മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുമ്പിള്ളിശ്ശേരി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മിത്രാനന്ദപുരം വാമനമൂർത്തിക്ഷേത്രം. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പ്രധാനപ്രതിഷ്ഠയായി വരുന്ന ഭാരതത്തിലെ അത്യപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. യഥാർത്ഥത്തിൽ ഇവിടെയും പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണ്. എന്നാൽ, വാമനനായാണ് സങ്കല്പം. കൂടാതെ ഉപദേവതകളായി ഗണപതി, ഭഗവതി, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന ഓത്തുകൊട്ട് അതിവിശേഷമാണ്. വേദജ്ഞരായ ബ്രാഹ്മണർ എല്ലാവരും ഒരുമിച്ചിരുന്ന് വേദം ചൊല്ലുന്നതാണ് ഈ ചടങ്ങ്. വാമനമൂർത്തി ഉപനയനം കഴിഞ്ഞ് വേദപഠനം നടത്തുന്ന ബ്രഹ്മചാരിയായതുകൊണ്ടാണ് നിത്യവും ഇവിടെ ഓത്തുകൊട്ട് നടക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം ഇവിടെ വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു.[1] ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് മണി കൊട്ടാറില്ല. വിദ്യാർത്ഥിയായ ഭഗവാന് വേദപഠനത്തിന് തടസ്സമാകരുത് എന്നാണ് സങ്കല്പം.[2] ക്ഷേത്രത്തിൽ നിത്യോത്സവവുമില്ല. എന്നാൽ, എല്ലാ മാസത്തിലും തിരുവോണം നാളിലും വെളുത്തപക്ഷത്തിലെ ദ്വാദശി നാളിലും വിശേഷാൽ അന്നദാനമുണ്ട്. ഇവ യഥാക്രമം തിരുവോണമൂട്ട് എന്നും ദ്വാദശിയൂട്ട് എന്നും അറിയപ്പെടുന്നു. ചിങ്ങമാസത്തിലെ ഓണം നാളിൽ ഇവിടെ വിശേഷാൽ പൂജകൾ നടത്താറുണ്ട്.
ക്ഷേത്രവിശേഷം
തിരുത്തുകഭാരതത്തിൽ തന്നെ അത്യപൂർവമായ വാമനമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന 10 ക്ഷേത്രങ്ങളിൽ ഒന്നായ ഈ പുണ്യക്ഷേത്രത്തിൽ പ്രതിക്ഷ്ഠ മഹാവിഷ്ണുവിന്റെതാണെങ്കിലും വാമനമൂർത്തി അവതാരമായി ആരാധിച്ചുപോരുന്നു. ഈ ക്ഷേത്രത്തിന്റെ പഴക്കം ജ്യോതിഷികൾക്കും ചരിത്രാന്വേഷികൾക്കും മുന്നിൽ ഒരു സമസ്യയായി ഇപ്പോഴും നിലകൊള്ളുന്നു. പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായി അറിയപ്പെടുന്ന ഈ പുണ്യസങ്കേതം വിദ്യക്കും,മംഗല്യസൌഭാഗ്യത്തിനും, സന്താനസൌഭാഗ്യത്തിനും പ്രസിദ്ധമാണ്. പ്രധാന ദേവനു പുറമേ ഉപദേവന്മാരായ ഗണപതി, ഭഗവതി,ചുറ്റംബലത്തിനു പുറത്ത് സ്വാമിയാർ എന്നിവരുടെ പ്രതിക്ഷ്ഠകളും ഉണ്ട്.[3]
വിശേഷദിനങ്ങൾ
തിരുത്തുകദ്വാദശി ഊട്ട്, തിരുവോണം ഊട്ട്[4] എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. വിഷ്ണുവിനും വിദ്യാർത്ഥിക്കും പ്രധാനമായ ദ്വാദശി, തിരുവോണം എന്നിവക്ക് എല്ലാവർക്കും അന്നദാനം എന്ന സവിശേഷമായ വഴിപാടാണിത്.ഈ ദിവസങ്ങളിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, കാൽ കഴുകിച്ചൂട്ട്, ലക്ഷ്മി നാരായണ പൂജ, ഭൂമിപൂജ, നാമജപം,എന്നിവ നടത്തും[5]
നക്ഷത്രവൃക്ഷക്ഷേത്രം
ജ്യോതിഷത്തിൽ ഓരോ നക്ഷത്രത്തേയും ഓരോ ജീവിയുമായി എന്നതുപോലെ ഓരോ മരവുമായും ബന്ധപെടുത്തിയിട്ടുണ്ട്. പുരാതന ഭാരതത്തിൽ മനുഷ്യന് പുറമെയുള്ള ജന്തുജാലങ്ങൽക്കും മരങ്ങൾക്കും നല്കിയിരുന്ന സ്ഥാനം ഇതിൽ നിന്നും മനസ്സിലാക്കാം.ഓരോ നക്ഷത്രക്കാരനും അതുമായി ബന്ധപ്പെട്ട വൃക്ഷത്തെ സംരക്ഷിക്കണമെന്നും ആരാധിക്കണമെന്നുമാണ് ജ്യോതിഷം അനുശാസിക്കുന്നത്.ദിവസവും അവരവരുടെ മരത്തെ പ്രദക്ഷിണം ചെയ്യുന്നതും നമസ്കരിക്കുന്നതും ണ്ട പൂജാകർമങ്ങൾ ചെയ്യുന്നതും നല്ലതാണ്. പ്രകൃതിയിലെ എന്തിനെയും ആരാധിക്കുകയെന്ന ഭാരതീയ തത്ത്വമാണ് ഇതിനു പിന്നിൽ.[6]
ഓത്തുകൊട്ട്, ജപിച്ചനൈ
തിരുത്തുകകേരളത്തിൽ പ്രചാരത്തിലുള്ള വേദത്രയങ്ങളായ ഋഗ്, യജുസ്, സാമം എന്നിവയിൽ യജുർവേദമാണ് ഓത്ത്കൊട്ട് എന്ന വേദസംഹിതയ്ക്ക് ഉപയോഗിക്കുന്നത്. ഓത്ത്കൊട്ടിന്റെ പരമമായ ലക്ഷ്യം ലോകസമാധാനം തന്നെയാണ്. ഒരു കാലത്ത് കേരളത്തിലെ 22ഓളം ക്ഷേത്രങ്ങളിൽ ഓത്ത്കൊട്ട് നിലനിന്നിരുന്നു. അതെല്ലാം ക്രമേണ ഇല്ലാതായി.[7] .പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ 1500 വർഷമായി മുടങ്ങാതെ നടന്നുവരുന്ന യജുർവേദയജ്ഞം ആണ് (ഓത്തുകൊട്ട്). ഉപനയിച്ച ഉണ്ണിയുടെ രൂപത്തിലുള്ള വാമനമൂർത്തിക്ക് ഏറ്റവും വിശേഷമായ ആഘോഷം വേദജപമായ ഓത്തുകൊട്ടാണ് ഈ ചടങ്ങിൽ വേദം മുഴുവൻ ഏകദേശം 36 തവണ ചൊല്ലിത്തീരും. മൂന്ന് വർഷത്തിലൊരിക്കൽ ആണ് ഇവിടെ ഓത്തുകൊട്ട് നടത്തുന്നത്. അനേകം വേദപണ്ഡിതന്മാരുടെ സംഗമം കൂടിയാണ് ഈ മഹായജ്ഞം. ഈ ക്ഷേത്രത്തിൽ കൂടാതെ രാപ്പാൾ ക്ഷേത്രത്തിൽ മാത്രമാണ് ഇപ്പോൾ ഓത്ത്‌കൊട്ട് നടക്കുന്നത്.ഈ വേദം കേട്ട നെയ്യ് ബുദ്ധിവികാസത്തിനും വിജ്ഞാനത്തിനും പ്രധാനമായി കരുതുന്നു[8]. പ്രസാദമായി വിതരണം ചെയ്യുന്നു.
- ↑ http://mithranandapuramtemple.org/about-the-idol/
- ↑ http://live.mangalam.com/news/detail/32186-onakkodi.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://mithranandapuramtemple.org/about-temple/
- ↑ http://www.mathrubhumi.com/thrissur/malayalam-news/cherppu-1.1617595[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://localnews.manoramaonline.com/thrissur/local-news/2017/08/31/t4a-oottu.html
- ↑ http://mithranandapuramtemple.org/nakshtravana-kshethram/
- ↑ ജന്മഭൂമി: http://www.janmabhumidaily.com/news74791#ixzz52Zmd2VIF[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshakkazhcha.com/story.php?id=18752&title=THRISSUR[പ്രവർത്തിക്കാത്ത കണ്ണി]