പഴയനിയമത്തിലെ അപ്പോക്രിഫയുടെ ഭാഗമായ സിറാക്കിനെ പിന്തുടർന്ന് എഴുതപ്പെട്ട ഒരു മദ്ധ്യകാലരചനയാണ് ബെൻ സിറായുടെ അക്ഷരമാല. പൊതുവർഷം 700-1000 കാലത്ത് രൂപമെടുത്ത ഈ കൃതിയുടെ കർതൃത്വം അജ്ഞാതമാണ്. സൂത്രാക്ഷരരീതിയിൽ (acrostic) അരമായ-എബ്രായ ഭാഷകളിലുള്ള രണ്ടുകൂട്ടം സുഭാഷിതങ്ങളുടെ സഞ്ചയമാണിത്. എബ്രായഅക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തിനൊപ്പം 22 സുഭാഷിതങ്ങൾ വീതമാണ് ഓരോ സഞ്ചയത്തിലുമുള്ളത്. ഒരോ സുഭാഷിതത്തേയും തുടർന്ന്, ജൂതചരിത്രത്തെയും പാരമ്പര്യത്തേയും ആശ്രയിച്ച്, ഐതിഹ്യങ്ങളും നാടോടിക്കഥകളും ഇടകലർത്തിയ നിരൂപണവും കാണാം.[1]

ജൂതലോകത്തെ ലിലിത്ത് പുരാവൃത്തത്തിന്, ഏറെ പ്രചാരം നേടിയ ഒരു പുതിയ ഭാഷ്യം ഉണ്ടായത് ബെൻ സിറായുടെ അക്ഷരമാലയിലാണ് - ശിശുഘാതകിയായ ലിലിത്തിൽ നിന്നു രക്ഷിക്കാൻ കുഞ്ഞുങ്ങളെ പുണർന്നിരിക്കുന്ന ആദം

സ്വയംഭോഗത്തേയും, അഗമ്യാഗമനത്തേയും, അധോവായുവിനേയും മറ്റും കുറിച്ച് വ്യാജഗൗരവം ഭാവിച്ചുള്ള ചർച്ചകളും, യഹൂദചരിത്രത്തിലെ മഹദ്‌വ്യക്തികളിൽ പലരെക്കുറിച്ചും ബഹുമാനരഹിതമായ പരാമർശങ്ങളും അടങ്ങുന്ന ഈ കൃതി, ഉള്ളടക്കത്തിന്റെ വിചിത്രസ്വഭാവം മൂലം, ആക്ഷേപഹാസ്യരചനയായി പരിഗണിക്കപ്പെടാറുണ്ട്. എങ്കിലും, മദ്ധ്യയുഗങ്ങളിലെ വിഖ്യാതയഹൂദചിന്തകൻ മൈമോനിഡിസിന്റെ വിമർശനം ഏറ്റുവാങ്ങിയിട്ടും, യഹൂദസമൂഹങ്ങളിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസം കുറഞ്ഞ സാമാന്യജനങ്ങൾക്കിടയിൽ, ഇതിനു കാര്യമായ പ്രചാരം ലഭിച്ചു. ലത്തീൻ, യിദ്ദിഷ്, ജൂത-സ്പാനിഷ്, ഫ്രെഞ്ച്, ജർമ്മൻ ഭാഷകളിൽ ഇതിനു പരിഭാഷകളുണ്ട്. 1998-ൽ, ഭാഗികമായ ഒരു ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായി. 'പാരഡി'-യ്ക്ക് പ്രാചീനയഹൂദസാഹിത്യത്തിൽ നിന്നുള്ള ഏറ്റവും പഴയ മാതൃകയെന്ന് ഈ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] വ്യാജ-ജ്ഞാനസാഹിത്യം (Mock Sapiential Literature) എന്ന ജനുസ്സിലാണ് ഇതിനെ പെടുത്തേണ്ടതെന്നും വാദമുണ്ട്.[3]

ഈ കൃതിയുടെ പ്രശസ്തിയും പ്രാധാന്യവും വർദ്ധിപ്പിച്ചത്, പുരാതന മെസപ്പൊട്ടേമിയൻ ലോകത്തുനിന്ന് റബ്ബൈനികയഹൂദത കടംകൊണ്ടിരുന്ന ലിലിത്ത് എന്ന പെൺസത്വത്തിന്റെ കഥക്ക് അതുകൊടുത്ത പുതിയ ഭാഷ്യമാണ്. അതോടെ, പുരാതനലോകത്തെ ദുർദ്ദേവത, ബൈബിൾ ഉല്പത്തിപ്പുസ്തകം അനുസരിച്ചുള്ള സൃഷ്ടികഥയിലെ ആദത്തിനൊപ്പം അയാളെപ്പോലെ കളിമണ്ണിൽ നിന്നു ദൈവം ഉരുവാക്കി ജീവൻ കൊടുത്ത ആദ്യത്തെ സ്ത്രീയായി.

അരമായ സുഭാഷിതങ്ങൾ

തിരുത്തുക

അരമായഭാഷയിലുള്ള സുഭാഷിതങ്ങളാണ്, ഈ കൃതിയുടെ കൂടുതൽ പഴക്കമുള്ള ഭാഗം. അവയിൽ അഞ്ചെണ്ണം, താൽമുദ്-മിദ്രാശിക സാഹിത്യങ്ങളിൽ നിന്നെടുത്തവയാണ്. അരമായ ഭാഷയിലെ സുഭാഷിതങ്ങളോടു ചേർന്നു എബ്രായഭാഷയിൽ കൊടുത്തിരിക്കുന്ന നിരൂപണവും പിൽക്കാലത്തു ചേർത്തതാണ്. അരമായസുഭാഷിതങ്ങളുടെ പരിഭാഷ താഴെകൊടുക്കുന്നു:-

1."ആവശ്യംകാലത്തിനു മുൻപുതന്നെ, വൈദ്യനെ ബഹുമാനിക്കുക."
2."മകനെപ്പോലെ പെരുമാറാത്ത മകൻ, വെള്ളത്തിൽ ഒഴുകിനടക്കട്ടെ"
3."നല്ലതോ ചീത്തയോ എന്നു നോക്കാതെ, കിട്ടുന്ന എല്ലു നുണയുക."
4."സ്വർണ്ണം അടിച്ചുപരത്തണം, കുട്ടിയെ തല്ലണം."
5."നല്ലവനായിരിക്കുക, നന്മയിൽ നിന്റെ പങ്ക് നിരസിക്കാതിരിക്കുക."
6."ദുഷ്ടനു നാശം, അവന്റെ കൂട്ടുകാർക്കും."
7."നിന്റെ അപ്പം വെള്ളത്തിലും കരയിലും എറിയുക, വളരെ നാളുകൾക്കു ശേഷം നീയതു കണ്ടെത്തും."
8."നീയൊരു കറുത്ത കഴുതയെ കണ്ടോ? എങ്കിൽ അത് കറുത്തതോ വെളുത്തതോ ആയിരിക്കില്ല."
9."തിന്മക്കു നന്മ വിളമ്പാതിരിക്കുക; അപ്പോൾ നിനക്കു തിന്മ സംഭവിക്കുകയില്ല."
10."നല്ലതു ചെയ്യുന്നതിൽ നിന്നു നിന്റെ കൈകളെ വിലക്കാതിരിക്കുക."
11."എന്താണു സംഭവിക്കാൻ പോകുന്നതെന്നറിയാതെ, മണവാട്ടി മണവറയിൽ കയറുന്നു."
12."ബുദ്ധിമാൻ ആംഗ്യം കൊണ്ടു മനസ്സിലാക്കും; മൂഢന് അടി കിട്ടണം."
13."വെറുക്കുന്നവരെ ബഹുമാനിക്കുന്നവൻ കഴുതയാണ്."
14."കത്തിത്തുടങ്ങുന്ന തീ, ഒരുപാടു കറ്റകളെ ചുട്ടെരിക്കും."
15."വീട്ടിലുള്ള വൃദ്ധ, വീടിന് ഐശ്വര്യമാണ്."
16."നല്ല ജാമ്യം വസൂലായിക്കിട്ടാൻ നൂറു ദിവസം വേണം; മോശം ജാമ്യത്തിനു നൂറായിരം ദിവസവും."
17."മേശയിൽ നിന്നു പെട്ടെന്നെഴുന്നേറ്റാൽ, തർക്കങ്ങൾ ഒഴിവാക്കാം."
18."നിന്റെ ഇടപാടുകൾ സത്യസന്ധന്മാരുമായി മാത്രമാകട്ടെ."
19."അടുത്തുള്ള മുതൽ ഉടമസ്ഥനു തിന്നാം; അകലെയുള്ള മുതൽ അവനെ തിന്നുന്നു.
20."പഴയ സുഹൃത്തിനെ ഒരിക്കലും തള്ളിപ്പറയരുത്."
21."നിനക്ക് അറുപത് ഉപദേഷ്ടാക്കളുണ്ടെങ്കിലും, സ്വന്തം അഭിപ്രായം ഉപേക്ഷിക്കരുത്."
22."ആദ്യം വയറുനിറഞ്ഞിട്ട് പിന്നെ വിശന്നവൻ നിനക്കു ഹസ്തദാനം ചെയ്യും; ആദ്യം വിശന്നിട്ടു പിന്നെ നിറഞ്ഞവൻ ചെയ്യില്ല."

