നിശാപുഷ്പങ്ങൾ

വിക്കിപീഡിയ വിവക്ഷ താൾ

രാത്രിയിൽ വിടരുന്ന പുഷ്പങ്ങളെ നിശാപുഷ്പങ്ങൾ എന്നു പറയുന്നു. പുഷ്പിതസസ്യവർഗത്തിലെ മിക്ക ചെടികളിലും പുഷ്പങ്ങൾ വിരിയുന്നത് പ്രഭാതത്തിലാണ്. ചിലതിൽ പകൽ മുഴുവനും മറ്റുചിലതിൽ ദിവസങ്ങളോളവും ഈ പുഷ്പങ്ങൾ വിടർന്നു നിൽക്കുന്നു. എന്നാൽ ചിലതരം സസ്യങ്ങളിലാകട്ടെ പൂവിരിയുന്നത് രാത്രിയിലാണ്. ഇവ നിശാപുഷ്പങ്ങൾ എന്നറിയപ്പെടുന്നു. നിശാറാണി (Cestrum nocturnum),[2] മുല്ല (Jasminam sambae),[3] പവിഴമുല്ല (Nyctanthes arbortristis),[4] മുല്ലയുടെ മറ്റിനങ്ങളായ കുറുമൊഴി, പിച്ചി എന്നിവയും റംകൂൺ ക്രീപർ (Quisqualis indica),[5] ചന്ദ്രപുഷ്പം (Ipomoea grandiflora)[6] എന്നിവയും നിശാപുഷ്പികളാണ്.

നിശാപുഷ്പങ്ങൾ
Selenicereus spinulosus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Selenicereus

Species

Selenicereus anthonyanus
Selenicereus chrysocardium
Selenicereus grandiflorus
Selenicereus hamatus
Selenicereus inermis
Selenicereus spinulosus
Selenicereus wercklei
Selenicereus wittii

  • etc.
Synonyms

Cryptocereus Alexander
Deamia Britton & Rose
Marniera Backeb.
Mediocactus Britton & Rose
Strophocactus Britton & Rose
Strophocereus Fric & Kreuz.[1]

പരപരാഗികൾ

തിരുത്തുക

സസ്യങ്ങളുടെ വംശവർധനവിന് പരാഗണം അത്യന്താപേക്ഷിതമാണ്. നിശാപുഷ്പങ്ങൾ എല്ലാം പരപരാഗികളാണ്. ചിത്രശലഭ കുടുംബത്തിലെ നിശാശലഭങ്ങളാണ് പരാഗണ ദൂതന്മാർ. നിശാപുഷ്പങ്ങൾക്ക് പകൽ വിരിയുന്നവയിൽനിന്നും വിഭിന്നമായി പല പ്രത്യേകതകളുമുണ്ട്. നിശാശലഭങ്ങളെ ആകർഷിക്കാനുള്ള രൂക്ഷമായ ഗന്ധം, വലിപ്പം, വെള്ളനിറം, ശലഭത്തിന് ഇരിപ്പിടം ഒരുക്കുന്ന പുഷ്പദളങ്ങളുടെ ഘടന, പൂവിനുള്ളിൽ സ്ഥിതിചെയ്യുന്ന തേൻ ഇവയൊക്കെ നിശാപുഷ്പങ്ങളുടെ പ്രത്യേകതകളത്രെ.

ചില നിശാപുഷ്പങ്ങൾ ഒറ്റയായതും വലിപ്പമുള്ളതും എണ്ണത്തിൽ കുറവുമായിരിക്കും. എന്നാൽ പൂവിന്റെ വലിപ്പം കുറവുള്ള സസ്യങ്ങളിൽ അതിന്റെ എണ്ണം കൂടിയിരിക്കും. വലിയ ഒറ്റപ്പൂവിന്റെ സ്ഥാനത്ത് പുഷ്പമഞ്ജരികളായിരിക്കും. പൂക്കൾ നിറംകുറഞ്ഞതോ ലോപിതമോ ആണെങ്കിൽ അതിന്റെ മറ്റു ഭാഗങ്ങൾ പുഷ്പദളങ്ങളെപ്പോലെ രൂപാന്തരപ്പെട്ട് ഷഡ്പദങ്ങളെ ആകർഷിക്കുന്നു.

