ഭീമൻ രഘു
മലയാളചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനാണ് ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിനു 'ഭീമൻ രഘു' എന്ന പേരു വന്നത്.[1] വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പുതിയ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.
ഭീമൻ രഘു | |
---|---|
ജനനം | രഘു ദാമോദരൻ 6 ഒക്ടോബർ 1953 |
തൊഴിൽ | നടൻ, പോലീസ് ഓഫീസർ , രാഷ്ട്രീയക്കാരൻ |
സജീവ കാലം | 1976–ഇതുവരെ |
ഉയരം | 5 ft 8 in (173 cm) |
ജീവിതപങ്കാളി(കൾ) | സുധ (m. 1978) |
കുട്ടികൾ | രാധിക, രഞ്ജിത്, രേവതി |
മാതാപിതാക്ക(ൾ) | കെ.പി. ദാമോദരൻ നായർ തങ്കമ്മ |
ജീവിതരേഖ
തിരുത്തുക1953 ഒക്ടോബർ 6-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന കെ.പി.ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനായി ജനനം. നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന പോലീസിൽ ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എസ്. ഐ ആയി ജോലി ചെയ്യുമ്പോൾ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലായി. മധുവിന്റെ നിർബന്ധപ്രകാരം പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിൽ രഘു ഒരു വേഷം ചെയ്തു. വിമാനത്താവളത്തിൽ വെച്ചു തന്നെയാണ് സംവിധായകൻ ഹസനെയും അദ്ദേഹം പരിചയപ്പെടുന്നത്. 1983-ൽ രഘുവിനെ നായകനാക്കി ഹസൻ ഭീമൻ എന്ന ചിത്രമൊരുക്കി. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി. പ്രമുഖ നടന്മാർ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലൻ റോളുകൾ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ 'ക്വിന്റൽ വർക്കി' എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയിൽ മറ്റൊരു വഴിത്തിരിവായിരുന്നു.
ഇതിനിടെ ഡി.വൈ.എസ്.പി. റാങ്കിൽ നിൽക്കുമ്പോൾ അദ്ദേഹം പോലീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.
- കുടുംബം
സുധയാണ് ഭാര്യ. രാധിക, രഞ്ജിത്, രേവതി എന്നിവർ മക്കളാണ്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഭീമൻ രഘു