എബ്രായ സുഭാഷിതങ്ങൾ

തിരുത്തുക

ഗ്രന്ഥത്തിന്റെ ഭാഗമായ 22 എബ്രായസുഭാഷിതങ്ങൾ അരമായസുഭാഷിതങ്ങളിൽ നിന്നു വ്യത്യസ്തവും താരതമ്യേന പഴക്കം കുറഞ്ഞവയുമാണ്. അവയിൽ പകുതി താൽമുദിൽ നിന്നു കടമെടുത്ത്, ബെൻ സിറായെക്കുറിച്ചുള്ള കഥകൾ അവതരിപ്പിക്കാൻ വേണ്ടിമാത്രം ചേർത്തവയാണ്. ജെറമിയാപ്രവാചകനു സ്വന്തം പുത്രിയിൽ ജനിച്ച മകനായാണ് ബെൻസിറായെ ചിത്രീകരിച്ചിരിക്കുന്നത്.[4] ബെൻസിറായുടെ പ്രശസ്തി നെബുക്കദ്നെസ്സർ രാജാവിന്റെ ചെവിയിലെത്തുന്നതും രാജാവ് അദ്ദേഹത്തെ വിളിച്ചുവരുത്തുന്നതും കാണാം. തന്റെ പലതരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള രാജാവിന്റെ ആവശ്യത്തെതുടർന്ന് ബെൻസിറാ 22 കഥകൾ പറയുന്നു. ഈ കഥകളിൽ പലതും ക്രൈസ്തവസാഹിത്യത്തിൽ നിന്നു കടമെടുത്തവയും, മറ്റുചിലതൊക്കെ ഈസോപ്പിനേയും പഞ്ചതന്ത്രത്തേയും ഉപജീവിക്കുന്നവയുമാണ്.

മെസപ്പോട്ടേമിയൻ പുരാവൃത്തങ്ങളിൽ നിന്നു യഹൂദർ സ്വീകരിച്ച് മുന്നേ താൽമുദിന്റെ ഭാഗമായിരുന്ന ലിലിത്ത് എന്ന ദുർദ്ദേവതാസങ്കല്പത്തിന്റെ ഏറെ പ്രചാരം ലഭിച്ച പുത്തൻഭാഷ്യം പ്രത്യക്ഷപ്പെടുന്നത് 'അക്ഷരമാല'-യുടെ ഈ ഭാഗത്താണ്. അക്ഷരമാല" അവളെ, ഹവ്വായ്ക്കും മുൻപ് ആദത്തിനൊപ്പം കളിമണ്ണിൽ മെനഞ്ഞു ദൈവം സൃഷ്ടിച്ച ലോകത്തെ ആദ്യത്തെ പെണ്ണായി ചിത്രീകരിക്കുന്നു. ആദത്തിന്റെ സമസൃഷ്ടിയായി സ്വയം കരുതുകമൂലം അയാൾക്കു കീഴ്‍പ്പെട്ടു ജീവിക്കാൻ വിസമ്മതിച്ച് പറുദീസവിട്ടുപോയ അവൾ, ഗർഭസ്ഥകളെയും നവജാതശിശുക്കളേയും അപായപ്പെടുത്തുന്ന ദുഷ്ടമൂർത്തിയായി പിന്നീടു തരംതാണതായും ചിത്രീകരിച്ചിരിക്കുന്നു.

വിലയിരുത്തൽ

തിരുത്തുക

യഹൂദവിജ്ഞാനകോശം, ബെൻസിറായുടെ അക്ഷരമാലയെക്കുറിച്ചുള്ള ലേഖനം അവസാനിപ്പിക്കുന്നത് ഈ വിലയിരുത്തലിലാണ്:

  1. 1.0 1.1 യഹൂദവിജ്ഞാനകോശം ബെൻ സിറായുടെ അക്ഷരമാല
  2. Literary construction and identity in the ancient world, Proceedings of the ConferenceLiterary Fiction and the Construction of Identity in Ancient Literatures: Options and Limits of Modern Literary Approaches in the Exegesis of Ancient TextsHeidelberg, July 10–13, 2006 - - TELL ME WHO I AM – READING THE ALPHABET OF BEN SIRA, accessed Oct 21 2017
  3. Plurilingual e-journal of literary, religious, historical studies, University of Bologna, Concerning the Early Medieval Hebrew Pseudo-Sirach - The Alphabet of Ben Sira — the Life of Ben Sira and Its Mutually Exclusive Sequels — and Two Early Modern Latin Translations
  4. Jewish Virtual Library, Encyclopedia Judaica, Alphabet of Ben Sira
"https://ml.wikipedia.org/w/index.php?title=ബെൻ_സിറായുടെ_അക്ഷരമാല&oldid=3090555" എന്ന താളിൽനിന്ന് ശേഖരിച്ചത്