മാസ്റ്റർ അരവിന്ദ് മലയാള സിനിമയിലെ ബാലതാരമായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ത്രിമാന ചലച്ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് അരവിന്ദ് കൂടുതൽ പ്രശസ്തനായത്. ഈ ചിത്രം 1984 ൽ പുറത്തിറങ്ങുകയും ഇന്ത്യയിലാകമാനം ഒരു തരംഗമായി മാറുകയും ചെയ്തു.

മാസ്റ്റർ അരവിന്ദ്
ഓപ്പോൾ എന്ന ചിത്രത്തിൽ മേനകയും അരവിന്ദും
ജനനം
എം.പി. രാംനാഥ്

കേരളം, ഇന്ത്യ
മറ്റ് പേരുകൾമാസ്റ്റർ അരവിന്ദ്
തൊഴിൽബാലനടൻ (1980 - 1984), അഡ്വക്കേറ്റ്
സജീവ കാലം1980–1984

ആദ്യകാല ജീവിതം തിരുത്തുക

എറണാകുളം ജില്ലയിലെ എളമക്കര ഭാരതീയ വിദ്യാഭവനിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എം.പി. രാംനാഥ് എന്ന ബാലനാണ് മാസ്റ്റർ അരവിന്ദ് എന്ന പേരിൽ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ കുട്ടിച്ചാത്തൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നവോദയായുടെ ബാനറിൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തനിൽ മാസ്റ്റർ അരവിന്ദ്‌ (അഡ്വ. രാംനാഥ്), കൊട്ടാരക്കര ശ്രീധരൻ നായർ, ജഗദീഷ്, ദലീപ്‌ താഹിൽ, ബേബി സോണിയ, മാസ്റ്റർ സുരേഷ്‌, മാസ്റ്റർ മുകേഷ്‌ എന്നിവരായിരുന്നു മറ്റു താരങ്ങൾ. 1997ൽ ഏതാനും ചില കൂട്ടിച്ചേർക്കലുകളോടെ ‘ചോട്ടാ ചേത്തൻ’ എന്നപേരിൽ ഹിന്ദിയിലും 2010 ൽ ‘ചുട്ടി ചാത്തൻ’ എന്ന പേരിൽ തമിഴിലും 2010 ൽ റിലീസ് ചെയ്തിരുന്നു.[1]



മാസ്റ്റർ അരവിന്ദ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഓപ്പോൾ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടുവാൻ സാധിച്ചു.[2] രണ്ടാമത്തെ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനു ശേഷം കളിയിൽ അൽപ്പം കാര്യം എന്ന സത്യൻ അന്തിക്കാടിൻറെ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇതിനു ശേഷം അരവിന്ദ് മറ്റു ചിത്രങ്ങളുടെ കരാറുകളിലൊന്നിലും ഒപ്പിടുകയുണ്ടായില്ല. 1984 ൽ മികച്ച ബാലതാരത്തിനുള്ള രണ്ടാമത്തെ ദേശീയ അവാർഡ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ അഭിനയത്തിന് മറ്റ് മൂന്നുപേരുമായി (മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ്, ബേബി സോണിയ) പങ്കുവച്ചു. മദ്രാസ് ലയോള കോളജിലാണ് വിദ്യാഭ്യാസം ചെയ്തത്. ഇവിടെ നിന്നു ബിരുദം നേടിയശേഷം എറണാകുളം ലോ കോളജിൽ നിയമ പഠനം പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു.

അവലംബം തിരുത്തുക

  1. "സ്റ്റാൻലി കുബ്രിക്കുമായി 'മൈ ഡിയർ കുട്ടിച്ചാത്തന്റെ' ബന്ധം; ഇന്ത്യ കണ്ട ആദ്യ ത്രിമാന ചലച്ചിത്രത്തിന്റെ കഥ".
  2. Ojha, Rajendra (1998). Screen World Publication presents National film award winners: 1953-1997. Screen World Publication. p. 148.
"https://ml.wikipedia.org/w/index.php?title=മാസ്റ്റർ_അരവിന്ദ്&oldid=3484218" എന്ന താളിൽനിന്ന് ശേഖരിച്ചത്