ബർണാഡിനൊ ടെലസ്യൊ
ഒരു ഇറ്റാലിയൻ തത്ത്വചിന്തകനായിരുന്നു ബർണാഡിനൊ ടെലസ്യൊ. നവോത്ഥാന പ്രതിഭ എന്നു പ്രശസ്തിയാർജിച്ച ഇദ്ദേഹം 1509-ൽ ഇറ്റലിയിലെ കൊസൻസ (Cosenza)യിൽ ജനിച്ചു.
ജീവിതരേഖ
തിരുത്തുകപാദുവ സർവ്വകലാശാലയിൽ ചേർന്നു തത്ത്വശാസ്ത്രം, ഊർജതന്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിച്ചു; 1535-ൽ ഇവിടെനിന്ന് ഇദ്ദേഹത്തിനു ഡോക്ടർ ബിരുദം ലഭിച്ചു. പാദുവയിൽ വച്ച് അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങൾ പഠിക്കുന്നതിനും അവിറോയിസ്റ്റിക് (Aviroistic), അലക്സാൻഡ്രിസ്റ്റ് (Alexandrist) എന്നീ അരിസ്റ്റോട്ടലിയൻ വീക്ഷണരീതികളുമായി ബന്ധപ്പെടുന്നതിനും ഇദ്ദേഹത്തിന് അവസരം സിദ്ധിച്ചു. എന്നാൽ കാലഘട്ടത്തിന്റെ പ്രവണത മനസ്സിലാക്കിയ ടെലസ്യൊ അരിസ്റ്റോട്ടലിയൻ ചിന്തകളിൽ ആകൃഷ്ടനാകാതെ പ്രകൃതിയെ തന്റെ പഠനവിഷയമായി തിരഞ്ഞെടുക്കുകയാണുണ്ടായത്. അരിസ്റ്റോട്ടലിയൻ ചിന്തകളെ ഇദ്ദേഹം ശക്തിയായി വിമർശിക്കുകയും ചെയ്തു. പല മാർപാപ്പമാരുമായും ഇദ്ദേഹം മൈത്രീബന്ധം പുലർത്തിയിരുന്നു. ഗ്രിഗോറി XIII-ആമൻ മാർപാപ്പ ആശയപ്രചാരണത്തിനായി ഇദ്ദേഹത്തെ റോമിലേക്ക് ക്ഷണിച്ചത് അക്കാലത്തെ വലിയൊരു അംഗീകാരമായി കരുതപ്പെടുന്നു.
പ്രകൃതി തത്ത്വങ്ങൾ
തിരുത്തുക1586-ൽ പ്രസിദ്ധീകരിച്ച ഓൺ ദി നേച്ചർ ഒഫ് തിങ്സ് അക്കോർഡിംഗ് റ്റു ദെയ്ർ പ്രിൻസിപ്പിൾസ് എന്ന കൃതിയിലാണ് ടെലസ്യൊയുടെ ആശയങ്ങൾ പ്രധാനമായും അടങ്ങിയിട്ടുള്ളത്. അരിസ്റ്റോട്ടലിയന്മാർ ചെയ്തിട്ടുള്ളതുപോലെ മുൻവിധിയോടുകൂടി ആവിഷ്കരിച്ചിട്ടുള്ള അമൂർത്തമായ ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രകൃതിയെ വീക്ഷിക്കേണ്ടതെന്നും, മറിച്ച് പ്രത്യക്ഷജ്ഞാനത്തിലൂടെ വേണം അതു നിർവഹിക്കേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ പ്രകൃതി തത്ത്വങ്ങൾ അനുസരിച്ചു തന്നെ പഠിക്കണമെന്നും ദ്രവ്യവും രണ്ടു സജീവ ശക്തികളായ ചൂടും തണുപ്പും ഉൾപ്പെട്ടതാണ് പ്രകൃതിയെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു.
ടെലസ്യൊയുടെ ചില പ്രധാന വീക്ഷണങ്ങൾ
തിരുത്തുക- എല്ലാ ഭൗതിക മാറ്റങ്ങൾക്കും അടിസ്ഥാനം ദ്രവ്യമാണ്.
- അടിസ്ഥാനപരമായി ഇത് എല്ലായിടത്തും ഒന്നുതന്നെയാണ്.
- ദ്രവ്യം മൂർത്തവും യഥാർഥവുമാണ്. അതിനാൽ പഞ്ചേന്ദ്രിയങ്ങൾക്ക് അതിനെ നേരിട്ടു മനസ്സിലാക്കാൻ സാധിക്കുന്നു.
- ചൂടും തണുപ്പും രണ്ടു വിരുദ്ധ ശക്തികളാണ്.
