ന്യൂ ഡെവലപ്മെന്റ് ബാങ്ക്

(ബ്രിക്സ് ബാങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീൽ ,റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച ഒരു ബാങ്കാണ് ബ്രിക്സ് വികസന ബാങ്ക് അഥവാ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി.).[1].ആഗോള സമ്പദ് വ്യവസ്ഥയിൽ അമേരിക്ക യുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിലുള്ള ലോകബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കും തുല്യമായി ഒരു ബാങ്കാണ് ബ്രിക്സ് രാജ്യങ്ങൾ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 5000 കോടി ഡോളറിന്റെ ($50 ബില്യൺ ) പ്രാരംഭ മൂലധനവുമായി പ്രവർത്തനമാരംഭിക്കുന്ന ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായ് ആണ്. [2] .ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി ഇന്ത്യയുടെ കെ. വി. കാമത്ത് നിയമിക്കപ്പെട്ടു.അധ്യക്ഷന്റെ കാലാവധി 5 വർഷമാണ്.[3]. 2015 ജൂലൈ 21-ന് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചു. [4]

ബ്രിക്സ് ബാങ്ക് (BRICS Bank)
ന്യൂ ഡെവലപ്മെൻറ് ബാങ്ക്
ചുരുക്കപ്പേര്NDB
രൂപീകരണം15 ജൂലൈ 2014 (2014-07-15)
തരംധനകാര്യ സ്ഥാപനങ്ങൾ
പദവിTreaty
ആസ്ഥാനംഷാങ്ഹായ്, ചൈന
അംഗത്വം
 ബ്രസീൽ
 China
 ഇന്ത്യ
 റഷ്യ
 ദക്ഷിണാഫ്രിക്ക
ഔദ്യോഗിക ഭാഷകൾ
ചൈനീസ്
ഇംഗ്ലീഷ്
പോർച്ചുഗീസ്
റഷ്യൻ
അധ്യക്ഷൻ
കെ. വി. കാമത്ത്  ഇന്ത്യ
മാതൃസംഘടനബ്രിക്സ്

ചരിത്രം

തിരുത്തുക
 
ബ്രസീലിലെ ഫോർട്ടലിസയിൽ നടന്ന ആറാമത് ബ്രിക്സ് സമ്മേളനത്തിൽ വ്ലാദിമിർ പുടിൻ,നരേന്ദ്ര മോദി, ദിൽമ റൂസഫ്, ഷി ജിൻപിങ്, ജേക്കബ് സുമ എന്നിവർ(ഇടത്തുനിന്ന്)

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആഗോള സാമ്പത്തിക സഹകരണത്തിനായി നിലവിൽ വന്ന ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിയന്ത്രണത്തിലായിത്തീർന്നു.[5]. വികസ്വര രാജ്യങ്ങളുടെ വികസനത്തെ ഇത് ദോഷകരമായി ബാധിച്ചു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ സംഘടനകളിൽ പ്രധാനപ്പെട്ട ബ്രിക്സിലെ ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ നാലു രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യങ്ങളാണ്.ലോക ജനസംഖ്യയുടെ 40% വസിക്കുന്നതും ആഗോള മൊത്ത ഉൽപാദനത്തിൻ്റെ 25%വും ബ്രിക്സ് രാജ്യങ്ങളിലാണ്.[5].വികസിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യങ്ങൾക്ക് വലിയ സഹായമൊന്നും ലോകബാങ്കിൽ നിന്നോ ഐ. എം. എഫിൽ നിന്നോ ലഭിച്ചിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിലാണ് സ്വതന്ത്രമായി ഒരു ബാങ്ക് തങ്ങൾക്കും വേണമെന്ന ചിന്ത ബ്രിക്സ് രാജ്യങ്ങൾക്കുണ്ടായത്.2014 ജൂലൈ 15-നു ബ്രസീലിലെ ഫോർട്ടലേസയിൽ നടന്ന 6-മത്തെ ബ്രിക്സ് ഉച്ചകോടിയിൽ വച്ച് ബാങ്കിന്റെ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായി. [1].ഇതുപോലെ 2014-ൽ രൂപീകരിക്കപ്പെട്ട മറ്റൊരു ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്.

ലക്ഷ്യങ്ങൾ

തിരുത്തുക

ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുക എന്നതാണ് ബ്രിക്സ് ബാങ്കിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം. 5000 കോടി ഡോളറാണ് ($50 ബില്യൺ) പ്രാരംഭ മൂലധനം.ഓരോ രാജ്യവും 1000 കോടി ഡോളർ ($10 ബില്യൺ) സംഭാവന ചെയ്യും.[3].അതുകൊണ്ട് തന്നെ എല്ലാ രാജ്യങ്ങൾക്കും തുല്യ അധികാരമാണുള്ളത്.[6].

