ഫൈനൽസ്
2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ സ്പോർട്സ് ചലച്ചിത്രമാണ് ഫൈനൽസ് (English:Finals). മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും, പ്രജീവ് സത്യവർത്തനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് പി.ആർ.അരുണാണ്. രജീഷ വിജയൻ, നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ടിനി ടോം, ധ്രുവൻ, മണിയൻപിള്ള രാജു, മുത്തുമണി തുടങ്ങിയവർ അഭിനയിച്ചു. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സുദീപ് ഇളമൺ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജിത്ത് ജോഷിയാണ് ചെയ്തത്. ഒരു സൈക്ലിസ്റ്റായിട്ടാണ് ഈ ചിത്രത്തിൽ രജീഷ വിജയൻ അഭിനയിച്ചത്. പ്രതിബന്ധങ്ങളെ നേരിട്ട് മുന്നിലുള്ള ഒരൊറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സാധാരണ സ്‌പോർട്‌സ് ഡ്രാമകളിൽ നിന്ന് വ്യത്യസ്തമാണീ ചിത്രം. ട്രാക്കിലെ വേഗതയ്ക്കും കൃത്യതയ്ക്കുമൊപ്പം നമ്മുടെ ഔദ്യോഗിക കായിക സംവിധാനങ്ങളെ പലപ്പോഴും ഭരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വരച്ചിട്ടു. വലിയ പ്രേക്ഷക പ്രശംസ നേടിയ ജൂൺ എന്ന ചിത്രത്തിന് ശേഷം രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് പൊതുവെ അനുകൂല അഭിപ്രായമാണ് പ്രദർശന ശാലകളിൽ നിന്നും ലഭിച്ചത്.
ഫൈനൽസ് | |
---|---|
സംവിധാനം | പി.ആർ. അരുൺ |
നിർമ്മാണം | മണിയൻപിള്ള രാജു പ്രജീവ് സത്യവർത്തൻ |
രചന | പി.ആർ.അരുൺ |
അഭിനേതാക്കൾ | രജീഷ വിജയൻ നിരഞ്ജ് സുരാജ് വെഞ്ഞാറമൂട് മുത്തുമണി ധ്രുവൻ മണിയൻപിള്ള രാജു ടിനി ടോം |
സംഗീതം | കൈലാസ് മേനോൻ |
ഛായാഗ്രഹണം | സുദീപ് ഇളമൺ |
ചിത്രസംയോജനം | ജിത്ത് ജോഷി |
സ്റ്റുഡിയോ | മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഹെവൻലി മൂവീസ് |
വിതരണം | ഷൗബീസ് സ്റ്റുഡിയോസ് |
റിലീസിങ് തീയതി | 2019 സെപ്റ്റംബർ 6 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 122 മിനിറ്റ് |
സ്പോർട്സ് പശ്ചാത്തലത്തിൽ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ ഖത്തറിൽ നടന്ന സ്പെഷ്യൽ ഷോയ്ക്ക് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു.
കഥാസാരം
തിരുത്തുകഇടുക്കിയിലെ ഹൈറേഞ്ചിലാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. സൈക്കിളിംഗിൽ ദേശീയ ചാംപ്യയായ ആലീസിലൂടെ (രജീഷ വിജയൻ) കട്ടപ്പനയിൽ ഒരു ഒളിംപിക് മെഡൽ ആ നാട്ടുകാരുടെ പ്രതീക്ഷയാണ്. അതിലപ്പുറം അവളുടെ അച്ഛനായ വർഗീസ് (സുരാജ് വെഞ്ഞാറമൂട് ) മാഷിന്റെ സ്വപ്നമാണ്. ഇതു മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യവും. അതിനൊരു കാരണവുമുണ്ട് വർഷങ്ങൾക്ക് മുൻപ് ഗവൺമെന്റ് സ്കൂളിലെ കായികാധ്യാപക ജോലി രാജിവെച്ച് സ്വന്തമായി അത്ലറ്റിക് സ്കൂൾ തുടങ്ങിയ ആളാണ് മാഷ്. എന്നാൽ മീറ്റിൽ പങ്കെടുത്ത ആദ്യ വർഷം തന്നെ സ്കൂൾ നാലാം സ്ഥാനത്തെത്തിയതോടെ, സ്പോർട്സ് ഫെഡറേഷൻ ഭാരവാഹികളുടെ നോട്ടപുള്ളിയാകുന്നു മാഷ്. അതോടെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഉത്തേജക മരുന്ന് നല്കിയെന്ന കാരണം പറഞ്ഞ് സ്കൂൾ അടച്ചുപൂട്ടുകയും മാഷെ ജയിലിലടക്കുകയുമാണ്.
പിന്നീട് ലാബ് റിപ്പോർട്ട് നെഗറ്റീവാണെന്ന് പറഞ്ഞ് വെറുതെ വിടുന്നു. അപ്പോഴേക്കും സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറിന്റെ നടപടികളിൽ പ്രതിഷേധിച്ച് വർഗീസ് മാഷ് ഈ രംഗത്തു നിന്നും വിടവാങ്ങിയിരുന്നു. പക്ഷേ പിന്നീടെപ്പോഴോ അദ്ദേഹം തന്റെ മകളിലെ സൈക്കിളിംഗ് താല്പര്യം കണ്ടറിയുകയും അവളെ എല്ലാവിധത്തിലും ഉയർത്തി കൊണ്ടുവരികയും ചെയ്യുന്നു. അങ്ങനെ ദേശീയ ചാംപ്യയായ ആലീസ്, ഒളിംപിക്സിൽ ഇന്ത്യയുടെ സൈക്കിളിംഗ് പ്രതീക്ഷയാകുന്നു. ഇതിനായുള്ള ട്രെയിനിംഗിന് റഷ്യയിലേക്ക് പോകും മുൻപ് വാഗമണ്ണിൽ നടന്ന സംസ്ഥാന സൈക്കിളിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നു. പക്ഷേ ഫിനിഷിംഗ് പോയന്റിൽ വെച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കവെ, കടന്നു വന്ന ടിപ്പർ ലോറിയിടിച്ച് നട്ടെല്ല് തകർന്ന് ആലീസ് ശയ്യാവലംബിയാകുന്നു. എന്നാൽ ഇത് വെറുമൊരു യാദൃച്ഛികമായുണ്ടായ അപകടം മാത്രമായിരുന്നില്ല. മറിച്ച് ആസൂത്രണം ചെയ്ത ഒന്നായിരുന്നുവോ? ഇത് കണ്ടെത്തുവാനുള്ള വർഗീസ് മാഷിന്റെ ഓട്ടത്തിനിടയിൽ കട്ടപ്പനക്കാരനും ആലീസിന്റെ കളിക്കൂട്ടുകാരനുമായ മാനുവലിനെ (നിരഞ്ജൻ ) കൊണ്ട് തന്നെ 400 മീറ്റർ ഓട്ടത്തിലെ ദേശീയ ചാംപ്യനാക്കുവാൻ കൂടി മാഷിന് കഴിയുന്നു.
അഭിനേതാക്കൾ
തിരുത്തുക- രജീഷ വിജയൻ- ആലീസ് വർഗ്ഗീസ്
- നിരഞ്ജ്- മാനുവൽ തോമസ്
- സുരാജ് വെഞ്ഞാറമൂട്- വർഗ്ഗീസ്/ആലീസിന്റെ അച്ഛൻ
- ടിനി ടോം- തോമസ്
- ധ്രുവൻ-ആദിശേഷൻ
- മണിയൻപിള്ള രാജു- ശിവശങ്കരൻ
- കുഞ്ചൻ- അസീസ്
- മുത്തുമണി- വരദ
- സോന നായർ- മിനി
- മാല പാർവതി
- മീര നായർ
- ബേബി അഞ്ജലിന എബ്രഹാം
- മാസ്റ്റർ ഗോവിന്ദ് കൃഷ്ണ
ചിത്രീകരണത്തിനിടയിലെ അപകടം
തിരുത്തുകഏപ്രിൽ 24ന് നടന്ന ഷൂട്ടിങ്ങിനിടെ രജീഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ഒരു ഇറക്കത്തിലൂടെ സൈക്കിൾ ഓടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഈ അപകടത്തിൽ കാലിന്റെ ലിഗ്മെൻറ്റിന് തകരാർ സംഭവിച്ചിരുന്നു.
റിലീസ്
തിരുത്തുക2019 സെപ്റ്റംബർ 6ന്(വെള്ളി) ആണ് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങൾ ഫൈനൽസിനോടൊപ്പമാണ് റിലീസ് ചെയ്തത്.
സംഗീതം
തിരുത്തുകഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്. പ്രിയ പ്രകാശ് വാര്യർ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
ഫൈനൽസ് | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "പറക്കാം , പറക്കാം" | യാസിൻ നസീർ,ലത കൃഷ്ണ | ||||||||
2. | "നീ മഴവില്ല് പോലെൻ" | നരേഷ് അയ്യർ,പ്രിയ പ്രകാശ് വാര്യർ |