- ഇവയാണ് പ്രകൃതിദത്തമായിട്ടുള്ള എല്ലാവിധ സംഭവങ്ങൾക്കും ഹേതുവായി വർത്തിക്കുന്നത്.
- ആകാശം ചൂടിനെയും, ഭൂമി തണുപ്പിനെയും പ്രതിനിധീകരിക്കുന്നു.
- സസ്യങ്ങളിലും ജന്തുക്കളിലും ജീവന്റെ സ്രോതസ്സാകുന്നത് ചൂടാണ്.
- എല്ലാവിധ ജൈവ പ്രവർത്തനങ്ങൾക്കും മനുഷ്യന്റെ ചില ഹീനമായ മാനസിക പ്രവർത്തനങ്ങൾക്കും കാരണമാകുന്നതും ചൂടു തന്നെയാണ്.
- താപത്തിൽ നിന്ന് ശരീരം ഉദ്ഭവിക്കുമ്പോൾ അതിനോടൊപ്പം തന്നെ അതിസൂക്ഷ്മമായ ചേതന' (spirit)യും ഉണ്ടാകുന്നു. *മനുഷ്യരുടെയും മൃഗങ്ങളുടെയും മസ്തിഷ്കത്തിലാണ് ഈ ചേതന സ്ഥിതിചെയ്യുന്നത്.
- ഇന്ദ്രിയാനുഭൂതികളെ മുൻകൂട്ടി പ്രതീക്ഷിക്കുകയും സ്വീകരിക്കുകയുമാണ് ചേതനയുടെ കർത്തവ്യം.
ശരീരത്തിനും ചേതനയ്ക്കുംപുറമേ മെൻസ് (mens) അഥവാ അനിമാ സൂപ്പർ അഡിറ്റ (anima super addita) എന്ന ഒരു പ്രതിഭാസത്തെയും ദൈവം സൃഷ്ടിച്ചു മനുഷ്യനു നൽകിയിട്ടുണ്ട്; ഇതിന്റെ സാന്നിധ്യം ശരീരത്തെയും മനസ്സിനെയും ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്ലേറ്റോണിക് - അഗസ്റ്റീനിയൻ പാരമ്പര്യത്തിലെ ആത്മാവിനു സമാനമായിട്ടാണ് ടെലസ്യൊ മെൻസ്' എന്ന സങ്കല്പനം ആവിഷ്ക്കരിച്ചിട്ടുള്ളത്. സ്വയം സംരക്ഷണത്തിനുള്ള വാസന ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളിലും അടങ്ങിയിട്ടുണ്ട്. എന്നാൽ മനുഷ്യൻ ഇതിനു പുറമേ ദൈവവുമായി ഒത്തുചേർന്നു പരമമായിട്ടുള്ളതിനെ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നു.
ദൈവം ഉണ്ട്
തിരുത്തുകദൈവം ഉണ്ട് എന്നു തെളിയിക്കാനായി ടെലസ്യൊ പ്രത്യേക വാദമുഖങ്ങൾ ഒന്നും അവതരിപ്പിച്ചിട്ടില്ല. പ്രപഞ്ചത്തിൽ കാണുന്ന അടുക്കും ചിട്ടയും തന്നെയാണ് ദൈവ സാന്നിദ്ധ്യത്തിന്റെ മികച്ച ദൃഷ്ടാന്തം എന്നു ഇദ്ദേഹം കരുതി. ആധുനിക ചിന്തയുടെ തുടക്കം കുറിച്ചത് ടെലസ്യൊയാണെന്നു ഫ്രാൻസിസ് ബേക്കൺ അഭിപ്രായപ്പെട്ടിട്ടുണ്ട്. അരിസ്റ്റോട്ടലിയൻ ചിന്തകൾക്കെതിരെ ആദ്യമായി ശബ്ദം ഉയർത്തിയതും ടെലസ്യൊയാണ്. ഗലീലിയൊ ഗലീലി (Galileo Galilei), തൊമാസൊ കാംപാനെല്ലാ (Tomaso Campanella), ഫ്രാൻസിസ് ബേക്കൺ, തോമസ് ഹോബ്സ് തുടങ്ങിയവർ ടെലിസ്യൊയുടെ ചിന്തകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നൂതന ചിന്താപ്രസ്ഥാനങ്ങൾ വളർത്തിയെടുത്തവരാണ്. 1588 ഒക്ടോബർ 2-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.newadvent.org/cathen/14477a.htm
- http://plato.stanford.edu/entries/telesio/
- http://www.bookrags.com/research/telesio-bernardino-15091588-eoph/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെലസ്യൊ, ബർണാഡിനൊ (1509 - 88) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |