സ്പെയിനിലെ അരഗോണിൽ നിന്നുള്ള ഒരു ചിത്രകാരനും ഫലകനിർമ്മാതാവുമായിരുന്നു ഫ്രാൻസിസ്കോ ഗോയ - Francisco José de Goya y Lucientes - (മാർച്ച് 30, 1746 - ഏപ്രിൽ 16, 1828). സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനും ദിനവൃത്താന്തകനുമായിരുന്നു അദ്ദേഹം. പൗരാണിക കലാനായകന്മാരിൽ അവസാനത്തെയാളും ആധുനികരിൽ മുമ്പനും ആയി ഗോയ കണക്കാക്കപ്പെടുന്നു. ഗോയയുടെ കലയിലെ വസ്തുനിഷ്ഠ-വിധ്വംസക സ്വഭാവങ്ങളും നിറങ്ങൾ കൈകാര്യംചെയ്യുന്നതിൽ അദ്ദേഹം കാട്ടിയ ചങ്കൂറ്റവും, പിൽക്കാലകലാകാരന്മാരായ എഡ്വേർഡ് മാനെറ്റ് പാബ്ലോ പിക്കാസോ തുടങ്ങിയവർ മാതൃകയാക്കി[1]

ഫ്രാൻസിസ്കോ ഗോയ

ഗോയ വരച്ച സ്വന്തം ചിത്രം.
ജനനപ്പേര്ഫ്രാൻ‍സിസ്കോ ജോസ് ഡി ഗോയ ലൂസിയന്റെസ്
ജനനം (1746-03-30)മാർച്ച് 30, 1746
ഫ്യൂവെൻഡെറ്റോഡോസ്, സ്പെയിൻ
മരണം ഏപ്രിൽ 16, 1828(1828-04-16) (പ്രായം 82)
ബോർഡോ
പൗരത്വം സ്പാനിഷ്
രംഗം ചിത്രരചന, ഫലകനിർമ്മാണം

ജീവിതരേഖ

തിരുത്തുക

ആദ്യകാലം

തിരുത്തുക

സ്പെയിനിലെ അരഗോൺ പ്രവിശ്യയിലെ ഫ്യൂവെൻഡെറ്റോഡോസ് എന്ന സ്ഥലത്ത് ജോസ് ബെനിറ്റോ ഗോയ, ഗാർസിയ ലൂസിയെന്റെസ് എന്നിവരുടെ മകനായാണ് ഗോയ ജനിച്ചത്. ബാല്യം കഴിച്ചത് ഫ്യൂവെൻഡെറ്റോഡോസിലാണ്. ആഭരണങ്ങളിലും പ്രതിമകളിലും മറ്റും സ്വർണ്ണം പൂശുന്ന ജോലിയായിരുന്നു പിതാവിന്റേത്. 1749-ൽ കുടുംബം സരഗോസ എന്ന സ്ഥലത്ത് ഒരു പുതിയ വീടുവാങ്ങുകയും ഏതാനും വർഷങ്ങൾക്കുശേഷം അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. എസ്കുലാസ് പിയസിലായിരുന്നു ഗോയയുടെ സ്കൂൾ വിദ്യാഭ്യാസം. അവിടെ അദ്ദേഹം മാർട്ടിൻ സപാറ്റർ എന്നയാളുമായി അടുത്ത സൗഹൃദത്തിലായി. വർഷങ്ങളിലൂടെ അവർ കൈമാറിയ കത്തുകൾ പിൽക്കാലത്ത് ഗോയയുടെ ജീവചരിത്രകാരന്മാർക്ക് വിലപ്പെട്ട രേഖകളായി. പതിനാലാമത്തെ വയസ്സിൽ ഗോയ പ്രഖ്യാത ചിത്രകാരനായ ജൊസ് ലുയന്റെ(Jose Lujan) കീഴിൽ തൊഴിൽ പരിശീലനത്തിനുചേർന്നു.

തുടർന്ന് അദ്ദേഹം മാഡ്രിഡിലേക്ക് പോയി. അവിടെ സ്പെയിനിലെ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന ചിത്രകാരൻ ആന്റൻ റഫേൽ മെങ്ങ്‌സിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും ഗുരുവുമായി കലഹിക്കുകയും പരീക്ഷകളിൽ മോശം ഫലങ്ങൾ നേടുകയും ചെയ്തു. 1763-ലും 1766-ലും സുകുമാരകലകളുടെ രാജകീയ അക്കാഡമിയിൽ പ്രവേശനത്തിനായി സ്വന്തം രചനകൾ സമർപ്പിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു.

1771-ൽ റോമിലേക്ക് പോയ ഗോയ അവിടത്തെ പർമ നഗരം നടത്തിയ ഒരു ചിത്രരചനാമത്സരത്തിൽ രണ്ടാം സമ്മാനം നേടി. അതേവർഷം ഒടുവിൽ അദ്ദേഹം സരഗോസയിലേക്ക് മടങ്ങി. അവിടത്തെ പ്രഖ്യാതമായ സ്തംഭത്തിന്റെ ബസിലിക്കായിലും(Basilica of the Pillar) ഔലാ ഡീ എന്ന സന്യാസമന്ദിരനോടുചേർന്ന ചാപ്പലിലും സോബ്രാദിയൽ കൊട്ടാരത്തിലും മറ്റും ചിത്രപ്പണികൾ നിർവഹിച്ചു. ഫ്രാൻസിസ്കോ ബയേവ് സുബിയാസ് എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടിയ ഇക്കാലത്താണ് ഗോയയുടെ രചനകൾ പിന്നീട് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഭാവസങ്കീർണ്ണതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്.

