നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ

1940 - കളുടെ ആദ്യം മുതൽ രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളൊകോസ്റ്റിന്റെയും ഭാഗമായി നാസികൾ അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവരിൽ നടത്തിയ അതിക്രൂരമായ ഒരു കൂട്ടം വൈദ്യശാസ്ത്രപരീക്ഷണങ്ങളാണ് നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ (Nazi human experimentation) എന്ന് അറിയപ്പെടുന്നത്. റൊമാനി ജനത, സിന്റി, പോളീഷുകാർ, സോവിയറ്റ് യുദ്ധത്തടവുകാർ, അംഗവൈകല്യമുള്ളവർ, ജർമൻകാർ, മുഖ്യമായും ജൂതന്മാർ എന്നിവരായിരുന്നു ഈ പരിപാടിയുടെ പ്രധാന ഇരകൾ.

തടവിൽ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാർക്ക് ഉണ്ടായാൽ നേരിടാൻ ആ അവസ്ഥകൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവർഗലൈംഗികത ചികിൽസിച്ചു ഭേദമാക്കാനും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

യുദ്ധാനന്തരം ഈ കുറ്റങ്ങളെയെല്ലാം ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ നടത്തുകയുണ്ടായി.

പരീക്ഷണങ്ങൾ

തിരുത്തുക

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു.

ഇരട്ടക്കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ

തിരുത്തുക

ഇരട്ടകളുടെ ജനിതകത്തിൽ ഉള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാനും പ്രകൃതിവിരുദ്ധമായി ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാകുമോ എന്ന പരീക്ഷണങ്ങൾ ആണ് ഇവരിൽ നടത്തിയത്. ഇതിനു മുഖനേതൃത്വം നൽകിയത് ജോസഫ് മെംഗളിയാണ്. ഇയാൾ ഓഷ്വിറ്റ്സിൽ തടവിലാക്കിയ 1500 -ഓളം ജോടി ഇരട്ടകളിൽ 1943-44 കാലത്ത് പരീക്ഷണങ്ങൾ നടത്തി. ഇതിൽ ഏതാണ്ട് 200 പേരാണ് പരീക്ഷണങ്ങളെ അതിജീവിച്ചത്.[1] പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ച ഇരട്ടകളിൽ പലതരം പരീക്ഷണങ്ങൾ നടത്തി. കുട്ടികളുടെ നിറം മാറ്റാനാവുമോ എന്നറിയാൻ കണ്ണുകളിൽ നിറം കുത്തിവച്ചു, സയാമീസ് പോലെയുള്ള ഇരട്ടകളെ ഉണ്ടാക്കാനാവുമോ എന്നറിയാൻ ഇരട്ടകളെ കൂട്ടിത്തുന്നി.[2][3]

എല്ല്, പേശി, ഞരമ്പുകൾ എന്നിവ മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ

തിരുത്തുക

ജർമൻ പട്ടാളക്കാർക്ക് പ്രയോജനപ്പെടാനായി എല്ല്, പേശികൾ, ഞരമ്പുകൾ എന്നിവ വളർത്തിയെടുക്കാനും വേറൊരാളിലേക്ക്[4] മാറ്റിവയ്ക്കാനും സാധിക്കുമോ എന്നറിയാൻ തടവുകാരിൽ നിന്നും ഇവയെല്ലാം മുറിച്ചുമാറ്റുകയുണ്ടായി. ഇതെല്ലാം ബോധം കെടുത്താതെ തന്നെയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ മുറിക്കപ്പെട്ട തടവുകാർ പിന്നീടുള്ളകാലം അംഗവൈകല്യം വന്നവർ ആയിട്ടാണ് ജീവിച്ചത്.[4]

ശരീരം മരവിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ

തിരുത്തുക

തണുപ്പിനോട് മനുഷ്യശരീരം പ്രതികരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 280-300 ആൾക്കാരെ ഉപയോഗിച്ച് 360-400 പരീക്ഷണങ്ങൾ ആണ് നടത്തിയത്.[5]

