ചവിട്ടുനാടകം
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.[1][2] യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടുകളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു.
അവയിൽത്തന്നെ പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ. ഉദയംപേരൂർ സൂനഹദോസിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കാതോലിക്കരായതോടെ ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു പ്രചരിച്ചു.
ചരിത്രം
തിരുത്തുകകഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്[3] പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തിൽ രൂപം കൊണ്ടത്.[1] ഉദയംപേരൂർ സുനഹദോസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും ലത്തീൻ പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും ലത്തീൻ പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽസ്മാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.[2] യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്, അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്.[4] ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.
മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. തുള്ളലിന്റെ ചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ സ്ഥാനം തന്നെയാണ് ചവിട്ടുനാടകത്തിന്റെ കാര്യത്തിൽ അണ്ണാവിക്കുള്ളതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു. അണ്ണാവി ക്രിസ്തീയവേദപ്രചാരകനായിരുന്നു എന്നും വാദമുണ്ട്.[5].[6][7]
പ്രത്യേകതകൾ
തിരുത്തുകതമിഴുകലർന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്.[1] പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു. വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ്.[1] ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .
ചവിട്ടുനാടകങ്ങൾ അച്ചടിയ്ക്കപ്പെട്ടിട്ടില്ല, മറിച്ച് കൈയ്യെഴുത്തുപ്രതികൾ, 'ചുവടികൾ' ആയി സൂക്ഷിയ്ക്കപ്പെട്ടുവരുന്നതാണ്.
പ്രധാന ചവിട്ടുനാടകങ്ങൾ
തിരുത്തുകവീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം എന്നീ ചവിട്ടുനാടകങ്ങൾ ധീരോദാത്തരായ വീരസേനാനികളുടെ ദ്വിഗ്വിജയങ്ങളെയും , വീരസമരങ്ങളെയും പ്രകീർത്തിയ്ക്കുന്നു.
ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം,ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, സാവൂൾ (വിശുദ്ധ പൗലോസ്),യൂദാസ് എന്ന മനുഷ്യൻ, ഇമ്മാനുവൽ, പന്തിയോസ് പീലാത്തോസ് , യാക്കോബും പുത്രന്മാരും, മാർ അല്ലേശ് , മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, സെന്റ് സെബാ സ്റ്റ്യൻ എന്നിവ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ളതാണ്.
ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, രജിത സിംഹൻ, ചാട്ടവാർ , കോമളചന്ദ്രിക, ജാനകി എന്നീ സാമൂഹ്യനാടകങ്ങളും ജൂലിയസ് സീസർ, മഹാബലി എന്നിവ ചരിത്ര ചവിട്ടു നാടകരൂപത്തിലുള്ളവയാണ് . [8]
പിന്നണി സംഗീതം
തിരുത്തുകചവിട്ടുനാടകങ്ങളിൽ പ്രധാനമായും ചെണ്ട,മദ്ദളം,ഇലത്താളം തുടങ്ങിയ ഘനവാദ്യങ്ങളാണ് ഉപയോഗിക്കുക,തബല,പുല്ലാങ്കുഴൽ,ബുൾബുൾ,വയലിൻ തുടങ്ങിയ വദ്യോപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
വേദി
തിരുത്തുകസാധാരണ നാടകവേദികൾക്കുള്ള അളവിൽ നിന്നു വ്യത്യസ്തമായാണ് ആദ്യകാലങ്ങളിൽ ചവിട്ടുനാടകങ്ങൾക്കുള്ള വേദി ഒരുക്കിയിരുന്നത്. വീതികുറവായതും നീളത്തിലുമുള്ള തട്ടാണ് ഇതിന് അക്കാലത്ത് ഒരുക്കിയിരുന്നത്. ചവിട്ടുമ്പോൾ ശബ്ദം ഉയർന്നുകേൾക്കാനായിരുന്നു ഇത്.മുപ്പതുപേരെവരെ ഉൾക്കൊള്ളാനുള്ള സ്ഥലം ആദ്യകാലവേദികൾക്കുണ്ടായിരുന്നു.6 അടി വീതം ഉയരത്തിലുള്ള മേടകൾ അഭിമുഖമായി ചില നാടകങ്ങളിൽ കാണാം. ഗോവണികളും ഘടിപ്പിച്ചിട്ടുണ്ടാകും. മേടകൾക്കു പിന്നിലായി 4 അടി വീതിയിൽ ഒരു കിളിവാതിലുമുണ്ടായിരിയ്ക്കും.ആശാനും മേളക്കാരും വിളക്കിനരികിൽ വേദിയിൽ തന്നെയാണ് നിലയുറപ്പിയ്ക്കുന്നത്.നടന്മാർ വശങ്ങളിൽ ഉള്ള തിരശ്ശീല നീക്കിയാണ് രംഗത്തു വരിക. വേദിയ്ക്കു മുന്നിലായി നിരയായി ഉയർത്തിയ വിളക്കുകൾ വേദി പ്രകാശമാനമാക്കും.[9]
ആശാൻ
തിരുത്തുകആശാന്മാരെ അണ്ണാവി എന്നു ആദ്യകാലത്ത് വിളിച്ചിരുന്നു.അണ്ണാവി എന്ന പഴയമലയാളവാക്കിന്റെ അർത്ഥം അദ്ധ്യാപകൻ എന്നാണ്.[10] നാടകാവതരണത്തിന്റെ പൂർണ്ണചുമതല ആശാൻ വഹിയ്ക്കുന്നു. താളബോധവും സംഗീതജ്ഞാനവും ആശാന് കൂടിയേ തീരൂ.അഭ്യസനത്തിനു പുറമേ പയറ്റുവിദ്യകളും ആശാനു തരമായിരിയ്ക്കണം. കൂടാതെ അഭിനയത്തിലും സാഹിത്യത്തിലും നല്ല ധാരണ ആശാനുണ്ടായിയ്ക്കണം.തമിഴിൽ അറിവുണ്ടെങ്കിൽ മാത്രമേ നാടക സാഹിത്യം ശിഷ്യർക്കും കഥാപാത്രങ്ങൾക്കും പകർന്നുകൊടുക്കാൻ കഴിയൂ. ആദ്യകാലങ്ങളിൽ കളരിയിലായിരുന്നു പ്രാഥമികമായ നൃത്തച്ചുവടുകളും മെയ് വഴക്കവും പരിശീലിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് നാടകാഭ്യസനം അഥവാ ചൊല്ലിയാട്ടം തുടങ്ങുന്നത്.ഈ കാലത്തെ ആശാന്റെ ചെലവുകൾ ശിഷ്യർ വഹിക്കണം.നാടകാഭ്യസനത്തിനു പ്രത്യേകം പ്രതിഫലം ആശാൻ വാങ്ങുകയില്ല.
ബൃശീനാ നാടകം
തിരുത്തുകചിന്നത്തമ്പി അണ്ണാവി രചിച്ച ഒരു പ്രധാന നാടകമാണ് ബൃശീനാ നാടകം.അദ്ദേഹത്തിന്റെ പ്രഥമ കൃതിയായി ഇതിനെ കരുതിപ്പോരുന്നുണ്ട്,ആശയ സമ്പുഷ്ടവും മിഴിവുറ്റ വർണ്ണനയും ഒത്തുചേർന്ന ഈ നാടകത്തിൽ സുന്ദരിയായ ബൃശീനയുടെ ജീവിതകഥ കെട്ടഴിക്കപ്പെടുന്നു,ധർമ്മമാർഗ്ഗത്തിലും സദാചാരപൂർണ്ണതയിലും ജീവിതം നയിയ്ക്കുന്ന ബൃശീനയെ ഇതിൽ നിന്നു വ്യതിചലിപ്പിക്കാൻ അൾവാൻ എന്ന കഥാപാത്രം നടത്തുന്ന കുടില തന്ത്രങ്ങളും അതുമൂലം ബൃശീന അനുഭവിയ്ക്കുന്ന നരകയാതനകളുമാണീ നാടകത്തിൽ.ഒടുവിൽ ബൃശീന തന്ത്രങ്ങളെ അതിജീവിച്ച് വിജയം വരിയ്ക്കുന്നതോടെ നാടകം അവസാനിയ്ക്കുന്നു.[11]
അല്ലേശുനാടകം
തിരുത്തുകഈ നാടകത്തിൽ നായകൻ അലക്സിയൂസ്(അല്ലേശു) റോമിലെ പ്രതാപശാലിയായ ഒരു പ്രഭുവിന്റെ ഏക സന്താനമാണ്. സമർത്ഥനായ അലക്സിയൂസിനെ ഒരു സൈന്യാധിപനായിക്കാണാനാണ് പ്രഭുവിന്റെ ആഗ്രഹം.എന്നാൽ ക്രിസ്തുവിനെ അനുകരിച്ച് ഒരു ബ്രഹ്മചാരിയാകാനും ആ ദർശനങ്ങളെ പിന്തുടരുവാനും ആണ് അലക്സിയൂസ് ആഗ്രഹിയ്ക്കുന്നത്. എന്നാൽ പിതാവ് നിർബന്ധമായി അല്ലേശുവിനെ വിവാഹം കഴിപ്പിയ്ക്കുന്നു. ''മങ്കേ മണിയറയട , നാൻ പോയ് വരേൻ'' എന്നു ചൊല്ലി വീട് ഉപേക്ഷിച്ച് ഇറങ്ങിയ അല്ലേശു നഗരങ്ങളിലും ഗ്രാമങ്ങളിലും ഭിക്ഷാംദേ ഹിയായി അലഞ്ഞ് യേശുവിനെ വാഴ്ത്തി ജീവിതം കഴിയ്ക്കുന്നു. റോമിലേയ്ക്കു തിരിച്ചുവന്ന അല്ലേശു പിതാവിനെക്കാണുന്നു. എന്നാൽ പിതാവിനു പുത്രനായ അല്ലേശുവിനെ വേഷംകൊണ്ട്തിരിച്ചറിയാൻ കഴിയുന്നില്ല. തുടർന്ന്അല്ലേശു അദ്ദേഹത്തോട് തന്റെ ഭവനത്തിൽ അഭയം നൽകണമെന്ന് അപേക്ഷിയ്ക്കുന്നു. പതിനേഴ് വർഷങ്ങൾ തിരിച്ചറിയപ്പെടാതെ തികഞ്ഞ അവഗണനയിൽ കഴിഞ്ഞ അല്ലേശു മരണപ്പെടുകയും മൃതദേഹത്തിൽ ഉണ്ടായിരുന്ന രേഖയിൽ നിന്ന് കുടുംബം കാത്തിരുന്ന ആൾ തന്നെയാണിതെന്ന് ഭാര്യയും മറ്റും മനസ്സിലാക്കുകയും ചെയ്യുന്നു.[12]
കാറൾസ്മാൻ ചരിതം
തിരുത്തുകചവിട്ടുനാടകങ്ങളിൽ വീരരസത്തിലും ആവിഷ്കരണത്തിലും മുഖ്യസ്ഥാനം കാറൾസ്മാൻ നാടകത്തിനുണ്ട്.യൂറോപ്യൻ ഭരണാധികാരിയായിരുന്ന ചാറൾസ്മാൻ ചക്രവർത്തിയുടേയും അദ്ദേഹത്തിന്റെ പന്ത്രണ്ടു പടനായകരുടേയും കഥയാണിതിൽ.മലയാളത്തിലെ കാറൾസ്മാൻ ഫ്രഞ്ചുപദമായ ഷാർലിമെയ്ൻ എന്ന പദത്തിൽ നിന്നുത്ഭവിച്ചതാണ്.അഞ്ചുഭാഗങ്ങളിലായി ഈ നാടകം തിരിക്കപ്പെട്ടിട്ടുണ്ട്.[13] ഒന്നാം ഭാഗത്തിൽ കാറൾസ്മാന്റെ സഹോദരിയായ ബെട്ത്തയുടെ കഥകളും റോൾദാൻ എന്ന കുട്ടിയുടെ ബാല്യവും ആണ്.രണ്ടും മൂന്നും ഭാഗങ്ങൾ യുദ്ധഗതികളാണ്. ആഞ്ചലിക്കയുടെ കഥയാണിതിൽ പ്രധാനം.നാലാം അങ്കത്തിൽ വാൾദു എന്ന പടയാളിയുടെ വീരപരാക്രമങ്ങളും അഞ്ചിൽ യുദ്ധവിജയവും രക്തസാക്ഷിത്വവും ഘോഷിയ്ക്കുന്നു.
ഇതിലെ ചില കഥാപാത്രങ്ങൾ
തിരുത്തുക*അൾബിരാന്ത് ചക്രവർത്തി.
*റോളന്റ്
*പെരബ്രാസ് രാജകുമാരൻ
*ഗളളോൻ(വില്ലൻ)
*പ്ലോരിപ്പീസ് രാജകുമാരി
ചില വരികൾ
തിരുത്തുക''ദുഷ്ടർകളെ വധിക്ക-
ശിഷ്ടർകളെ വണങ്ക'' (റോളന്റ്)
...മുട്ടാളർ തേശമതിൽ
ഏകനായ് പോകൈവേണ്ടൈ...(പ്ലോരിപ്പീസ് രാജകുമാരി)
വേഷങ്ങൾ-കട്ടിയക്കാരൻ
തിരുത്തുകകട്ടിയക്കാരൻ അഥവാ വിദൂഷകനു ചവിട്ടുനാടകത്തിൽ പ്രധാന്യമുള്ള ഭാഗമാണ് നൽകപ്പെട്ടിരിയ്ക്കുന്നത്.നാടകത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് സരസമായ വ്യാഖ്യാനം നൽകി സദസ്സിനെ രസിപ്പിയ്ക്കുകയാണ് കട്ടിയക്കാരന്റെ പ്രധാനധർമ്മം. തൊങ്ങലുകൾ അണിഞ്ഞകൂർമ്പൻ തൊപ്പിയും വെൺചാമരത്താടിയും മീശയും കൂടാതെ രണ്ടുനിര കവടിപ്പല്ലുകൾ നിരത്തിവെച്ചുകെട്ടിയുള്ള വേഷവും അണിഞ്ഞാണ് കട്ടിയക്കാരൻ വേദിയിലെത്തുക.ആശാൻ ആവശ്യപ്പെടുന്നപക്ഷം ഏതു ഗാനവും അനുകരിച്ചുപാടേണ്ടിയും വരും.കവിത്തമോ ചുവടോ വെയ്ക്കാൻ ആവശ്യപ്പെട്ടാൻ അതും കട്ടിയക്കാരൻ ചെയ്യണം.നാടകത്തിലെ പാട്ടുകളും ചുവടുകളും അയാൾ ഹൃദിസ്ഥമാക്കിയിരിയ്ക്കുകയും വേണം.ഏതു സമയത്തും വേദിയിൽ കടന്നുവരുന്നതിനു സ്വാതന്ത്ര്യമുള്ള കട്ടിയക്കാരനെ രാജാവ് തന്നെയും തോഴൻ എന്നാണ് സാധാരണ അഭിസംബോധന ചെയ്യുക.രാജാവ് കട്ടിയക്കാരനെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നതും ചില നാടകങ്ങളിൽ കാണാം കട്ടിയക്കാരന്റെ മറ്റു ചില സഹായങ്ങളും നാടകത്തിൽ തേടുന്നുണ്ട്.താഴെവീണുപോയ വാൾ,തൊപ്പി,പരിച,വസ്ത്രഭാഗങ്ങൾ എന്നിവ യഥാർത്ഥസ്ഥാനത്തു വയ്ക്കുകയോ ഏൽപ്പിയ്ക്കുകയോ കട്ടിയക്കാരൻ ചെയ്യണം.കൂടാതെ രംഗത്ത് മരിച്ച് വീഴുന്ന ഭടന്മാരെ ചുമന്നുകൊണ്ടുപോകുകയോ വലിച്ചുനീക്കുകയോ ചെയ്യുന്നതും ഈ വേഷക്കാരനാണ്.ഭടന്മാർക്കുവേണ്ടി കരയുന്നതും ആശാനോടൊപ്പം ചേർന്ന് വിവരണം നൽകുക എന്ന ചുമതലയും തമിഴ് നാടകങ്ങളിൽ കട്ടിയക്കാരനുണ്ട്.
