തിരുവാലൂർ മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവായ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു മഹാദേവക്ഷേത്രമാണ് തിരുവാലൂർ ശിവക്ഷേത്രം. പരശുരാമനാൽ സ്ഥാപിതമായ നൂറ്റെട്ട് മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറി ആലുവ വരാപ്പുഴ വീഥിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ തിരുവാലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
തിരുവാലൂർ ശ്രീ മഹാദേവർ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ആലുവ, തിരുവാലൂർ |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
Governing body | കൊച്ചിൻ ദേവസ്വം ബോർഡ് |
വാസ്തുവിദ്യാ തരം | കേരള-ദ്രാവിഡ ശൈലി |
ചരിത്രം
തിരുത്തുകആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.[1]
ഐതിഹ്യം
തിരുത്തുകഐതിഹ്യമാലയിൽ പറയുന്ന കാലടിയിൽ ഭട്ടതിരി മരണമടഞ്ഞത് തിരുവാലൂർ മഹാദേവക്ഷേത്രത്തിൽ വച്ചാണ്. യക്ഷിയിൽ നിന്നും ശാപമേറ്റ കാലടി ഭട്ടതിരി, ശാപമോക്ഷം ലഭിക്കാൻ തിരുവാലൂർ ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രക്കുളത്തിനടുത്ത് വീണു മരിക്കുകയുമായിരുന്നു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്.
സൂര്യകാലടി
തിരുത്തുകഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരിൽ ക്ഷേത്രേശനെ തൊഴാൻ എത്തിയത്. തൻറെ പിതാവിനെ വശീകരിച്ചു കൊന്ന യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യിൽ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു. ഒടുവിൽ പ്രത്യക്ഷരായ യക്ഷിയും ഗന്ധർവനും കാലടി ഭട്ടതിരിയെ ശപിച്ചു കൊണ്ട് ഹോമകുണ്ഡത്തിൽ ഭസ്മമായി. അന്നേയ്ക്കു നാൽപ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് ഭട്ടതിരി അതിദയനീയമായി മരിയ്ക്കുമെന്നുമെന്നായിരുന്നു ശാപം. അതിനു പരിഹാരം പറഞ്ഞത് നാൽപ്പത്തൊന്നാം നാളിനകം തിരുവാലൂർ ചെന്ന് ശിവനെ തൊഴണം. ഏതായാലും തിരുവാലൂർ പോയി തൊഴാം എന്നദ്ദേഹം തീർപ്പാക്കി അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു. നടന്നും അലഞ്ഞുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നാൽപ്പത്തൊന്നാം ദിവസം തന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാൻ തുടങ്ങി.
പക്ഷേ തിരുവാലൂർ ക്ഷേത്രത്തിൽ തലേദിവസം ഒരശരീരിയുണ്ടായി. പിറ്റേന്ന് ക്ഷേത്രത്തിൽ ഒരു അപമൃത്യു സംഭവിക്കുമെന്നും അതിനാൽ മൂന്നേമുക്കാൽ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണമെന്നുമായിരുന്നു അത്. അതിൻ പ്രകാരം പിറ്റേന്ന് പൂജകളെല്ലാം തീർത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പോയി. ഭട്ടതിരിയെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരിക്കുന്നു. ഭട്ടതിരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി, അപ്പോൾ കലാശലായ മൂത്രശങ്ക തോന്നിയതിനാൽ അതുതീർത്ത് വീണ്ടും കുളിക്കാനായി പോയി. അങ്ങനെ പലതവണ ആവർത്തിച്ചു. ഒടുവിൽ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാൻ വയ്യാതായി ഭട്ടതിരി ഗോപുരവാതിൽക്കൽ വീണു. മരണപരാക്രമത്തോടുകൂടി കട്ടിളയുടെ മേൽ കടിച്ചുതൂങ്ങിയും വിഴുമ്പോൾ അടിപ്പടിയിൽ മുട്ടുകുത്തിയും അദ്ദേഹം അവിടെക്കിടന്നുപിടയാൻ തുടങ്ങി. പലതവണ ഇത് തുടർന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിൻറെ വടക്കുപുറത്തെ തിണ്ണയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയിൽ വളരെ ദയനീയതയോടെ ഭട്ടതിരി പലതും പുലമ്പി. ഗ്രന്ഥത്തിൽ കണ്ടതല്ലേ താൻ ചെയ്തുള്ളൂ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ സൂര്യകാലടി തന്നെ ചെയ്യണമെന്ന് അതിലുണ്ടായിരുന്നോ എന്നൊരു മറുചോദ്യവും ഉയർന്നുവന്നു. ഇതുകേട്ട അദ്ദേഹം തിരുവാലൂരപ്പനെ അതികഠിനമായി ശപിയ്ക്കുകയും ചെയ്തു. ആതിഥ്യമര്യാദയില്ലാത്ത തിരുവാലൂരപ്പന്റെ ചൈതന്യം നശിച്ചുപോകട്ടെ എന്നായിരുന്നു ശാപം. അപ്പോൾ ശാപമോക്ഷം തരണമെന്ന് ഒരു അശരീരി മുഴങ്ങി. ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറേമൂലയിൽ നിലനിന്നിരുന്ന ചെമ്പകമരം ഉണങ്ങിയാൽ ശാപമോക്ഷമുണ്ടാകുമെന്ന് ഭട്ടതിരി പറയുകയുണ്ടായി. ഇത്രയും പറഞ്ഞശേഷം അദ്ദേഹം അവിടെക്കിടന്നുതന്നെ മരിച്ചു.
ഭട്ടതിരിയുടെ ശാപം ഫലിച്ചു. ഭട്ടതിരിയുടെ ദുർമരണത്തെത്തുടർത്ത് കുറേ വർഷങ്ങളോളം ക്ഷേത്രം കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവർ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി. എന്നാൽ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരൻ ശാപമുക്തനായി എന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൊല്ലവർഷം 1000 - 1055 നും ഇടയ്ക്കൊരിയ്ക്കൽ അതികഠിനമായ ഇടിവെട്ടി ശ്രീകോവിലിന്റെയും ഗർഭഗൃഹത്തിന റെയും ഭിത്തി പിളർന്ന് ശിവബിംബത്തിൽ ക്ഷതങ്ങളുണ്ടായി. അതിൻറെ അടയാളമായി ശിവലിംഗത്തിനു മുകളിൽ വടക്കുപടിഞ്ഞാറുഭാഗത്തായി ഒരു ചെറിയ കഷണം അടർന്നു കാണുന്നുണ്ട്.
ക്ഷേത്രനിർമ്മിതി
തിരുത്തുകസാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് തിരുവാലൂരപ്പന്റെ പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.[1] ഇവിടെ നടത്താനുള്ള അഭിഷേകം സമീപത്തുള്ള മറ്റൊരു ശിവക്ഷേത്രത്തിലാണ് നടത്താറുള്ളത്.
ഉത്സവം
തിരുത്തുകക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.[1]
ഉപദേവതകൾ
തിരുത്തുകശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി, ദക്ഷിണാമൂർത്തി പ്രതിഷ്ഠകളൊഴിച്ച് മറ്റ് ഉപദേവതകൾ ഒന്നുമില്ല. എന്നാൽ, ഈ ക്ഷേത്രത്തിനടുത്തായി ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ട്. ഇത് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു.