സാമൂഹിക ജീവിതം നയിക്കുന്ന പ്രാണികളാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുപ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. 11,000 ഇനം ഉറുമ്പുകളുണ്ട്. ഉറുമ്പുകൾ ഹൈമനോപടെറ ഔർഡറിലെ ഭാഗമാണ്.ഉറുമ്പുകൾ മനുഷ്യശരീരത്തിൽ കയറിയാലും കടിക്കാറില്ല.എന്നാൽ അത് ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ പുറത്ത് വിടുന്ന ഫോർമിക് ആസിഡ് ദേഹത്ത് അലർജി ഉണ്ടാക്കുവാൻ ഇടയാക്കുന്നു.

സാമൂഹിക ജീവിതം

തിരുത്തുക
 
പുളിയിറുമ്പിന്റെ കൂടുകൾ

വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പരിപാലിക്കുന്ന ജീവികളാണ് ഉറുമ്പുകൾ. മനുഷ്യനെപ്പോലും അത്‍ഭുതപ്പെടുത്തുന്ന രീതിയിൽ ഉറുമ്പുകൾ സാമൂഹിക ജീവിതം ഐക്യത്തോടും, ചിട്ടയോടുംമുന്നോട്ട് കൊണ്ട് പോകുന്നു. മണ്ണിലോ മരത്തിലോ ആവും താരതമ്യേന ഭംഗി കുറഞ്ഞ കൂടുകൾ ഉണ്ടാക്കുക. ഒരു കോളനിയിൽ വിവിധ തരം ഉറുമ്പുകളെ കാണാൻ കഴിയും. രാജ്ഞിമാർ‍, ജോലിക്കാർ, ചിറകുള്ള ആണുറുമ്പുകൾ, ചിറകുള്ള പെണ്ണുറുമ്പുകൾ, പട്ടാളക്കാർ മുതലായവയാണവ.

രാജ്ഞിമാർ

തിരുത്തുക
 
ഉപേക്ഷിക്കപ്പെട്ട ഉറുമ്പിൻ കൂട്; അറകളായി തിരിച്ചിരിക്കുന്നത് കാണാം
 
പുളിയുറുമ്പുകൾ ചങ്ങലയുണ്ടാക്കി, ഒരു ഇലയെ വലിച്ചടുപ്പിക്കുന്നു. മാവിലകൾ ഒട്ടിച്ചുചേർത്താണു് അവ കൂടുകൾ പണിയുന്നതു്.

ചിറകില്ലാത്തതും പ്രത്യുത്പാദനശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടിൽ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. എന്നാൽ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. രാജ്ഞിമാരുടെ ആയുസ്സും കൂടുതലാണ്. ഒരു വയസ്സുമുതൽ പതിനഞ്ച് വയസ്സു വരെ ജീവിച്ചിരിക്കുന്ന രാജ്ഞിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും രാജ്ഞിമാർ ചെയ്യാറില്ല. കൂടിന്റെ ഏറ്റവും ഉള്ളറകളിലൊന്നിൽ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. രാജ്ഞിമാർക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാർക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു കൂട് നിർമ്മിക്കുമ്പോൾ മാത്രമേ രാജ്ഞിമാർ കൂടുവിട്ടിറങ്ങാറുള്ളു.