ഡോ: സിഗ്മണ്ട് രാഷെർ ഉണ്ടാക്കിയ മരണപ്പട്ടിക[6]
ശ്രമ നമ്പർ. വെള്ളത്തിന്റെ താപനില വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ ശരീരത്തിന്റെ താപനില മരണസമയത്ത് ശരീരത്തിന്റെ താപനില വെള്ളത്തിൽ കിടന്ന സമയം മരിച്ച സമയം
5 5.2 °C (41.4 °F) 27.7 °C (81.9 °F) 27.7 °C (81.9 °F) 66' 66'
13 6 °C (43 °F) 29.2 °C (84.6 °F) 29.2 °C (84.6 °F) 80' 87'
14 4 °C (39 °F) 27.8 °C (82.0 °F) 27.5 °C (81.5 °F) 95'
16 4 °C (39 °F) 28.7 °C (83.7 °F) 26 °C (79 °F) 60' 74'
23 4.5 °C (40.1 °F) 27.8 °C (82.0 °F) 25.7 °C (78.3 °F) 57' 65'
25 4.6 °C (40.3 °F) 27.8 °C (82.0 °F) 26.6 °C (79.9 °F) 51' 65'
4.2 °C (39.6 °F) 26.7 °C (80.1 °F) 25.9 °C (78.6 °F) 53' 53'

മറ്റൊരു പരീക്ഷണത്തിൽ തടവുകാരെ നഗ്നരായി −6 °C (21 °F) വരെയുള്ള തണുപ്പിൽ പല മണിക്കൂറുകൾ നിർത്തി. തണുപ്പേറ്റാൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി പഠിക്കാൻ ഇങ്ങനെ ചെയ്തശേഷവും ജീവൻ ബാക്കിയായവരെ തിരിച്ച് എങ്ങനെ ചൂടാക്കി എടുക്കാം എന്നും പഠിക്കുകയുണ്ടായി.[7] തിരികെ ചൂടാക്കാനായി തിളച്ച വെള്ളത്തിലേക്ക് ചിലരെ ഇട്ടതായും രേഖകളിൽ കാണുന്നു.[5]

കിഴക്കൻ ഭാഗത്ത് യുദ്ധം നടക്കുമ്പോൾ തണുപ്പ് താങ്ങാനാവാതെ വന്ന ഭടന്മാരുടെ രക്ഷയ്ക്കായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. നാസിയുടെ ഉന്നത നേതൃത്വത്തിനായിട്ടാണ് ഇത് ചെയ്തത്. കൊടും തണുപ്പ് നേരിടാനാവാതെ നാസികൾ വിഷമിച്ചപ്പോൾ താരതമ്യേന തളരാത്ത റഷ്യൻ ഭടന്മാരുടെ ജീനുകളിലെ വ്യത്യാസമാണ് അവർക്ക് പിടിച്ചു നിൽക്കാൻ ആവുന്നതിന്റെ കാരണം എന്നരീതിയിൽ അവരിൽ പലതരം പരീക്ഷണം നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു.[8]

പ്രതിരോധ പരീക്ഷണങ്ങൾ

തിരുത്തുക

പല കോൺസൻട്രേഷൻ ക്യാമ്പുകളിലിലും മനുഷ്യരിലെ പ്രതിരോധങ്ങളെപ്പറ്റി പഠിക്കാൻ തടവുകാരെ ഉപയോഗിച്ചിരുന്നു. പകർച്ചവ്യാധികൾക്കെതിരെയുള്ള ഔഷധങ്ങളും ഇങ്ങനെ പരീക്ഷിക്കുകയുണ്ടായി.[9]

മലേറിയ പരീക്ഷണങ്ങൾ

തിരുത്തുക

1942 ഫെബ്രുവരി മുതൽ 1945 ഏപ്രിൽ വരെ മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിക്കാനായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി. ആരോഗ്യമുള്ള വ്യക്തികളിൽ കൊതുകുകളെക്കൊണ്ടോ പെൺകൊതുകുകളുടെ ഗ്രന്ഥികളിൽ നിന്നും വേർതിരിച്ചെടുത്ത സ്രവം കുത്തിവച്ചോ രോഗമുണ്ടാക്കുന്നു. രോഗം വന്നതിനുശേഷം പല മരുന്നുകൾ അവയുടെ ഗുണമേന്മ അറിയാൻ അവരിൽ പരീക്ഷിച്ചു നോക്കി.[10] ഇത്തരം പരീക്ഷണങ്ങൾ നടത്തപ്പെട്ട ഏതാണ്ട് 1200 ആൾക്കാരിൽ പകുതിയും തൽഫലമായി മരണപ്പെടുകയായിരുന്നു.[11]