 
1808 മേയ് മൂന്ന്, 1814-ൽ കാൻവാസിൽ വരച്ച എണ്ണച്ചിത്രം; മാഡ്രിഡിലെമ്യൂസിയോ ദെൽ പ്രദോയിലാണിതിപ്പോൾ

പക്വതയും അംഗീകാരവും

തിരുത്തുക

1774-ൽ ഗോയ, ബയേവിന്റെ സഹോദരി ജോസെഫായെ വിവാഹം കഴിച്ചു. ഈ വിവാഹവും, 1765 മുതൽ ബയേവിനുണ്ടായിരുന്ന രാജകീയ സുകുമാരകലാ അക്കാദമിയിലെ അംഗത്വവും കൊട്ടാരത്തിലെ അലങ്കാരപ്പണികളുടെ ചുമതല കിട്ടാൻ ഗോയയെ സഹായിച്ചു. അടുത്ത അഞ്ചു വർ‍ഷത്തിനിടെ അദ്ദേഹം 42 അലങ്കാര ഡിസൈനുകൾ രൂപകല്പന ചെയ്തു. അവയിൽ പലതും എൽ എസ്കോറിയൽ പട്ടണപ്രദേശത്തിന്റെ കന്മതിലുകളുടേയും സ്പെയിനിലെ രാജാക്കന്മാരുടെ പുതിയ കൊട്ടാരമായിരുന്ന എൽ പാദ്രോയുടേയും അലങ്കാരത്തിനായി ഉപയോഗിച്ചു. ഇതോടെ ഗോയയുടെ കലാനിപുണത രാജാവിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ, രാജസഭയിൽ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയത്തിലെ തിരശീലയിലെ ചിത്രപ്പണിയും അദ്ദേഹം നിർവഹിച്ചു. തുടർന്ന് സുകുമാരകലകളുടെ അക്കഡമിയിൽ ഗോയക്ക് അംഗത്വം ലഭിച്ചു.

1783-ൽ സ്പെയിനിലെ രാജാവായിരുന്ന ചാൾസ് മൂന്നാമന്റെ സുഹൃത്ത്, ഫ്ലോറിഡാബ്ലാങ്കയിലെ പ്രഭു സ്വന്തം ഛായാചിത്രം വരയ്‍ക്കാൻ ഗോയയെ നിയോഗിച്ചു. കിരീടാവകാശിയായിരുന്ന ഡോൺ ലൂയീസിന്റേയും സൗഹൃദം സമ്പാദിച്ച ഗോയ, അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി. രാജാവുമായും രാജ്യത്തിലെ ശ്രദ്ധേയരായ മറ്റു വ്യക്തികളുമായും അദ്ദേഹം അടുപ്പത്തിലായി. ഗോയയുടെ പ്രോത്സാഹകരുടെ ഗണത്തിൽ ഒസൂനയിലെ പ്രഭുവും പ്രഭ്വിയും ഉൾപ്പെട്ടിരുന്നു. അവരുടെ ഛായാചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. 1788-ലുണ്ടായ ചാൾസ് മൂന്നാമന്റെ മരണത്തിനും 1789-ലെ വിപ്ലവത്തിനും ശേഷം ചാൾസ് നാലാമൻ രാജാവിന്റെ ഭരണകാലത്ത് രാജകീയർക്ക് ഗോയയിലുള്ള പ്രീതി പരമാവധിയിലെത്തി.[2]

കാപ്രിക്കോസ്

തിരുത്തുക

1792-ൽ കടുത്ത ജ്വരം ബാധിച്ചതിനെത്തുടർന്ന് ബധിരതബാധിച്ച ഗോയ, ഏകാന്തതാപ്രിയനും അന്തർമുഖനുമായി മാറി. സുഖപ്രാപ്തിയുടെ അഞ്ചുവർഷങ്ങളിൽ അദ്ദേഹം ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചും അതിന്റെ തത്ത്വചിന്തയെക്കുറിച്ചും ഏറെ വായിച്ചു. 'കാപ്രിക്കോസ്' എന്ന പേരിൽ നിർമ്മിച്ച വിമർശനാത്മകമായ ലോഹ ഫലകങ്ങൾ (aquatinted etchings) ഈ മനനത്തിനൊടുവിൽ 1799-ൽ പ്രസിദ്ധീകരിച്ചവയാണ്. ഈ സൃഷ്ടികളിൽ രേഖപ്പെടുത്തിയ ഇരുണ്ട വെളിപാടുകളുടെ വിശദീകരണം, അവയ്ക്ക് അദ്ദേഹം നൽകിയ ശീർഷകത്തിലുണ്ട്: "യുക്തിയുടെ ഉറക്കം രാക്ഷസന്മാർക്ക് ജന്മം നൽകുന്നു" എന്നായിരുന്നു ആ ശീർഷകം. എന്നാൽ ഇവയിൽ പ്രകടമായ കല തീരെ നിരാനന്ദമായിരുന്നില്ല. ഈ പരമ്പരയിലുൾപ്പെട്ട 'പല്ലുവേട്ട' തുടങ്ങിയ സൃഷ്ടികൾ, ഗോയയുടെ മൂർച്ചയേറിയ പരിഹാസബോധം പ്രകടിപ്പിക്കുന്നുണ്ട്. അലങ്കാരശീലകളിലെ ഡിസൈനുകളടക്കം ഗോയയുടെ എല്ലാരചനകളേയും ചുറ്റി ബീഭത്സതയുടെ ഒരംശം ഉണ്ടെന്നതാണ് വാസ്തവം.

 
1800-ൽ വരച്ച ചാൾസ് നാലാമന്റെ കുടുംബം എന്ന ചിത്രം. തിയോഫിൽ ഗൗത്തിയർക്ക് ഇതിലെ രാജാവിന്റേയും രാജ്ഞിയുടെയും മുഖം കണ്ടപ്പോൾ ഓർമ്മ വന്നത്, "ലോട്ടറികിട്ടിയപ്പോൾ പട്ടണമൂലയിലെ അപ്പക്കടക്കാരന്റേയും ഭാര്യയുടേയും മുഖം പ്രകടിപ്പിച്ച ഭാവം" ആണ്[3]

രാജകുടുംബത്തിന്റെ ചിത്രകാരൻ

തിരുത്തുക

1786-ൽ ഗോയ ചാൾസ് മൂന്നാമൻ രാജവിന്റെ ചിത്രകാരനായി നിയമിതനായി. 1789-ൽ ചാൾസ് നാലാമൻ അദ്ദേഹത്തെ കൊട്ടാരം ചിത്രകാരനായും നിയമിച്ചു. 1799-ൽ ഗോയ കൊട്ടാരത്തിലെ മുഖ്യചിത്രകാരനായി അംഗീകരിക്കപ്പെട്ടു. അമ്പതിനായിരം റീൽസ് ശമ്പളവും ഒരു വാഹനത്തിന്റെ ചെലവിനായി അഞ്ഞൂറു ദുക്കാത്ത് പുറമേയും ആയിരുന്നു വേതനം. രാജാവിന്റേയും രാജ്ഞിയുടേയും ഛായാചിത്രങ്ങൾ അദ്ദേഹം വരച്ചു. പുറമേ സമാധാനരാജൻ എന്നറിയപ്പെട്ടിരുന്ന പ്രധാനമന്ത്രിയുടേയും മറ്റുപല പ്രഭുക്കന്മാരുടേയും ചിത്രങ്ങളും. ഗോയയുടെ ഈ രചനകളൊന്നും ഒരു മുഖസ്തുതിക്കാരന്റെ രചന ആയി തോന്നിച്ചില്ല. ചാൾസ് നാലാമന്റെ കുടുംബചിത്രത്തിൽ ഈ 'നയതന്ത്രതയില്ലായ്മ' ഏറെ പ്രകടമാണ്.[4]

സ്പെയിനിലെ ഉപരിവർഗ്ഗത്തില്പ്പെട്ട ഗോയയുടെ സുഹൃത്തുക്കളിൽ പലരും അദ്ദേഹത്തെ തങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാനേല്പിച്ചു. ഒസൂനയിലെ ഒൻപതാം പ്രഭു, അദ്ദേഹത്തിന്റെ ഭാര്യ മരിയ ജോസഫാ, അൽബായിലെ പ്രഭു, പ്രഭ്വി തുടങ്ങിയവർ അദ്ദേഹത്തെ തങ്ങളുടെ ചിത്രങ്ങൾ വരക്കാനേല്പിച്ചവരിൽ പെടുന്നു.

അവസാനകാലം

തിരുത്തുക
 
ശനി മകനെ തിന്നുന്നു, 1819-ലെ രചന. കറുത്ത ചിത്രങ്ങൾ എന്ന പരമ്പരയിലെ മറ്റു ചിത്രങ്ങളുടെയെന്നപോലെ ഇതിന്റേയും പേര് ഗോയയുടെ കാലശേഷം മറ്റുള്ളവർ നൽകിയതാണ്.

1808 മുതൽ 1816 വരെ നടന്ന ഉപദ്വീപയുദ്ധത്തിൽ (Penninsuslar War) ഫ്രഞ്ച് സൈന്യം സ്പെയിൻ കീഴടക്കിയപ്പോൾ, പുതിയ ഭരണാധികാരികൾ നേരത്തേയുണ്ടായിരുന്നവരെപ്പോലെ, ഗോയക്ക് കൊട്ടാരത്തിൽ സ്ഥാനം നൽകി.

1812-ൽ പത്നി ജോസഫാ മരിക്കുമ്പോൾ ഗോയ, മാമെലൂക്കുകളുടെ മുന്നേറ്റം 1808 മേയ് മൂന്ന് എന്നീ ചിത്രങ്ങളുടേയും യുദ്ധത്തിന്റെ ദുരിതങ്ങൾ എന്ന പരമ്പരയിലെ ഫലകങ്ങളുടേയും നിർമ്മിതിയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഫെർഡിനാൻഡ് ഏഴാമൻ രാജാവ് സ്പെയിനിൽ തിരിച്ചെത്തിയപ്പോൾ ഗോയയുമായുള്ള ബന്ധം ഊഷ്മളമായില്ല. 1814-ൽ ഗോയ തന്റെ വീട്ടുസൂക്ഷിപ്പുകാരി ഡോണ ലിയോകാർഡിയക്കും അവൾക്ക് വിവാഹേതരബന്ധത്തിലുണ്ടായ മകൾ റോസാരിയോ വീസിനും ഒപ്പം താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രി ആയിരുന്നിരിക്കാവുന്ന ആ പെൺകുട്ടി ഗോയയിൽ നിന്ന് ചിത്രകല പഠിച്ചു.[5] വിശ്രമമില്ലാതെ അദ്ദേഹം വിവിധതരം കലാസൃഷ്ടികളുടെ നിർമ്മിതിയിൽ മുഴുകി. ഏകാന്തതക്കുവേണ്ടി ഗോയ ബധിരന്റെ വീട് എന്നറിയപ്പെട്ടിരുന്ന ഒരു പുതിയ വീടുവാങ്ങി. പേരിൽ സൂചനയുള്ള ബധിരൻ ഗോയ ആയിരുന്നില്ല. വീട്ടിൽ നേരത്തേ താമസിച്ചിരുന്ന ആളെയാണ് അത് സൂചിപ്പിച്ചത്. ആ വീട്ടിലാണ് അദ്ദേഹം കറുത്ത ചിത്രങ്ങൾ വരച്ചത്.

1824-ൽ ഗോയ സ്പെയിൻ വിട്ട് ഫ്രാൻസിലെത്തി താമസമാക്കി. ഇടക്ക് 1826-ൽ മടങ്ങിവന്നപ്പോൾ വലിയ സ്വീകരണം കിട്ടിയെങ്കിലും അനാരോഗ്യത്തിൽ അദ്ദേഹം ഫ്രാൻസിലെ ബോർഡോയിലേക്കുതന്നെ മടങ്ങി. അവിടെ 1828-ൽ എൺപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു അന്ത്യം.

സൃഷ്ടികൾ

തിരുത്തുക

ചാൾസ് നാലാമൻ, ഫെർഡിനാൻഡ് ഏഴാമൻ എന്നീ രാജാക്കന്മാരടക്കമുള്ള സ്പെയിനിലെ രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഗോയ വരച്ചിട്ടുണ്ട്. അദ്ദേഹം സ്വീകരിച്ച വിഷയങ്ങൾ അലങ്കാരവിരികളിലെ ആഘോഷചിത്രീകരണങ്ങളിൽ തുടങ്ങി യുദ്ധത്തിന്റേയും മൃതദേഹങ്ങളുടേയും ചിത്രീകരണങ്ങളിൽ വരെ എത്തി. അദ്ദേഹത്തിന്റെ മാനസികനിലയുടെ കലുഷമാകലിനെയാണ് ഈ പരിണാമം സൂചിപ്പിച്ചത്. ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്ന നിറങ്ങളിലെ ഈയം ഗോയ ഉൾക്കൊണ്ടിരിക്കാമെന്നും 1792 മുതലുള്ള അദ്ദേഹത്തിന്റെ ബധിരതക്ക് അത് കാരണമായിരിക്കാമെന്നും കരുതുന്ന ആധുനിക ഭിഷഗ്വരന്മാരുണ്ട്. ജീവിതാവസാനമായപ്പോൾ അദ്ദേഹം ഏകാന്തത ഇഷ്ടപ്പെടാനും മനോവിഭ്രാന്തി, ചിത്തഭ്രമം, ഫാന്റസി എന്നിവയെ വിഷയമാക്കി പേടിപ്പെടുത്തുന്ന ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി. കറുത്ത ചിത്രങ്ങൾ എന്നറിയപ്പെട്ട ഈ രചനകളിൽ അദ്ദേഹം സ്വീകരിച്ച് ശൈലി പിൽക്കാലത്തെ എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോടിയായി.

 
നഗ്ന-മാജ
 
ഉടുത്തമാജ

ഗോയയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് നഗ്ന-മാജ, ഉടുത്ത മാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ജോഡിയാണ്. ഒരേ സ്ത്രീയെ, ഒരേ സ്ഥിതിയിൽ, യഥാക്രമം, നഗ്നയായും വസ്ത്രം ധരിച്ചവളായും ചിത്രീകരിക്കുന്നവയാണവ. ഉടുത്ത മാജയെ അദ്ദേഹം വരച്ചത് നേരത്തേ വരച്ച നഗ്ന-മാജ സ്പെയിനിലെ സമൂഹത്തിലുണ്ടാക്കിയ കോളിളക്കത്തിനുശേഷമായിരുന്നു. പ്രതീകാത്മകമോ ഐതിഹാസികമോ ആയ അർത്ഥതലങ്ങൾ ധ്വനിപ്പിക്കാതെയുള്ള സ്ത്രീയുടെ പൂർണ്ണകായ നഗ്നചിത്രം എന്ന നിലയിൽ അത് പാശ്ചാത്യകലയിൽ ആദ്യത്തേതായിരുന്നു.[6] നഗ്നമാജയിന്മേൽ വസ്ത്രം വരച്ചുചേർക്കാൻ ഗോയ വിസമ്മതിച്ചു. അതിനുപകരം അദ്ദേഹം അവളെ വസ്ത്രംധരിച്ചളായി കാണിക്കുന്ന മറ്റൊരു ചിത്രം കൂടി വരച്ചു.

മാജകൾ ആരുടെ ചിത്രമാണെന്നത് നിശ്ചയമില്ലതെയിരിക്കുന്നു. ആ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി പരാമർശിക്കപ്പെടുന്നത് രണ്ടു സ്ത്രീകളാണ്: ഗോയയുടെ കാമുകിയായിരുന്നുവെന്ന് കരുതപ്പെടുന്ന അൽബായിലെ പ്രഭ്വിയാണ് അവരിലൊരാൾ. ഈ ചിത്രങ്ങളുടെ ഉടമസ്ഥത പിന്നീട് കിട്ടിയ ഗോഡോയ്‌യിലെ മാനുവലിന്റെ വെപ്പാട്ടിയാണ് മാജയുടെ മാതൃക ആയിരിക്കുമെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ സ്ത്രീ. ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പലമാതൃകൾ ചേർന്നുണ്ടായ ഒരു സങ്കല്പസൃഷ്ടിയാണ് ആ രചനകൾക്ക് പിന്നിലുള്ളതെന്നും വരാം.[7] ചിത്രങ്ങളുടെ കൈവശക്കാരനായിരുന്ന ഗോദോയ്‌യുടെ സ്വത്തെല്ലാം 1808-ൽ അദ്ദേഹത്തിന്റെ പതനത്തിനും നാടുകടത്തിലിനും ശേഷം ഫെർഡിനാൻഡ് ആറാമൻ രാജാവ് പിടിച്ചെടുത്തു. 1813-ൽ മതദ്രോഹവിചാരണക്കോടതി രണ്ടുചിത്രങ്ങളും അശ്ലീലമെന്നുപറഞ്ഞ് കണ്ടുകെട്ടിയെങ്കിലും 1836-ൽ തിരികെകൊടുത്തു.[8]

ഇരുണ്ട ലോകങ്ങൾ

തിരുത്തുക

1793-94-ൽ രോഗാവസ്ഥയിലായിരിക്കെ ഗോയ തകരത്തിൽ പതിനൊന്നു ചെറിയ ചിത്രങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചു. "മനോരഥവും കണ്ടെത്തലും" എന്ന പേരിൽ അറിയപ്പെടുന്ന ആ പരമ്പരയിലെ ചിത്രങ്ങൾ ഗോയയുടെ കല പിന്തുടരാൻ തുടങ്ങിയ പുതിയ വഴിയെ സൂചിപ്പിച്ചു. ആഘോഷങ്ങളേയും ആൾക്കൂട്ടങ്ങളുടേയും ലോകത്തിനുപകരം മനോരഥത്തിന്റേയും പേടിസ്വപ്നങ്ങളുടേയും ഇരുണ്ട ലോകമാണ് അവ കാട്ടിത്തന്നത്. "ഭ്രാന്തന്മാർക്കൊപ്പം മുറ്റത്ത്" എന്ന ചിത്രം ഏകാന്തതയുടേയും ഭീതിയുടേയും അന്യതാബോധത്തിന്റേയും പേടിപ്പെടുത്തുന്ന സങ്കല്പമായിരുന്നു. മാനസികരോഗത്തെ ഉപരിതലസ്പർശിയായി മാത്രം കൈകാര്യം ചെയ്ത വില്യം ഹോഗാർത്തിനേപ്പോലുള്ള മുൻകാല ചിത്രകാരന്മാരുടെ പതിവിൽ നിന്നുള്ള വ്യതിയാനമായിരുന്നു ആ ചിത്രം.

ഈ ചിത്രത്തിൽ കല്ലും ഇരുമ്പും കൊണ്ടുവളച്ചുകെട്ടിയ തറയിൽ മാനസികരോഗികളും അവരുടെ ആകെയുള്ള ഒരു വാർഡനും ഇരിക്കുന്നു. രോഗികളുടെ ഭാവങ്ങൾ പലതാണ്. ചിലർ തുറിച്ചുനോക്കുന്നു, ചിലർ വെറുതേ ഇരിക്കുന്നു, ചിലർ ഇരിക്കാൻ ശ്രമിക്കുന്നു, ചിലർ ഗുസ്തിപിടിക്കുന്നു, ചിലർ കൊഞ്ഞനംകുത്തുന്നു, ചിലർ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. താഴെ ചിത്രീകരിച്ചിരിക്കുന്ന പേടിസ്വപ്നത്തിന് അടിവരയിടാൻ, ചിത്രത്തിന്റെ മേൽഭാഗം സൂര്യപ്രകാശത്തിൽ അലിയുന്നതായി കാണിച്ചിരിക്കുന്നു.

മനോരോഗികളെ ഇരുമ്പുചങ്ങലക്കിട്ടും ശാരീരികശിക്ഷകൾക്ക് വിധേയരാക്കിയും കുറ്റവാളികൾക്കൊപ്പം താമസിപ്പിച്ചും കൈകാര്യം ചെയ്യുന്ന ശിക്ഷാധിഷ്ഠിതമായ സമ്പ്രദായത്തിന്റെ നിശിതവിമർശനമായി ഈ ചിത്രത്തെ കാണാം. വോൾട്ടയർ തുടങ്ങിയ എഴുത്തുകാരുടെ രചനകൾ വ്യക്തമാക്കുന്നതുപോലെ ജ്ഞാനോദയത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് കാരാഗൃഹങ്ങളുടേയും മനോരോഗചികിത്സാലയങ്ങളുടേയും പരിഷ്കരണമായിരുന്നുവെന്നോർക്കുമ്പോൾ ഈ ചിത്രത്തിന്റെ സന്ദേശമെന്തെന്ന് വ്യക്തമാണ്. കുറ്റവാളികളും മനോരോഗികളുമായ ബന്ദികളുടെനേർക്കുള്ള ക്രൂരതയുടെ വിമർശനം ഗോയയുടെ പിൽക്കാല ചിത്രങ്ങളിലും ഒരു പ്രധാന പ്രമേയമായിരുന്നു.

ഈ ചിത്രം പൂർത്തിയായിക്കോണ്ടിരിക്കുമ്പോൾ ഗോയതന്നെ ശാരീരകവും മാനസികവുമായ തകർച്ചയോടടുക്കുകയായിരുന്നു. ഫ്രാൻസ് സ്പെയിനോട് യുദ്ധം പ്രഖ്യാപിച്ച് ആഴ്ചകൾ മാത്രമേ അപ്പോൾ കഴിഞ്ഞിരുന്നുള്ളു. സമകാലീനനായ ഒരാൾ ഗോയയുടെ അവസ്ഥയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “അദ്ദേഹത്തിന്റെ തലക്കുള്ളിൽ സ്വരങ്ങൾ കേൾക്കുന്നുവെന്നതിലോ ബധിരാവസ്ഥക്കോ ഒരു മാറ്റവുമുണ്ടായില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭാവന മുൻപത്തേതിനേക്കാൾ ഭേദവും അദ്ദേഹം സ്വന്തം സന്തുലിതാവസ്ഥയിന്മേൽ നിയന്ത്രണമുള്ളവനും ആയി കാണപ്പെട്ടു.” ഗോയയുടെ അവസ്ഥക്ക് കാരണം വൈറസ് മൂലമുള്ള പഴകിയ ശിരോജ്വരമോ(encephalitis) രക്തസമ്മർദ്ദഫലമായി അടുത്തടുത്തുണ്ടായി തലച്ചോറിലെ ശ്രവണ-സന്തുലനസ്ഥാനങ്ങളെ ബാധിച്ച ചെറിയ ഹൃദയാഘാതങ്ങളോ ആയിരുന്നിരിക്കാം എന്നും അത് അദ്ദേഹത്തിന്റെ മാനസികനിലയേയും അതുവഴി കലയേയും ബാധിച്ച് "മക്കളെതിന്നുന്ന-ശനി" പോലുള്ള കറുത്ത ചിത്രങ്ങളിൽ എത്തിച്ചിരിക്കാമെന്നും പറയപ്പെടുന്നു.

ഒക്കെയാണ് 1799-ൽ കാപ്രിക്കോസ് എന്നപേരിൽ പ്രസിദ്ധീകരിച്ച എൺപതുചിത്രങ്ങളുടെ പരമ്പരയുടെ പ്രമേയം എന്നാണ് ഗോയ തന്നെ പറഞ്ഞത്.

1808 മെയ് മൂന്ന്: മാഡ്രിഡിന്റെ രക്ഷകന്മാരുടെ വധം, എന്ന രചനയെ ഗോയ വിവരിച്ചത് "യൂറോപ്പിലെ സ്വേഛാധിപതിക്കെതിരെയുള്ള നമ്മുടെ ധീരമായ ചെറുത്തുനില്പ്പിന്റെ കഥ ബ്രഷ് ഉപയോഗിച്ച് അനശ്വരമാക്കാനുള്ള ശ്രമം" എന്നാണ്.[10] താൻ ദൃക്സാക്ഷിയായ ഏതെങ്കിലും സംഭവം വിവരിക്കുകയായിരുന്നില്ല ഈ ചിത്രത്തിൽ ഗോയ. ഏതെങ്കിലും സംഭവത്തിൽ പ്രത്യേകം ഊന്നാത്ത അഭിപ്രായപ്രകടനമാണ് അതിൽ.

കറുത്ത ചിത്രങ്ങളും യുദ്ധദുരിതങ്ങളും

തിരുത്തുക

അവസാനവർഷങ്ങളിൽ, പുതിയതായി താൻ വാങ്ങിയ 'ബധിരന്റെ-വീട്' എന്ന വസതിയിൽ താമസിച്ച് ഗോയ ക്യാൻവാസിലും ഭിത്തിയിലുമായി മന്ത്രവാദത്തേയും യുദ്ധത്തേയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്നവയടക്കം പല അസാധാരണചിത്രങ്ങളും വരച്ചു. "ശനി മക്കളെ തിന്നുന്നു" എന്ന പ്രസിദ്ധരചന അതിലൊന്നാണ്. ഈ ചിത്രത്തിന് അനൗപചാരികമായി 'തീറ്റ' എന്നും "ശനി കുഞ്ഞുങ്ങളെ തിന്നുന്നു" എന്നും പേരുകളുണ്ട്. ഗ്രീക്ക് പുരാണങ്ങളിൽ, ശനി ഒരു കുട്ടിയെ തിന്നുന്നതായി പറയുന്ന കഥയെ ആശ്രയിച്ചുള്ള ഈ ചിത്രം യഥാർത്ഥത്തിൽ സ്പെയിനിൽ അന്ന് നടന്നിരുന്ന ആഭ്യന്തരകലഹത്തെക്കുറിച്ചാണ്. അതിനപ്പുറം, മൈക്കേൽ ആഞ്ചലോ സിസ്റ്റൈൻ ചാപ്പലിന്റെ മേൽഭിത്തിയിൽ വരച്ച രചനകൾ പതിനാറാം നൂറ്റാണ്ടിലെ മനുഷ്യാവസ്ഥയെക്കുറിച്ചറിയാൻ സഹായിക്കുന്നതുപോലെ, "ആധുനികരായ നമുക്ക് ഇന്നത്തെ മനുഷ്യാവസ്ഥയെക്കുറിച്ചറിയാൻ ഏറ്റവും സഹായകമായ രചന" എന്നുപോലും അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്.[11]

 
ഒരാൾക്ക് ഇതിലധികം എന്തുചെയ്യാനാകും?, 1812-15 കാലത്തെ യുദ്ധത്തിന്റെ ദുരിതങ്ങൾ എന്ന പരമ്പരയിൽ നിന്ന്.

കറുത്തചിത്രങ്ങൾ എന്ന പരമ്പരയിൽ പെടുന്ന ഒരു ചിത്രമാണിത്. ഗോയയുടെ മരണത്തിനുശേഷം ഈ ചിത്രങ്ങളിൽ ഭിത്തിയിൽ വരച്ചിരുന്നവയും ക്യാൻവാസിലേക്ക് പകർത്തപ്പെട്ടു. അവ ഗോയയുടെ ജീവിതത്തിലെ അവസാനകാലത്തെ രചനകളുടെ ഏറ്റവും നല്ല മാതൃകകളിൽ പെടുന്നു. ബധിരതയുടേയും ഏതോതരം സിരോജ്വരം മൂലം ഉണ്ടായതായിരിക്കാവുന്ന മനോവിഭ്രാന്തിയുടേയും പീഡനത്തിനിരയായിരുന്ന ഗോയ, ചിത്രകാരന്മാർക്ക് വിധിച്ചിട്ടുള്ള വിലക്കുകളെ അവഗണിച്ച്, തനിക്കുണ്ടായ ഭ്രാന്തമായ വെളിപാടുകളെയെല്ലാം ക്യാൻവാസിലേക്ക് പകർത്താൻ തീരുമാനിച്ചതിന്റെ ഫലമായിരുന്നു അവ. ആ രചനകളിൽ പലതും ഇപ്പോൾ മാഡ്രിഡിലെ പ്രാദൊ സംഗ്രഹാലയത്തിലാണ്.

1810-ൽ ഗോയ ഉപദ്വീപയുദ്ധത്തിലെ(Penninsular War) രംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു ഫലക-പരമ്പര, "യുദ്ധത്തിന്റെ ദുരിതങ്ങൾ" എന്ന പേരിൽ നിർമ്മിച്ചു. അവയിൽ ചിത്രീകരിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങൾ ആർക്കും ഞെട്ടലുണ്ടാക്കാൻ പോന്നവയാണ്. മരണത്തിനും നാശത്തിനും സാക്ഷ്യം വഹിക്കേണ്ടിവന്ന് വൃണിതമായ ഒരു മനസാക്ഷി പൊട്ടിത്തെറിക്കുകയാണ് ആ രചനകളിൽ. ഗോയ മരിച്ച് 35 വർഷത്തിനുശേഷം, 1863-ൽ മാത്രമാണ് ആ പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടത്.

ആധികാരികതയുടെ പ്രശ്നം

തിരുത്തുക

2003-ൽ പ്രസിദ്ധീകരിച്ച് ഒരു പഠനം ഗോയയുടെ പിൽക്കാലരചനകളായി അറിയപ്പെടുന്നവയിൽ ചിലതിന്റെ ആധികാരികത ചോദ്യംചെയ്തിട്ടുണ്ട്. ഫ്രാൻസിലേക്ക് പോകുന്നതിന് മുൻപ് ഗോയയുടെ വീട്ടിൽ ഇല്ലാതിരുന്ന ഭിത്തികളിലേക്ക് പിന്നീട് കറുത്ത ചിത്രങ്ങൾ ചേർക്കപ്പെടുകയായിരുന്നുവെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്.[12][13]

2008-ൽ പ്രാദോ സംഗ്രഹാലയം, കൊളോസസ് എന്ന ചിത്രത്തിന്റെ രചയിതാവായി ഗോയയെ കാണിക്കുന്നത് നിർത്തുകയും അദ്ദേഹത്തിന്റേതെന്ന് കരുതപ്പെട്ടിരുന്ന വേറെ മൂന്നുചിത്രങ്ങളുടെ രചയിതാവ് അദ്ദേഹമാണെന്ന് ഉറപ്പുപറയുകവയ്യെന്ന് സമ്മതിക്കുകയും ചെയ്തു.[14]