സ്തുതിയോഗർ
തിരുത്തുകസ്തുതിയോഗർ അഥവാ ബാലാപ്പാർട്ടുകാർ ചവിട്ടുനാടകത്തിലെ മറ്റൊരു വേഷക്കാരാണ്.സൂത്രധാരന്മാർ എന്നപേരിലും ഇവർ അറിയപ്പെടുന്നു.10-12 വയസ്സുള്ള ബാലന്മാർ ആണ് ഈ വേഷം അഭിനയിക്കുക.അരങ്ങേറ്റചുവടുകൾ ഉണ്ടെങ്കിൽ അതും താളത്തിൽ ചവുട്ടി ആശാന്മാർക്ക് ദക്ഷിണയും നൽകിയാണ് ബാലപ്പാർട്ടുകാർ രംഗത്ത് വരിക.ആശാൻ നിർദ്ദേശിക്കുന്ന കവിത്തം,പ്രധാന ചുവടുകളും വെച്ച് കഥ ചുരുക്കി വിവരിയ്ക്കുന്നു.നാടകം ഉടൻ ആരംഭിയ്ക്കുമെന്നും എല്ലാവരും ഒരുങ്ങിയിരുന്നുകൊള്ളണമെന്നും ബോധിപ്പിച്ച് താളത്തിൽ ചവുട്ടി രംഗത്തുനിന്നും നിഷ്ക്രമിയ്ക്കുന്നു.
തോടയപ്പെൺകൾ
തിരുത്തുകസ്ത്രീവേഷം ആടുന്ന ആട്ടക്കാരാണ് തോടയപ്പെൺകൾ.ദേവമാതൃസ്തുതികളാണ് ഇവർ ആലപിയ്ക്കുക. സാവധാനത്തിലുള്ള ചുവടുകളാണ് ഇവർക്ക് നിർദ്ദേശിച്ചിരിയ്ക്കുന്നത്. പുരുഷന്മാർ തന്നെയാണ് തോടയാട്ടക്കാരായി രംഗത്തെത്തുക
രാജാവ്(രാജാപ്പാർട്ട്)
തിരുത്തുകചവിട്ട് നാടകത്തിൽ രാജാവിന്റെ ദർബാർ രംഗമാണ് ആദ്യം പ്രദർശിപ്പിക്കുക. വരവു വിരുത്തം ആശാൻ അണിയറയിൽ പാടിക്കഴിഞ്ഞാൽ രാജാവ് ഉറച്ചു ചവുട്ടി കൈയ്യിൽ ചെങ്കോലുമണിഞ്ഞ് രംഗത്തു പ്രവേശിക്കുന്നു.വേഷം മിന്നുന്നതും അലങ്കാരപ്പണികൾ ഏറെ ചെയ്തതും ഏറ്റവും തിളക്കമുറ്റതും ആയിരിയ്ക്കും.രാജാവ് രംഗത്തെത്തിയാൽ ഭടജനങ്ങൾ പ്രകീർത്തിച്ചുപാടണമെന്നുണ്ട്.ഇതിന്റെ ചവിട്ട് ഏറ്റവും ഉത്സാഹത്തോടും കാതടപ്പിയ്ക്കുന്ന തരത്തിലുള്ള ശബ്ദത്തോടെയുമാകും.
അൾബിരാന്ത് ചക്രവർത്തി (കാറൾസ്മാൻ ചരിതം) രംഗത്ത് വരുമ്പോൾ ഭടജനങ്ങൾ പാടുന്നത് (പാത്രപ്രവേശ ദാരു) ഇങ്ങനെ:
''എൺദിശൈ പുകഴ്പടൈത്ത അൾബിരാന്ത-
നുമീശൻ-നഗർകൊണ്ടീടവെ-
എങ്കൾ മണ്ഡലാധിപൻ വരാർ..''
തുടർന്ന് രാജാവ് ആത്മപ്രശംസ കലർന്ന കോവിൽതരുപാടുന്നു. പാടിത്തീർന്നാൽ മന്ത്രിയെ വിളിച്ച് രാജ്യകാര്യാന്വേഷണത്തിലേയ്ക്ക് കടക്കുന്നു.
മന്ത്രി
തിരുത്തുകനാടകത്തിൽ പ്രധാനവേഷമാണ് മന്ത്രിയ്ക്ക്. രാജാവിനെ നായാട്ടിലോ യുദ്ധത്തിലോ അകമ്പടി സേവിയ്ക്കുന്നത് മന്ത്രിയാണ്.മന്ത്രിപ്പാർട്ടുകാരുടെ വേഷവും അലങ്കാരങ്ങളും ഗരിമയുള്ളതായിരിയ്ക്കും.വാൾ കൊണ്ടുള്ള കലാശങ്ങൾ നടത്തുന്നതും അലങ്കാര ശബളമായ ''നടനച്ചിന്ത്'' പാടി അഭിനയിക്കുന്നതും മന്ത്രി തന്നെ. ഇരു ഭാഗത്തെയും രാജാക്കന്മാർ നേർക്കുനേർ വരുമ്പോൾ ഓരോ രാജാവിനെയും പ്രകീർത്തിച്ച് 'കല' പാടുന്നത് അതത് മന്ത്രിമാരാണ്.വീരവാദങ്ങളോടെ ''പോർത്തരു'' പാടി യുദ്ധം വെട്ടുന്നതിനു തുടക്കം കുറിയ്ക്കുന്നതും മന്ത്രിമാരാണ്.
പൊലിക്കൽ
തിരുത്തുകനാടകനടത്തിപ്പിന്റെ ചിലവിലേക്ക് കാണികളിൽ നിന്നു സംഭാവനകൾ സ്വീകരിക്കുന്ന ചടങ്ങാണ് പൊലിക്കൽ.സൗജന്യമായിട്ടാണ് നാടകം കളിക്കുന്നതെങ്കിലും ഇതിന്റെ ചെലവ് പൊലിവിലിലൂടെയാണ് തേടുന്നത്. കട്ടിയക്കാരൻ തട്ടിൽക്കയറി നിന്ന് ഉച്ചത്തിൽ സംഭാവന നൽകിയ കാണിയുടെ പേരും തുകയും ഉച്ചത്തിൽ വിളിച്ചുപറയും.അതിനുശേഷം വിശേഷണങ്ങളോടെ പത്തുനൂറായിരം കോടി,അയ്യായിരത്തി അഞ്ഞൂറുകോടി എന്നിങ്ങനെ കൂട്ടിച്ചേർക്കും.
മംഗളം
തിരുത്തുക(മംഗളസ്തുതി)
- മങ്കളം! നിത്യജയ ആദി കടവുളോനെ
- മങ്കളം നംസ്തുതേ മങ്കളം മങ്കളം.
നാടകത്തിന്റെ അവസാനം ആശാന്റെ നേതൃത്വത്തിൽ എല്ലാ നടന്മാരും മംഗളസ്തുതിപാടി ചുവടുവച്ച് സദസ്സിനെ വണങ്ങി അണിയറയിലേയ്ക്കുപോകുന്നതോടെ ചവിട്ടുനാടകത്തിനു പരിസമാപ്തിയാകുന്നു.
പ്രധാന ചവിട്ടുനാടകകർത്താക്കൾ
തിരുത്തുകഗോതുരുത്ത് ജോസഫ് സലിം ആശാൻ
*അന്തോണിക്കുട്ടി അണ്ണാവി
*വറിയത് അണ്ണാവി
*പോഞ്ഞിക്കര ഗൗരിയാർ അണ്ണാവി
*ജോൺ അണ്ണാവി
*പള്ളിപ്പുറം മീങ്കു(മൈക്കൾ) അണ്ണാവി
*അഗസ്തീഞ്ഞ് അണ്ണാവി
*ഇടവനക്കാട് കൊച്ചവുസേപ്പ് ആശാൻ
*ഗോത്തുരുത്ത് ഔസേപ്പ് ആശാൻ
*കോര(കോരത്) ആശാൻ
*വാറു (വർഗ്ഗീസ്) ആശാൻ
*ജോൺ അണ്ണാവി
*തമ്പി പയ്യപ്പിള്ളി
*കോട്ടയിൽ അന്തോണി അണ്ണാവി
* ബ്രിട്ടോ വിൻസൻറ്റ്, ഫോർട്ടുകൊച്ചി
*റോയ് ജോർജ്ജ്കുട്ടി
- വി.ജെ. ജോൺ മാസ്റ്റർ ഫോർട്ടുകൊച്ചി
- ഇസിഡോർ വകപ്പാടത്ത് കൊച്ചി
- സി.കരുണാകരൻ കൊച്ചി
- ജോൺ നസ്രത്ത് കൊച്ചി
- പാണ്ടികുടി ഔസേപ്പാശാൻ
- ഇ.പി.പ്രഭാകരൻ ആശാൻ
-
കാറൽമാൻ ചരിതം അവതരണം
-
കാറൽമാൻ ചരിതം അവതരണം
-
കാറൽമാൻ ചരിതം അവതരണം
-
കാറൽമാൻ ചരിതം അവതരണം
-
കാറൽമാൻ ചരിതം അവതരണം
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 ചവിട്ടു നാടകം, കേരളത്തിന്റെ തനത് സംഗീത നാടകം Department of Tourism, Government of Kerala.
- ↑ 2.0 2.1 ചവിട്ടു നാടകം Archived 2012-12-17 at the Wayback Machine. നാടകം ഡോട്ട് കോം
- ↑ ചവിട്ടുനാടകം ചരിത്രത്തിന്റെ ഒരടയാളം
- ↑ റാഫി, സബീന. ചവിട്ടുനാടകം. p. 14.
- ↑ "ചവിട്ടുനാടകത്തിന് ഒരു ചരിത്രശില്പം, 2014 ജനുവരി 15-ലെ സത്യദീപം വരികയിലെ ലേഖനം". Archived from the original on 2016-03-04. Retrieved 2014-01-14.
- ↑ കൊച്ചി ബിനാലെ: 'ചിന്നത്തമ്പി അണ്ണാവി'ക്ക് പുനർജനി[പ്രവർത്തിക്കാത്ത കണ്ണി],മാതൃഭൂമി ദിനപത്രത്തിലെ വാർത്ത
- ↑ അണ്ണാവി ശില്‌പം പൂർത്തിയായി അനാച്ഛാദനം 26 ന്[പ്രവർത്തിക്കാത്ത കണ്ണി], മാതൃഭൂമി.കോം വാർത്ത
- ↑ 'ചവിട്ടുനാടകം-സബീനാ റാഫി.പ്രണത ബുക്ക്സ് .3 rd Edition 2010. പു.117.118
- ↑ ചവിട്ടുനാടകസ്വരൂപം .പേജ് 77. സെബീന റാഫി-1980 പ്രണത ബുക്ക്സ്
- ↑ റാഫി, സബീന (2010). ചവിട്ട് നാടകം. എറണാകുളം: പ്രണത. p. 72. ISBN 81-88810-96-7.
- ↑ 'ചവിട്ടുനാടകം-സബീനാ റാഫി.പ്രണത ബുക്ക്സ് .3 rd Edition 2010. പു.114.115
- ↑ 'ചവിട്ടുനാടകം-സബീനാ റാഫി.പ്രണത ബുക്ക്സ് .3 rd Edition 2010. പു.114.115
- ↑ 'ചവിട്ടുനാടകം-സബീനാ റാഫി.പ്രണത ബുക്ക്സ് .3 rd Edition 2010. പു.102.103