1946-47കളിൽ അവിഭക്ത ബംഗാളിൽ വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് തേഭാഗാ സമരം. തേഭാഗാ എന്നാൽ മൂന്നു ഭാഗം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.[1],[2],[3]ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ തെലുങ്കാനാ സമരവും തിരുവിതാംകൂറിലെ പുന്നപ്ര-വയലാർ സമരവും [4]

പശ്ചാത്തലം

തിരുത്തുക

1764-ലെ ബക്സർ യുദ്ധത്തിനു ശേഷം ബംഗാൾ-ബീഹാർ പ്രവിശ്യകളിലെ നികുതി പിരിവിനുളള അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചുവെങ്കിലും മുഗൾ വാഴ്ചക്കാലത്ത് നടപ്പിലിരുന്ന റവന്യു നിയമങ്ങളും ജമീന്ദാരി സമ്പ്രദായങ്ങളും കമ്പനി അതേ പടി തുടർന്നുകൊണ്ടു പോന്നു.[5],[6]. എന്നാൽ കമ്പനിയുടെ ലാഭവീതം എന്നെന്നേക്കുമായി ഉറപ്പിക്കാനായി 1793-ൽ അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരി കോൺവാലിസ് ശാശ്വത ഭൂനികുതി വ്യവസ്ഥ (Permanent Settelement)നടപ്പിലാക്കി. ഇതനുസരിച്ച് കൃഷിയിടങ്ങളുടെ വലിപ്പവും വളക്കൂറും വിളസാധ്യതകളും കണക്കിലെടുത്ത് കമ്പനി ഒരു നിശ്ചിത വാർഷിക കരം ജമീന്ദാർമാരിൽ ചുമത്തി. ഈ സംഖ്യ ഒരു കാലത്തും പുതുക്കുകയില്ലെന്ന ഉറപ്പ് ജമീന്ദാർമാരെ കൂടുതൽ വിളവെടുപ്പിന് പ്രോത്സാഹിപ്പിക്കുമെന്ന് കമ്പനി കണക്കു കൂട്ടി. ഏറ്റവും ഉയർന്ന നിരയിലുളള ജമീന്ദർമാർക്കും ഏറ്റവും താഴേക്കിടയിലുളള കർഷകത്തൊഴിലാളികൾക്കുമിടയിലായി ഇതിനകം ഇടത്തരം കുടിയാന്മാരുടെ ഒരു പാടു ശ്രേണികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.[5].

അവിഭക്തബംഗാളിൽ 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റൈത്ത് സഭാ, സെൻട്രൽ റൈത്ത് അസോസിയേഷൻ, മാൽദാ റൈത്ത് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Krishak Sabha)രൂപം കൊണ്ടത്. പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു. ഭാരതീയ കമ്യുണിസ്റ്റ് പാർട്ടിക്ക് സർക്കാർ വിലക്കു കല്പിച്ചിരുന്നെങ്കിലും ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ബി പി.കെ. എസ്സിന്റെ ഭാരവാഹിത്വം സി.പി.ഐ ഏറ്റെടുത്തു, സാമ്രാജ്യവാദിയായ ബ്രിട്ടീഷുരാജിനെതിരായി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും ചെയ്തു. 1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.[5] ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,[5] പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1940-46 കാലയളവിൽ ബംഗാളിലെ കാർഷികമേഖലയിൽ ഒട്ടനേകം മാറ്റങ്ങളുണ്ടായി. രണ്ടാം ലോകമഹായുദ്ധവും അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും ദുർഭിക്ഷവും ആയിരുന്നു മുഖ്യ കാരണങ്ങൾ. 35 ലക്ഷത്തോളം പേർ ഭക്ഷ്യക്ഷാമം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട് [7]. വർദ്ധിച്ചു വന്ന കടബാദ്ധ്യതകൾ കുടിയാന്മാരേയും കർഷകത്തൊഴിലാളികളേയും അസ്വസ്ഥരാക്കി. സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.

പരിണതഫലങ്ങൾ

തിരുത്തുക

സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്ന് പറയപ്പെടുന്നു. [8]കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.

1941-ൽ ജർമ്മനി സോവിയറ്റ് റഷ്യയെ ആക്രമിച്ചതോടെ, റഷ്യ ബ്രിട്ടനോടൊപ്പം സഖ്യകക്ഷിയിലെ അംഗമായി. ഇത് ഭാരതീയ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും,പ്രക്ഷോഭത്തിന് പാർട്ടി പിന്തുണ നഷ്ടമാവുകയും ചെയ്തു. കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികളും തൊഴിലാളികളോടൊപ്പം നിൽക്കാൻ വിസമ്മതിച്ചു, കാരണം ധനാഢ്യരായ ജന്മികളിൽ പലരും ഈ പാർട്ടികളോട് കൂറു പുലർത്തുന്നവരായിരുന്നു[1]. അങ്ങനെ പല കാരണങ്ങൾകൊണ്ടും തേഭാഗാ സമരത്തിന്റെ വീര്യം നഷ്ടപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bargdars Act of 1950 (ഭേദഗതി 1956)[9]എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തേഭാഗാ സമരത്തിൽ സജീവ പങ്കു വഹിച്ച ചാരു മജൂംദാരാണ് ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു ശേഷം നക്സൽബാരി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കളിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ ഓപറേഷൻ ബർഗ ആസൂത്രണം ചെയ്തത് [10],[11]

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "ബംഗാളിലെ തേഭാഗാ സമരം". Archived from the original on 2015-02-02. Retrieved 2015-06-05.
  2. Asok Majumdar (2011). The Tebhaga Movement : Politics of Peasant Protest in Bengal 1946-1950. Aakar Books. ISBN 978-9350021590.
  3. "പൊളിറ്റിക്കൽ മൊബിലൈസേഷൻ , സോഷ്യൽ സ്ട്രക്ടചർ ആന്റ് ചേഞ്ച് എ സ്റ്റഡി ഓഫ് പെസന്റ് അപ്റൈസിങ് ഇൻ കാക്വദ്വിപ്" (PDF). ശോധ്ഗംഗ.
  4. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1982). ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ. ചിന്ത പബ്ലിഷേഴ്സ്. p. 112. ISBN 9382328769.
  5. 5.0 5.1 5.2 5.3 റിപ്പോർട്ട് ഓഫ് ദ ലാന്റ് റെവന്യൂ കമ്മീഷൻ ബംഗാൾ 1940
  6. The making of British India, 1756-1858 By Ramsay Muir
  7. അമർത്യ സെൻ (1998). പൊവർട്ടി ആന്റ് ഫാമിൻ. ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്. ISBN 9780195649543.
  8. വുമൺസ് റോൾ ഇൻ തേഭാഗ മൂവ്മെന്റ്
  9. "The West Bengal Bargadars Act 1956" (PDF). Archived from the original (PDF) on 2016-03-06. Retrieved 2015-06-05.
  10. Bipan Chandra, Aditya Mukherjee, Mridula Mukherjee (2008). India Since Independence. Penguin Books India. ISBN 9780143104094.{{cite book}}: CS1 maint: multiple names: authors list (link)
  11. "ഓപറേഷൻ ബർഗ-ഒരു പഠനം". Archived from the original on 2012-02-15. Retrieved 2015-06-05.
"https://ml.wikipedia.org/w/index.php?title=തേഭാഗ_ഭൂസമരം&oldid=4145729" എന്ന താളിൽനിന്ന് ശേഖരിച്ചത്