ചലച്ചിത്രം, നാടകം, ഓപ്പറ

തിരുത്തുക
 
ബോർഡോയിൽ ഗോയക്കുള്ള സ്മരണാഫലകം

എൻ‌റിക്ക് ഗ്രനാഡോസ് 1911-ൽ ഗോയയുടെ ചിത്രങ്ങളെ ആശ്രയിച്ച് ഒരു പിയാനോസംഗീതശില്പവും തുടർന്ന് 1916-ൽ ഒരു ഓപ്പറയും രചിച്ചു. രണ്ടിന്റേയും പേര് 'ഗോയെസ്കാസ്' എന്നായിരുന്നു. ഗിയാൻ കാർളോ മെനോറ്റി 1986-ൽ ഗോയയുടെ ജീവിതകഥ 'ഗോയ' എന്ന പേരിൽ ഒരു ഓപ്പറ ആയി സം‌വിധാനം ചെയ്തു. അതിന്റെ നിർമ്മാതാവായിരുന്ന പ്ലാസിഡോ ഡോമിങ്കോ തന്നെയാണ് ഗോയ ആയി വേഷം കെട്ടിയതും. ഈ ഓപ്പറ റ്റെലിവിഷനിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ ഗോയ, മൈക്കേൽ നിമാന്റെ "ഗോയയുമായി നേർക്കുനേർ" (Facing Goya) എന്ന ഓപ്പറയുടേയും പ്രചോദനമായി. ക്ലൈവ് ബാർക്കർ 1995-ൽ നിർമ്മിച്ച 'കൊളോസ്സസ്' എന്ന നാടകത്തിലെ മുഖ്യകഥാപാത്രവും ഗോയയാണ്.

ഗോയയുടെ ജീവിതകഥ ചിത്രീകരിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ട്. ഗോയ (1948),[15] ഗോയ ബോർഡൊയിൽ (1999),[16]ഗോയയുടെ പ്രേതങ്ങൾ (2006) തുടങ്ങിയവ ഇവയിൽ പെടുന്നു.

1988-ൽ അമേരിക്കൻ സംഗീതസം‌വിധായകനായ മൗറി യെസ്റ്റൺ "ഗോയയുടെ ജീവിതം ഗാനങ്ങളിലൂടെ" എന്ന പേരിൽ ഒരു ആൽബം പ്രസിദ്ധീകരിച്ചു. അതിലും ഗോയയുടെ ഭാഗം നിർവഹിച്ചത് പ്ലാസിഡോ ഡോമിനിഗോ ആയിരുന്നു.

ഗോയയുടെ ചിത്രങ്ങൾ

തിരുത്തുക
  1. Goya and Modernism, Bienal Internacional de São Paulo Archived 2008-01-17 at the Wayback Machine. Retrieved 27 July, 2007.
  2. Galeria de Arte transparencias Ancora A Todo Color 1961 Goya biography from the Museo del Prado. As quoted on eeweems.com
  3. Chocano, Carina. "Goya's Ghosts Archived 2010-05-30 at the Wayback Machine.". Los Angeles Times, July 20, 2007. Retrieved on January 18, 2008.
  4. Licht, Fred: ഗോയ: ആധിനികകലയുടെ തുടക്കം, പുറം 68. യൂണിവേഴ്സ് ബുക്ക്‌സ്, 1979. "സ്പെയിനിലെ ഛായചിത്രകല സാധാരണ പ്രകടിപ്പിച്ചുകാണാറുള്ള യാഥാതഥസ്വഭാവം കണക്കിലെടുത്താലും, മനുഷ്യന്റെ പാപ്പരത്തത്തിന്റെ നാടകീയ വിവരണം എന്ന നിലയിൽ ഗോയയുടെ ചിത്രം അസാധാരണമാണ്".
  5. "Rosario Weiss". Jose de la Mano Madrid Art Gallery. Archived from the original on 2008-11-18. Retrieved 2008-08-31.
  6. Licht, Fred, page 83, 1979.
  7. The Clothed Maja and the Nude Maja, the Prado Archived 2007-10-12 at the Wayback Machine. Retrieved 27 July, 2007.
  8. Museo del Prado, Catálogo de las pinturas, 1996, p. 138, Ministerio de Educación y Cultura, Madrid, ISBN 84-87317-53-7
  9. The Sleep of Reason Linda Simon (www.worldandi.com). Retrieved 2 December 2006.
  10. Francisco Goya, quoted at Artchive.
  11. Licht, Fred, page 167, 1979.
  12. NY Times Magazine article dated 27 July, 2003 by Arthur Lubow
  13. Black Paintings of Goya by Juan Jose Junquera ISBN 1-85759-273-5
  14. [1] Archived 2008-08-29 at the Wayback Machine. Goya's Iconic Painting Not Created by the Genius?
  15. Goya (1948) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  16. Goya in Bordeaux (1999) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

ഗ്രന്ഥസൂചി

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

പൊതുവായവ

ബധിരതയെക്കുറിച്ച്

ജീവചരിത്രങ്ങൾ

കൃതികൾ

ലേഖനങ്ങൾ, പ്രബന്ധങ്ങൾ

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്കോ_ഗോയ&oldid=4102411" എന്ന താളിൽനിന്ന് ശേഖരിച്ചത്