തോപ്പിൽ ആന്റോ
ഒരു മലയാള പിന്നണി ഗായകനാണ് തോപ്പിൽ ആന്റോ (6 ജൂൺ1940 – 4 ഡിസംബർ 2021). നാടകഗാനങ്ങളിലൂടെയാണ് തോപ്പിൽ ആൻ്റോ പ്രശസ്തനായത്. സിനിമകളിലും പാടിയിട്ടുണ്ട്. ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതവും നിർവഹിച്ചിട്ടുണ്ട് അദ്ദേഹം.[1]
തോപ്പിൽ ആൻ്റോ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ആന്റണി |
ജനനം | ഇടപ്പള്ളി, കൊച്ചി, ബ്രിട്ടീഷ് ഇന്ത്യ | 6 ജൂൺ 1940
മരണം | 4 ഡിസംബർ 2021 ഇടപ്പള്ളി, കൊച്ചി, കേരളം ഇന്ത്യ | (പ്രായം 81)
വിഭാഗങ്ങൾ | പിന്നണി ഗായകൻ |
തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1956–2021 |
ഗാനമേളകളിലൂടെ ശ്രദ്ധേയനായ[2] തോപ്പിൽ ആൻ്റോക്ക് തന്റേതുമാത്രമായ ഗാനാവതരണ ശൈലികൊണ്ട് സാധാരണക്കാരായ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിഞ്ഞു.[3] "മധുരിക്കും ഓർമകളേ "എന്ന ഗാനം ആദ്യം പാടിയത് സി.ഒ. ആന്റോ ആണെങ്കിലും ഈ പാട്ടിനെ ഒരു ജനകീയ ഗാനം ആക്കി മാറ്റിയതിൽ തോപ്പിൽ ആൻ്റോക്കും ഒരു പങ്കുണ്ടെന്ന് പറയാം.
ജീവിതരേഖ
തിരുത്തുകചവിട്ടുനാടക കലാകാരൻ തോപ്പിൽ ജോസഫ് കുഞ്ഞാപ്പുവിന്റെയും ഏലീശ്വയുടെയും മകനായി കൊച്ചിക്ക് സമീപമുള്ള ഇടപ്പള്ളിയിൽ 1940 ജൂൺ 6-ന് ജനനം. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറിന്റെയും മുകേഷിന്റെയും ഗാനങ്ങൾ കേട്ടു പഠിച്ച അദ്ദേഹം സ്‌കൂൾ സാഹിത്യസമാജങ്ങളിലൂടെയാണ് സംഗീതവേദിയിലേക്ക് എത്തുന്നത്. പിന്നീട് ഇടപ്പള്ളി കോമള മ്യൂസിക്കൽ ആർട്സിൽ ചേർന്ന ആന്റോ അവരുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി മാറി.
നാടകരംഗം
തിരുത്തുകനാട്ടിലെ യോഗങ്ങളിലും കല്യാണ വീടുകളിലുമൊക്കെ പാടിനടന്നിരുന്ന ആന്റോയെ നാടകഗാനരംഗത്തേക്ക് കൂട്ടിക്കൊണ്ട് വന്നത് മുൻ കേന്ദ്ര മന്ത്രി എ.സി. ജോർജായിരുന്നു.[4] വിമോചനസമരകാലത്തു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നാടകങ്ങൾക്കു വേണ്ടി പാടാൻ അവസരം കൊടുക്കുന്നത് അദ്ദേഹമാണ്. സി.ജെ. തോമസിന്റെ വിഷവൃക്ഷം എന്ന നാടകത്തിൽ ആദ്യമായി പാടി. പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിങ്ങനെ വിവിധ പ്രൊഫഷണൽ നാടക നാടകസമിതികളിലൂടെ തന്റെ സംഗീതയാത്ര തുടർന്നു. എച്ച്‌എംവി-യുടെ റിക്കോർഡുകൾ ഇറങ്ങിയ കാലത്ത് അവയ്ക്കു വേണ്ടി പാടിയ പാട്ടുകൾ ആന്റോയെ കൂടുതൽ പ്രശസ്‌തനാക്കി.[5]
ചലച്ചിത്രരംഗം
തിരുത്തുകകെ.എസ്. ആന്റണിയാണു സിനിമാ പിന്നണി ഗാനരംഗത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. ഫാദർ ഡാമിയൻ ആയിരുന്നു ആദ്യ ചിത്രം. "പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു" എന്നതായിരുന്നു ഗാനം. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ ഹണി ബീ 2 : സെലിബ്രേഷൻസ് എന്ന സിനിമയിലെ "നുമ്മടെ കൊച്ചി" എന്ന ഗാനമാണ് അദ്ദേഹം അവസാനമായി സിനിമക്ക് വേണ്ടി പാടിയത്. ബേണി ഇഗ്‌നേഷ്യസിനൊപ്പം കലാപം എന്ന സിനിമയിൽ സംഗീതസംവിധായകനായി.[6]
ഗാനമേളരംഗം
തിരുത്തുകഒരു സ്‌റ്റേജ് ഗായകൻ കൂടിയായിരുന്ന തോപ്പിൽ ആന്റോ, കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്‌സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങി കേരളത്തിലെ പ്രമുഖ ഗാനമേളാസംഘങ്ങളിൽ പലതിലും പാടിയിട്ടുണ്ട്.[7] ജനനീ ജന്മഭൂമി എന്ന സിനിമയിൽ സി.ഒ. ആന്റോ ആലപിച്ച "മധുരിക്കും ഓർമകളേ’ എന്ന ഗാനം അദ്ദേഹം ആയിരക്കണക്കിന് വേദികളിലാണ് പാടിയത്. 'കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം’, ‘അന്നത്തിനും പഞ്ഞമില്ല’, മുഹമ്മദ് റഫി പാടിയ ‘യാഹൂ’ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് മാസ്റ്റർപീസുകൾ. ഇടക്കാലത്ത് കൊച്ചിൻ ബാൻഡോർ എന്ന പേരിൽ സ്വന്തം ട്രൂപ്പും രൂപീകരിച്ചിരുന്നു.[8] ഒട്ടേറെ പുതുമുഖഗായകരെ ഈ ട്രൂപ്പിലൂടെ അദ്ദേഹം സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തി.
ലളിതഗാന-കവിതാരംഗം
തിരുത്തുകആകാശവാണി തൃശൂർ നിലയത്തിൽ ലളിതഗാനഗായകൻ എന്ന നിലയിൽ രണ്ടു പതിറ്റാണ്ട് പ്രവർത്തിച്ചു.[9]നിരവധി ഭക്‌തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്. ‘കാവ്യധാര’യെന്ന പേരിൽ ചങ്ങമ്പുഴക്കവിതകളുടെ സംഗീതാവിഷ്കാരവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.[10]
നിര്യാണം
തിരുത്തുക2021 ഡിസംബർ 4-ന് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇടപ്പള്ളിയിലെ വീട്ടിൽ വെച്ച് 81-ആം വയസ്സിൽ അന്തരിച്ചു.
കുടുംബം
തിരുത്തുകട്രീസയാണു ഭാര്യ. മക്കൾ: മെറ്റിൽഡ സെബാസ്റ്റ്യൻ, പ്രേം സാഗർ, ഗ്ലാൻസിൻ, മേരിദാസ്
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ലളിതഗായകനുള്ള പ്രഥമപുരസ്‌കാരം (1982)
- പ്രവാസി പ്രണവധ്വനി പുരസ്കാരം (2010)
- ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പുരസ്കാരം
അവലംബം
തിരുത്തുക- ↑ https://www.manoramanews.com/news/breaking-news/2021/12/04/singer-thoppil-Anto-has-died.html
- ↑ https://www.deshabhimani.com/news/kerala/thoppil-anto-passed-away/986608
- ↑ https://www.madhyamam.com/obituaries/memoir/thoppil-anto-a-mind-blowing-singer-885735
- ↑ https://www.mathrubhumi.com/news/kerala/singer-thoppil-anto-passes-away-1.6239079
- ↑ https://www.mangalam.com/news/detail/530589-keralam.html
- ↑ https://www.deshabhimani.com/news/kerala/remembering-legendary-singer-thoppil-anto/986646
- ↑ https://www.manoramaonline.com/news/latest-news/2021/12/04/singer-thoppil-anto-passes-away.html
- ↑ https://www.asianetnews.com/kerala-news/thoppil-anto-singer-is-no-more-r3lglg
- ↑ https://www.mangalam.com/news/detail/530589-keralam.html
- ↑ https://www.deshabhimani.com/news/kerala/remembering-legendary-singer-thoppil-anto/986646