ഓത്തുകൊട്ട്
കേരളത്തിൽ പുരാതന കാലം മുതൽക്കേ നിലനിൽക്കുന്ന ഒരു ആചാരമാണ് ഓത്തുകൊട്ട്. ഷോഡശക്രിയാവൃത്തിയിൽ വ്യത്യസ്തത പുലർത്തുന്ന ഋഗ്വേദികളും സാമവേദികളും യജുർവേദികളും വേദ സംരക്ഷണത്തിനായി ഈ ചടങ്ങ് നടത്താറുണ്ട്. ദേശത്തിന്റെ ഐശ്വര്യത്തിനും വിദ്യാസമൃദ്ധിക്കുമായാണ് ഈ ചടങ്ങ് നടത്തുന്നത്[1].
ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കുന്ന വേദ പരായണ യജ്ഞം ഓത്തുകൊട്ടിനോടനുബന്ധിച്ച് നടത്തുന്നു. പ്രമുഖ വൈദികരുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്. ഈ യജ്ഞത്തിൽ കുറഞ്ഞത് അറുപത്തിനാല് തവണയെങ്കിലും തങ്ങൾ അനുഷ്ഠിച്ച് പോരുന്ന വേദം ചൊല്ലിത്തീർക്കുന്നു. വേദപഠനത്തിന്റെ ഒന്നാം ഘട്ടവും ഉപനയനവും കഴിഞ്ഞ ബ്രാഹ്മണ ബാലന് ഇതിൽ പങ്കു ചേരാം. വേദം മുഴുവൻ മന:പാഠമാക്കി ചൊല്ലുന്നതാണ് ഇതിന്റെ പ്രത്യേകത.
ക്ഷേത്രങ്ങളോട് അനുബന്ധിച്ചാണ് ഓത്തുകെട്ട് ചടങ്ങ് നടത്തിവന്നിരുന്നത്. ഇപ്പോൾ തൃശൂർ ജില്ലയിലെ മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം, രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ മാത്രമാണ് ഓത്തുകൊട്ട് നടക്കുന്നത്. 1300 വർഷങ്ങളായി മിത്രാനന്ദപുരത്ത് നടക്കുന്ന ഓത്തുകൊട്ട് ഓരോ മൂന്ന് വർഷത്തിലും തുടരുന്നു. 600 വർഷങ്ങളായി രാപ്പാളിൽ തുടരുന്ന ഈ ചടങ്ങ് ആറ് വർഷത്തെ ഇടവേളയിൽ നടക്കുന്നുണ്ട്[2].
ആചാരങ്ങൾ
തിരുത്തുകവേദസാഹിത്യത്തെ അതിന്റെ ഗുണവും രസവും നിലനിർത്തി എങ്ങനെ സംരക്ഷിച്ച് പോരും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഓത്ത്കൊട്ടിലൂടെ പ്രകടമാകുന്നത്. ഓത്ത്കൊട്ടിൽ സംഹിത, പദം, കൊട്ട് എന്നീ മൂന്ന് വിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്. ഇതിൽ സംഹിത സ്വരനിയമത്തോടെ, മാത്രനിയമത്തോടെ കൂട്ടിച്ചേർത്ത് ആലപിക്കുന്നു. ഇതിനെ സ്വരത്തിൽ ചൊല്ലുക എന്നാണ് പറയപ്പെടുന്നത്. ഒരാൾ സംഹിതയിലെ ഒരു പങ്ങാതി (അമ്പത് പദങ്ങൾ അടങ്ങുന്ന ഖണ്ഡിക) സ്വരത്തിൽ ചൊല്ലുകയും മറ്റുള്ളവർ അത് അഞ്ചുതവണ സ്വരത്തോടുകൂടിയോ അല്ലാതേയോ ചൊല്ലുന്നു. അതുപോലെ വ്യാകരണ നിയമമനുസരിച്ച് ക്രോഡീകരിച്ച് പദങ്ങൾ സ്വരത്തിൽ ചൊല്ലുകയും അത് മറ്റുള്ളവർ സ്വരത്തോടുകൂടിയോ സ്വരമില്ലാതേയോ അഞ്ച് തവണ ചൊല്ലുന്നു. സംഹിതയിലൂടെ സ്വരത്തിനും പദത്തിലൂടെ വ്യാകരണ ശാസ്ത്രത്തിനും ഇതിലൂടെ പ്രാധാന്യം വരുന്നു എന്നാണ് ഓത്തുകൊട്ടിന്റെ ഒരു സവിശേഷത. പാണ്ഡിത്യത്തിന്റെ പ്രകടനം കൂടിയാണ് ഓത്തുകൊട്ട്. സാധാരണയായി സന്ധ്യാസമയത്താണ് ഇത് നടത്താറുള്ളത്. ഇതിൽ ഒരാൾ പരീക്ഷക്ക് ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ മുന്നിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത് നാലുപദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്ന് തവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശേഷണത്തിലും പിഴവ് കൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ഇതിലൂടെ 44 ചർച്ചം കൃഷ്ണ യജുർവേദം പതിനാറ് ആവർത്തി ആലാപനം ചെയ്യുന്നതാണ് ഓത്തുകൊട്ട്. വൈദിക സമ്പത്ത് എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയിൽ ആശങ്കയിലായ വേദപണ്ഡിതർ പരമശിവനെ തപസ്സ് ചെയ്യുകയും ഒടുവിൽ ജഢാധാരിയായ ഒരു മഹർഷിയുടെ രൂപത്തിൽ പരമശിവൻ പ്രത്യക്ഷപ്പെടുകയും പണ്ഡിതർക്കായി ഓത്തുകൊട്ടിന്റെ അനുഷ്ഠാന രീതി ഉപദേശിച്ചുകൊടുക്കുകയും ചെയ്തതായാണ് ഐതിഹ്യം [3]
അവലംബം
തിരുത്തുക- ↑ "ലോകനന്മയ്ക്കായി ഓത്തുകൊട്ട്". മാതൃഭൂമിപത്രം. 2017-12-17. Archived from the original on 2017-12-19. Retrieved 2017-12-17.
- ↑ = മനോരമപത്രം "രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ഓത്ത്‌കൊട്ടിന് തുടക്കമായി". 2017-08-27. Retrieved 2017-12-17.
{{cite web}}
: Check|url=
value (help) - ↑ ജന്മഭൂമി: http://www.janmabhumidaily.com/news74791#ixzz52ZnSmrJ7[പ്രവർത്തിക്കാത്ത കണ്ണി]