തുരപ്പനെലി

(തുരപ്പൻ എലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിൽ കണ്ടൂ വരുന്ന ഒരിനം വലിയ എലിയാണ്‌ തുരപ്പനെലി[1] (ഇംഗ്ലീഷ്: Lesser Bandicoot Rat). സസ്തനികളിലെ റോഡൻഷ്യ (Rodentia) ഗോത്രത്തിലെ മ്യൂറിഡെ കുടുംബത്തിന്റെ ഉപകുടുംബമായ മ്യൂറിനെ (Murinae)യിൽപ്പെടുന്നു. ശാസ്ത്ര നാമം ബൻഡിക്കോട്ട ബംഗാളൻസിസ് (Bandicota bengalensis). മണ്ണിനടിയിൽ വളരെ വിപുലമായ രീതി യിൽ തുരങ്കങ്ങളുണ്ടാക്കാനുള്ള കഴിവിൽ നിന്നാണ് ഇവയ്ക്ക് തുരപ്പനെലി എന്ന പേരു ലഭിച്ചത്.

തുരപ്പനെലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. bengalensis
Binomial name
Bandicota bengalensis
Gray, 1835

ശരീരഘടന

തിരുത്തുക

തുരപ്പനെലിക്ക് പെരുച്ചാഴിയോടു സാദൃശ്യമുണ്ടെങ്കിലും അവയുടെയത്ര വലിപ്പമില്ല.[2] ഇളം തവിട്ടു നിറമുള്ള ശരീരത്തിൽ നീളത്തിലുള്ള പരുക്കൻ രോമങ്ങൾ ഉണ്ടായിരിക്കും. ഉടലിന് 15-28 സെന്റി മീറ്റർ വരെയും വാലിന് 13-18 സെന്റി മീറ്റർ വരെയും നീളമുണ്ട്. 1.5 കിലോ ഗ്രാമാണ് ശരാശരി ഭാരം. വിക്ഷോഭ വേളകളിൽ ഇവ പുറത്തെ രോമങ്ങൾ കുഞ്ചിരോമം പോലെ ഉയർത്തി പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

ആവാസ മേഖലകൾ

തിരുത്തുക

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും തുരപ്പനെലികളെ കണ്ടുവരുന്നു. ഈർപ്പമുള്ള എക്കൽ പ്രദേശമാണ് ഇവയുടെ ഇഷ്ടവാസ സ്ഥലം. കൃഷി സ്ഥലങ്ങളിലും മേച്ചിൽപ്പുറങ്ങളിലും തരിശു ഭൂമികളിലും ഇവയുടെ മാളങ്ങൾ കാണാം. 20 മീറ്ററോളം നീളമുള്ള മാളങ്ങൾ വരെ ഇവ നിർമിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മാളത്തിൽ ഒരു എലി മാത്രമേ ജീവിക്കാറുള്ളൂ.

ആഹാരങ്ങൾ

തിരുത്തുക

ഭക്ഷണ സാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് മാളങ്ങൾക്കുള്ളിലാണ്. വിളവെടുപ്പു കാലത്ത് ഇവ ധാരാളം ധാന്യങ്ങൾ ശേഖരിച്ച് കാർഷിക വിളകൾക്ക് നാശം ഉണ്ടാക്കുന്നു. ഇവയ്ക്ക് വെള്ളത്തിൽ നീന്താനും മുങ്ങാങ്കുഴിയിടാനും കഴിയും. അതിനാൽ നെല്പാടങ്ങളിൽ ജീവിക്കുന്നതിനും ഇവയ്ക്കു സാധിക്കുന്നു. കിഴങ്ങുവർഗ വിളകൾക്ക്, പ്രത്യേകിച്ച് മരച്ചീനിക്ക്, ഇവ വൻ നാശം ഉണ്ടാക്കാറുണ്ട്.

പ്രത്യുത്പാദനം

തിരുത്തുക

തുരപ്പനെലികൾക്ക് പ്രത്യേക പ്രജനന കാലമൊന്നും തന്നെയില്ല. ഒരു പ്രസവത്തിൽ 10-12 കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. ജനിച്ച വേളയിൽ കുഞ്ഞുങ്ങൾക്ക് രോമങ്ങളും കാഴ്ച ശക്തിയും ഉണ്ടായിരിക്കില്ല. ഇലകളും വയ്ക്കോലും പാകിയ അറകളിലാണ് ഇവ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങൾ മൂന്ന് മാസം പ്രായമാകുമ്പോഴേക്കും പ്രത്യുത്പാദനത്തിനു പ്രാപ്തമാകുന്നു.

പ്ലേഗ് രോഗ വാഹകർ

തിരുത്തുക

ഇത്തരം എലികൾ പ്ലേഗ് രോഗത്തിന്റെ വാഹകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.എലികൾക്കിടയിലും,എലികളിൽനിന്നും മനുഷ്യരിലേക്കും , ബുബോനിക് പ്ലേഗിനു കാരണമാകുന്ന പാസടുരെല്ല പെസ്ടിസ് ബാക്ടീരിയയെ സംക്രമിപ്പിക്കുന്ന എലി ചെള്ളുകൾ (Xeopsylla ജനുസ്സുകൾ) എലിയുടെ തൊലിപ്പുറത്ത് ചോരകുടിച്ച് വസിക്കുന്ന ബാഹ്യ പരാദങ്ങൾ ആണ് .

ഇതും കാണുക

തിരുത്തുക
  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. Yule, Henry, Sir (New ed. edited by William Crooke, B.A.) (1903) Hobson-Jobson: A glossary of colloquial Anglo-Indian words and phrases, and of kindred terms, etymological, historical, geographical and discursive. J. Murray, London. online Archived 2012-07-11 at Archive.is

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തുരപ്പനെലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തുരപ്പനെലി&oldid=4086795" എന്ന താളിൽനിന്ന് ശേഖരിച്ചത്