീർഘമായ പ്രക്രിയയുടെ പരിണാമമായിരുന്നു. നിവവധി വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഇക്കാലത്ത് തൊഴിലിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കാബൂളിലെത്തിയിരുന്നു. ഭരണനേതൃത്വത്തിൽ അസംതൃപ്തരായിരുന്ന ഇവർ വലതുപക്ഷ ഇസ്ലാമിക അടിസ്ഥാനവാദത്തളിലേക്കും ഇടതുപക്ഷ മാർക്സിസ്റ്റ് മാവോയിസ്റ്റ് വിഭാഗങ്ങളിലേക്കും തിരിഞ്ഞിരുന്നു. പുതിയ ഭരണഘടനക്കും ജനസഭക്കും സാമൂഹ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാക്കാനായില്ല.1965-ലെ പല പാർലമെന്റംഗങ്ങളുടേയും വീക്ഷണത്തിൽ, ജനസഭ, കാബൂളിലെ മദ്ധ്യവർഗ്ഗക്കാരുടെ ചിന്താഗതികളേക്കാൽ കൂടുതൽ പിന്തിരിപ്പനായിരുന്നു. രാഷ്ട്രീയകക്ഷികൾ രൂപീകരിക്കാനുള്ള ഭരണഘടനാനിർദ്ദേശം രാജാവ് ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല. മന്ത്രിമാർ ഉന്നതോത്യാഗസ്ഥർ എന്നിവർക്കും സ്വന്തം വിഭാഗത്തിലുമുള്ള ജനങ്ങൾക്കുമിടയിലെ വെറും ഇടനിലക്കാരായാണ് പിന്തിരിപ്പൻ സ്വഭാവം കൈവെടിയാതിരുന്ന പാർലമെന്റംഗങ്ങൾ വർത്തിച്ചിരുന്നത്. അതുകൊണ്ട് കാബൂൾ നഗരവാസികളിൽ തങ്ങൾ ജനസഭയിൽ ശരിയായ വിധത്തിൽ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന ബോധം ഉടലെടുത്തു. ഇക്കാലത്തെ ഇടതുപക്ഷവാദികൾ രൂപം കൊടുത്ത പ്രമുഖമായ സംഘടനയാണ് പി.ഡി.പി.എ. എന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ.[ഘ]
അടിസ്ഥാന ഇസ്ലാമികനിയമങ്ങളിലധിഷ്ഠിതമായ സമൂഹത്തിനായി യത്നിക്കുന്ന വലതുപക്ഷവിഭാഗക്കാരും രാജ്യത്തുണ്ടായിരുന്നു. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു ഇസ്ലാമികവിഭാഗത്തിന്റെ നേതാവായിരുന്നു ഗുലാം മുഹമ്മദ് നിയാസി.
ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കുമിടയിൽ നിരവധി സാമ്യങ്ങളുണ്ടായിരുന്നു. ഇരു പക്ഷക്കാരും സമൂഹത്തിന്റെ ഒരേ തട്ടിൽ നിന്നുള്ളവരായിരുന്നു തീവ്രവാദനിലപാടുകളുണ്ടായിരുന്ന ഇരുകൂട്ടർക്കും ഏതാണ്ട് ഒരേപോലുള്ള സംഘടനാരീതിയും ആയിരുന്നു. ഒരു സാമൂഹികവിപ്ലവത്തിൽ ഇരുവരും വിശ്വസിച്ചിരുന്നു. ജനങ്ങളെ നയിക്കുന്നതിനു ഒരു സംഘടന എന്ന കാര്യത്തിലും ഇവർക്ക് ഏകാഭിപ്രായമായിരുന്നു. അഫ്ഗാനിസ്താൻ എന്ന രാജ്യം എന്ന ആശയവും വംശീയമായ വേർതിരിവുകളെ തിരസ്കരിക്കുന്നതും ഇവരുടെ മറ്റൊരു പൊതുസ്വഭാവമായിരുന്നു. എന്നാൽ മാർക്സിസ്റ്റുകൾ വിപ്ലവം എന്നുകരുതുന്നത് ഇസ്ലാമികവാദികൾക്ക് ജിഹാദ് ആയിരുന്നു.
