തുഹ്ഫത്തുൽ മുജാഹിദീൻ
സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച[1] പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബഅസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ[2][3]. കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു. കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്ത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.
പേരിനുപിന്നിൽതിരുത്തുക
തുഹ്ഫതുൽ മുജാഹിദീൻ[4] (തുഹ്ഫ = സമ്മാനം,വിജയം മുജാഹിദീൻ = പോരാളികൾ,യോദ്ധാക്കൾ) "പോരാളികൾക്കുള്ള സമ്മാനം" എന്നതിന്റെ അറബി രൂപമാണ് തുഹ്ഫതുൽ മുജാഹിദീൻ എന്നത്. (തുഹ്ഫതുൽ മുജാഹിദീൻ ഫി ബഅസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ = പോരാളികൾക്ക് പോർത്തുഗീസുകാരുടെ വിവരങ്ങളടങ്ങിയ ഒരു പാരിതോഷികം)
ഉള്ളടക്കംതിരുത്തുക
ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്. എ.ഡി.1557 മുതൽ 1580 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആദിൽഷായുടെ മരണശേഷമാണ് ഗ്രന്ഥം പൂർത്തിയാക്കിയത്. ഈ പുസ്തകം എഴുതി പൂർത്തിയാക്കിയത് 1591-ലാണ്.
മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതിൽ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്‌ലിംകളെ അടിച്ചമർത്തുകയും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് മുസ് ലിങ്ങളെ ആഹ്വാനം ചെയ്യുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങൾ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്.
മുസ്ലിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അവിശ്വാസികൾക്കെതിരെ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുർ ആൻ വചനങ്ങളും ജിഹാദിന്റെ മാഹാത്മ്യവുമാണ് പ്രഥമഭാഗത്തിൽ വിവരിച്ചിട്ടുള്ളത്. 'വാക്കുകളുടെ നിഴൽപ്പാടുകൾക്കു താഴെയാണ് സ്വർഗരാജ്യം', 'ദൈവത്തിന്റെ മാർഗ്ഗത്തിൽ അല്പസമയം യുദ്ധം ചെയ്യുന്നത് 15 തീർഥയാത്രകൾ നടത്തുന്നതിനേക്കാൾ മഹത്തരമാണ്' എന്നിങ്ങനെ വിശുദ്ധ ഖുർആനിൽ നിന്ന് ഉദ്ധരിക്കുമ്പോൾ, ചില സാഹചര്യങ്ങളുടേയും കാലഘട്ടങ്ങളുടേയും സ്വാതന്ത്യമാർഗങ്ങൾ പടക്കളങ്ങളിലൂടെയാണെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്. യുദ്ധസജ്ജീകരണങ്ങൾക്കും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കും നല്കുന്ന സഹായം ഈശ്വരന് നല്കുന്നതായിത്തന്നെ പരിണമിക്കുമെന്നതുകൊണ്ട് ദാതാക്കളും സ്വർഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ആവർത്തിക്കുന്നു.
കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെക്കുറിച്ചും ചേരമാൻപെരുമാളിന്റെ അറേബ്യൻ യാത്രയെ സംബന്ധിച്ചും പടിഞ്ഞാറെ തീരത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ വളർച്ചയെപ്പറ്റിയും ഉള്ള വിവരണങ്ങളാണ് രണ്ടാം ഭാഗത്തിൽ.
ഇസ്‌ലാം മതപ്രചാരണത്തിന് ഇവിടെയെത്തിയ ആദ്യസംഘത്തിൽ ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്നു ദീനാർ, മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്, അദ്ദേഹത്തിന്റെ ഭാര്യ ഖമരിയ, അവരുടെ മക്കൾ, അനുഗാമികൾ എന്നിവരാണ് ഉണ്ടായിരുന്നത്. ദീർഘനാളത്തെ യാത്രയ്ക്കുശേഷം അവർ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി. രാജാവ് അവർക്ക് താമസിക്കുവാനായി വീടും തോട്ടങ്ങളും നിലങ്ങളും മറ്റും നല്കി. അവർ അവിടെ താമസമാക്കി. അധികം താമസിയാതെ ഒരു പള്ളി അവിടെ പണിയിച്ചു.
മാലിക് ഇബ്നു ദീനാർ അവിടെ താമസിച്ച് തന്റെ സഹോദരപുത്രനായ മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്കിനെ മലബാറിൽ മറ്റു സ്ഥലങ്ങളിൽ പള്ളികൾ പണിയിക്കുവാനും ഇസ്‌ലാംമതം പ്രചരിപ്പിക്കുവാനുമായി നിയോഗിച്ചു. അദ്ദേഹവും അനുചരന്മാരുമാണ് കൊല്ലം, ഏഴിമല, ബാർക്കൂർ, മംഗലാപുരം, കാസർകോട്, ശ്രീകണ്ഠപുരം, ധർമടം, പന്തലായിനി, ചാലിയം എന്നിവിടങ്ങളിൽ പള്ളികൾ പണിയിച്ചത്. മലബാറിൽ ഇദംപ്രഥമമായി ഉണ്ടായ ഇസ്‌ലാം മതപ്രചരണത്തിന്റെ ചരിത്രമിതാണ്. ഇത് ഏതു കൊല്ലത്തിലാണ് നടന്നതെന്ന് കൃത്യമായി പറയുവാൻ തക്കതായ തെളിവുകളൊന്നുമില്ല. ഹിജ്റ 200-ാമാണ്ടിനു ശേഷമായിരിക്കണമെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ഈ ഐതിഹ്യവും എങ്ങിനെയോ ചരിത്ര കൃതിയിൽ കടന്നു കൂടിയിട്ടുണ്ട്.
