ബൽരാജ് സാഹ്നി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി (1 മേയ് 1913 – 13 ഏപ്രിൽ 1973). യുധിഷ്ഠിർ സാഹ്നി എന്നായിരുന്നു യഥാർത്ഥ പേര്. 125ൽപരം സിനിമകളിൽ അഭിനയിച്ചു. 1969 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ബൽരാജ് സാഹ്നി
Balraj Sahni in Garm Hava (1973)
ജനനം
Yudhishthir Sahni

(1913-05-01)1 മേയ് 1913
മരണം13 ഏപ്രിൽ 1973(1973-04-13) (പ്രായം 59)
തൊഴിൽനടൻ, എഴുത്തുകാരൻ
സജീവ കാലം1946–1973 (his death)
ജീവിതപങ്കാളി(കൾ)ദമയന്തി സാഹ്നി

ജീവിതരേഖ

തിരുത്തുക

അവിഭക്ത ഇന്ത്യയിലെ റാവൽപിണ്ടിയിൽ ജനിച്ച അദ്ദേഹം ലാഹോറിലെ ഗവൺമെന്റ് കോളേജിലാണ് പഠിച്ചത്. ഇംഗ്ലീഷിൽ ബിരുദാന്ദര ബിരുദം നേടിയ അദ്ദേഹത്തിന് പത്രപ്രവർത്തകനാകാനായിരുന്നു ആഗ്രഹം.[1] ടാഗോറിന്റെ ശാന്തിനികേതനിൽ സാഹ്നിയും ഭാര്യയും അധ്യാപകരായി.[2] ഗാന്ധിജിയോടൊപ്പം വാർധയിലെ സേവാഗ്രാമത്തിലും കുറച്ചു നാൾ കഴിഞ്ഞു. 1940- 44 ൽ ബി.ബി.സിയിലെ ഹിന്ദി റേഡിയോ ജേർണലിസ്റ്റും സ്ക്രിപ്റ്റ് റൈറ്ററുമായി പ്രവർത്തിക്കാൻ ലണ്ടനിലേക്ക് പോയി. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരുമായി അടുത്തു പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷം ഭാര്യ ദമയന്തിയോടൊപ്പം അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ(അവിഭക്ത സി.പി.ഐയിൽ) ചേർന്നു. എ.ഐ.വൈ.എഫിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.

 
ബൽരാജ് സാഹ്നി ഭാര്യ ദമയന്തിയോടൊപ്പം, 1936.

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ഇപ്റ്റയുടെ തെരുവു നാടകങ്ങൾ അവതരിപ്പിച്ചു ബംഗാൾ ക്ഷാമത്തിന്നിരയായവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. കലാരൂപങ്ങളിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെ, രാഷ്ട്രീയ അവബോധം പരത്തുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിച്ചു. ഇൻസാഫ് എന്ന സിനിമയിൽ അഭനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം കെ.എ. അബ്ബാസിന്റെ ദൂർ ചൽ, ബിമൽ റോയിയുടെ ദോ ബിഗാ സമേൻ എന്ന ചിത്രത്തിലൂടെയും ഉജ്ജ്വലമായ അഭിനയം കാഴ്ച വച്ചു. ദോ ബിഗാ സമേൻ കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം നേടുകയും ചെയ്തു. ടാഗോറിന്റെ കാബൂളിവാലയിലെ അഭിനയം അദ്ദേഹത്തിന് നിരവധി ആരാധകരെ സൃഷ്ടിച്ചു. പത്മിനി, നൂതൻ, മീനാകുമാരി, വൈജയന്തിമാല, നർഗീസ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളെല്ലാം അദ്ദേഹത്തിന്റെ നായികമാരായി അഭിനയിച്ചിരുന്നു. ഗരം ഹവ"" എന്ന സിനിമയിലാണ് ആദ്ദേഹം അവസാനമായി അഭിനയിച്ചത്.

