ദോജി ബാര ക്ഷാമം
1791-1792-ലെ ദോജി ബാര ക്ഷാമം ( തലയോട്ടി ക്ഷാമം എന്നും അറിയപ്പെടുന്നു) 1789 മുതൽ1795 വരെ നീണ്ടുനിന്ന എൽ നിനോ പ്രതിഭാസം മൂലമുണ്ടായ നീണ്ട വരൾച്ച കാരണമായി സംഭവിച്ചതായിരുന്നു.
തത്ഫലമായുണ്ടായ കടുത്ത ക്ഷാമം, ഹൈദരാബാദ്, തെക്കൻ മറാഠാ രാജ്യം, ഡെക്കാൻ, ഗുജറാത്ത്, മാർവാർ എന്നിവിടങ്ങളിൽ വ്യാപകമായ മരണത്തിന് കാരണമായി. [1]ക്ഷാമം രൂക്ഷമല്ലാത്ത മദ്രാസ് പ്രസിഡൻസി (ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം) പോലെയുള്ള പ്രദേശങ്ങളിലെ, വടക്കൻ സിർക്കാറുകൾ പോലുള്ള ചില ജില്ലകളിൽ ജനസംഖ്യയുടെ പകുതിയും മരണപ്പെട്ടു. രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെങ്കിലും ബിജാപൂർ പോലെയുള്ള മറ്റ് പ്രദേശങ്ങളിൽ 1791-ലെ ക്ഷാമം ദോജി ബാര ( ദോഹി ബാർ ) അല്ലെങ്കിൽ "തലയോട്ടി ക്ഷാമം" എന്ന പേരിൽ നാടോടിക്കഥകളിൽ അറിയപ്പെട്ടു. "റോഡുകളും വയലുകളും വെളുപ്പിച്ച് കുഴിച്ചിടാതെ കിടക്കുന്ന അസ്ഥികൾ" മൂലമാണ് ഈ പേര് ക്ഷാമത്തിന് ലഭിച്ചത്. ഒരു ദശാബ്ദത്തിന് മുമ്പുണ്ടായ ചാലിസ ക്ഷാമത്തിലെന്നപോലെ പല പ്രദേശങ്ങളും മരണങ്ങൾ മൂലമോ കുടിയേറ്റം മൂലമോ ജനവാസമില്ലാത്തതായിത്തീർന്നു. ഒരു പഠനമനുസരിച്ച്, 1789 – 1792 വർഷങ്ങളിൽ പട്ടിണി മൂലവും അനുബന്ധമായ രോഗങ്ങളും പകർച്ചവ്യാധികളും മൂലവും 1 കോടി ആളുകളെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നു കരുതുന്നു.
ചരിത്രത്തിലെ വിവരണങ്ങൾ
തിരുത്തുകമറാത്ത സാമ്രാജ്യം
തിരുത്തുകപൂന
തിരുത്തുകബോംബെ പ്രസിഡൻസിയുടെ ഗസറ്റിയർ പ്രകാരം: പൂന (1885),
1791-92 വർഷം, പ്രാദേശികമായി സമൃദ്ധമായ വർഷമാണെങ്കിലും, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ക്ഷാമത്തിന്റെ വർഷമായിരുന്നു. ധാന്യത്തിന്റെ വില പന്ത്രണ്ട് പൗണ്ടായി (6 ഷെർസ് ) ഉയർന്നു. അടുത്ത വർഷം, 1792-93, ഒക്ടോബർ വരെ മഴ പെയ്തില്ല, ചിലർ രാജ്യം വിട്ടുപോയി, മറ്റുള്ളവർ ദാരിദ്ര്യം മൂലം മരിച്ചു. ദുരിതം വളരെ വലുതാണെന്ന് പറയപ്പെടുന്നു. പേഷ്വായുടെ സർക്കാർ നൈസാമിന്റെ രാജ്യത്ത് നിന്ന് ധാന്യങ്ങൾ കൊണ്ടുവന്ന് പൂനയിൽ വിതരണം ചെയ്തു.
ധാർവാർ
തിരുത്തുകധാർവാർ മേഖല വൻ ദുരിതത്തിലകപ്പെട്ടു.
ബോംബെ പ്രസിഡൻസിയുടെ ഗസറ്റിയർ പ്രകാരം: ധാർവാർ, ഗസറ്റിയർ,
1790-ൽ, പരശുറാം ഭാവുവിന്റെ കീഴിൽ ധാർവാർ വഴി മെസൂറിലേക്ക് മറാഠകൾ നടത്തിയ പടനിക്കത്തിന്റെ അനന്തരഫലമായി മെസൂറിൽ നിന്ന് മടങ്ങിയെത്തിയ വിജയികളായ സൈന്യം ഭക്ഷണത്തിന്റെ അഭാവം മൂലം ഏതാണ്ട് നശിച്ചു. 1791-1792-ൽ മോശം വർഷങ്ങളുടെ ഒരു പരമ്പരയുടെ ഫലമായി ഭയങ്കരമായ ഒരു ക്ഷാമം ഉണ്ടായിരുന്നു. ഹുബ്ലി, ദാമ്പൽ, കൽഘട്ഗി എന്നിവിടങ്ങളിൽ ദുരിതം വളരെ വലുതായിരുന്നു. അവിടെ ആളുകൾ ഇലകളും കായകളും തിന്നുകയും സ്ത്രീകളെയും കുട്ടികളെയും വിൽക്കുകയും ചെയ്തു. ദംബലിൽ പന്ത്രണ്ട് വർഷമായി മഴ പെയ്യാത്തതിനാൽ മൂന്ന് വർഷമായി കൃഷിയിറക്കിയില്ല. അടക്കം ചെയ്യപ്പെടാത്ത മരിച്ചവരുടെ എണ്ണം മൂലം ഈ ക്ഷാമം ദോജി ബാര ക്ഷാമം അല്ലെങ്കിൽ തലയോട്ടി ക്ഷാമം എന്ന് വിളിക്കപ്പെടുന്നു. ദുരിതബാധിതർക്ക് സമ്പന്നർ സഹായം നൽകിയതായി പറയപ്പെടുന്നു. ഹൂബ്ലിയിലെ ചില ധാന്യശേഖരങ്ങൾ പിടിച്ചെടുത്തതിനുമപ്പുറം പേഷ്വായുടെ സർക്കാർ ഒന്നും ചെയ്തില്ല.
ബെൽഗാം
തിരുത്തുകഅയൽപ്രദേശമായ ബെൽഗാം മേഖലയെയും ക്ഷാമം സമാനമായി ബാധിച്ചു. ബോംബെ പ്രസിഡൻസിയുടെ ഗസറ്റിയർ പ്രകാരം: ബെൽഗാം (1884),
1791-92-ൽ മഴയുടെ പൂർണ്ണ പരാജയം ഭയാനകമായ ദുരിതത്തിന് കാരണമായി. ഈ ക്ഷാമത്തെക്കുറിച്ച് രേഖകൾ കണ്ടെത്താനായിട്ടില്ല. സിന്ധ് ഒഴികെയുള്ള ബോംബെ പ്രസിഡൻസി മുഴുവനും മദ്രാസിലേക്കും നൈസാമിന്റെ പ്രദേശത്തേക്കും ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ക്ഷാമമെന്നാണ് ചരിത്രം പറയുന്നത്. ബെൽഗാമിൽ, രാജ്യത്തിന്റെ അസ്വസ്ഥമായ അവസ്ഥയും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വലിയ ജനക്കൂട്ടവും ദുരിതം വർദ്ധിപ്പിച്ചു. ചില ഉയർന്ന ജാതി ഹിന്ദുക്കൾ, ധാന്യം ലഭിക്കാതായപ്പോൾ മാംസാഹാരം കഴിക്കാൻ താൽപര്യപ്പെടാതിരുന്നതിനാൽ സ്വയം വിഷം കഴിച്ചു മരിച്ചു. അതേസമയം ദരിദ്രജനവിഭാഗങ്ങൾ വേരുകൾ, സസ്യങ്ങൾ, ചത്ത മൃഗങ്ങൾ, കൂടാതെ ശവങ്ങൾ എന്നിവ പോലും ഭക്ഷിച്ച് ജീവിക്കാൻ ശ്രമിച്ചു. പല ഗ്രാമങ്ങളിലെയും പകുതി നിവാസികളും മരിച്ചുവെന്ന് കണക്കാക്കപ്പെട്ടു. അതിജീവിച്ചവരിൽ പലരും മടങ്ങിവന്നില്ല. 1791-92 കാലഘട്ടത്തിൽ ഗോകക്ക് പട്ടണത്തിലും ജില്ലയിലും പട്ടിണി മൂലം മാത്രം ഇരുപത്തയ്യായിരം പേർ മരിച്ചതായി പറയപ്പെടുന്നു. പട്ടിണിയുടെ വേദനയിൽ ഗോകക്കിൽ ഒരു സ്ത്രീ സ്വന്തം മക്കളെ തിന്നുകയും അതിനു ശിക്ഷയായി എരുമയുടെ കാൽച്ചുവട്ടിൽ അവരെ മരണം വരെ വലിച്ചിഴച്ചക്കുകയും ചെയ്തതായി ഒരു കഥ പ്രചരിക്കുന്നു. പരിപാലിക്കപ്പെടാതെ മരിച്ചവരുടെ എണ്ണത്തിൽ, ഈ ക്ഷാമം ഇപ്പോഴും ഡോംഗി ബുറ അല്ലെങ്കിൽ തലയോട്ടി ക്ഷാമം എന്നാണ് ഓർമ്മിക്കപ്പെടുന്നത്. എസ്റ്റേറ്റ് ഉടമകളോ ജാഗിർദാർമാരോ ദുരിതത്തിൽ നിന്ന് മോചനം നേടാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുവെന്ന് പറയപ്പെടുന്നു, പക്ഷേ പേഷ്വാ സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന് പറയുന്നു. 1791 ഒക്‌ടോബറിൽ സമൃദ്ധമായ മഴ പെയ്യുകയും ദുരിതത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുകയും ചെയ്തു.
ബെൽഗാം മേഖലയിലും ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. അടുത്തിടെ ബ്രിട്ടീഷുകാരുമായി ഒരു സഖ്യത്തിൽ ഒപ്പുവെച്ച അലി ഖാൻ അസഫ് ജാ രണ്ടാമൻ നിസാമായി ഭരിച്ചിരുന്ന, നാട്ടുരാജ്യമായ ഹൈദരാബാദ് സ്റ്റേറ്റിൽ ക്ഷാമം രൂക്ഷമായിരുന്നു.
1792-93 ൽ തെലിംഗാന ജില്ലകളിൽ വലിയ ക്ഷാമം നിലനിന്നിരുന്നു. 1794-ൽ സർ ജോൺ കെന്നവേ റസിഡന്റ് ഓഫീസ് രാജിവച്ചപ്പോൾ, സംസ്ഥാന ഭരണത്തെക്കുറിച്ച് അദ്ദേഹം ഇന്ത്യാ ഗവൺമെന്റിന് ഒരു റിപ്പോർട്ട് നൽകി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈയിടെയുണ്ടായ ക്ഷാമം മൂലം ജനവാസം ഇല്ലാതായെന്നും അതിന്റെ ഫലമായി കൃഷിയും വിളവെടുപ്പും പൊതുവെ നൈസാമിന്റെ ആധിപത്യത്തിൽ താഴ്ന്ന നിലയിലാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ക്ഷാമം വളരെ രൂക്ഷമായ ഒന്നായിരുന്നു. മന്ത്രി മിർ ആലം സർ ജോൺ കെന്നവേയെ അറിയിച്ച സാഹചര്യങ്ങളിൽ നിന്ന് അതിന്റെ വ്യാപ്തിയെയും തീവ്രതയെയും കുറിച്ചുള്ള ചില ആശയങ്ങൾ മനസ്സിലാക്കാം: ഒന്നാമതായി, നാലു മാസങ്ങളിൽഹൈദരാബാദിൽ 90,000 മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു. രണ്ടാമതായി, ക്ഷാമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് റായ്ച്ചൂരിലെ ഒരു ജില്ലയിൽ 2000 നെയ്ത്തുകാരുടെ കുടിലുകളിൽ ആറെണ്ണം മാത്രമാണ് ക്ഷാമത്തിനുശേഷം നിലനിന്നിരുന്നത്. ക്ഷാമത്തിനു ശേഷമുള്ള വർഷത്തിൽ, കൃഷി ചെയ്യാൻ സാധിക്കാനാകത്തവിധം കനത്ത മഴയുണ്ടായി, അതിന്റെ ഫലമായി ദുരിതം വഷളായി. ക്ഷാമം നീണ്ടുനിന്നപ്പോൾ, പട്ടിണിബാധിതരായ 150 പേർക്ക് ദിവസവും ഭക്ഷണം നൽകാനുള്ള ചെലവ് മന്ത്രി സ്വന്തം പോക്കറ്റിൽ നിന്ന് നൽകി. ചില അമിൽദാർമാരിൽ നിന്നോ ജില്ലാ റവന്യൂ കളക്ടർമാരിൽ നിന്നോ നിർബന്ധിത പിരിവ് ഈടാക്കിയിരുന്നു. റസിഡന്റ് സർ ജോൺ കെന്നവേ, മന്ത്രിയുടെ കെടുകാര്യസ്ഥതയെ പരാമർശിച്ചു. രാജ്യം വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് വ്യക്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മദ്രാസ് പ്രസിഡൻസി
തിരുത്തുകമദ്രാസ് പ്രസിഡൻസിയിൽ, ക്ഷാമം ഡെക്കാനിലേക്കാൾ കുറവായിരുന്നു.
പ്രസിഡൻസിയുടെ വടക്കൻ ജില്ലകളിൽ മറ്റൊരു ഗുരുതരമായ ക്ഷാമം ഉണ്ടായി ഏഴ് വർഷം പിന്നിടുന്നതിനു മുമ്പെ 1790 നവംബർ മുതൽ 1792 നവംബർ വരെ ഏകദേശം രണ്ട് വർഷത്തേക്ക് ക്ഷാമം അനുഭവപ്പെട്ടു. 1791 ഏപ്രിലിൽ, വിശാഖപട്ടണത്തിന്റെ സമീപപ്രദേശങ്ങളിൽ 1,200 പേർ പട്ടിണി മൂലം മരിച്ചുവെന്നും 1792-ന്റെ തുടക്കത്തിൽ, ഗഞ്ചം ജില്ല ഭക്ഷണത്തിനായി വലിയ ബുദ്ധിമുട്ടിലാണെന്നും എല്ലൂർ, രാജമുണ്ട്രി, കൊണ്ടാപ്പിള്ളി എന്നിവിടങ്ങൾ കടുത്ത ദുരിതത്തിലാണെന്നും റിപ്പോർട്ട് ചെയ്തു. അയൽരാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പട്ടിണി മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നഗരവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്നും മസൂലിപട്ടത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യകാലഘട്ടത്തിൽ, എല്ലാത്തരം ധാന്യങ്ങളുടെയും ഇറക്കുമതി, ട്രാൻസിറ്റ് തീരുവകൾ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ധാന്യം ഇറക്കുമതി ചെയ്യുന്നതിലും വില ഉയർത്താനുള്ള ശ്രമങ്ങൾ നിരുത്സാഹപ്പെടുത്താനും വ്യാപാരികൾക്ക് എല്ലാ പ്രോത്സാഹനവും സഹായവും നൽകാൻ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. . മദ്രാസിന്റെ വടക്കൻ ജില്ലകളിലേക്കുള്ള ധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും അവർ ബംഗാൾ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. ഈ ആശ്വാസ നടപടികൾക്ക് പുറമേ, 1792 ജൂൺ വരെ തഞ്ചാവൂരിൽ നിന്നുള്ള അരി കയറ്റുമതി ദുരിതബാധിതജില്ലകളൊഴികെയുള്ള സ്ഥലങ്ങളിലേക്ക് നിരോധിക്കണമെന്ന് 1791-ന്റെ അവസാനത്തിൽ സർക്കാർ തീരുമാനിച്ചു. വിശാഖപട്ടണത്തെ സർക്കാർ സ്റ്റോറുകളിൽ നിന്ന് 50 ചാക്ക് അരി മാസം തോറും ചാരിറ്റിയായി വിതരണം ചെയ്യാനും, ദരിദ്ര വിഭാഗങ്ങൾക്ക് അരിയും റാഗി കഞ്ഞിയും നൽകാനും ഗഞ്ചാം കളക്ടറെ അധികാരപ്പെടുത്തി. ഒടുവിൽ ഈ ജില്ലയിൽ ക്ഷാമം വളരെ രൂക്ഷമാവുകയും ഗഞ്ചമിലെ താമസക്കാരനായ സ്നോഡ്ഗ്രാസ് പാവപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാദേശികമായി പണം ശേഖരിക്കുകയും അവരിൽ 2,000 പേരെ പൊതുമരാമത്ത് ജോലികളിൽ ഏർപെടുത്തുകയും അവരുടെ കൂലി സർക്കാർ സ്റ്റോറുകളിൽ നിന്ന് ധാന്യമായി നൽകുകയും ചെയ്തു.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Bilgrami, Hosain; Willmott, C. (1884), Historical and descriptive sketch of His Highness the Nizam's dominions, Volume 2, Bombay: The Times of India Steam Press
- Dalyell, R. A. (1867), Memorandum on the Madras famine of 1866, Madras Central Famine Relief Committee
- Elliot, Walter (1863), "On the Farinaceous Grains and Various Kinds of Pulse used in Southern India", Transactions of the Botanical Society, vol. 7, no. 1–4, pp. 276–299, doi:10.1080/03746606309467837
- Gazetteer of the Bombay Presidency: Belgaum (1884), Volume 21, Bombay: Government Central Press
- Gazetteer of the Bombay Presidency: Bijapur (1884), Volume 23, Bombay: Government Central Press
- Gazetteer of the Bombay Presidency: Dharwar (1884), Volume 22, Bombay: Government Central Press
- Gazetteer of the Bombay Presidency: Poona (1885), Volume 28, Part 2, Bombay: Government Central Press
- Grove, Richard H. (2007), "The Great El Nino of 1789–93 and its Global Consequences: Reconstructing an Extreme Climate Event in World Environmental History", The Medieval History Journal, vol. 10, no. 1&2, pp. 75–98, doi:10.1177/097194580701000203
- Imperial Gazetteer of India vol. III (1907), The Indian Empire, Economic (Chapter X: Famine, pp. 475–502, Published under the authority of His Majesty's Secretary of State for India in Council, Oxford at the Clarendon Press. Pp. xxx, 1 map, 552.