അക്കാലത്തെ ഹിന്ദുക്കളുടെ ആചാരമര്യാദകളെപ്പറ്റി വിവരിക്കുന്ന[4] മൂന്നാം ഭാഗം അത്യന്തം വിജ്ഞാനപ്രദമാണ്. കേരളത്തിലെ ഹൈന്ദവാചാര നടപടികളും മുസ്ളിങ്ങളുടെ നേരെയുള്ള ഹിന്ദുക്കളുടെ പെരുമാറ്റക്രമങ്ങളും ഇതിൽ വിവരിക്കുന്നു. കേരളത്തിലെ ജാതിസമ്പ്രദായം, തീണ്ടൽ, വിവാഹക്രമം, പിന്തുടർച്ചാവകാശം, ബഹുഭാര്യാത്വം, ബഹുഭർതൃത്വം, വസ്ത്രധാരണം, രാജഭക്തി, യുദ്ധമുറ, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിട്ടുള്ള ഈ അധ്യായം അക്കാലത്തെ കേരള സംസ്കാരത്തിന്റേയും ആചാരങ്ങളുടേയും അറബ്-ഇസ്ലാമിക-വൈദേശിക വീക്ഷണകോണിൽ നിന്നുള്ള പക്ഷപാതപരമായ ചിത്രം നൽകുന്നു. ചില മലയാളി മാപ്പിളമാരുടെ പിന്തുടർച്ച ക്രമത്തെ, ശുദ്ധ അറബ് വംശജനായ ഗ്രന്ഥകാരൻ വിമർശന വിധേയം ആക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഗ്രന്ഥകാരന് സാമൂഹ്യ നവോത്ഥാനത്തിലും, മാപ്പിളമാരെ അറബീകരിക്കുന്നതിലും താൽപര്യം ഉണ്ടായിരുന്നതായി കരുതാം. അക്കാലത്ത് സാമൂതിരിമാർ വിദേശ മുസ്ലീം വ്യാപാരികളെ പരിപോഷിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാം.
മേൽപ്പറഞ്ഞ മൂന്ന് ഭാഗങ്ങൾക്ക് പ്രസ്തുത പുസ്തകത്തിന്റെ പകുതിയോളം വേണ്ടിവരുന്നു. നാലാം ഭാഗം പൂർണമായും ചരിത്രപ്രധാനമാണ്. കേരളത്തിൽ പറങ്കികളുടെ പ്രഥമാഗമനമായ 1498 മുതൽ 1583 വരെയുള്ള 85 കൊല്ലക്കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരം ഈ ഭാഗത്തിലുണ്ട്. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ സമരത്തിന് ആഹ്വാനംചെയ്യുന്ന ഈ കൃതിയുടെ അവസാന ഭാഗം പോർച്ചുഗീസുകാർ ചെയ്തുകൂട്ടിയ ക്രൂരതകളും നീചവൃത്തികളും പ്രതിപാദിക്കുന്നു. ഒരാൾപോലും ഒഴിഞ്ഞുനിൽക്കാതെയുള്ള സർവരുടെയും ബാദ്ധ്യതയാണ് അധീശശക്തികളോടുള്ള പോരാട്ടമെന്ന് ഈ കൃതി വ്യക്തമാക്കുന്നു. ഖുർആൻ , ഹദീസ് എന്നീ മൗലികപ്രമാണങ്ങളുടെ പിൻബലത്തോടെ അധിനിവേശവിരുദ്ധസമരത്തെ മതകീയ ബാദ്ധ്യതയായി ഈ ഗ്രന്ഥം മുസ്ലിം ജനവിഭാഗത്തെ പഠിപ്പിക്കുന്നു[5].