എഴുത്തുകാരനെന്ന നിലയിലും സാഹ്നി ശോഭിച്ചു. ആദ്യ കാല രചനകൾ ഇംഗ്ലീഷിലായിരുന്നെങ്കിലും പിന്നീട് പഞ്ചാബിയിലും എഴുതി.[3] 1960 ൽ പാകിസ്താൻ സന്ദർശനത്തിനു ശേഷം 'മേരി പാകിസ്താനി സഫർ' എന്ന പുസ്തകമെഴുതി. റഷ്യൻ സന്ദർശനത്തിനു ശേഷമെഴുതിയ 'മേരി റുസി സഫർനാമ' സോവിയറ്റ് ലാന്റ് അവാർഡിനർഹമായി. മേരി ഫിലിമി ആത്മകഥ എന്ന പേരിൽ ആത്മകഥയുമെഴുതി.

ഭാര്യ ദമയന്തി ദേവിയായിരുന്നു അദ്ദേഹത്തിന്റെ ഗുഡിയ എന്ന ചിത്രത്തിലെ നായിക. പൊതുരംഗങ്ങളിൽ അദ്ദേഹത്തോടൊപ്പം തോൾ ചേർന്നു പ്രവർത്തിച്ചിരുന്ന അവർ 1947 ൽ അന്തരിച്ചു. പിന്നീട് ബന്ധുവായ സന്തോഷ് ചന്ദോക്കിനെ വിവാഹം ചെയ്തു. മകൻ പരീക്ഷിത് സാഹ്നി ചലച്ചിത്രപ്രവർത്തകനാണ്. പ്രസിദ്ധ നോവലിസ്റ്റ് ഭീഷ്മ സാഹ്നി സഹോദരനാണ്. തന്റെ സിനിമാ വരുമാനത്തിന്റെ ഏറിയ പങ്കും മുംബൈയിലെ ചേരിനിവാസികൾക്കു നൽകുകയും അവരോടൊന്നിച്ചു കഴിയുകയും ചെയ്തു.

സിനിമകൾ

തിരുത്തുക

ബിമൽ റോയ്യുടെ ദോ ബിഘാ സെമീൻ, അമിയോ ചക്രവർത്തിയുടെ സീമ, രാജേന്ദ്ര സിങ്ങ് ബേഡിയുടെ കഥയെ അടിസ്ഥാനപ്പെടുത്തിയ ഗരം കോട്ട്, ഹേമൻ ഗുപ്തയുടെ കാബൂളിവാല, യാഷ് ചോപ്രയുടെ വക്ത് എം എസ് സത്യൂവിന്റെ ഗരം ഹവ തുടങ്ങിയവ.

  • മേരി ഫിലിമി ആത്മകഥ
  • 'മേരി പാകിസ്താനി സഫർ' (പഞ്ചാബി)
  • 'മേരി റുസി സഫർനാമ'(പഞ്ചാബി)
  • കാമി (തൊഴിലാളികൾ)(പഞ്ചാബി)
  • ഏക് സഫർ ഏക് ദസ്തൻ (പഞ്ചാബി)

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (1969)
  • സോവിയറ്റ് ലാന്റ് അവാർഡ്
  1. Stumbling into films by sheer chance The Tribune, 2 September 2001.
  2. Parikshit Sahni turns producer Archived 2012-07-08 at Archive.is Mid Day, 4 May 2006."..My dad came from a literary background and taught English Literature at Shantiniketan. My mom who was doing her Bachelor's degree there, was expecting me then, and was about to give her exams. Tagore told her that I should be called Parikshit as she was giving pariksha, while I was still in her womb.
  3. In Jhang Manghiane, an article by Balraj Sahni Modern Indian Literature an Anthology: Plays and Prose, by K. M. George, Sahitya Akademi. Published by Sahitya Akademi, 1992. ISBN 81-7201-783-9.Page 605.

അധിക വായനയ്ക്ക്

തിരുത്തുക
  • Balraj Sahni: An Intimate Portrait, by Puran Chandra Joshi. Published by Vikas Pub. House, 1974.
  • Balraj, my brother (National biography series), by Bhishma Sahni. National Book Trust, India, 1981.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബൽരാജ്_സാഹ്നി&oldid=4092608" എന്ന താളിൽനിന്ന് ശേഖരിച്ചത്