മസ്റ്റാർഡ് ഗ്യാസ് പരീക്ഷണങ്ങൾ

തിരുത്തുക

1939 -നും 1945 -നും ഇടയ്ക്കുള്ള കാലത്ത് പല ക്യാമ്പുകളിലും മസ്റ്റാർഡ് ഗ്യാസ് മൂലം ഉണ്ടാവുന്ന മുറിവുകൾക്ക് ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച് പൊള്ളിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇങ്ങനെയുണ്ടാക്കിയ മുറിവുകൾ ഭേദമാവുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിക്കലായിരുന്നു ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്.[12]

സൽഫൊണമൈഡ് പരീക്ഷണങ്ങൾ

തിരുത്തുക

1942 ജൂലൈ മുതൽ 1943 സെപ്തംബർ വരെ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കുന്ന സൾഫൊണമൈഡിന്റെ ഫലം പരീക്ഷിക്കാനായി തടവുകാരിൽ റ്റെറ്റനസ് ഉണ്ടാക്കുന്നവയടക്കം[13] പലതരം ബാക്ടീരിയകളെ കടത്തിവിട്ട് രോഗം വരുത്തുന്നു. രക്തധമനികളുടെ രണ്ട് അറ്റവും കെട്ടിവച്ച് രക്തയോട്ടം യുദ്ധസ്ഥലത്തെന്നപോലെ തടഞ്ഞുനിർത്തുന്നു. കമ്പുകളും കുപ്പിച്ചില്ലുകളും ഈ മുറിവുകളിൽ കുത്തിക്കയറ്റിയ ശേഷം സൾഫൊണമൈഡും മറ്റു മരുന്നുകളും ഇത്തരം മുറിവുകൾ ഉണങ്ങാൻ എത്രമാത്രം ഫലപ്രദമാണെന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം.

കടൽജല പരീക്ഷണങ്ങൾ

തിരുത്തുക

1944 ജൂലൈ മുതൽ 1944 സെപ്തംബർ വരെ ഡക്കവു ക്യാമ്പിൽ നടത്തിയ പരീക്ഷണങ്ങളിൽ എങ്ങനെ കടൽജലം കുടിക്കാൻ ഉപയുക്തമാക്കാം എന്നതായിരുന്നു ലക്ഷ്യം. ഒരിക്കൽ 90 റൊമാനി ആൾക്കാരെ ഭക്ഷണം ഒന്നും നൽകാതെ കടൽജലം മാത്രം കുടിക്കാൻ നൽകി ഹാൻസ് എപ്പിഞ്ചെർ പരീക്ഷണം നടത്തി. അതീവമായ നിർജ്ജലീകരണത്താൽ ഇത് അവരെ കാര്യമായി പരിക്കേൽപ്പിച്ചിരുന്നു. കണ്ടുനിന്നവരുടെ മൊഴിയിൽ നിന്നും അവർ പുതുതായി തുടച്ച തറയിൽ നിന്നും ഒട്ടെങ്കിലും ജലം കിട്ടുമോ എന്നറിയാൻ തറ നക്കുകയായിരുന്നു എന്നാണ് മനസ്സിലായത്.[14] 6 മുതൽ 12 ദിവസം വരെ ഇങ്ങനെ കഴിഞ്ഞാൽ അതിന്റെ രൂക്ഷത എത്രത്തോളമാണെന്ന് അറിയുകയും അതിനിടയിൽ അവരുടെ ജീവൻ പോകുമോ എന്നെല്ലാം അറിയാൻ ആയിരുന്നു ഈ പരീക്ഷണങ്ങൾ.[15]