ഗ്രന്ഥകാരനെ പറ്റിതിരുത്തുക
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ മുഹമ്മദുൽ ഗസ്സാലിയുടെ മകനാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. ഇദ്ദേഹവും പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ശക്തമായി നിലകൊള്ളാൻ ജനങ്ങളെ ആഹ്വാനം ചെയ്തയാളായിരുന്നു. ഉപരിപഠനത്തിനായി മക്കയിൽ പോവുകയും ഇസ്‌ലാമിൻറെ മൗലിക വിജ്ഞാന മേഖലകളിൽ അവഗാഹം നേടുകയും ചെയ്തു. അക്കാലത്തെ പണ്ഡിതരുടെ പൊതുവായൊരു സവിശേഷത അവർ ദന്തഗോപുരവാസികളായി ജനങ്ങളെ യുദ്ധങ്ങളിലേക്ക് ആഹ്വാനം ചെയ്യുന്നവരായിരുന്നില്ല എന്നതാണ്. തൻറെ മുൻഗാമികളെപ്പോലെ പോർച്ചുഗീസുകാർക്കെതിരിലുള്ള സമരങ്ങളിൽ അദ്ദേഹവും സജീവമായി പങ്കുവഹിച്ചു.ഫത്ഹുൽ മുഈൻ എന്ന പ്രശസ്തമായ മറ്റൊരു ഗ്രന്ഥത്തിൻറെ കർത്താവ് കൂടിയാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ.[6] തുഹ്ഫതുൽ മുജാഹിദീൻ,ഫത്ഹുൽ മുഈൻ എന്നീ ഗ്രന്ഥങ്ങൾ ഈജിപ്തടക്കമുള്ള നിരവധി അറബ് രാജ്യങ്ങളിലെ സർവകലാശാലകളിൽ പാഠ്യവിഷയങ്ങളാണ്.[7]
പതിപ്പുകൾതിരുത്തുക
ഇന്ത്യയിലും വിദേശത്തുമായി 38 ഭാഷകളിൽ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ എം.ജെ. റോളണ്ട്സൺ വിവർത്തനം ചെയ്തിരുന്നു[8].
മലയാളത്തിൽതിരുത്തുക
തുഹ്ഫതുൽ മുജാഹിദീനിന്റെ മൂന്നു മലയാള പരിഭാഷകൾ ഇതുവരെ പ്രസിദ്ധീകൃതമായിട്ടുണ്ട്. 1936 ൽ മൂസാൻ കുട്ടി മൗലവി, 1963 ൽ വേലായുധൻ പണിക്കശ്ശേരി(കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ). 1995 ൽ സി.ഹംസ എന്നിവരാണ് ഇതു മലയാളത്തിലേക്ക് വിവർത്തനം ചെയ്തവർ.[3]
കേന്ദ്ര സർക്കാറിനു കീഴിലുള്ള ഡൽഹിയിലെ നാഷനൽ മാനുസ്ക്രിപ്റ്റ് മിഷൻ റിസോഴ്സ് സെൻററിലെ ഗവേഷക സംഘ ത്തിൻെറ നേതൃത്വത്തിൽ നാനൂറിലധികം പേജുകളുള്ള പുസ്തകം പുറത്തിറക്കുന്നുണ്ട്. മൂലഗ്രന്ഥത്തിലെ അറബി പതിപ്പിന് പുറമെ നിലവിലെ ഇംഗ്ളീഷ്, മലയാളം വിവർത്തനങ്ങൾക്കൊപ്പം ഹിന്ദി വിവർത്തനവും ഒരൊറ്റ പുസ്തകത്തിൽ ഉൾപ്പെടുത്തിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ‘പോരാളികൾക്ക് പോർചുഗീസുകാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമ്മാനം’ എന്നാണ് മലയാളത്തിൽ പുസ്തകത്തിൻെറ പൂർണമായ പേര്. ഡോ. കെ.കെ.എൻ. കുറുപ്പാണ് ജനറൽ എഡിറ്റർ. ഡോ. എൻ.എം. അബ്ദുൽ ഖാദർ, ഇ. ഇസ്മാഈൽ, ഇംറാൻ അഅ്ദമി, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവരാണ് പരിഭാഷകർ.[9]
അവലംബംതിരുത്തുക
- ↑ P Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). പുറം. 3. മൂലതാളിൽ (PDF) നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഡിസംബർ 2019.
- ↑ Encyclopaedia Of Islam-Volume 6. E.J Brill. പുറം. 458. ശേഖരിച്ചത് 3 ഒക്ടോബർ 2019.
- ↑ 3.0 3.1 "ശൈഖ് സൈനുദ്ദീന്റെ പൈതൃകം". മാധ്യമം ദിനപത്രം. 2010-09-23. മൂലതാളിൽ നിന്നും 2010-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-23.
- ↑ 4.0 4.1 വില്ല്യം ലോഗൻ. മലബാർ മാന്വൽ-1. പുറം. 136. ശേഖരിച്ചത് 9 സെപ്റ്റംബർ 2019.
- ↑ "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 664. 2010 നവംബർ 15. ശേഖരിച്ചത് 2013 നവംബർ 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.angelfire.com/country/ponnani/makhdum.html
- ↑ http://www.angelfire.com/country/ponnani/arts.html
- ↑ Arnold, Thomas Walker. The preaching of Islam : a history of the propagation of the Muslim faith. പുറം. 217. ശേഖരിച്ചത് 1 ഡിസംബർ 2019.
- ↑ "430 വർഷത്തിനുശേഷം 'തുഹ്ഫത്തുൽ മുജാഹിദീ'ന് ദേശീയ അംഗീകാരം". www.madhyamam.com. മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
ഇത് ഒരു ഇസ്ലാമിക ഗ്രന്ഥമാണ് . |