5000 കോടി ഡോളറിനെ 10000 കോടി ($100 ബില്യൺ) ഡോളറായി ഉയർത്തുകയെന്നതാണ് പ്രാരംഭ ലക്ഷ്യം.ഡോളറും യൂറോയും വൻതോതിൽ സംഭരിച്ചു വയ്ക്കുന്ന സ്ഥിതി മാറ്റി ബ്രിക്സ് രാജ്യങ്ങളിലെ കറൻസി കൂടുതലായി ഉപയോഗിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.[5].

ബാങ്കിന്റെ പ്രാരംഭ മൂലധനമായ 5000 കോടി ഡോളർ അഞ്ചു രാജ്യങ്ങളും തുല്യമായാണ് സംഭാവന ചെയ്യുന്നത്. ഇതിനോടൊപ്പം 10000 കോടി ($100 ബില്യൺ) ഡോളർ പ്രവർത്തന മൂലധനമായി സമാഹരിക്കുന്നുണ്ട്‌. ഇതിൽ അംഗരാജ്യങ്ങളുടെ സംഭാവനകൾ വ്യത്യസ്തമാണ്. ചൈനയാണ് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത്.41 ബില്യൺ (4100 കോടി) ഡോളർ സംഭാവന ചെയ്യുന്ന ചൈനയ്ക്കു 39.5% വോട്ടവകാശവുമുണ്ട്.

ബ്രസീൽ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ 18 ബില്യൺ (1800 കോടി) ഡോളർ വീതം സംഭാവന ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ സംഭാവന 5 ബില്യൺ (500 കോടി) ഡോളറാണ്.[4]

അംഗങ്ങൾ

തിരുത്തുക

2015 ജൂലൈ 1-ലെ സ്ഥിതിയനുസരിച്ച് ആകെ 5 അംഗങ്ങൾ[3].

രാജ്യങ്ങൾ അംഗമായ വർഷം
  ബ്രസീൽ 2014
  ചൈന 2014
  ഇന്ത്യ 2014
  റഷ്യ 2014
  ദക്ഷിണാഫ്രിക്ക 2014

അധ്യക്ഷൻമാരുടെ പട്ടിക

തിരുത്തുക
അധ്യക്ഷൻ (പ്രസിഡന്റ്)
നം. പേര് രാജ്യം കാലഘട്ടം
1. കെ. വി. കാമത്ത്   ഇന്ത്യ 2015 മെയ്- തുടരുന്നു.

ബ്രിക്സ് ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി(പ്രസിഡന്റ്) ഇന്ത്യക്കാരനായ കെ. വി. കാമത്ത് 2015 മേയിൽ നിയമിക്കപ്പെട്ടു.ഇദ്ദേഹം ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മുൻ ചെയർമാനായിരുന്നു.അഞ്ചു വർഷമായിരിക്കും അദ്ധ്യക്ഷന്റെ കാലാവധി.അടുത്ത അധ്യക്ഷൻമാർ യഥാക്രമം ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായിരിക്കും.[3]. പ്രസിഡന്റിനു പുറമെ ബോർഡ് ഓഫ് ഗവർണേഴ്സും ബോർഡ് ഓഫ് ഡയറക്ടേഴ്സും ചേർന്നാണ് ബാങ്കിനെ നിയന്ത്രിക്കുന്നത്.ആദ്യത്തെ ഗവർണർ(മാർ) റഷ്യയിൽ നിന്നും ഡയറക്ടർ(മാർ) ബ്രസീലിൽ നിന്നും നിയമിക്കപ്പെടും.[4]

ഇതും കാണുക

തിരുത്തുക
  1. ലോകബാങ്ക്
  2. ഐ. എം. എഫ്
  3. ബ്രിക്സ്
  4. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
  5. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
  1. 1.0 1.1 "BBC News - Brics nations to create $100bn development bank". 2014-07-15. Archived from the original on 2014-07-15. Retrieved 2015-07-04.
  2. "BRICS Bank to be headquartered in Shanghai, India to hold presidency" Archived 2014-08-12 at the Wayback Machine.. Indiasnaps.com. 16 July 2014
  3. 3.0 3.1 3.2 3.3 'Kamath to head BRICS Bank',(Puja Mehra),The Hindu,Trivandrum,12 May 2015,page number 14
  4. 4.0 4.1 4.2 'New Development Bank of BRICS opens in Shanghai', The Hindu, Trivandrum, 2015-07-22, page-1
  5. 5.0 5.1 5.2 "'ബ്രിക്സ് ബാങ്ക്: പ്രതീക്ഷയും ആശങ്കയും',മാധ്യമം,Retrieved on 4 July 2015". Archived from the original on 2014-07-30. Retrieved 2015-07-04.
  6. Prabhat Patnaik (27 July 2014). "The BRICS Bank". People's Democracy. Archived from the original on 2014-08-06. Retrieved 27 July 2014.