മമ്പുറം മഖാം

(തറമ്മൽ ജാറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രശസ്തമായ മുസ്‌ലിം തീർഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മമ്പുറം തങ്ങൾ തറമ്മൽ തങ്ങൾമാർ എന്നീപേരുകളിൽ പ്രസിദ്ധരായ യമനി സാദാത്തുമാരുടെ കുടുംബാംഗങ്ങളാണ് ഇവിടം മറമാടപ്പെട്ടിട്ടുള്ളത്. സയ്യിദ് ഹസ്സൻ ജിഫ്രി (....-1767) സയ്യിദ് അലവി (1753-1844) എന്നിവരാണ് ഇവിടം അന്ത്യവിശ്രമം കൊള്ളുന്നവരിൽ പ്രധാനികൾ.. ആത്മീയനായകൻ, സമുദായ നേതാവ്, മതപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തമായിരുന്ന സയ്യിദ് അലവി സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു.[1] ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയ അലവി തങ്ങൾ 17-ാം വയസ്സിലാണ് കോഴിക്കോട്ടെത്തുന്നത് . പിന്നീട് മമ്പുറത്ത് താമസമാക്കിയതിനെ തുടർ ന്നാണ് മമ്പുറം തങ്ങൾ എന്ന പേരിൽ അദ്ദേഹം പ്രശസ്തനാകുന്നത് . [2] യമനിലെ തരീമിൽ ജനിച്ച അദ്ദേഹത്തിന്റെ കുടുംബവേരുകൾ പ്രവാചകപുത്രി ഫാത്തിമയിൽ സന്ധിക്കുന്നതായി പറയപ്പെടുന്നു.[3] കേരളത്തിലെ ഏറ്റവും തിരക്കുള്ള മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മമ്പുറം മഖാം. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനുപേർ ദിവസവും ഇവിടെ എത്തുന്നു.[4] സന്ദർശകർക്ക് ആത്മീയ ചൈതന്യം പകരുന്നതോടൊപ്പം കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന ചരിത്രഭൂമികൂടിയാണ് മമ്പുറം.

മമ്പുറം മഖാം
അടിസ്ഥാന വിവരങ്ങൾ
തരംകുടീരം
വാസ്തുശൈലികേരളീയ തച്ചുശാസ്ത്രം
സ്ഥാനംമമ്പുറം, മലപ്പുറം
നിർദ്ദേശാങ്കം11°02′44.0″N 75°55′8.0″E / 11.045556°N 75.918889°E / 11.045556; 75.918889
പദ്ധതി തുടക്കംക്കുറിച്ച ദിവസം1764 -65
നിർമ്മാണം ആരംഭിച്ച ദിവസം1764 -65
നവീകരിച്ചത്1769-70, 1795-800, 1877-82
വെബ്സൈറ്റ്
http://www.mampurammaqam.com

ചരിത്രം

തിരുത്തുക
 
മമ്പുറം മഖാമിലേക്കുള്ള ആദ്യ കാല കടവ് വഴി

യമനിലെ ഖാദിരിയ്യ - ബാ അലവിയ്യ സൂഫി ആചാര്യൻ ഹസ്സൻ ജിഫ്രി മത പ്രചരണാർത്ഥം മമ്പുറത്ത് താമസം ആരംഭിച്ചതോടു കൂടിയാണ് ആത്മീയ കേന്ദ്രമെന്ന നിലയിൽ മമ്പുറം ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ആദ്യ കാലങ്ങളിൽ ഹസ്സൻ ജിഫ്രിയെ കാണാനായി അദ്ദേഹം പണിത സാവിയ ലക്ഷ്യമാക്കിയായിരുന്നു തീർത്ഥാടകർ എത്തി തുടങ്ങിയത്.[5] ഹസ്സൻ ജിഫ്രിയുടെ മരണ ശേഷം മമ്പുറത്തെത്തി സാവിയ ഏറ്റെടുത്ത അനന്തരവനും, സൂഫി ആചാര്യനുമായ സയ്യിദ് അലവി എന്ന മമ്പുറം തങ്ങളാണ് ഹസ്സൻ ജിഫ്രിയുടെ കല്ലറയ്ക്കു മുകളിൽ കുടീരം പണിഞ്ഞു വികസിപ്പിക്കുന്നത്. ഓല മേഞ്ഞു പണിതിരുന്ന കല്ലറ തറമ്മൽ മഖാം എന്ന സ്മൃതി മണ്ഡപമായി പ്രസിദ്ധിയാർജ്ജിച്ചു .[6]. ഹസ്സൻ ജിഫ്രിയുടെ മഖ്ബറ സന്ദർശിക്കാനും, സയ്യിദ് അലവി നേതൃത്വം നൽകുന്ന ഹൽഖകളിൽ പങ്കെടുക്കാനും അക്കാലത്ത് തന്നെ തീർത്ഥാടക പ്രവാഹം ഉണ്ടായിരുന്നു. [7] സയ്യിദ് അലവിയുടെ കാലത്ത് തന്നെ അലവിയുടെ ആശീർവാദത്തോടെ കറാച്ചിക്കാരനായ വ്യാപാരി ഒരിക്കൽ കൂടി മഖാം നവീകരണം നടത്തിയിട്ടുണ്ട്.

മമ്പുറം സയ്യിദ് അലവിയുടെ മരണ ശേഷം ഹസ്സൻ ജിഫ്രിയുടെ കല്ലറയ്ക്കരികെ അദ്ദേഹത്തെയും അടക്കം ചെയ്തു. മകൻ സയ്യിദ് ഫസലായിരുന്നു അക്കാലങ്ങളിൽ മഖാം അധികാരി. ഫസലിനെയും കുടുംബത്തെയും ബ്രിട്ടീഷുകാർ മെക്കയിലേക്കു നാട് കടത്തിയപ്പോൾ സഹോദരി ശരീഫ കുഞ്ഞിബീവിയുടെ ഭർത്താവ് അലവി ജിഫ്രിക്കും, പിതൃവ്യ പുത്രനായ മുഹമ്മദ് അലി മൗലദ്ദവീലക്കുമായി മഖാമിൻറെയും, പള്ളിയുടെയും ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടാണ് സയ്യിദ് ഫസൽ യാത്ര തിരിച്ചത്. ഇവർക്ക് ശേഷം സയ്യിദ് അലവിയുടെ പൗത്രനായ അബ്ദുല്ല ജിഫ്രി പരിപാലന ചുമതല ഏറ്റെടുത്തു. മഖാമും പള്ളിയും മനോഹരമാക്കി പണിതത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന് ശേഷം താവഴിയായി അധികാരം കൈമാറിവന്നു. 1998 ഇൽ മുക്ത്യാർ അവകാശമുള്ള അവകാശികൾ ജിഫ്രി കുടുംബം മഖാമിൻറെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ദാറുൽ ഹുദാ മാനേജ്മെന്റിനു കൈമാറി. ദാറുൽ ഹുദയുടെ കീഴിൽ മഖാമിലെ നവീകരണ പ്രവർത്തികൾ നടന്നു വരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കരിമ്പട്ടികയിൽ പെട്ടതായിരുന്നു ഈ മഖാമും ദർഗ്ഗയും. സയ്യിദ് അലവിയും, സയ്യിദ് ഫസലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് ഈ മഖാം കേന്ദ്രമാക്കിയായിരുന്നു. മലപ്പുറം, മുട്ടുചിറ. പുല്ലാര, ചേറൂർ ,ഓമാനൂർ തുടങ്ങി 1790 - 1921 കാലഘട്ടത്തിൽ ഉണ്ടായ എല്ലാ ലഹളകൾക്കു മുൻപ് മാപ്പിള പോരാളികൾ ഇവിടം സന്ദർശിച്ചു അനുഗ്രഹം തേടിയിരുന്നു. 1850 ഉകളിൽ മമ്പുറം മഖാം അടക്കമുള്ള ശവകുടീരങ്ങൾ അടിച്ചു നിരത്തി ഭൗതികാവശിഷ്ടങ്ങൾ നാടുകടത്തി തകർക്കപ്പെട്ട ജാറങ്ങളുടെ സ്ഥാനത്ത് കൃഷി നടത്തുക എന്ന തീരുമാനം മലബാറിലെ ബ്രിട്ടീഷ് അധികാരികൾ ഗവർണ്ണറുടെ മുൻപാകെ സമർപ്പിച്ചുവെങ്കിലും ഉണ്ടായേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഭയന്ന ഗവർണ്ണർ തീരുമാനം മരവിപ്പിക്കുകയായിരുന്നു. [8] ചെമ്പൻ പോക്കർ , അത്തൻ കുരിക്കൾ , ഉമർ ഖാളി, ഔക്കോയ മുസ്ലിയാർ, ഖുസ്സയ് ഹാജി, ആലി മുസ്ലിയാർ, വാരിയൻ കുന്നൻ, പാങ്ങിൽ അഹ്മദ് എന്നീ ബ്രിട്ടീഷ് വിരുദ്ധരൊക്കെ ഈ മഖാമുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചിരുന്നു. സർക്കാർ വിരുദ്ധ ലഹളകൾക്കിറങ്ങും മുൻപ് മാപ്പിളമാർ ഈ മഖാമിൽ പോയി അനുഗ്രഹം തേടാറുണ്ടായിരുന്നു. വെള്ള പട്ടാളം മഖാം തകർത്തുവെന്ന കിംവദന്തിയാണ് മലബാർ കലാപം രക്ത രൂക്ഷിതമാക്കി മാറ്റിയതിനു പ്രധാന കാരണങ്ങളിലൊന്ന്. ഈ കാരണങ്ങളൊക്കെ കൊണ്ട് മഖാമിലേക്കുള്ള തീർത്ഥാടനം പല നിലയ്ക്കും തടസ്സപ്പെടുത്താൻ ബ്രിട്ടീഷ് അധികാരികൾ ശ്രമിച്ചിരുന്നു. മാപ്പിളമാരോടൊപ്പം കീഴ് ജാതികളും തങ്ങളുടെ രക്ഷകരായാണ് ഹസ്സൻ ജിഫ്രിയെയും, സയ്യിദ് അലവിയെയും നോക്കി കണ്ടിരുന്നത്. ആയതിനാൽ കീഴ്ജാതികളിൽ പെട്ട വിഭാഗങ്ങളുടെയും തീർത്ഥാടന കേന്ദ്രമാണിവിടം. [9]

