1929 ജനുവരി 17 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ അഫ്ഗാനിസ്താന്റെ രാജാവായിരുന്നു ഹബീബുള്ള കലകാനി (ജീവിതകാലം: ഏകദേശം 1890 – 1929 ഒക്ടോബർ 13). ഹബീബുള്ള ഘാസി എന്നും ബച്ചാ-യി-സഖാ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഹബീബുള്ള ഖാദിം-ഇ ദീൻ-ഇ റസൂലുള്ളാ (ദേവദൂതന്റെ മതത്തിന്റെ സേവകൻ) എന്നാണ് അദ്ദേഹം സ്വയം പേരിട്ടിരുന്നത്.

ഹബീബുള്ള കലകാനി
അഫ്ഗാനിസ്താന്റെ രാജാവ്
ഭരണകാലം1929 ജനുവരി 17 - 1929 ഒക്ടോബർ 13
മുൻ‌ഗാമിഇനായത്തുള്ള ഖാൻ
പിൻ‌ഗാമിമുഹമ്മദ് നാദിർ ഷാ

1929 വരെ ഭരണത്തിലിരുന്ന രാജാവ്, അമാനുള്ള ഖാനെ സൈനികമായി അട്ടിമറിച്ചാണ് ഹബീബുള്ള കലകാനി അധികാരത്തിലെത്തിയത്. അമാനുള്ളയുടെ പരിഷ്കരണനടപടികളിൽ അസന്തുഷ്ടരായ വിവിധ അടിസ്ഥാനമതവാദി പഷ്തൂൺ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഈ അട്ടിമറി നടത്തിയത്. എങ്കിലും ഇദ്ദേഹത്തിന്റെ ഭരണം മാസങ്ങൾ മാത്രമേ നീണ്ടുള്ളൂ.[1] 1929 ഒക്ടോബർ 17-ന് മുഹമ്മദ് നാദിർ ഖാന്റെ സൈന്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തുകയും വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.[2]

കാബൂളിന് വടക്കുനിന്നുള്ള ഒരു താജിക് വംശജനായിരുന്നു ഹബീബ് അള്ളാ കാലകാനി. ആരേയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ ബലമെങ്കിൽ‍, പഷ്തൂൺ അല്ലാതിരുന്നതും സമൂഹത്തിലെ താഴേക്കിടയിൽ നിന്നുമുള്ളവൻ എന്നതും അദ്ദേഹത്തിന്റെ പോരായ്മകളായിരുന്നു.[3] ബാരക്സായ് പഷ്തൂൺ രാജവംശത്തെ പുറത്താക്കി അധികാരത്തിലെത്തിയ[ഖ] ഹബീബുള്ളയെ അയാളുടെ താജിക് വംശപാരമ്പര്യം മൂലം ഒരു അട്ടിമറിക്കാരനായും അധഃകൃതനായുമാണ്‌ ബഹുഭൂരിപക്ഷവിഭാഗക്കാരായിരുന്ന പഷ്തൂണുകൾ കണക്കാക്കിയിരുന്നത്. പഷ്തൂണുകൾ, വെള്ളം കൊടുപ്പുകാരന്റെ മകൻ എന്ന അർത്ഥത്തിൽ ബച്ചാ-യെ സഖാ എന്ന കളിവാക്കിലാണ്‌ ഹബീബുള്ളയെ വിളിച്ചിരുന്നത്.[ക][4] എന്നാൽ താജിക്കുകൾക്കിടയിൽ ഇദ്ദേഹം ഒരു നീതിമാനായ രാജാവായി വാഴ്ത്തപ്പെടുന്നു. പ്രസിദ്ധകവിയായ ഖലീലുള്ള ഖലീലിയുടെ ഖുറാസാന്റെ നായകൻ (അയ്യാർ-ഇ അസ് ഖുറാസാൻ) എന്ന കാവ്യം ഹബീബുള്ള കലകാനിയുടെ ജീവചരിത്രമാണ്‌.

അധികാരത്തിലേക്ക്

തിരുത്തുക

1928 അവസാനത്തോടെ അഫ്ഗാനിസ്താനിലെ രാജാവായിരുന്ന അമാനുള്ള ഖാൻ, പാശ്ചാത്യരീതിയിലുള്ള നിരവധി പരിഷ്കാരനടപടികൾ പ്രഖ്യാപിച്ചു. സർക്കാരിന്റെ ഈ പരിഷ്കരണപരിപാടികൾക്കെതിരെ നിരവധി മത-ഗോത്രനേതാക്കൾ സംഘടിക്കുകയും സർക്കാരിനെതിരെ സൈനികാക്രമണം ആരംഭിക്കുകയും ചെയ്തു. കാബൂളിനു വടക്കുള്ള കോഹിസ്താനി, കോഹ്ദമാനി വിഭാഗങ്ങൾ ഇതിൽ ശക്തരായിരുന്നു ഈ വിഭാഗങ്ങളെ നയിച്ചിരുന്നത് ഹബീബുള്ള കലകാനിയായിരുന്നു. 1929 തുടക്കമായപ്പോഴേക്കും ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള വിഭാഗം ശക്തി പ്രാപിക്കുകയും സർക്കാർ സൈന്യത്തിലെ ഒരു വിഭാഗം അവർക്കൊപ്പമാകുകയും ചെയ്തു.

1929 ജനുവരി 14-ന്‌ ഗത്യന്തരമില്ലാതെ, രാജാവ് അമാനുള്ള ഖാൻ, കാബൂളിൽ നിന്നും കന്ദഹാറിലേക്ക് പലായനം ചെയ്യുകയും, അധികാരം തന്റെ സഹോദരൻ ഇനായത്തുള്ള ഖാനെ ഏല്പ്പിക്കുകയും ചെയ്തു. എന്നാൽ 1929 ജനുവരി 16-ന് ഹബീബുള്ളാ കലകാനി കാബൂൾ പിടിച്ചടക്കി. ഇതോടെ ഇനായത്തുള്ളയും രാജ്യം വിട്ട് പലായനം ചെയ്തു. അങ്ങനെ 1929 ജനുവരി 18-ന്‌ ഹബീബുള്ള കലകാനി അഫ്ഗാനിസ്താന്റെ രാജാവായി, ഹബീബുള്ള ഘാസി എന്ന പേരിൽ അധികാരത്തിലേറി.[3]

പരിഷ്കാരങ്ങളും നടപടികളും

തിരുത്തുക

ഹബീബുള്ള കലകാനി ഭരണമേറ്റതോടെ അമാനുള്ളയുടെ പരിഷ്കാരനടപടികളെല്ലാം അസാധുവാക്കി. വിദ്യാലയങ്ങളും കോടതികളും വീണ്ടും പുരോഹിതന്മാരുടെ കീഴിലായി. നിർബന്ധിതസൈനികസേവനം നിർത്തലാക്കി. സ്ത്രീകൾ വീണ്ടും ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കാൻ നിർബന്ധിതമായി. സ്ത്രീകൾക്ക് വിദ്യാഭ്യാസവും നിഷിദ്ധമാക്കി. കാഴ്ചബംഗ്ലാവുകൾ ഗ്രന്ഥശാലകൾ എന്നിങ്ങനെ ആധുനികവൽക്കരണത്തിന്റെ എല്ലാ ചിഹ്നങ്ങളും ഇക്കാലത്ത് തകർക്കപ്പെട്ടു.

അമാനുള്ളയുടെ പക്ഷക്കാരും ബന്ധുക്കളുമായ ഒട്ടേറെപ്പേർ ഹബീബുള്ള കലകാനിയുടെ ഭരണകാലത്ത് കൊല്ലപ്പെട്ടു. ഇതിൽ അമാനുള്ളയുടെ രണ്ടുസഹോദരന്മാരും ഉൾപ്പെടുന്നു.[3]

എതിർപ്പുകൾ

തിരുത്തുക

ഹബീബുള്ള കലകാനിയെ രാജാവായി കാണുന്നതിൽ പല പഷ്തൂൺ വിഭാഗങ്ങൾക്കും താല്പര്യമുണ്ടായിരുന്നില്ല. ഹബീബുള്ള കലകാനിയുടെ ഭരണകാലത്തുതന്നെ ജലാലാബാദിലെ പഷ്തൂൺ വിഭാഗക്കാർ, അലി അഹമ്മദ് ഖാൻ എന്നൊരാളെ രാജാവാക്കി പ്രഖ്യാപിച്ചു. ഹബീബുള്ള ഖാന്റേയും അമാനുള്ള ഖാന്റേയും കീഴിൽ പ്രധാനപ്പെട്ട ഔദ്യോഗികസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളായിരുന്നു അലി അഹ്മദ് ഖാൻ. എന്നാൽ ഇദ്ദേഹത്തെ ബച്ചാ-ഇ സഖാ (ഹബീബുള്ള കലകാനി), തടവുകാരനായി പിടിക്കുകയും 1929 ജൂലൈ മാസം കാബൂളിൽ വച്ച് വധിക്കുകയും ചെയ്തു.[3]

അന്ത്യം

തിരുത്തുക

കാബൂളിലെ ഹബീബുള്ള കലകാനിയുടെ ഭരണത്തിനെതിരെയുള്ള പഷ്തൂണുകളുടെ യഥാർത്ഥപോരാട്ടം, മുസാഹിബാൻ കുടുംബത്തിൽ നിന്നായിരുന്നു. മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിലെ വീരനായകനായിരുന്ന ജനറൽ മുഹമ്മദ് നാദിർ ഖാനും അദ്ദേഹത്തിന്റെ അഞ്ചു സഹോദരന്മാരും അർദ്ധസഹോദരന്മാരുമായിരുന്നു ഈ കുടുംബത്തിലെ പ്രമുഖർ. മുഹമ്മദ് അസീസ് ഖാൻ, മുഹമ്മദ് ഹാഷിം ഖാൻ, ഷാ വാലി ഖാൻ (ഇദ്ദേഹം അമാനുള്ളയുടെ മാതുലനായിരുന്നു), ഷാ മഹ്മൂദ്, മുഹമ്മദ് അലി ഖാൻ എന്നിവരായിരുന്നു ഈ സഹോദരന്മാർ.

തുടക്കത്തിൽ നാദിർ ഖാന്റെ സൈനികമുന്നേറ്റത്തെ ഏറെക്കുറേ തടയാൻ ഹബീബുള്ള കലകാനിക്കു കഴിഞ്ഞെങ്കിലും, 1929 ഒക്ടോബർ 10-ന് നാദിർ ഖാന്റെ സഹോദരൻ ഷാ വാലിയുടെ നേതൃത്വത്തിലുള്ള സൈന്യം കാബൂൾ പിടിച്ചടക്കുകയും ഹബീബുള്ള കലകാനിയെ തടവിലാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് നാദിർ ഖാൻ രാജാവായി പ്രഖ്യാപിക്കുകയും ഹബീബുള്ള കലകാനിയേയും അയാളുടെ സഹോദരനടക്കം മറ്റു രണ്ടു നേതാക്കളേയും വധശിക്ഷക്ക് വിധേയരക്കുകയും ചെയ്തു. അങ്ങനെ രാജ്യത്തിന്റെ അധികാരം വീണ്ടും പഷ്തൂണുകളുടെ കൈകളിൽ തിരിച്ചെത്തി.

താജികിസ്താനിലേയും ഉസ്ബെകിസ്താനിലേയും സോവിയറ്റ് വിരുദ്ധചേരിയെ ഹബീബുള്ള കലകാനി സഹായിച്ചു എന്നതിനാൽ ഇദ്ദേഹത്തിന്റെ സ്ഥാനനഷ്ടത്തിനുപിന്നിൽ സോവിയറ്റ് യൂനിയന് പങ്കുണ്ടെന്ന് ആരോപണമുണ്ട്.[3][ഗ]

കുറിപ്പുകൾ

തിരുത്തുക
  • ക. ^ ഹബീബുള്ള കലകാനിയുടെ പിതാവ്, അഫ്ഗാൻ സൈന്യത്തിൽ ഒരു വെള്ളം ചുമട്ടുകാരന്റെ ജോലി ചെയ്തിരുന്നു.
  • ഖ. ^ ഹബീബുള്ള കലകാനിയുടെ മരണശേഷം അധികാരത്തിലെത്തിയ മുഹമ്മദ് നാദിർ ഖാനും ബാരക്സായ് പാരമ്പര്യമുള്ളയാളായിരുന്നു.
  • ഗ. ^ സോവിയറ്റ് വിരുദ്ധ ബാസ്മാചി നേതാവായിരുന്ന ഇബ്രാഹിം ബെഗുമായി ഹബീബുള്ള കലകാനി സഹകരിച്ചുപ്രവർത്തിച്ചിരുന്നു. എന്നാൽ ഹബീബുള്ളക്കു ശേഷം അഫ്ഗനിസ്താനിൽ അധികാരത്തിലെത്തിയ നാദിർ ഷാ, വടക്കൻ അതിർത്തിയിൽ അഭയാർത്ഥികളായെത്തിയ ബാസ്മാചികളെ നിഷ്ഠൂരമായി അതിർത്തിക്കപ്പുറത്തേക്ക് തുരത്തി. 1931-ൽ സോവിയറ്റ് യൂനിയനുമായി ഒരു സമാധാന ഉടമ്പടിയിലും നാദിർ ഷാ ഏർപ്പെട്ടിരുന്നു.
  1. "Habibullah Kalakani". Afghanistan Online. Retrieved 3 September 2006. {{cite web}}: Unknown parameter |dateformat= ignored (help)
  2. Dupree, Louis: "Afghanistan", page 459. Princeton University Press, 1973
  3. 3.0 3.1 3.2 3.3 3.4 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 282–284. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Balland, Daniel. "BAČČA-YE SAQQĀ". Encyclopædia Iranica (Online Edition ed.). United States: Columbia University. Archived from the original on 2010-08-08. Retrieved 2010-05-09. {{cite encyclopedia}}: |edition= has extra text (help)
"https://ml.wikipedia.org/w/index.php?title=ഹബീബുള്ള_കലകാനി&oldid=4024146" എന്ന താളിൽനിന്ന് ശേഖരിച്ചത്