തിരുവിതാംകൂർ ലേബർ അസോസിയേഷൻ
1922ൽ രൂപീകൃതമായ തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്നു ആലപ്പുഴ പട്ടണം. കയർ ഫാക്ടറി തൊഴിലാളികൾ തന്നെ അമ്പതിനായിരത്തിലേറെ വരുമായിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ചാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ സ്ഥാപിക്കപ്പെട്ടത്. 1922 മാർച്ച് 31-നാണ് വാടപ്പുറം ബാവയും കൂട്ടരും തൊഴിലാളി സംഘമുണ്ടാക്കിയത്.[1] തിരുവിതാംകൂർ ലേബർ അസോസിയേഷൻ 1938-ൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ ട്രേഡ് യൂണിയനായി രജിസ്റ്റർചെയ്തു. അദ്ദേഹം രൂപവത്കരിച്ച കോസ്റ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇപ്പോൾ കോസ്റ്റൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ്.
ചരിത്രം
തിരുത്തുകശ്രീനാരായണ ഗുരുവിന്റെ ഉപദേശ നിർദേശങ്ങൾ ലേബർ അസോസിയേഷൻ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്നു. ആലപ്പുഴയിലെ കയർ തൊഴിലാളികൾ ഭേദപ്പെട്ട കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ കടുത്ത ചൂഷണത്തിനു വിധേയരായി അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. വാടപ്പുറം ബാവയെന്ന തൊഴിലാളിമൂപ്പൻ തങ്ങളുടെ ദുഃസ്ഥിതിയെപ്പറ്റി ഗുരുവിനെ സങ്കടമുണർത്തിച്ചു. ഒറ്റക്കെട്ടോടെ തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനായിരുന്നു ഗുരുവിന്റെ നിർദേശം. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി ശിഷ്യനായ സ്വാമി സത്യവ്രതനെ ഗുരു അയച്ചു. സംഘടനകൊണ്ടു കരുത്തുനേടി തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കണമെന്നായിരുന്നു ആ സന്ദേശത്തിന്റെ കാതൽ.[2]
തൊഴിലാളികളുടെ ജീവിതപ്രയാസങ്ങൾക്കു അറുതിവരുത്താൻ സംഘടന എന്ന ആശയം തൊഴിലാളികൾക്ക് ആവേശമായി. ആലപ്പുഴയിലെ ഏതാനും പൗരപ്രമുഖരോടും കമ്പനിയിലെ സഹപ്രവർത്തകരോടും ഇക്കാര്യം ബാവയും സഹ പ്രവർത്തകരും ചർച്ചചെയ്തു. അതിനൊടുവിൽ കൊല്ലവർഷം 1097 മീനം 18ന് -1922 ഏപ്രിൽ ആദ്യം ആലപ്പുഴയിലെ പി.എസ്. മുഹമ്മദ് വക്കീലിന്റെ അധ്യക്ഷതയിൽ ആദ്യയോഗം. ലേബർ യൂണിയൻ എന്നായിരുന്നു സംഘടനയ്ക്ക് അപ്പോൾ സ്വീകരിച്ച പേര്. ഏഴുപേർ അടങ്ങുന്നതായിരുന്നു ഭരണസമിതി. ഡോ. എം.കെ. ആന്റണി പ്രസിഡണ്ടായും പി.കെ. ബാവ സെക്രട്ടറിയായും പൽപുആശാൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നാലുമാസത്തിനുശേഷം കൊല്ലവർഷം 1097 കർക്കിടകം നാലിനു ലേബർ യൂണിയൻ "തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. 1098 ചിങ്ങം ഒന്നുമുതൽ അംഗങ്ങളെ ചേർത്തുതുടങ്ങി. തൊഴിലാളികൾക്കു സഹായകരമായി മരണഫണ്ട്, ചികിത്സാഫണ്ട്, വായനശാല എന്നിവയ്ക്കും സംഘടന നേതൃത്വംനൽകി. പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിനു കളമൊരുക്കുന്നതിൽ ഈ സംഘടന പ്രധാന പങ്കുവഹിച്ചു.
ക്രമേണ തൊഴിലാളികൾക്ക് നേതൃത്വത്തോട് മമത കുറയുകയും കേശവദേവിനെ സെക്രട്ടറിയായി ക്ഷണിച്ചുകൊണ്ടു വരികയും ചെയ്തു. സ്വാമി പത്മനാഭൻ എന്ന പേരിലറിയപ്പെട്ടിരുന്ന പി.കെ. പത്മനാഭനും കുന്തക്കാരൻ പത്രോസുമായിരുന്നു പറവൂരു ചെന്ന് ദേവിനെ കണ്ടത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പൊതു യോഗത്തിൽ വി.കെ. വേലായുധനെ പ്രസിഡന്റായും ദേവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ ദേവ് താഴെപ്പറയുന്ന കാര്യപരിപാടികൾ അവതരിപ്പിച്ചു.
- മതത്തിനും രാജ്യത്തിനുമതീതമായി ലോകതൊഴിലാളികൾ എന്ന ബോധം തൊഴിലാളികളിൽ ഉണ്ടാക്കുക
- തൊഴിൽക്കുഴപ്പങ്ങളിൽ അസോസിയേഷൻ നേരിട്ടിടപെടുക
- മുടങ്ങിക്കിടന്നിരുന്ന തൊഴിലാളി പത്രം വീണ്ടും തുടങ്ങുക
- കൂലി കുറയ്ക്കുന്നതിനെതിരെയും എല്ലാ വിധ മൂപ്പൻ പിരിവുകൾക്കെതിരെയും ശക്തമായി പ്രതികരിക്കുക. കൂലി കുറച്ചാൽ അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കണമെന്നു തീരുമാനിച്ചു. ആദ്യ പണിമുടക്കിന് നാടകീയത പകരാൻ പണിക്കു പോകാതിരിക്കുകയല്ല, പണിക്കിടെ നേരത്തെ തീരുമാനിച്ച സമയത്ത് പണി നിർത്തി തൊളിലാളികൾ ഇറങ്ങുകയായിരുന്നു. കേശവദേവിന്റെ നേതൃത്വത്തിൽ യൂണിയൻ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. [3]
തുടർന്നിങ്ങോട്ട് പല പ്രക്ഷോഭങ്ങൾക്കും സംഘടന നേതൃത്വം നൽകി. ഇതിനിടയിൽ അറസ്റ്റ്, തടവ്, മർദനം, പണിമുടക്ക് നിരോധനം തുടങ്ങി എണ്ണമറ്റ പരീക്ഷണങ്ങളിലൂടെ സംഘടന കടന്നുപോയി. 1935 ജനുവരിയിൽ തിരുവിതാംകൂർ മഹാരാജാവിനെ കാൽനടയായി തിരുവനന്തപുരത്തുപോയി നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ആലപ്പുഴയിൽ നിന്ന് അനന്തപുരിയ്ക്കുള്ള ജാഥയ്ക്ക് അൻപത് പേരടങ്ങിയ സംഘത്തേയും നിശ്ചയിച്ചു. എല്ലാ കയർ കമ്പനികളിലും കൊല്ലം ജോസഫ് കൺവീനറായി പ്രചരണ പരിപാടികൾ നടത്തി. ആദ്യ തൊഴിലാളി മാർച്ച് ഏതാനും ചുവടുകൾ വെച്ചതും നിരോധന ഉത്തരവുമായി പോലീസ് എത്തി. പക്ഷേ അതിനെ അവഗണിച്ച് മുന്നോട്ടു നീങ്ങാൻ ജാഥ ക്യാപ്റ്റൻ കൂടിയായ കൊല്ലം ജോസഫ് ശ്രമിച്ചപ്പോൾ പോലീസ് അദേഹത്തെ അറസ്റ്റ് ചെയ്തു. ഇതു കണ്ട് തൊട്ടുപിന്നിലുണ്ടായിരുന്ന കെ.സി. ഗോവിന്ദനും വി.കെ. പുരുഷോത്തമനും ചാടി വീണ് ജോസഫിനെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചു. അതോടെ മൂവരേയും അവിടെ വെച്ച് തന്നെ വിലങ്ങ് വെച്ച് പോലീസ് കൊണ്ടുപോയി.[4]
പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കമ്യൂണിസ്റ്റ് പാർടി ശക്തിപ്പെടുകയും ഇടതുതൊഴിലാളി സംഘടനകൾ രൂപമെടുക്കുകയും ചെയ്തതോടെ ലേബർ അസോസിയേഷൻ അവയുടെ ഭാഗമായി. പല പ്രമുഖരും സംഘടനയുടെ ഭാരവാഹികളായി ചുമതലവഹിച്ചു. രണ്ടാം ഇഎംഎസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് ഈ സംഘടനയുടെ പ്രസിഡന്റായിരുന്നു.[5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്". മാതൃഭൂമി. 31 March 2021. Archived from the original on 2021-05-16. Retrieved 16 May 2021.
- ↑ "ഇരുൾ നീക്കിയ ശ്രീമുഖം". മനോരമ. 5 September 2017. Archived from the original on 2021-05-16. Retrieved 16 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ പി. കേശവദേവ് (1959). എതിർപ്പ്. കോട്ടയം: ഡി.സി. ബുക്സ്. pp. 320–326. ISBN 9788126453108.
- ↑ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ കനക ജൂബിലി സ്മരണിക.
- ↑ എം. സുരേന്ദ്രൻ (22 January 2015). "സമരപഥങ്ങളിൽ ഇടിമുഴക്കിയ തിരുവിതാംകൂർ ലേബർ അസോസിയേഷൻ". ദേശാഭിമാനി. Archived from the original on 2021-06-06. Retrieved 6 June 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)