ജോലിക്കാർ

തിരുത്തുക
 
സാധാരണ ജോലിക്കാരി ഉറുമ്പിന്റെ ശരീരഘടന

പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാർ. ജോലിക്കാരാണ് ഒരു കൂട്ടിലേക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാജ്ഞിമാരേയും മറ്റുറുമ്പുകളേയും ലാർവ്വകളേയും തീറ്റിപ്പോറ്റുക, കൂടുകൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ ചെയ്യുന്നത്. വേലക്കാരിൽ തന്നെ ജോലിവിഭജനമുണ്ട്. കൂടിനു പുറത്തുള്ള ജോലികൾ ചെയ്യേണ്ട ജോലിക്കാരും കൂട്ടിനകത്തെ ജോലികൾ ചെയ്യേണ്ട ജോലിക്കാരുമുണ്ടായിരിക്കും. ചിലയിനം ഉറുമ്പുകളിൽ കൂട്ടിനു പുറത്തുള്ള ജോലികൾ ചെയ്യുന്നതിനുമുൻപ് കൂട്ടിനകത്തെ ജോലികൾ ഏതാനും ദിവസം പുതിയ ജോലിക്കാരെ കൊണ്ടു ചെയ്യിക്കുന്നതു കാണാം. മുട്ടകളേയും ലാർവ്വകളേയും എടുത്ത് മാറ്റുക, കുഞ്ഞുറുമ്പുകളെ വൃത്തിയാക്കുക, ഭക്ഷണവസ്തുക്കൾ ചുമന്നുകൊണ്ടുവരിക, ബാക്കിവരുന്ന പദാർത്ഥങ്ങൾ കൂടിനു വെളിയിൽ കളയുക എന്നിവയാണ് പ്രധാന ജോലികൾ. ചില വേലക്കാർ ഭക്ഷണം വയറ്റിൽ സൂക്ഷിച്ചാണു കൊണ്ടുവരിക, പ്രത്യേകിച്ചും ലാർവ്വകൾക്കായി. അവ പിന്നീട് തികട്ടിയെടുത്ത് നൽകുന്നു. തേനുറുമ്പുകൾ പോലുള്ളവയിലാകട്ടെ വയർ കൂടുതൽ തേൻ സൂക്ഷിക്കാനായി നന്നായി വികസിച്ചതാണ്. പുതിയ വേലക്കാർക്ക് മൂന്നോ നാലോ ദിവസം പ്രായമാകുന്നതോടെ അവരും പണിചെയ്തു തുടങ്ങുന്നു. കൂടുകളിലൂടെ വെറുതേ നടക്കുകയും അവിടവിടെ കൂട്ടം കൂടി നിൽക്കുകയും ചെയ്യുന്ന വേലക്കാരേയും കൂട്ടിനുള്ളിൽ കാണാം. ഇവ എന്തുധർമ്മമാണനുഷ്ഠിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്കിതുവരെ മനസ്സിലായിട്ടില്ല.

വേലക്കാർ കൂട് നിർമ്മിക്കുന്നു

കൂട്ടിനു വെളിയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാർ ഒറ്റക്കോ കൂട്ടമായോ ഇക്കാര്യം ചെയ്യുന്നു. നാല് മില്ലീഗ്രാം ഭാരമുള്ള ഉറുമ്പ് എട്ടു മില്ലീഗ്രാം വരെ ഭാരമുള്ള ഭക്ഷണവസ്തുക്കളെ വഹിച്ചുകൊണ്ടു പോകുന്നു. ചിലപ്പോൾ ഒന്നിലധികം ഉറുമ്പുകൾ ഒന്നിച്ചാവുമിതു ചെയ്യുന്നത്. കൂട്ടിൽ നിന്ന് പുറത്തു പോയി ഭക്ഷണപദാർത്ഥങ്ങൾ തേടുന്ന ഉറുമ്പുകൾ ദിശകണ്ടെത്തുന്നതിന് പലമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. സംയുക്ത നേത്രം ആണുള്ളതെങ്കിൽ കൂടി, വഴിയിൽ കാ‍ണുന്ന എന്തിനേയും ഇവ അടയാളമാക്കി ശേഖരിക്കുന്നുവത്രേ. ഭൂഗുരുത്വാകർഷണ ബലത്തിന്റെ ദിശ, വഴിയിൽ സ്വയം പുറപ്പെടുവിക്കുന്നതും കാണപ്പെടുന്നതുമായ രാസഘടകങ്ങളേയും അടയാളമാക്കാറുണ്ട്.

പട്ടാളക്കാർ

തിരുത്തുക
 
ഉറുമ്പിന്റെ തല, താടിയെല്ല് എന്നിവ കാണാം

ശത്രുക്കളെ നേരിടാൻ ഇവർ പ്രാപ്തരായിരിക്കും. വലിയ തലയും കടിക്കാനും മുറിക്കാനുമുള്ള ഉറപ്പുള്ള വായ്‌ഭാഗങ്ങൾ മുതലായവ ഇവക്കുണ്ടാകും. അത്തരം ഭാഗങ്ങളെ മാൻഡിബിളുകൾ എന്നു വിളിക്കുന്നു. മാൻഡിബിളുകൾ കട്ടിയുള്ള വിത്തുകളും മറ്റും പൊട്ടിക്കാൻ തക്കവണ്ണം ശക്തിയുള്ളവയുമായിരിക്കും. ഒരു കൂടിന്റെ പ്രവേശന മാർഗ്ഗത്തിൽ ശത്രുവിന്റെ സാന്നിദ്ധ്യമറിഞ്ഞാൽ അവ തലയുടെ വലിയ ഭാഗമുപയോഗിച്ച് കൂടടച്ചുവെക്കുന്നു. വലിയ ദ്വാരമാണെങ്കിൽ ഒന്നിലധികം ഉറുമ്പുകൾ ഇതിനായി ശ്രമിക്കുന്നു. ശത്രുക്കളെ നേരിടാൻ ഉറുമ്പുകൾ ശരീരത്തിലുത്പാദിപ്പിക്കുന്ന ഫോർമിക് അമ്ലവും ഉപയോഗിക്കാറുണ്ട്. ചില വർഗ്ഗങ്ങളിൽ വേലക്കാർ തന്നെയാകും പട്ടാളക്കാരുടെ ജോലിയും ചെയ്യുക. പട്ടാളക്കാർക്ക് ഭക്ഷണം തേടി അലഞ്ഞുതിരിയാനുള്ള കഴിവ് സ്വതേ കുറവാണ്. അവയെ മറ്റുള്ളവർ നയിച്ചുകൊണ്ടുപോകുകയാണുണ്ടാവാറ്‌. കൂടുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഉറുമ്പുകൾ ഇലകൾ കൊണ്ട് വരുമ്പോൾ ഇലകൾക്ക് മുകളിലിരുന്ന് ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന പട്ടാളക്കാരായ ഉറുമ്പുകൾ ചില സാഹചര്യങ്ങളിൽ രക്തസാക്ഷികളാകാറുമുണ്ട്.

ചിറകുള്ള ഉറുമ്പുകൾ

തിരുത്തുക

ചിറകുള്ളതും പ്രത്യുത്പാദനശേഷിയുള്ളതുമായ ആണുറുമ്പുകളും, പെണ്ണുറുമ്പുകളും കൂട്ടിലുണ്ടാ‍കാറുണ്ട്. ചിലപ്പോൾ അവ ഒരു കൂട്ടത്തിൽ നിന്നും പിരിഞ്ഞ് മറ്റൊരു കൂട്ടത്തിൽ ചേരുന്നു. ചിലപ്പോൾ ഇണചേരാനായിരിക്കും ഇവ പുറത്തു വരുന്നത്. വായുവിൽ വെച്ചോ, നിലത്തു വച്ചോ ഇണചേർന്ന ശേഷം ആണുറുമ്പുകൾ ചത്തുപോകുന്നു. പെണ്ണുറുമ്പുകൾ പുതിയ കോളനി നിർമ്മിക്കാനനുയോജ്യമായ സ്ഥലങ്ങളിൽ മുട്ടയിടുകയും ചെയ്യുന്നു. ഒരു കൂട്ടിൽ ചിലപ്പോൾ രാജ്ഞിയുടെ അഭാവത്തിൽ പെണ്ണുറുമ്പുകൾ മുട്ടയിടുന്നു. അവയിൽ നിന്ന് വേലക്കാരോ ആണുറുമ്പുകളോ ആണുണ്ടാവുക.

വളർച്ചാഘട്ടങ്ങൾ

തിരുത്തുക
ഉറുമ്പുകൾ മുട്ടയുമായി

എല്ലാ ഷഡ്‌പദങ്ങളേയും പോലെ മുട്ട, ലാർവ്വ, കൊക്കൂൺ(പ്യൂപ്പ), പൂർണ്ണവളർച്ചയെത്തിയ ജീവി, എന്നിങ്ങനെ നാലവസ്ഥയാണ് ഉറുമ്പുകൾക്കുമുള്ളത്. ലാർവ്വാവസ്ഥയിൽ ഉറുമ്പ് പൂർണ്ണമായും മറ്റുറുമ്പുകളെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. അവയ്ക്ക് കാലുകൾ പോലുമുണ്ടാകില്ല. സമാധിഅവസ്ഥയിൽ നിന്നു പുറത്തുവരണമെങ്കിലും മറ്റുറുമ്പുകളുടെ സഹായം ആവശ്യമാണ്.

ആശയവിനിമയം

തിരുത്തുക
 
പുളിയുറുമ്പ്‌ ആശയവിനിമയം നടത്തുന്നതിന്റെ ചിത്രം

സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ(ഫിറമോൺസ്) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻ‌കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.

ഇതര ജീവികളുമായുള്ള സഹവർത്തിത്വം

തിരുത്തുക

മറ്റെല്ലാത്തരത്തിലുമുള്ള ജീവജാലങ്ങളുമായി ഉറുമ്പുകൾ സഹവർത്തിക്കാറുണ്ട്.

 
ഉറുമ്പും അഫിഡും

അഫിഡുമായുള്ള സഹവർത്തനമാണ് ഏറെ പ്രശസ്തം. ഉറുമ്പുകൾ അഫിഡുകളെ സ്വന്തം കൂട്ടിൽ വളർത്തുകയും അവക്ക് ഭക്ഷണം സമ്പാദിച്ചുകൊടുക്കുകയും, ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പകരമായി അഫിഡിന്റെ ശരീരത്തിൽ നിന്നുമൂറിവരുന്ന സ്രവം ഉറുമ്പുകൾ ഭക്ഷിക്കുന്നതാണ്. ഒരു കൂട്ടത്തിൽ നിന്ന് ചെറിയൊരു കൂട്ടം പിരിഞ്ഞുപോകുകയാണെങ്കിൽ അവ ചിലപ്പോൾ ചില ആഫിഡുകളെ കൂടെ കൊണ്ടുപോകാറുണ്ട്. ഇത്തരത്തിൽ ഒന്നിലേറെ ജീവികളിൽ ഉറുമ്പുകൾ പ്രാദേശികഭേദത്തിൽ സഹവർത്തിക്കാറുണ്ട്.

 
ചോണനുറുമ്പുകളുടെ ശരീരപ്രകൃതി അനുകരിക്കുന്ന എട്ടുകാല; തുന്നൽക്കാരൻ ഉറുമ്പുകളുടെ കൂടെയാണ്‌ ഇവ ജീവിക്കുന്നത്[അവലംബം ആവശ്യമാണ്]

പലസസ്യങ്ങളും ഉറുമ്പുകൾക്കായി കൂടുതൽ തേൻ ശേഖരിച്ചു വെക്കാറുണ്ട്. അതുകൊണ്ടു തന്നെ അവയിൽ കീടങ്ങൾ വരാറില്ല. വിത്തുകൾ കേടുകൂടാതിരിക്കും എന്ന ഗുണം ചെടിക്കു ലഭിക്കുമ്പോൾ ഉറുമ്പുകൾക്കു ഭക്ഷണവും ലഭിക്കുന്നു. അമേരിക്കയിലെ പ്യോണി പുഷ്പങ്ങൾക്ക് വിരിയാൻ തന്നെ ഉറുമ്പുകളുടെ സഹായമാവശ്യമാണ്.

