സ്ഥാണു രവി വർമ്മൻ
'രണ്ടാം ചേരസാമ്രാജ്യം' എന്നു വിശേഷിപ്പിക്കുന്ന കുലശേഖര സാമ്രാജ്യത്തിലെ (എ.ഡി. 800 - 1102) മൂന്നാമത്തെ ഭരണാധികാരിയാണ് സ്ഥാണു രവി വർമ്മൻ. എ.ഡി. 844 മുതൽ 885 വരെ മഹോദയപുരം (തിരുവഞ്ചിക്കുളം) ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രീയ സുസ്ഥിരതയും ശാസ്ത്ര - സാമ്പത്തിക രംഗങ്ങളിൽ പുരോഗതിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മറ്റു കുലശേഖര രാജാക്കന്മാരിൽ നിന്നു വ്യത്യസ്തമായി ഇദ്ദേഹം ചോളസാമ്രാജ്യവുമായി നല്ലബന്ധം നിലനിർത്തിയിരുന്നു. ചോളരാജാവായിരുന്ന ആദിത്യ ചോളനുമായി ഇദ്ദേഹം സൗഹൃദം പുലർത്തിയിരുന്നതായി തില്ലൈസ്ഥാനം ശാസനത്തിൽ പറയുന്നുണ്ട്. സ്ഥാണുരവിവർമ്മന്റെ കാലത്ത് ചോളന്മാരും കുലശേഖര സാമ്രാജ്യവും തമ്മിൽ യുദ്ധം നടന്നിട്ടില്ല. പല്ലവന്മാരോടു യുദ്ധം ചെയ്യാൻ ഇദ്ദേഹം ചോളന്മാരെ സഹായിച്ചിരുന്നതായും പറയപ്പെടുന്നു.[2]
സ്ഥാണുരവിവർമ്മ കുലശേഖരൻ | |
---|---|
Quilon Syrian copper plates (plate 1) | |
ഭരണകാലം | 844–883[1] |
മുൻഗാമി | രാജശേഖര വർമ്മൻ |
പിൻഗാമി | രാമവർമ്മ കുലശേഖരൻ |
ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന് ശങ്കരനാരായണീയം എന്ന വ്യാഖ്യാനം രചിച്ച ശങ്കരനാരായണൻ എന്ന ജ്യോതിശാസ്ത്ര പണ്ഡിതൻ സ്ഥാണു രവിവർമ്മയുടെ സദസ്യനായിരുന്നു. ഇദ്ദേഹത്തിന്റെ സഹായത്തോടെ സ്ഥാണു രവിവർമ്മൻ മഹോദയപുരത്ത് ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. സ്ഥാണു രവി വർമ്മന്റെ കാലശേഷം രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭരണാധികാരിയായി രാമവർമ്മ കുലശേഖരൻ അധികാരമേറ്റു.[2]
കുലശേഖര സാമ്രാജ്യം
തിരുത്തുകഎ.ഡി. 800 മുതൽ 1102 വരെ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശമാണ് കുലശേഖരസാമ്രാജ്യം. 'രണ്ടാം ചേരസാമ്രാജ്യം' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖര ആഴ്വാറിനും (എ.ഡി. 800 - 820) അദ്ദഹത്തിന്റെ പുത്രൻ രാജശേഖര വർമ്മനും (എ.ഡി. 820 - 844) ശേഷമാണ് സ്ഥാണു രവി വർമ്മൻ അധികാരമേൽക്കുന്നത്. എ.ഡി. 844-ൽ ഇദ്ദേഹം അധികാരമേറ്റെടുത്തതായി ശങ്കരനാരായണീയം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. എ.ഡി. 885 വരെ ഭരണം നടത്തി. എന്നാൽ എ.ഡി. 883 വരെ മാത്രമാണ് സ്ഥാണു രവി വർമ്മന്റെ ഭരണകാലം എന്നാണ് എം.ജി.എസ്. നാരായണനെ പോലുള്ള ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
തരിസാപ്പള്ളി ശാസനം
തിരുത്തുകസ്ഥാണുരവിവർമ്മന്റെ നിർദ്ദേശപ്രകാരം വേണാട്ടിലെ അയ്യനടികൾ തിരുവടികൾ എ.ഡി. 849-ൽ തരിസാപ്പള്ളി ശാസനം എഴുതി തയ്യാറാക്കി. ഈ ശാസനത്തെ 'കോട്ടയം ചെപ്പേട്', 'സ്ഥാണു രവി ശാസനം' എന്നൊക്കെ വിളിക്കാറുണ്ട്. കൊല്ലത്തെ തരിസാ പള്ളിക്ക് ഭൂമി ദാനം ചെയ്തതിനെപ്പറ്റിയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. മാർ സാപിർ ഈസോയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കുടിയേറിയ ക്രിസ്ത്യാനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയതായും ഇതിൽ പറയുന്നു.[2][3] എ.ഡി. 855-ൽ സ്ഥാണു രവി വർമൻ തയ്യാറാക്കിയ മറ്റൊരു ശാസനം ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.[2]
സുലൈമാന്റെ സന്ദർശനം
തിരുത്തുകഅറബി വ്യാപാരിയായിരുന്ന സുലൈമാൻ എ.ഡി. 851-ൽ സ്ഥാണു രവിവർമ്മന്റെ കാലത്ത് കുലശേഖര സാമ്രാജ്യം സന്ദർശിച്ചിരുന്നു. ചൈനയുമായി കുലശേഖരന്മാർ ഇഷ്ടിക വ്യാപാരം നടത്തിയിരുന്നതായി സുലൈമാൻ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ Narayanan, M. G. S. "Perumals of Kerala: Brahmin Oligarchy and Ritual Monarchy—Political and Social Conditions of Kerala Under the Cera Perumals of Makotai (c. AD 800–AD 1124)" Kerala. Calicut University Press. 1996
- ↑ 2.0 2.1 2.2 2.3 2.4 "A Survey of Kerala History - A. Sreedhara Menon - Google Books". Books.google.co.in. Retrieved 2012-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Who Are the Jews of India? - Nathan Katz - Google Books". Books.google.co.in. Retrieved 2012-08-29.