ഫ്രഞ്ച് തത്ത്വചിന്തകനും വൈദികനുമായിരുന്നു പിയേർ ദൈയി. 1380-ൽ സോർബോണിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1389-ൽ പാരിസ് സർവ്വകലാശാലയുടെ ചാൻസലറായി നിയമിതനായി. 1395-ൽ ബിഷപ്പായി അവരോധിക്കപ്പെട്ടു. 1411-ൽ കർദിനാൾസ്ഥാനം ലഭിച്ചു. കൺസിലിയർവാദത്തിന്റെ (കത്തോലിക്കാസഭയിലെ പരമാധികാരം സഭയുടെ പേരിൽ പ്രവർത്തിക്കുന്ന ഒരു കൌൺസിലിൽ നിക്ഷിപ്തമാണെന്നും മാർപാപ്പയുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ കൗൺസിലിന് അധികാരമുണ്ടെന്നുമുള്ള വാദം) വക്താവായിരുന്ന ദൈയിയും ശിഷ്യനായ ഗെർസണും 1414-18-ലെ കോൺസ്റ്റൻസ് കൌൺസിലിൽ പ്രധാന പങ്കു വഹിച്ചു. മൈർകോർട്ടിലെ ജോണിന്റെ (John of Mirecourt) നാമമാത്രവാദം ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. ജ്യോതിഷത്തിന് ചരിത്രവും ദൈവശാസ്ത്രവുമായുള്ള ബന്ധം പഠനവിധേയമാക്കിയ ഇദ്ദേഹം 1414-ൽ പ്രസിദ്ധീകരിച്ച ട്രാക്ടേറ്റസ് ദ കോൺകോർഡിയ അസ്ട്രൊനൊമിക്കെ (Tractatus de Concordia astronomicae) എന്ന കൃതിയിൽ 1789-ലെ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ബൊയെതിയസ്, പീറ്റർ ലൊംബാർഡ് തുടങ്ങിയവരുടെ കൃതികൾക്ക് ഇദ്ദേഹം വ്യാഖ്യാനങ്ങൾ തയ്യാറാക്കി.

പിയേർ ദൈയി

ദൈയിയുടെ വിജ്ഞാനസിദ്ധാന്തം

തിരുത്തുക

ദൈയിയുടെ വിജ്ഞാനസിദ്ധാന്തം സ്വാഭാവികവും കേവലവുമായ ജ്ഞാനത്തെയും യുക്ത്യധിഷ്ഠിതവും ആപേക്ഷികവുമായ ജ്ഞാനത്തെയും വേർതിരിക്കുന്നു. പരീക്ഷണങ്ങളിൽനിന്നു ലഭിക്കുന്ന അറിവ് നിസ്സന്ദേഹം സ്വീകരിക്കാനാവില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ സാക്ഷാൽ ശക്തിയും ഭൂമിയിൽ നിയുക്തമായ ശക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇദ്ദേഹം വാദിച്ചു. ഇദ്ദേഹത്തിന്റെ ധർമശാസ്ത്രവും വൈദിക നിഷ്ഠകളും പ്രൊട്ടസ്റ്റന്റിസത്തിന്റെയും ലൂഥറനിസത്തിന്റെയും ആശയങ്ങളെ മുൻകൂട്ടി സൂചിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൈയി, പിയേർ (1350 - 1420) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പിയേർ_ദൈയി&oldid=1765877" എന്ന താളിൽനിന്ന് ശേഖരിച്ചത്