ചില ഉറുമ്പുകളാകട്ടെ കൂട്ടിനുള്ളിൽ പൂപ്പലുകൾ നട്ടുവളർത്തി പരിപാലിക്കുന്നു. ഉറുമ്പുകൾ പൂപ്പലുകൾ കുറേശ്ശെ ഭക്ഷണമായുപയോഗിക്കുകയും ചെയ്യുന്നു.

പലതരം വിത്തുകളും വിതരണം ചെയ്യുന്നത് ഉറുമ്പുകളാണ്. വിത്തുകൾ ഉറുമ്പുകൾക്കായുള്ള അനുവർത്തനങ്ങൾ ഉണ്ടാവാറുണ്ട്. ചിലവിത്തുകളിൽ ഇലായിയോസോമുകൾ എന്ന കോശഘടനകൾ ഉറുമ്പുകൾക്കായി കാണാം. ഉറുമ്പുകൾക്കു പോഷകപ്രദങ്ങളായ പലവസ്തുക്കളും ഇവയിലുണ്ട്. വിത്തുകൾ കൊണ്ടുപോയി ഇലായിസോമുകൾ ഭക്ഷിക്കുന്ന ഉറുമ്പുകൾ പിന്നീടവയെ ഉപേക്ഷിക്കുന്നു. അത് മിക്കവാറും കൂട്ടിൽ തന്നെയാവും വിത്തുകൾ സുരക്ഷിതമായ സ്ഥലത്ത് വളരുന്നു. ഉറുമ്പുകൾ വഴിയുള്ള വിത്തുവിതരണത്തിന് മിർമിക്കോകോറി(Myrmecochory) എന്നാണ് പറയുന്നത്.

പല പക്ഷികളും ഉറുമ്പുകൂട്ടത്തിനടുത്തു ചിറകുകൾ വിടർത്തി ഇരിക്കാറുണ്ട്. അവയുടെ മേൽ ഉറുമ്പുകൾ കയറുകയും അവയുടെ ശരീരത്തിലെ ക്ഷുദ്രകീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. പക്ഷികൾക്ക് ക്ഷുദ്രജീവികളിൽ നിന്ന് രക്ഷയും ഉറുമ്പുകൾക്ക് ഭക്ഷണവും ലഭിക്കുന്നു. ഉറുമ്പുകുളി(Anting) എന്നാണിതറിയപ്പെടുന്നത്.

ആനിമൊൺ ഹെപ്പാറ്റിക്ക (Anemone hepatica), റനൺകുലസ് ഫെക്കെറിയ (Ranunculus ficaria), അഡൊനിസ് വെർണാലിസ് (Adonis vernalis) മുതലായ ചെടികളുടെ അകീനുകൾ ഒരുതരം സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. ഇത് ഉറുമ്പുകളെ ആകർഷിക്കുകയും അതുവഴി വേഗം പ്രകീണങ്ങൾ നടക്കുകയും ചെയ്യും.

കൗതുകങ്ങൾ

തിരുത്തുക
  • സ്വന്തം ഭാരത്തേക്കാൾ അനേകം ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും
  • ഒറ്റ നിൽപ്പിൽ തന്നെ അഷ്ടദിക്കും താഴെയും മേലെയും ഒരു പോലെ ദർശിക്കാനാവുന്ന സംവിധാനമുണ്ട്.
  • ഉറുമ്പുകളുടെ ഘ്രാണശക്തി അതിശക്തമാണ്.
  • ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവിവർഗ്ഗമാണ് ഉറുമ്പുകൾ
  • രാസപദാർഥങ്ങൾ ഉപയോഗിച്ചും സ്പർശിച്ചും ആശയവിനിമയം നടത്തുന്നു.

കൂടുതൽ അറിവിന്

തിരുത്തുക
  1. http://encarta.msn.com/encyclopedia_761556353/Ant.html Archived 2006-11-15 at the Wayback Machine.

ചിത്രശാല

തിരുത്തുക

[[|thumb|Ants leaf nest DSCN0203.resized]]

മറ്റ് ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉറുമ്പ്&oldid=4074683" എന്ന താളിൽനിന്ന് ശേഖരിച്ചത്