സുഗന്ധവാഹികൾ

തിരുത്തുക

നിശാപുഷ്പങ്ങളെല്ലാം സുഗന്ധവാഹികളാണ്. വളരെ ദൂരെയുള്ള നിgശാശലഭങ്ങളെയും ആകർഷിക്കാൻ ഇതുസഹായിക്കുന്നു. നിറം പരാജയപ്പെടുന്നിടത്ത് ഗന്ധം വിജയിക്കുന്നു. നിശാപുഷ്പങ്ങളെല്ലാംതന്നെ വെളുത്തനിറമുള്ളതാണ്. ഇതും ഇരുട്ടിൽ ദൃശ്യത കൂട്ടാനുള്ള ഒരു ഉപാധിയത്രെ.

പ്രത്യേകതകൾ

തിരുത്തുക

നിശാപുഷ്പങ്ങളുടെ മറ്റൊരു പ്രത്യേകത, അവ തേൻ ഉത്പാദിപ്പിക്കുന്നു എന്നതാണ്. രാത്രിഞ്ചരരായ നിശാശലഭങ്ങളുടെ പ്രധാന ആഹാരവും തേൻതന്നെ. പൂക്കളുടെ ഘടനയ്ക്കും പ്രത്യേകതകളുണ്ട്, നിശാശലഭത്തിന് ഇരിപ്പിടം ലഭിക്കുന്ന തരത്തിലാണ് പുഷ്പദളങ്ങളുടെ ഘടനയും വിന്യാസവും. ശലഭത്തിന്റെ നീണ്ടകുഴലുപോലെയുള്ള പ്രോബോസിസ് ഉപയോഗിച്ച് വലിച്ചെടുക്കാവുന്ന തരത്തിലാണ് തേൻ സൂക്ഷിച്ചിരിക്കുന്നത്. തേൻ നുകരുമ്പോൾ പൂവിന്റെ കേസരങ്ങളും പൂമ്പൊടികളും ശലഭത്തിന്റെ ചിറകിലും മറ്റു ഭാഗങ്ങളിലും ഉരസുന്നതരത്തിലാണ് അവയുടെ ഘടന. പൂമ്പൊടി എണ്ണത്തിൽ കുറവുണ്ടെങ്കിലും കാറ്റിൽ പറക്കാത്തതും ഒട്ടിപ്പിടിക്കുന്നതുമാണ്. തന്മൂലം, ശലഭം പൂമ്പൊടിയാൽ, അഭിഷേകം ചെയ്യപ്പെടുകയും മറ്റൊരു പൂവിൽ ഇതാവർത്തിക്കുമ്പോൾ പരപരാഗണം നടക്കുകയും ചെയ്യുന്നു. ഇതിനൊക്കെ യോജിച്ചവിധത്തിലായിരിക്കും നിശാശലഭത്തിന്റെ ശരീരഘടന. രാത്രിയിൽ കർമനിരതരാകുന്ന ശലഭങ്ങൾ സന്ദർശിക്കുന്നതും രാത്രിയിൽ വിടരുന്ന പൂക്കളിൽത്തന്നെ. ഇവയുടെ ചിറകുകൾ മങ്ങിയ നിറമുള്ളതും ചെറിയ ശൽക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ടതുമാണ്. പ്രോബോസിസ് നീണ്ടതും കൂർത്തതും കുഴലുപോലുള്ളതുമാകയാൽ തേൻവലിച്ചെടുക്കാൻ യോജിച്ചതുമായിരിക്കും.