ആണ്ട് നേർച്ച

തിരുത്തുക

വർഷം തോറും ഇവിടെ തങ്ങന്മാരുടെ ആണ്ട് നേർച്ച നടക്കാറുണ്ട്. ഉറൂസ് എന്നാണ് ഇതറിയപ്പെടുന്നത്.പള്ളിയിൽ നടത്തിവരുന്ന ആണ്ടുനേർച്ചയിൽ പങ്കെടുക്കാനായി വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരാറുണ്ട് [10] സയ്യിദ് അലവിയുടെ കാർമ്മികതത്വത്തിൽ ഹസ്സൻ ജിഫ്രി യുടെ പേരിലായിരുന്നു ആദ്യ കാലങ്ങളിലെ മമ്പുറം നേർച്ച. മഖ്ബറ സിയാറത്ത് , സ്വലാത്ത് ഹൽഖ , മൗലീദ് , ഖതം ദുആ എന്നിങ്ങനെയായിരുന്നു നേർച്ച പരിപാടികൾ . സയ്യിദ് അലവിയുടെ മരണ ശേഷം ആദ്ദേഹത്തിൻറെ ആണ്ടുമായി ബന്ധപ്പെട്ട് സയ്യിദ് ഫസൽ ആരംഭിച്ചതാണ് മമ്പുറം ആണ്ട് നേർച്ച എന്ന പേരിൽ ഇന്നറിയപ്പെടുന്ന പ്രസിദ്ധമായ ഉറൂസ് എല്ലാ വർഷവും മുഹറം ഒന്നു മുതൽ ഏഴുവരെയാണ് ഇത് നടക്കാറുള്ളത്. ഖത്തം ദുആ, മൗലിദ് പാരായണം, മത പ്രഭാഷണം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.[11]ചന്ദ്ര വർഷം ശഹബാൻ മാസത്തിലാണ് ഹസ്സൻ ജിഫ്രിയുടെ ആണ്ട് നേർച്ച. ഹസ്സൻ ജിഫ്രിയുടെ പേരിൽ സയ്യിദ് അലവി തുടക്കം കുറിച്ച സ്വലാത്ത് ഹൽഖ എല്ലാ വെള്ളിയാഴ്ച്ച രാവുകളിലും മുടക്കം കൂടാതെ നടത്തി പോരുന്നു. ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെ മാനേജിങ് കമ്മിറ്റിക്കു കീഴിലാണ് നേർച്ചയും അനുബന്ധ ചടങ്ങുകളും നടക്കാറുള്ളത്. [12]