വന്ധ്യംകരണ പരീക്ഷണങ്ങൾ

തിരുത്തുക

പാരമ്പര്യരോഗങ്ങൾ ഉള്ളവരെ വന്ധ്യകരിക്കാനുള്ള നാസി നിയമം അനുസരിച്ച് പാരമ്പര്യരോഗമുള്ളവരെയും മറ്റു പലവിധം അസുഖങ്ങൾ ഉള്ളവരെയും അവരുടെ ഇഷ്ടം പോലും നോക്കാതെ നിർബന്ധിതമായി വന്ധ്യംകരിക്കുകയുണ്ടായി. ബുദ്ധിമാന്ദ്യം, സ്കിസോഫ്രീനിയ, ഡിപ്രഷൻ, പാർമ്പര്യ അപസ്മാരം, പാരമ്പര്യ കോറിയ, പാരമ്പര്യ അന്ധത, പാരമ്പര്യ ബധിരത, മറ്റു പാരമ്പര്യ രോഗങ്ങൾ, മദ്യപാനം, അംഗവൈകല്യം എന്നിവ ഉള്ളവരെയെല്ലാം നിർബന്ധിതമായി വന്ധ്യംയകരിക്കുന്നത് നാസികൾ നിയമവിധേയമാക്കിയിരുന്നു. ജനിതകമായി തകരാറിലുള്ളവരുടെ വംശം പെരുകുന്നത് ഇല്ലാതെയാക്കി ആര്യന്മാരുടെ വംശം വർദ്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.[16] ഈ നിയമം ഉണ്ടാക്കി 2 വർഷത്തിനുള്ളിൽ 17 -നും 24 -നും ഇടയിൽ പ്രായമുള്ളവരിൽ ഈ നിയമം ഉപയോഗിച്ച് ജനസംഖ്യയുടെ 1 ശതമാനത്തോളം ആൾക്കാരെ വന്ധ്യംകരണം നടത്തുകയുണ്ടായി.

4 വർഷത്തിനുള്ളിൽ മൂന്നു ലക്ഷം ആൾക്കാരെ വന്ധ്യംകരിച്ചു.[17] 1941 മാർച്ച് മുതൽ 1945 ജനുവരി വരെയുള്ള കാലത്ത് ഡോ. കാൾ ക്ലോബർഗ് ഓഷ്‌വിസ്, റാവൻസ്‌ബ്രൂക് തുടങ്ങിയ ഇടങ്ങളിൽ വന്ധ്യംകരണ പരീക്ഷണങ്ങൾ നടത്തി.[12] ലക്ഷക്കണക്കിന് ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്ത് കാര്യക്ഷമമായി എങ്ങനെ വന്ധ്യംകരിക്കാൻ കഴിയും എന്നതിനെപ്പറ്റി പഠിക്കാനാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. എക്സ് റേ, ശസ്ത്രക്രിയ, മരുന്നുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ കൂടാതെ തങ്ങളുടെ നിർബന്ധിത വന്ധ്യംകരണനിയമം ഉപയോഗിച്ച് ഏതാണ്ട് നാലു ലക്ഷം പേരെ വേറെയും നാസികൾ വന്ധ്യംകരിക്കുകയുണ്ടായി.[18]

ഞരമ്പിന്റെയുള്ളിൽ അയഡിനും സിലവർ നൈട്രേറ്റും അടങ്ങിയിട്ടുണ്ട് എന്നു കരുതുന്ന ദ്രവങ്ങൾ കുത്തിവച്ച് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നു കരുതുമ്പോഴും പാർശ്വഫലങ്ങളായി രക്തസ്രാവവും കഠിനമായ വയറുവേദനയും സെർവിക്കൽ അർബുദവും ഉണ്ടായി.[19] അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ചില മാത്രകളിൽ റേഡിയേഷൻ നൽകിയാൽ അണ്ഡവും ബീജവും ഉണ്ടാക്കാനുള്ള വ്യക്തികളുടെ കഴിവു നഷ്ടമാവും. ചതിയിൽപ്പെടുത്തിയാണ് റേഡിയേഷൻ നൽകിയിരുന്നത്. മുറികളിലേക്ക് വിളിക്കപ്പെട്ട തടവുകാരോട് രണ്ടുമൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന, ചില രേഖകൾ പൂരിപ്പിച്ചുനൽകുവാൻ പറയുന്നു. ഈ നേരത്തിനുള്ളിൽ അവർ അറിയാതെ തന്നെ റേഡിയേഷൻ നൽകുകയും അവർ പൂർണ്ണമായും വന്ധ്യംകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിക്കവർക്കും കടുത്ത റേഡിയേഷൻ പൊള്ളൽ ഏറ്റിരുന്നു.[20]

1941 ജൂലൈ 2 -ന് ഓഷ്‌വിറ്റ്‌സിൽ എത്തിയ നാസി ഡോക്ടറായ എറിക് ഷൂമാൻ ജോലി ചെയ്ത സ്ത്രീകളുടെ ആശുപത്രിയിലെ 30 -ആം ബ്ലോക്കിൽ 1942 -ൽ ഒരു എക്സ്റേ സ്റ്റേഷൻ സ്ഥാപിച്ചു. അവിടെ സ്ഥാപിച്ച രണ്ടു എക്സ്റേ മെഷീന്റെ മധ്യത്തിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും നിരവധി മിനിട്ടുകൾ നിർബന്ധിതമായി എക്സ്റേ രശ്മികൾ അവരുടെ ജനനേന്ദ്രിയങ്ങളിലേക്ക് കേന്ദ്രീകരിച്ച് വന്ധ്യംകരിച്ചു. ഇതിന് ഇരയായവരിൽ മിക്കവരും വലിയ നരകയാതന അനുഭവിച്ച് മരണമടയുകയോ, റേഡിയേഷൻ മൂലം ഉണ്ടായ പൊള്ളലുകളാൽ പിന്നീടു ജോലിചെയ്യാനാവാത്ത അവസ്ഥയിൽ ഉള്ളവർ ഗ്യാസ്‌ചേമ്പറിൽ കൊല്ലപ്പെടുകയോ ആണ് ചെയ്തത്. ആണുങ്ങളുടെ വൃഷണങ്ങൾ നീക്കം ചെയ്ത് പരിശോധനയ്ക്ക് അയച്ചു. തന്റെ പരീക്ഷണങ്ങൾക്കുള്ള ഇരകളെ ഷൂമൻ സ്വയം തന്നെയാണു തെരഞ്ഞെടുത്തിരുന്നത്. അവർ എല്ലയ്പ്പോഴും ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കാണാൻ കൊള്ളാവുന്ന ജൂതന്മാരും ആയിരുന്നു. പരീക്ഷണാനന്തരം എല്ലാവരും പ്രായമേറിയവരെപ്പോലെയാണ് കാണപ്പെട്ടിരുന്നത്. എക്സ്റേ രശ്മികൾ വീഴ്ത്തപ്പെട്ട ശരീരഭാഗം പൊള്ളലേറ്റ് പഴുത്തുചലം കെട്ടിയ അവസ്ഥയിൽ ആയിത്തീർന്നിരുന്നു. മിക്കവാറും റേഡിയേഷൻ കുടലിന്റെ ഭാഗങ്ങളെയും ബാധിച്ചിരുന്നു. പലരും കൊല്ലപ്പെട്ടു. റേഡിയേഷൻ ഫലപ്രദമായിരുന്നോ എന്നറിയാനുള്ള ഷൂമാന്റെ പരീക്ഷണങ്ങളിൽ ഒന്ന് ശുക്ലം പരിശോധിക്കൽ ആയിരുന്നു. ശുക്ലത്തിൽ ബീജം ഉണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് അയയ്ക്കാൻ റബർ ഹോസ് ചുറ്റിയ ഒരു കമ്പ് ഇരയുടെ മലദ്വാരത്തിലേക്ക് കടത്തി അവിടത്തെ പേശികൾ ശുക്ലശ്രവം ഉണ്ടാവുന്നതുവരെ വിറപ്പിക്കുകയായിരുന്നു അയാളുടെ രീതി.[21]

 
Remains of the building at Auschwitz II (Birkenau) where Schumann committed his medical atrocities.

ഓഷ്‌വിറ്റ്-സിലെ പ്രധാനക്യാമ്പായ ബ്ലോക്ക് 10 -ൽ നാസികളുടെ മനുഷ്യപരീക്ഷണങ്ങൾക്കായി സൂക്ഷിച്ച ജൂതസ്ത്രീകളിൽ ചിലരെ ഷൂമാൻ തെരഞ്ഞെടുത്തിരുന്നു. അവരിൽ പതിക്കുന്ന റേഡിയേഷന്റെ ശക്തി നിയന്ത്രിക്കുന്നതിനായി ജയിൽ ഡോക്ടർമാർ അവരുടെ ഒരു ഗർഭാശയം നീക്കം ചെയ്തിരുന്നു.[22] ടൈഫസ് പരീക്ഷണങ്ങൾ നടത്താനായി ഷൂമാൻ രോഗികളായിരുന്നവരുടെ രക്തം ശേഖരിച്ച് രോഗമില്ലാത്തവരിൽ കുത്തിവച്ച അങ്ങനെ പുതുതായി രോഗം ബാധിച്ചവരിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

വിഷം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ

1943 ഡിസംബറിനും 1944 ഒക്ടോബറിനും ഇടയ്ക്ക് ബുക്കൻവാൾഡ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. പല തരത്തിലുമുള്ള വിഷങ്ങളുടെ ഫലം പരീക്ഷിക്കാനായി തടവുകാർ അറിയാതെ ഭക്ഷണത്തിൽ വിഷം ചേർത്തുനൽകുകയാണ് ചെയ്തത്. ഒന്നുകിൽ വിഷത്തിന്റെ ശക്തിയാൽ മരിക്കുകയോ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി അപ്പോൾത്തന്നെ കൊല്ലുകയോ ആണ് ഈ പരീക്ഷണങ്ങളുടെ രീതി. 1944 സെപ്തംബറിൽ തടവുകാരെ വിഷം പുരണ്ട വെടിയുണ്ടകളാൽ വെടിവച്ച് പരീക്ഷിച്ചു. ഇങ്ങനെ പീഡിപ്പിക്കപ്പെട്ടവർ മിക്കവാറും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[12]

തീബോംബ് പരീക്ഷണങ്ങൾ

തിരുത്തുക

തീബോംബ് കൊണ്ട് പൊള്ളലേറ്റാൽ ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ പലതരത്തിൽ പൊള്ളിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 1943 നവംബർ മുതൽ 1944 ജനുവരി വരെയുള്ള കാലങ്ങളിൽ ബുക്കൻവാൾഡിൽ നടന്ന ഈ പരീക്ഷണങ്ങളിൽ തടവുകാരെ ഫോസ്‌ഫറസും മറ്റു തീബോംബുകളിൽ നിന്നും വേർതിരിച്ചെടുത്ത പദാർത്ഥങ്ങളും ഉപയോഗിച്ചാണ് പൊള്ളിച്ചത്.[12]

കുറഞ്ഞ മർദ്ദത്തിൽ നടത്തിയ പരീക്ഷണങ്ങൾ

തിരുത്തുക

വിമാനം പറത്തുമ്പോൾ ഉയരങ്ങളിൽ നിന്നും ചാടേണ്ടിവരുന്ന ജർമൻ വൈമാനികരെ സഹായിക്കാനായി സിഗ്‌മണ്ട് റാഷെർ ഡകൗ ക്യാമ്പിലെ തടവുകാരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇത്. 20000 മീറ്റർ ഉയരെയുള്ള തീരെക്കുറഞ്ഞ അന്തരീക്ഷ മർദ്ദം പരീക്ഷണശാലയിൽ ഉണ്ടാക്കി അതിൽ തടവുകാരെ ഇടുകയാണ് ചെയ്തത്. ആദ്യപരീക്ഷണങ്ങൾക്കു ശേഷവും ജീവൻ ബാക്കിയായവരുടെ തലച്ചോറിൽ ജീവനുള്ളപ്പോൾത്തന്നെ കീറിമുറിച്ച് ഇയാൾ പരീക്ഷണങ്ങൾ നടത്തിയത്രേ.[23] പരീക്ഷണത്തിനു വിധേയമായ 200 പേരിൽ 80 പേർ അപ്പോൾത്തന്നെ മരിക്കുകയും ബാക്കിയുള്ളവരെ വധിക്കുകയുമാണ് ചെയ്തത്.

രക്തം കട്ടപിടിപ്പിക്കൽ പരീക്ഷണങ്ങൾ

തിരുത്തുക

സിഗ്‌മണ്ട് റാഷെർ പോളിഗാൽ എന്ന രക്തം കട്ടപിടിക്കാൻ സഹായകമാകുന്ന വസ്തു ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ശസ്ത്രക്രിയാസമയത്തും യുദ്ധത്തിൽ വെടികൊള്ളുമ്പോഴുമെല്ലാം രക്തം കട്ടപിടിക്കാൻ ഈ പദാർത്ഥം സഹായിക്കുമെന്ന് റാഷെർ പ്രവചിച്ചു. പരീക്ഷിക്കാനായി തടവുകാരുടെ കഴുത്തിലൂടെയോ നെഞ്ചിലൂടെയോ അല്ലെങ്കിൽ ബോധം കെടുത്താതെ തന്നെ അംഗച്ഛേദം നടത്തിയോ വെടിവയ്ക്കുകയാണു ചെയ്തത്. തന്റെ പോളിഗാൽ പരീക്ഷണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കാതെതന്നെ അയാൾ തടവുകാരെ ജോലിക്കുനിർത്തി ഈ വസ്തു ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടാക്കുകയുണ്ടായി.[24]

അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങൾ

തിരുത്തുക

മൗതൗസൻ ക്യാമ്പിലെ ഡോക്ടർ ആയ ഹെർമൻ റിക്ടർ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ജീവനുള്ള മനുഷ്യരിൽ നിന്നും ശസ്ത്രക്രിയയിലൂടെ കുടൽ, കരൾ, വൃക്ക മുതലായ അവയവങ്ങൾ നീക്കം ചെയ്ത് അങ്ങനെ നീക്കം ചെയ്യപ്പെട്ടവർക്ക് പിന്നീട് എത്രനാൾ കൂടി ജീവിക്കാൻ കഴിയും എന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇവ. അവിടെത്തന്നെയുണ്ടായിരുന്ന മറ്റൊരു നാസിയായ എഡ്വാഡ് ക്രെബ്സ്‌ബാക് പരീക്ഷ്ണവിധേയരായവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഫിനോൾ കുത്തിവച്ച് ആൾക്കാരെ കൊന്നിരുന്നു.[25]

അനന്തരഫലങ്ങൾ

തിരുത്തുക

നാസികളുടെ പരീക്ഷണങ്ങൾക്ക് ഇരയാകേണ്ടിവന്നവരിൽ മിക്കവരും മരണമടയുകയാണ് ഉണ്ടായത്. ശേഷിച്ചവരിൽ മിക്കവരെയും തുടർപരീക്ഷണത്തിനും പോസ്റ്റ്മോർട്ടത്തിനുമായി കൊലപ്പെടുകയാണ് ചെയ്തത്.[26] ശേഷിച്ചവരാകട്ടേ, അംഗവൈകല്യം വന്നും, സ്ഥിരമായി അവയവങ്ങൾ നഷ്ടപ്പെട്ടും, ശരീരം ശോഷിച്ചും മാനസികനില തകർന്നും ശേഷിക്കുകയാണ് ഉണ്ടായത്. 1947 ആഗസ്ത് 19 -ന് സഖ്യസേന പിടിച്ച ഡോക്ടർമാരെ ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ ചെയ്യുകയുണ്ടായി. പല ഡോക്ടർമാരും വൈദ്യപരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്ട്രനിയമങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നു വാദിക്കുകയുണ്ടായി.

  1. Josef Mengele and Experimentation on Human Twins at Auschwitz Archived 2015-04-14 at the Wayback Machine., Children of the Flames; Dr. Josef Mengele and the Untold Story of the Twins of Auschwitz, Lucette Matalon Lagnado and Sheila Cohn Dekel, and Mengele: the Complete Story by Gerald Posner and John Ware.
  2. Black, Edwin (2004). War Against the Weak: Eugenics and America's Campaign to Create a Master Race. United States: Thunder's Mouth Press. ISBN 1-56858-258-7. Retrieved 14 April 2008.
  3. Berenbaum, Michael (1993). The world must know: the history of the Holocaust as told in the United States Holocaust Memorial Museum. Boston: Little, Brown. pp. 194–5. ISBN 0-316-09134-0.
  4. 4.0 4.1 Perper, Joshua A.; Cina, Stephen J. (2010-06-14). When Doctors Kill: Who, Why, and How (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9781441913692.
  5. 5.0 5.1 Berger, Robert L. (May 1990). "Nazi Science — the Dachau Hypothermia Experiments". New England Journal of Medicine. 322 (20): 1435–40. doi:10.1056/NEJM199005173222006. PMID 2184357.
  6. The Dachau Concentration Camp, 1933 to 1945. Comite International Dachau. 2000. p. 183. ISBN 978-3-87490-751-4.
  7. Bogod, David. "The Nazi Hypothermia Experiments: Forbidden Data?", Anaesthesia, Volume 59 Issue 12 Page 1155, December 2004.
  8. Neurnberg Military Tribunal, Volume I · Page 200
  9. "Nazi Medical Experiments". ushmm.org.
  10. George J. Annas Edward R. Utley Professor of Health Law; Medicine Michael A. Grodin Associate Professor of Philosophy and Associate Director of Law, and Ethics Program both of the Boston University Schools of Medicine and Public Health (7 May 1992). The Nazi Doctors and the Nuremberg Code : Human Rights in Human Experimentation: Human Rights in Human Experimentation. Oxford University Press, USA. pp. 98–. ISBN 978-0-19-977226-1.
  11. United States. Office of Chief of Counsel for the Prosecution of Axis Criminality; United States. Dept. of State; United States. War Dept; International Military Tribunal (1946). Nazi conspiracy and aggression: Office of United States Chief of Counsel for Prosecution of Axis Criminality. U.S. Govt. Print. Off.
  12. 12.0 12.1 12.2 12.3 "Introduction to NMT Case 1: U.S.A. v. Karl Brandt et al". Harvard Law Library, Nuremberg Trials Project: A Digital Document Collection. Archived from the original on 2016-08-20. Retrieved 23 March 2008.
  13. Spitz, Vivien (2005). Doctors from Hell: The Horrific Account of Nazi Experiments on Humans. Sentient Publications. ISBN 1-59181-032-9.
  14. Cohen, Baruch C. "The Ethics Of Using Medical Data From Nazi Experiments". Jewish Law: Articles. Retrieved 23 March 2008.
  15. "Rosalyn Yalow, Nobel Laureate". google.ca.
  16. Gardella JE. The cost-effectiveness of killing: an overview of Nazi "euthanasia." Medical Sentinel 1999;4:132-5
  17. Dahl M. [Selection and destruction-treatment of "unworthy-to-live" children in the Third Reich and the role of child and adolescent psychiatry], Prax Kinderpsychol Kinderpsychiatr 2001;50:170-91.
  18. Piotrowski, Christa (21 July 2000). "Dark Chapter of American History: U.S. Court Battle Over Forced Sterilization". CommonDreams.org News Center. Archived from the original on 2008-04-15. Retrieved 23 March 2008.
  19. Meric, Vesna (27 January 2005). "Forced to take part in experiments". BBC News.
  20. "Medical Experiments at Auschwitz". Jewish Virtual Library. Retrieved 23 March 2008.
  21. Klee, 53
  22. Lang, 132-143
  23. Cockburn, Alexander (1998). Whiteout:The CIA, Drugs, and the Press. Verso. ISBN 1-85984-139-2.
  24. Michalczyk, p. 96
  25. https://www.ushmm.org/wlc/en/article.php?ModuleId=10007729
  26. Rosenberg, Jennifer. "Mengele's Children – The Twins of Auschwitz". about.com. Retrieved 23 March 2008.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക