പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിൽ പനമണ്ണ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമിക്ഷേത്രം. ശൈവ-വൈഷ്ണവ ശക്തികളുടെ സംഗമമൂർത്തിയായ ശങ്കരനാരായണൻ പ്രധാന പ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. സ്വയംഭൂവായ ഒരു ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയെങ്കിലും വിഷ്ണുവായി സങ്കല്പിച്ചാണ് ആരാധന നടത്തിവരുന്നത്. അതുകൊണ്ടാണ് ക്ഷേത്രം, ശങ്കരനാരായണക്ഷേത്രം എന്നറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിൽ തിരുവോണം കൊടികയറി രോഹിണി ആറാട്ടായി വരുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ, ശിവരാത്രി, അഷ്ടമിരോഹിണി, മണ്ഡലകാലം, നവരാത്രി, കന്നി ആയില്യം എന്നിവയും വിശേഷങ്ങളാണ്. കോഴിക്കോട് സാമൂതിരിയുടെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രം.