അടക്കം ചെയ്യപ്പെട്ടവർ

തിരുത്തുക
  • സയ്യിദ്ഹസ്സൻ ബിൻ അലവി ജിഫ്രി
  • സയ്യിദ് അലവി മൗലദ്ദവീല
  • സയ്യിദ ഫാത്തിമ ജിഫ്രി
  • സയ്യിദ് ശരീഫ അലവിയ്യ
  • സയ്യിദ് മുഹമ്മദ് മൗലദ്ദവീല
  • ആയിശ മലബാരിയ്യ
  • അബ്ദുല്ല ജിഫ്രി
  • സ്വാലിഹ തിമോരിയ്യ
  • സയ്യിദ ഫാത്വിമ മദനി
  • സയ്യിദ് അലി ബിൻ മുഹമ്മദ് മൗലദ്ദവീല
  • സയ്യിദ മൈമൂന ഉമ്മുഹാനി
  • സയ്യിദ് അലവിയുടെ ജാമാതാവ് (മകൾ ഫാത്വിമയുടെ ഭർത്താവ്)

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

ദേശീയപാത 17ൽ മലപ്പുറം ജില്ലയിൽ കോഴിക്കോട് സർവകലാശാലയ്ക്കും കോട്ടയ്ക്കലിനുമിടയിൽ കക്കാട് ജംഗ്ക്ഷനിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ മൂന്നു കിലോമീറ്റർ യാത്രചെയ്താൻ മമ്പുറത്തെത്താം. കോഴിക്കോട്ടുനിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. അടുത്തുള്ള റെയിൽവെ സ്റ്റേഷൻ പരപ്പനങ്ങാടിയാണ് .ഇവിടെ നിന്ന് ഏഴു കിലോമീറ്റർ ദൂരം. ഇവിടെ നിന്ന് തിരൂർ റയിൽവേ സ്‌റ്റേഷനിലേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണെങ്കിൽ 15 കിലോമീറ്റർ.[13]

  1. "മനോരമ പത്രം ഓൺലൈൻ 2015 സപ്തം 14". Archived from the original on 2016-03-04. Retrieved 2021-08-16.
  2. [1][പ്രവർത്തിക്കാത്ത കണ്ണി]മാതൃഭൂമി ദിനപത്രം-ശേഖരിച്ചത് സപ്തം 15 - 2015
  3. K.K. Muhamed Abdul Kareem, Sayyid alawi Tangal
  4. [2][പ്രവർത്തിക്കാത്ത കണ്ണി]മാതൃഭൂമി ദിനപത്രം-ശേഖരിച്ചത് സപ്തം 15 - 2015
  5. K.N. Panikkar, Aqainst Lord and State Reliqion andPeasant Uprisinqs in Malabar, 1836-1921, New Delhi, $anadianhistorian S.# 9ayel says in his boo& Mappilas of Malabar2 1932, p.61.
  6. W.Logan, Malabar Mannual, Vol.11,
  7. ആത്മീയതയും പോരാട്ടവീര്യവും ഒന്നിക്കുന്ന മമ്പുറം മഖാം/ മാതൃഭൂമി ദിനപത്രം / ശേഖരിച്ചത് 16 Feb 2015
  8. w logan's malabr manual 573 -74 pages
  9. S.F. Dale, The Mappilas of Malabar 1498-1922
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-04. Retrieved 2015-09-15.
  11. "മനോരമ പത്രം ഓൺലൈൻ 2015 സപ്തം 14". Archived from the original on 2016-03-04. Retrieved 2021-08-16.
  12. -റമസാൻ വിശുദ്ധിയിൽ മമ്പുറം മഖാം സ്വലാത്തിന് വിശ്വാസി പ്രവാഹം / മനോരമ ചുറ്റുവട്ടം / ശേഖരിച്ചത്Thursday 22 June 2017
  13. "മനോരമ പത്രം ഓൺലൈൻ 2015 സപ്തം 14". Archived from the original on 2016-03-04. Retrieved 2021-08-16.
"https://ml.wikipedia.org/w/index.php?title=മമ്പുറം_മഖാം&oldid=3835477" എന്ന താളിൽനിന്ന് ശേഖരിച്ചത്