ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി (പേർഷ്യൻ,ഉർദു: محمد شہاب الدین غوری), മുഹമ്മദ് ഗോറി എന്നും അറിയപ്പെടുന്നു, യഥാർത്ഥ നാമം മുയിസ്സുദ്ദീൻ മുഹമ്മദ് ബിൻ സാം, പരക്കെ അറിയപ്പെട്ടത് ഗോറിലെ മുഹമ്മദ്, ജനനം.1162 - മരണം.1206,. ഗോറിലെ മുഹമ്മദ് 1173 മുതൽ 1206 വരെ ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഘസ്നി പ്രവിശ്യയുടെ ഗവർണ്ണറായിരുന്നു. മുഹമ്മദ് പേർഷ്യൻ-സംസാരിക്കുന്ന കിഴക്കൻ-ഇറാനിയൻ താജിക്ക് വംശജൻ ആവാനാണ് സാദ്ധ്യത.[1][2]

മുഹമ്മദ് ഷഹാബുദ്ദീൻ ഗോറി
ഗോറി സാമ്രാജ്യത്തിലെ സുൽത്താൻ
ഗോറി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ജാമിലെ മിനാർ. ഇന്ത്യയിലെ ഖുതുബ് മിനാറിന് പ്രേരകമായത് ഈ മിനാരമാണ്.
ഭരണകാലം1202-1206
രാജകൊട്ടാരംഗോറികൾ
മതവിശ്വാസംസുന്നി മുസ്ലീം
മുഇസ്സുദ്ദിൻ മുഹമ്മദ് ബിൻ സാമിന്റെ നാണയങ്ങൾ , ക്രി.വ. 1173 - ക്രി.വ.1206 , പ്രിഥ്വിരാജിന്റെ നാണയ സമ്പ്രദായം പിന്തുടർന്ന് ദില്ലിയിൽ നിന്നും പുറത്തിറക്കിയവ.
Obv: വലത്തേയ്ക്കു നോക്കുന്ന കുതിരയിൽ ഇരിക്കുന്ന കുന്തമേന്തിയ ആൾ. ദേവനാഗിരി അക്ഷരങ്ങൾ : ശ്രീ /ഹമിരാ'. Rev: ഇടത്തേയ്ക്ക് മുഖം ചായ്ച്ച് കിടക്കുന്ന കാള, ദേവനാഗിരി അക്ഷരങ്ങൾ : ' ശ്രീ മഹാ‍മദ സേം', ചാപത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഗോർ പ്രവിശ്യയിലെ സുൽത്താൻ ഘിയാസ്-ഉദ്-ദിൻ മുഹമ്മദിന്റെ സഹോദരനായിരുന്നു മുഹമ്മദ് ഗോറി. ഘാസ്നവിദ് സാമ്രാജ്യത്തിന്റെ പടിഞ്ഞാറേ അതിരിലാണ് ഗോറിന്റെ സ്ഥാനം. 1160-നു മുൻപ് ഘാസ്നവിദ് സാമ്രാജ്യം മദ്ധ്യ അഫ്ഗാനിസ്ഥാൻ മുതൽ പഞ്ചാബ് വരെ വ്യാപിച്ചിരുന്നു. ഘാസ്നവിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങൾ ഘസ്നി, ലാഹോർ എന്നിവയായിരുന്നു.

1160-ൽ ഗോറികൾ ഗസ്നവികളെ തോൽപ്പിച്ച് ഗസ്നി പിടിച്ചെടുത്തു. 1173-ൽ മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി ആ പ്രവിശ്യയുടെ ഭരണാധികാരിയായി. 1186-87-ൽ അദ്ദേഹം ലാഹോർ പിടിച്ചെടുത്തു. ഇത് അവസാനത്തെ ഗസ്നവി ഭൂപ്രദേശവും മുഹമ്മദ് ഗോറിയുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ഗസ്നവി സാമ്രാജ്യം അവസാനിപ്പിക്കുകയും ചെയ്തു. മുഹമ്മദ് ഷഹാബ്-ഉദ്-ദിൻ ഗോറി തെക്കേ ഏഷ്യയിൽ ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയം രാജാവായി അവരോധിച്ചില്ല. തന്റെ സഹോദരനോടുള്ള വിധേയത്വം കൊണ്ടായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാത്തത് - ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ഇരു സഹോദരരും തമ്മിൽ ആഭ്യന്തര യുദ്ധത്തിനു വഴിതെളിക്കുമെന്ന് ഊഹിച്ചായിരുന്നു ഇത്. ഘിയാസ്-ഉദ്-ദിൻ മുഹമ്മദ് 1202-ൽ മരിക്കുന്നതു വരെ ഗോറി തന്റെ സഹോദരന്റെ സൈന്യത്തിലെ ഒരു സേനാനായകനായി മാത്രമേ സ്വയം കരുതിയുള്ളൂ. എല്ലാ വിജയങ്ങൾക്കും ശേഷം കൊള്ളമുതലിന്റെ ഏറ്റവും നല്ല ഭാഗം ഫിറോസ് കോഹിലെ തന്റെ മൂത്ത സഹോദരന് ഗോറി അയച്ചു. ഇതിനു പ്രത്യുപകാരമായി ഘിയ ഒരിക്കലും ഗോറിയുടെ വ്യാപാരങ്ങളിൽ ഇടപെട്ടില്ല. ഇങ്ങനെ ഇരുവരും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തത്ഭലമായി മഹ്മൂദ് ഘസ്നിയെക്കാളും ഗോറി മുസ്ലീം ഭരണാം കിഴക്കോട്ട് വ്യാപിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ മുഹമ്മദ് പലതവണ ആക്രമിച്ചു. ഇന്നത്തെ ഹരിയാനയിലെ ഒന്നാം തരയ്ൻ യുദ്ധത്തിൽ ഗോറിയെ പൃഥ്വിരാജ് ചൗഹാൻ പരാജയപ്പെടുത്തി. ഗോറി മറ്റൊരു യുദ്ധത്തിൽ നിന്നും തിരിച്ചുവരുന്ന വഴി ആകസ്മികമായി ആയിരുന്നു ഈ ആക്രമണം. തന്റെ സാമ്രാജ്യ വികസനം ആയിരുന്നു ഗോറിയുടെ പ്രധാന ലക്ഷ്യം എങ്കിലും വിദ്യാഭ്യാസത്തിനെയും വിദ്യയെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഗോറി ശ്രദ്ധാലുവായിരുന്നു. പ്രശസ്ത മുസ്ലീം തത്ത്വചിന്തകനായ ഫക്രുദ്ദീൻ റാസി, പ്രശസ്ത കവിയായ നിസാമി അരൂസി എന്നിവർ ഗോറിയുടെ കാലത്തുനിന്നായിരുന്നു.

1192-ൽ രണ്ടാം തരയ്ൻ യുദ്ധത്തിൽ ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി. ഇതിനു ശേഷം രജപുത്ര രാജ്യങ്ങളായ സരസ്വതി, സമാന, കൊഹ്രാം, ഹാൻസി എന്നിവ അധികം ശ്രമം കൂടാതെ ഗോറി പിടിച്ചെടുത്തു. ഇതിനു ശേഷം ഗോറി അജ്മീറിലേയ്ക്ക് പടനയിച്ചു. ഗോറിയെ ആരും തടഞ്ഞില്ല. അജ്മീർ കീഴടക്കിയ ഗോറി പൃഥ്വിരാജിന്റെ മകനായ കോലയെ വെറുതേ വിട്ടു. കോല ഗോറിയുടെ സാമന്തനും വിശ്വസ്തനുമാവാമെന്ന് ശപഥം ചെയ്തു.

1206-ൽ ഗോറി ഒരു ലഹള അടിച്ചമർത്താനായി ലാഹോറിലേയ്ക്ക് യാത്രചെയ്തു. ഘസ്നിയിലേയ്ക്ക് തിരിച്ചുവരും വഴി ഝലം നഗരത്തിനടുത്തുള്ള ധാമിയാക് എന്ന സ്ഥലത്ത് ഗോറിയുടെ സംഘം തമ്പടിച്ചു. ഇവിടെ സായാഹ്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് ഗോറി കൊല്ലപ്പെട്ടു. ഗോറിയുടെ ഘാതകൻ ഒരു ഇസ്മായേലി ആണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ചില ചരിത്രകാരന്മാർ ആ പ്രദേശത്തു ജീവിക്കുന്ന ഗാഘാർ പോരാളി ഗോത്രത്തിലെ ഒരാളാണ് കൊലപാതകി എന്ന് വിശ്വസിക്കുന്നു. ഗോറി കൊലചെയ്യപ്പെട്ടയിടത്ത് ഗോറിയെ അടക്കി.

  1. Encyclopaedia Iranica, "Ghurids", C.E. Bosworth, (LINK Archived 2008-06-11 at the Wayback Machine.): "... The Ghurids came from the Šansabānī family. The name of the eponym Šansabānasb probably derives from the Middle Persian name Wišnasp (Justi, Namenbuch, p. 282). [...] Nor do we know anything about the ethnic stock of the Ghori's in general and the Sansabanis in particular; We can only assume that they were eastern Iranian Tajiks ... The sultans were generous patrons of the Persian literary traditions of Khorasan, and latterly fulfilled a valuable role as transmitters of this heritage to the newly conquered lands of northern India, laying the foundations for the essentially Persian culture which was to prevail in Muslim India until the 19th century. ..."
  2. Encyclopaedia of Islam, "Ghurids", C.E. Bosworth, Online Edition, 2006: "... The Shansabānīs were, like the rest of the Ghūrīs, of eastern Iranian Tājik stock. ..."
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഗോറി&oldid=4023564" എന്ന താളിൽനിന്ന് ശേഖരിച്ചത്