നിശാഗന്ധി

തിരുത്തുക
 
നിശാഗന്ധി പൂവ്
 
നിശഗന്ധിയുടെ പൂമൊട്ടും ഇലയും

രാത്രിയിൽ പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിശാഗന്ധി. ഇത് അറിയപ്പെടുന്നതുതന്നെ രാത്രിയുടെ റാണി (Queen of the Night) എന്നാണ്. ശാസ്ത്രനാമം എപ്പിഫില്ലം ഓക്സിപെറ്റാലം (Epiplyllum oxypetalum). ഒരു ആരോഹി സസ്യമായ ഇതിന്റെ കാണ്ഡം ഋജുവും, ശാഖിതവുമാണ്. നീളമേറിയതും (30 സെ.മീ.) ദീർഘാഗ്രത്തോട് കൂടിയതുമായ ഇലകൾ യഥാർഥത്തിൽ സസ്യത്തിന്റെ ദ്വിതീയ കാണ്ഡങ്ങളാണ്. പരന്ന ഈ ഇലകളിൽ നിന്നാണ് പുഷ്പങ്ങൾ ഉണ്ടാകുന്നത്. ഒറ്റയായി ഉണ്ടാകുന്ന പുഷ്പങ്ങൾ വെളുത്ത നിറമുള്ളതും ആകർഷകങ്ങളുമാണ്. 30 സെ.മീ. വരെ നീളമുള്ള പുഷ്പങ്ങൾക്ക് കുഴലിന്റെ ആകൃതിയുള്ളതിനാൽ ഡച്ച്മാൻസ് പൈപ്പ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഏകദേശം 10 മി.മീ. നീളമുള്ള പർണകങ്ങൾക്ക് ഇളം പച്ചനിറമാണുള്ളത്. തവിട്ട് നിറത്തിലുള്ള പുഷ്പാധാരത്തിന് 13-20 സെ.മീ. നീളം ഉണ്ടായിരിക്കും. പുഷ്പദളങ്ങളുടെ എണ്ണം വിദളങ്ങളുടേതിന് സമമായിരിക്കും. രണ്ടുനിര വിദളങ്ങളിൽ പുറമേയുള്ളതിന് പിങ്ക് കലർന്ന ചുവപ്പുനിറവും, അകത്തേതിന് വെളുത്തനിറവുമാണ്. പച്ചകലർന്ന വെളുത്തനിറമുള്ള കേസരങ്ങൾ നേർത്തതും ദുർബലവുമായിരിക്കും. 4 മി.മീ. കട്ടിയുള്ളതാണ് വർത്തിക. സന്ധ്യയോടെ വിരിയാൻ തുടങ്ങുന്ന പൂക്കൾ രാത്രി 10 മണിയോടുകൂടി പൂർണനിലയിലെത്തും. വളരെ വശ്യതയേറിയ സുഗന്ധമായിരിക്കും അപ്പോൾ ഇവയ്ക്ക്. ഒരു ചെടിയിൽ നാല് മുതൽ ആറ് വരെ പൂക്കൾ ഉണ്ടാകും. നേരം വെളുക്കുമ്പോഴേക്കും പൂക്കൾ വാടിയിരിക്കും.

  1. 1.0 1.1 "Genus: Selenicereus (A. Berger) Britton & Rose". Germplasm Resources Information Network. United States Department of Agriculture. 2004-02-13. Retrieved 2011-04-14.
  2. http://www.rareflora.com/cestrumnoc.htm Archived 2012-10-02 at the Wayback Machine. Cestrum nocturnum, Night blooming jasmine
  3. http://toptropicals.com/html/toptropicals/articles/shrubs/jasminum_sambac.htm Sambac varieties: Arabian Jasmine, Hawaiian Pikake...
  4. http://www.ipharmsciencia.com/Dacuments/1/9.pdf Archived 2012-09-04 at the Wayback Machine. An update on Nyctanthes arbor-tristis Linn
  5. http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Quisqualis_indica.htm Archived 2015-07-11 at the Wayback Machine. Quisqualis indica
  6. http://apps.kew.org/efloras/namedetail.do?flora=fz&taxon=6055&nameid=15459

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിശാപുഷ്പങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിശാപുഷ്പങ്ങൾ&oldid=4020966" എന്ന താളിൽനിന്ന് ശേഖരിച്ചത്