മുഹമ്മദ് യൂസഫിന്റെ രാജിക്കു ശേഷം മുഹമ്മദ് ഹാഷിം മായ്‌വന്ദാൽ[ഗ] പ്രധാനമന്ത്രിയായി. കുറച്ചുകാലങ്ങൾക്കകം, 1967 ഒക്ടോബറിൽ ഇദ്ദേഹം രാജിവച്ചു. ഇതിനുശേഷം അബ്ദ് അള്ളാ യാഫ്താലി ഇടക്കാലപ്രധാനമന്ത്രിയായി. പിന്നീട് നൂർ മുഹമ്മദ് ഏതെമാഡി 1967 മുതൽ 71 വരെയും, അബ്ദ് അൽ സഹീർ 71 മുതൽ 72 വരെയും മുഹമ്മദ് മൂസ ഷാഫിഖ് 72-3 കാലത്തും പ്രധാനമന്ത്രിയായിരുന്നു.[3]
സോവിയറ്റ് സ്വാധീനം വർദ്ധിക്കുന്നു
തിരുത്തുക1971-ൽ ഇന്ത്യയോടൊപ്പം നിന്ന്, പാകിസ്താനെതിരെ യുദ്ധം ചെയ്യുന്നതിന് സോവിയറ്റ് നേതാക്കൾ സഹീർ ഷായെ ഉപദേശിച്ചിരുന്നതായും ഇങ്ങനെ ചെയ്യുന്ന പക്ഷം പഷ്തൂൻ ആവാസപ്രദേശങ്ങൾ മുഴുവൻ അഫ്ഗാനിസ്താന് വിട്ടുകൊടുക്കാമെന്ന് വ്യവസ്ഥ വെച്ചിരുന്നതായും പറയപ്പെടുന്നു.
യുദ്ധാനന്തരം പാകിസ്താനിലെ ജനറൽ യഹ്യ ഖാൻ ഒഴിഞ്ഞ്, സുൾഫിക്കർ അലി ഭൂട്ടോ തത്സ്ഥാനത്തെത്തി. ഇക്കാലത്ത് അഫ്ഗാനിസ്താനിലെ പാകിസ്താൻ സ്വാധീനം ഇല്ലാതാകുകയും പകരം സോവിയറ്റ് യൂനിയറ്റ്ന്റെ സ്വാധീനം വർദ്ധിക്കുകയും ചെയ്തു.[3]
സ്ഥാനഭ്രഷ്ടനാകുന്നു
തിരുത്തുക1970-കളുടെ തുടക്കത്തിൽ ഇക്കാലത്ത് കടുത്ത ക്ഷാമം അഫ്ഗാനിസ്താനിൽ വ്യാപിക്കുകയും അഫ്ഗാനികൾക്കിടയിൽ ഭരണനേതൃത്വത്തിനെതിരെ അസംതൃപ്തി ഉടലെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി മുഹമ്മദ് മൂസ ഷാഫിഖിന് ഈ ഘട്ടം ഏറെക്കുറേ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാചിച്ചെങ്കിലും രാജ്യത്ത് സമ്മർദ്ദങ്ങൾ വർദ്ധിച്ചുവന്നു.
1973 ജൂലൈ 17-ന് സഹീർ ഷാ രാജാവ്, റോമിൽ ഒരു വൈദ്യചികിത്സക്ക് പോയ അവസരത്തിൽ, രാജാവിന്റെ മാതുലനും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ അധികാരം പിടിച്ചെടുത്തു. ഏവരേയും അത്ഭുതപ്പെടുത്തിയ ഈ നടപടിക്കു പിന്നിലെ അന്തർനാടകങ്ങൾ ഇന്നും അജ്ഞാതമാണ്. സേനാത്തലവനും സഹീർഷായുടെ മരുമകനുമായിരുന്ന അബ്ദ് അൽ വാലി ഖാൻ തടവിലാക്കപ്പെട്ടു (1976 മുതൽ ഇയാൾ ഇറ്റലിയിലാണ് ജീവിച്ചത്) പ്രധാനമന്ത്രിയുടേയും അധികാരങ്ങൾ ദാവൂദ് ഖാൻ കവർന്നെടൂത്തു.
1973 ഓഗസ്റ്റ് 24-ന് സഹീർഷാ, താൻ പുറത്തായതായി അംഗീകരിക്കുകയും തുടർന്ന് റോമിൽ ജീവിതം തുടരുകയും ചെത്തു. സഹീർ ഷായുടെ പിതൃസഹോദരൻ ഷാ വാലിഖാനും റോമിലേക്ക് കടന്നു.[3]
സഹീർ ഷായുടെ കീഴിൽ ഭരണം നടത്തിയ പ്രധാനമന്ത്രിമാർ
തിരുത്തുകക്രമം | പേര് | കാലയളവ് | മറ്റു വിവരങ്ങൾ |
---|---|---|---|
1 | മുഹമ്മദ് ഹാഷിം ഖാൻ | 1929 നവംബർ 14 - 1946 മേയ് | സഹീർ ഷായുടെ പിതാവ് നാദിർ ഷായുടെ സഹോദരനായിരുന്ന ഇദ്ദേഹം, നാദിർ ഷായുടെ കീഴിലും പ്രധാനമന്ത്രിയായിരുന്നു. |
2 | ഷാ മഹ്മൂദ് ഖാൻ | 1946 മേയ് - 1953 സെപ്റ്റംബർ 7 | ഇദ്ദേഹവും നാദിർ ഷായുടെ സഹോദരനാണ്. |
3 | മുഹമ്മദ് ദാവൂദ് ഖാൻ | 1953 സെപ്റ്റംബർ 7 - 1963 മാർച്ച് 10 | നാദിർ ഷായുടെ സഹോദരപുത്രനാണ് |
4 | മുഹമ്മദ് യൂസഫ് | 1963 മാർച്ച് 10 - 1965 നവംബർ 2 | രാജകുടുംബത്തിൽ നിന്നല്ലാതെയുള്ള ആദ്യത്തെ പ്രധാനമന്ത്രി |
5 | മുഹമ്മദ് ഹാഷിം മായ്‌വന്ദാൽ | 1965 നവംബർ 2 - 1967 ഒക്ടോബർ 11 | |
6 | അബ്ദുള്ള യാഖ്ത | 1967 ഒക്ടോബർ 11 – 1967 നവംബർ 1 | |
7 | നൂർ മുഹമ്മദ് ഏതെമാഡി | 1967 നവംബർ 1 – 1971 ജൂൺ 9 | |
8 | അബ്ദുൾ സാഹിർ | 1971 ജൂൺ 9 – 1972 ഡിസംബർ 12 | |
9 | മുഹമ്മദ് മൂസ ഷാഫിഖ് | 1972 ഡിസംബർ 12 – 1973 ജൂലൈ 17 |
തിരിച്ചുവരവ്
തിരുത്തുകസഹീർഷായുടെ പലായനത്തിനു ശേഷം അഫ്ഗാനിസ്താനിലെ രാഷ്ട്രീയസ്ഥിതിയിൽ നാടകീയമായ മാറ്റങ്ങളുണ്ടായി. ദാവൂദ് ഖാനു ശേഷം, റഷ്യൻ പിന്തുണയിൽ കമ്മ്യൂണിസ്റ്റുകളും, പിന്നീട് മുജാഹിദീനുകളും, മൗലികവാദി താലിബാനും രാജ്യം ഭരിച്ചു. അമേരിക്കൻ പിന്തുണയോടെ താലിബാനെ പുറത്താക്കി 2001 അവസാനം ഹമീദ് കർസായ്, അഫ്ഗാനിസ്താനിൽ പ്രസിഡണ്ടായി സ്ഥാനമേറ്റു.
ഹമീദ് കർസായിയുടെ ഭരണകാലത്ത് 2002 ഏപ്രിൽ 18-ന് സഹീർ ഷാ അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. പുതിയ സർക്കാർ, സഹീർ ഷാക്ക് രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി. തുടർന്ന് മരണം വരെ പ്രസിഡണ്ട് ഹമീദ് കർസായ്ക്കൊപ്പം പ്രസിഡണ്ടിന്റെ കൊട്ടാരത്തിലായിരുന്നു സഹീർ ഷാ വസിച്ചിരുന്നത്.
2007 ജൂലൈ 23-ന് കാബൂളിൽ വച്ച് സഹീർ ഷാ മരണമടഞ്ഞു.[4]
കുറിപ്പുകൾ
തിരുത്തുക- ക.^ സഹീർ ഷായുടെ പിതാവായ മുഹമ്മദ് നാദിർ ഷായുടെ, ഒരു അർദ്ധസഹോദരൻ മുഹമ്മദ് അസീസിന്റെ പുത്രനായിരുന്നു മുഹമ്മദ് ദാവൂദ് ഖാൻ. മുഹമ്മദ് അസീസ്, നാദിർഷായുടെ കാലത്ത് ബെർലിനിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു.
- ഖ.^ 1966-ൽ മുഹമ്മദ് യൂസഫ് പശ്ചിമജർമനിയിലും 1973-ൽ മോസ്കോവിലും സ്ഥാനപതിയായി നിയമിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ, ബൂട്രോസ് ഘാലിയുടെ സ്ഥാനപതിയായിരുന്ന മഹ്മൂദ് മേസ്ത്രി, 1994-95 കാലത്ത്, മുഹമ്മദ് യൂസഫിനെയാണ് പ്രധാനമന്ത്രിയായി നിർദ്ദേശിച്ചത്.
- ഗ.^ 1973-ൽ മുഹമ്മദ് ദാവൂദ് ഖാൻ, സഹീർ ഷായെ അട്ടിമറിച്ച് പ്രസിഡണ്ടായതിനു ശേഷം, മായ്‌വന്ദാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇതേത്തുടർന്ന് 1973 ഒക്ടോബറിൽ അദ്ദേഃഅം കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു.
- ഘ.^ 1970-കളോടെ പി.ഡി.പി.എ. അഫ്ഗാനിസ്താനിൽ പ്രബലമാകുകയും രാജ്യത്ത് അധികാരത്തിലെത്തുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Royal Ark
- ↑ Encyclopedia Britannica, Mohammad Zahir Shah
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 288–300. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 338–341. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)