ബാലൻ കെ. നായർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(ബാലൻ കെ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)

മലയാളചലച്ചിത്ര രംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ. നായർ (ഏപ്രിൽ 4, 1933ഓഗസ്റ്റ് 26, 2000). 1981-ൽ ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയപുരസ്കാരം ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.

ബാലൻ കെ. നായർ
ജനനം
ബാലകൃഷ്ണൻ നായർ

(1933-04-04)ഏപ്രിൽ 4, 1933
മരണംഓഗസ്റ്റ് 26, 2000(2000-08-26) (പ്രായം 67)
തൊഴിൽനടൻ
ജീവിതപങ്കാളി(കൾ)ശാരദ നായർ
കുട്ടികൾഅനിൽ, മേഘനാദൻ, അജയകുമാർ, ലത, സുജാത[1]
മാതാപിതാക്ക(ൾ)ഇടക്കുളം കരിനാട്ടുവീട്ടിൽ കുട്ടിരാമൻ നായർ, ദേവകിയമ്മ[2]

1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ഷൊർണ്ണൂർ സ്വദേശിനിയായ ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം ഷൊർണ്ണൂരേക്ക് താമസം മാറി.

ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു. നിഴലാട്ടം സിനിമയുടെ സംവിധായകൻ എ. വിൻസെന്റ് ആയിരുന്നു. അഭിനയരംഗത്ത സജീവമാകുന്നതിനുമുമ്പ് അദ്ദേഹം ബോളിവുഡിൽ ദേവാനന്ദിന്റെ സ്റ്റണ്ട് ഡ്യൂപ്പ് ആയിരുന്നു. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981-ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാർഡ് ലഭിച്ചു.

ആറാട്ട്, തച്ചോളി അമ്പു, അങ്ങാടി, തുഷാരം, വളർത്തു മൃഗങ്ങൾ, ഈനാട്, മൂർഖൻ, കോളിളക്കം, ആൾക്കൂട്ടത്തിൽ തനിയെ, 1921, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.

അവസാനകാലത്ത് ഒരുപാടു നാൾ അർബുദരോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26-നു തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് 67 വയസ്സായിരുന്നു അദ്ദേഹത്തിന്.

  1. The Hindu : Balan K. Nair dead
  2. http://cinidiary.com/peopleinfo.php?sletter=B&pigsection=Actor&picata=1

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബാലൻ_കെ._നായർ&oldid=3969837" എന്ന താളിൽനിന്ന് ശേഖരിച്ചത്