തദ്ഭവം
ഒരു ഭാഷ മറ്റൊരുഭാഷയിൽ നിന്ന് സ്വീകരിച്ചതും എന്നാൽ കാലക്രമേണ അർഥത്തിലോ, ഉച്ചാരണത്തിലോ, എഴുത്തിലോ വ്യതിയാനം സംഭവിച്ചതുമായ പദങ്ങളാണ് തദ്ഭവങ്ങൾ.
മലയാളത്തിലെ തദ്ഭവങ്ങൾതിരുത്തുക
മലയാളത്തിലെ ഒട്ടനവധി പദങ്ങൾ സംസ്കൃതഭാഷയിൽ നിന്നോ അതിൽനിന്നും പാലി, എളു (സിംഹെളു, സിംഹേളു, ഏളു എന്നും പേരുകൾ), മഹാരാഷ്ട്രി, മാഗധി ഇത്യാദി പ്രാകൃതഭാഷകൾ വഴിയോ രൂപപ്പെട്ടവയാണ്. സംസ്കൃതത്തിൽ നിന്നുള്ള തദ്ഭവങ്ങൾ(സംസ്‌കൃതഭവങ്ങൾ)ക്ക് ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:
ശുദ്ധം | തദ്ഭവം | അഭ്യുക്തികൾ |
---|---|---|
അനുജഃ | അനിയൻ | |
അക്ഷദണ്ഡഃ | അച്ചുതണ്ട് | |
അഗ്നിഹോത്രി | അക്കിത്തിരി | |
അവച്ഛാദനം / ആച്ഛാദനം | ഓച്ഛാനം | പ്രാകൃതം ഓച്ഛാണ- |
അശുദ്ധം | അയിത്തം | |
അംബാ | അമ്മ | |
ആലയഃ | ലായം | അശ്വാലയഃ മലയാളത്തിൽ കുതിരലായം ആകുന്നു. |
ആലാവർതം | ആലവട്ടം | |
ഉപചാരം | ഓശാരം | |
ഉപാധ്യായഃ / ഉപാദ്ധ്യായഃ | വാദ്ധ്യായൻ, വാദ്ധ്യാർ, വാധ്യാർ | |
ഉഷ്ട്രഃ / ഉഷ്ട്രകഃ | ഒട്ടകം | |
കച്ഛാ | കച്ച | വസ്ത്രാഞ്ചലം |
കച്ഛോരം | കച്ചോലം | |
കഥംകഥാ / കഥങ്കഥാ | കടങ്കഥ | കഥം+കഥാ; പാലി/പ്രാകൃതം വഴി. സന്ദേഹത്തെ സൂചിപ്പിക്കുന്ന പദം. |
കിങ്കിണീ | കിങ്ങിണി | |
കുഠാലഃ | കോടാലി | ഹിന്ദിയിൽ കുല്ഹാഡീ |
കുണ്ഡം | കുണ്ട് | കുഴി, കുളം എന്ന അർഥത്തിൽ |
കുണ്ഡീ | കിണ്ടി | |
കുദ്ദാലഃ | കുന്താലി | ഹിന്ദിയിൽ കുദാല്, നേപാളിയിൽ കോദാലോ |
കുന്ദുരുഃ / കുന്ദുരുകഃ | കുന്തുരുക്കം / കുന്തിരിക്കം | |
കുഹുരവഃ | കുരവ | |
കോമല- / കോമള- | ഓമൽ | |
കൗപീനം | കോണകം | തമിഴിൽ കോവണം എന്നും മലയാളത്തിൽ കോണകം എന്നും മാറുന്നു. |
ക്ഷാരം | ചാരം, കാരം | |
ക്ഷേമഃ / ക്ഷേമം | കേമം | ക്ഷേമം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. പാലിയിൽ ഖേമം. |
ക്രമുകഃ | കമുക് | അടയ്ക്കാമരം, പാക്കുമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം |
ഖട്വാ | കട്ടിൽ | |
ഖണ്ഡഃ | കണ്ടം, കഷ്ണം, കട്ട | ചന്ദനഖണ്ടഃ എന്നാൽ ചന്ദനക്കട്ട, ചന്ദനക്കഷ്ണം എന്നൊക്കെ അർഥം. |
ഗർദഭഃ | കഴുത | സംസ്കൃതത്തിലെ ഗർദഭഃ പ്രാകൃതത്തിൽ (പാലിയിൽ) ഗലുദഹ/ഗളുദഹ/ഗളുദ എന്നും പ്രാകൃതമലയാളത്തിൽ കഴുത എന്നും ആകുന്നു |
ഗോധികാ | ഓന്ത് | |
ഗോധൂമഃ | ഗോതമ്പ് | |
ഘടകഃ | കഴകം | പ്രാകൃതത്തിൽ കളഗ |
ഘനം | കനം | |
ഘുർഘുരകഃ | കൂർക്കം | |
ചക്രം | ചക്ക് (ഉപകരണം), ചക്ക (ഫലം) |
ചക്രം എന്ന തത്സമരൂപം ചക്രം എന്ന അർഥത്തിൽ തന്നെ ഭാഷയിലുണ്ട്. കൊപ്ര ആട്ടി എണ്ണ എടുക്കുന്നതിനുള്ള ഉപകരണത്തിനാണ് ചക്ക് എന്ന തദ്ഭവശബ്ദം ഉപയോഗിക്കുന്നത്. ചക്ക എന്ന ഫലത്തിന്റെ നാമവും ചക്രം എന്ന ശബ്ദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളതെന്ന് അനുമാനിക്കപ്പെടുന്നു. |
ചതുഷ്കം | ചൗക്ക, ചാക്ക | പ്രാകൃതത്തിൽ ചഉക്കം |
ചമ്പകഃ | ചെമ്പകം | ചമ്പകം എന്ന തത്സമരൂപവും ഭാഷയിൽ ഉണ്ട്. |
ചർമകാരഃ | ചെമ്മാൻ | |
ചർമയഷ്ടിഃ | ചമ്മട്ടി | |
ചൂർണാബഃ | ചുണ്ണാമ്പ് | ചൂർണഃ എന്നാൽ പൊടി എന്നർഥം. ഹിന്ദിയിൽ ചൂനാ എന്നാൽ കുമ്മായം. |
ഛഗണഃ | ചാണകം | |
ജ്യേഷ്ഠഃ | ചേട്ടൻ | |
തക്ഷഃ/തക്ഷകഃ | തച്ചൻ | |
തിമിംഗിലഃ | തിമിംഗിലം | |
തിഥിഃ | തീയതി | |
ദർവീ | തവി | |
ദിഷ്ടം | തിട്ടം | |
ദേവാചാരഃ | തേവാരം | പ്രാകൃതത്തിൽ ദേവായര |
ദൈവം | തെയ്യം | |
ദ്രോണീ | തോണി | |
ദ്യൂതഃ | ചൂത്, ചൂതം | |
ദ്വീപഃ | തീവ് | ദ്വീപ് എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്. |
ദ്വീപഃ | തീയൻ | ദ്വീപിൽ നിന്നു വന്നവൻ എന്ന അർഥത്തിലാണ് തീയൻ എന്ന പദം. |
ധരാ | തറ | |
ധൂലിഃ / ധൂളിഃ | തൂളി | |
നന്ദ്യാവർതഃ | നന്ത്യാർവട്ടം | |
നഷ്ടഃ | നട്ടം | നഷ്ടം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. |
നാഡികാ | നാഴിക | |
നാണകം | നാണയം | |
നാരാചഃ | നാരായം | |
നാരികേലഃ/നാലികേരഃ | നാളികേരം | ദ്രാവിഡത്തിൽ നിന്നും (നാര്+കേളി) സംസ്കൃതം കടമെടുത്ത പദം |
പക്വം | പാകം | |
പക്ഷം | പക്കം | |
പംക്തി | പന്തി, പാത്തി | |
പടോലഃ | പടവലം, പടോലം | |
പിണ്യാകഃ | പിണ്ണാക്ക് | |
പത്രം | പട്ടം | പത്രം എന്നാൽ ഇല എന്നർഥം. പാലിയിൽ പട്ടം. ഭാഷയിൽ ബിരുദം, പദവി എന്നർഥം സിദ്ധിക്കുന്നു. ബുദ്ധമതക്കാർ വിശേഷപ്പെട്ട സന്ദർഭങ്ങളിൽ ആലില ചരടിൽ കെട്ടി കഴുത്തിൽ ബന്ധിപ്പിച്ചിരുന്നു. ഇത്തരത്തിൽ പഠനം കഴിയുമ്പോഴും, ബഹുമതികൾ അർപ്പിക്കുമ്പോഴും ഇല കെട്ടുന്നതിനെ പട്ടം കെട്ടുക എന്നു പറയുന്നു. |
പത്രകം | പട്ടയം | |
പത്രികാ | പട്ടിക | |
പദകം | പതക്കം | |
പലാശഃ | പ്ലാശ് | |
പല്യങ്കഃ | പല്ലക്ക് | |
പൂഗഃ | പാക്ക് | കമുക്, അടയ്ക്കാമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം |
ഫലകഃ, ഫലകം | പലക | |
ഭഗവതി | പോതി | |
ഭട്ടഃ | പട്ടർ | ഹിന്ദിയിൽ ഭട്ട് (भट) എന്നും മറാഠിയിൽ ഭാട് (भाट) എന്നും തദ്ഭവരൂപങ്ങൾ. |
ഭട്ടശ്രീഃ | പട്ടതിരി, പട്ടേരി | |
ഭട്ടശ്രീപാദാഃ | ഭട്ടതിരിപ്പാട് | |
ഭണ്ഡാഗാരം | ഭണ്ഡാരം, പണ്ടാരം | |
ഭാഗഃ | പങ്ക് | |
ഭാടകം | വാടക | |
ഭിക്ഷാ | പിച്ച | |
ഭേകഃ | പേക്കൻ | പേക്കൻ തവള - വലിയ തവള. |
ഭേണ്ഡാ | വെണ്ട | |
ഭോഷഃ | പോഴൻ | ഭോഷൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. |
ഭ്രമരകം/ഭ്രമരികാ | പമ്പരം | |
മഞ്ജിഷ്ഠാ | മഞ്ചട്ടി | |
മന്ഥഃ / മന്ഥാനഃ | മത്ത് | മോരും തൈരുമൊക്കെ കടയാനുള്ള കടകോൽ |
മരകതം | മരതകം | |
മൃതാ | മറുത | |
യജമാനഃ | ഏമാൻ | |
യക്ഷീ | ഇയക്കി, ഇശക്കി, ഇശ്ശക്കി | ഇശ്ശക്കിയമ്മൻകോവിലുകളിലെ ദേവി. |
യുഗം | നുകം | കലപ്പയുടെ നുകം |
രവി | ഇരവി | രവി എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. രേഫത്തിലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്ന രീതിക്ക് ഉദാഹരണമാണിത്. |
രംഗഃ | അരങ്ങ് | |
രുധിരം | ഉതിരം | രുധിരം എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. രേഫത്തിലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്ന രീതിക്ക് ഉദാഹരണമാണിത്. |
രൂപം | ഉരുവം | രൂപം എന്ന തത്സമപദമാണ് മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്. രേഫത്തിലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്ന രീതിക്ക് ഉദാഹരണമാണിത്. |
ലക്ഷ്യം | ലക്ക് / ലാക്ക് | |
ലോകം | ഉലകം | ലോകം എന്ന തത്സമപദമാണ് മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്. |
വാചനം | വായന | |
വിനാഡികാ | വിനാഴിക | |
വൃത്തം | വട്ടം | പ്രാകൃതം വട്ട |
വ്യാഖ്യാനം | വക്കാണം | |
ശക്തീ (ശക്തി എന്ന ദേവി) | ചക്കി | ചക്കി എന്ന സ്ത്രീനാമം; 'ചക്കിയും ചങ്കരനും' എന്ന പ്രയോഗത്തിലെ ചക്കി. ശക്തിയും ശങ്കരനും എന്ന് ഉദ്ദേശ്യം. |
ശങ്കരഃ | ചങ്കരൻ | ചങ്കരൻ എന്ന പുരുഷനാമം; 'ചക്കിയും ചങ്കരനും' എന്ന പ്രയോഗത്തിലെ ചങ്കരൻ. ശക്തിയും ശങ്കരനും എന്ന് ഉദ്ദേശ്യം. |
ശംഖം | ശംഖ്, ചങ്ക് | |
ശപ്തഃ | ശപ്പൻ | |
ശരണ്ഡഃ / സരടഃ | അരണ | |
ശഷ്പം | ചപ്പ് | ഇളം പുല്ല്, കരിങ്കറുകപ്പുല്ല് |
ശാക്യഃ | ചാക്യാൻ / ചാക്യാർ | ഒരു അമ്പലവാസി ജാതി |
ശാണഃ | ചാണ | ചാണക്കല്ല്, ഉരകല്ല് |
ശാലാ | ചാല, ആല | ശാല എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. |
ശാസ്താ | ചാത്തൻ | |
ശുക്തിഃ | ചിപ്പി | |
ശുല്കം | ചുങ്കം | |
ശുഷ്കഃ | ചുക്ക് | |
ശൃംഖലാ | ചങ്ങല | |
ശ്യാമകഃ | ചാമ | ഒരു ധാന്യവിശേഷം. |
ശ്രാദ്ധം | ചാത്തം | |
ശ്രാവകഃ | ചോവൻ | ശ്രാവകഃ - ബുദ്ധ-ജൈനമതങ്ങളിലെ ഒരു വിഭാഗം (a votary). പാലിയിൽ സാവക. തമിഴിൽ ചാവകൻ/ചോവകൻ |
ശ്രാവണം | ആവണി, ആവണം, ഓണം | |
ശ്രീദേവീ | ചിരുതേയി | |
ശ്രീഭഗവതി | ചീപോതി, ശീപോതി | |
ശ്രീമത്പാദഃ | തിരുമുല്പാട് | |
ശ്രേണി | ഏണി | |
ശ്രേഷ്ഠീ | ചെട്ടി | സേഠ് എന്നും ഷെട്ടി എന്നും ഹിന്ദിയിൽ തദ്ഭവങ്ങൾ. പ്രാകൃതം സെട്ഠി. |
ഷഡങ്ഗം | ചടങ്ങ് | |
സന്ധ്യാ | അന്തി | |
സമിധഃ | ചമത | കത്തിക്കാനുള്ള വിറക് |
സഹസ്രം | ആയിരം | കന്നഡത്തിൽ സാവിരം, |
സംഘാടഃ | ചങ്ങാടം | |
സംഘാതഃ | ചങ്ങാത്തം | സങ്ഘാതഃ എന്നാൽ സമൂഹം അഥവാ കൂട്ടം എന്നർഥം. |
സംഘത്വം | ചങ്ങാത്തം | |
സംഘാതീ | ചങ്ങാതി | സംഘത്തിൽ ചേർന്നവൻ, കൂട്ടത്തിൽ കൂടിയവൻ എന്നർഥം. |
സിന്ദൂരം | ചിന്തൂരം | സിന്ദൂരം എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്. |
സിംഹലം / സിംഹളം | ഈഴം, ഈളം | ഇംഗ്ളീഷിൽ Ceylon എന്ന് തദ്ഭവം. |
സീമാ | ശീമ | |
സീതാ | ചിരുത | |
സീസം | ഈയം | |
സുരങ്ഗഃ | തുരങ്കം | |
സേവകഃ | ചേവകൻ, ചേകവൻ | സേവകൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. |
സോമയാജീ | ചോമാതിരി | |
സ്തോത്രം | തോറ്റം | |
സ്തംബഘ്നഃ | തൂമ്പ | |
സ്ഥലീ | തളി | മേത്തല/മേത്തളി (മേൽത്തളി), കീത്തോളി (കീഴ്ത്തളി), തളിപ്പറമ്പ് എന്നിവ ഉദാഹരണം. പാലിയിൽ ഥളീ |
സ്ഥലം | തളം, അളം | അകത്തളം, പുറന്തളം, പിൻതളം, തുടങ്ങിയവ തളം എന്നതിന് ഉദാഹരണങ്ങൾ. കേരളം, മലയാളം, കോവളം, പന്തളം, സിംഹളം, നേപാളം, ബംഗാളം, ഉപ്പളം, പെരിങ്ങളം, ബേക്കളം തുടങ്ങിയവ അളം എന്നതിന് ഉദാഹരണങ്ങൾ. കന്നഡത്തിൽ ഇത് അള എന്ന് മാറുന്നു. ഉപ്പള, കുമ്പള തുടങ്ങിയവ ഉദാഹരണങ്ങൾ. |
സ്ഥാലീ | താലം | |
സ്ഥാലികാ | തളിക | |
സ്ഥാനം | താനം | പട്ടിത്താനം, വാകത്താനം എന്നീ സ്ഥലനാമങ്ങൾ ഉദാഹരണം. പാലിയിൽ ഠാന. |
സ്ഥൂണാ | തൂൺ | |
സ്ഫടികം | പളുങ്ക് | പ്രാകൃതത്തിൽ ഫളിഹ, ഫളിക എന്നീ രൂപങ്ങൾ. പ്രാകൃതരൂപത്തിൽ നിന്ന് മലയാളത്തിലെ പളുങ്ക്, തമിഴിലെ പളിങ്കു, തെലുങ്കിലെ പലുഗു എന്നീ തദ്ഭവരൂപങ്ങൾ. തമിഴിൽ പടികം എന്ന തദ്ഭവരൂപവുമുണ്ട്. |
സ്ഫോടകം | പടക്കം | |
സ്യാലഃ/സ്യാലകഃ | അളിയൻ | |
ഹിക്കാ | ഇക്കിൾ, എക്കിൾ, എക്കിട്ടം | |
ഹിതം | ഇതം, എതം |
തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ നിന്നുള്ള തദ്ഭവങ്ങളും മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ
വൈദേശികഭാഷകളിൽ നിന്നുള്ള തദ്ഭവങ്ങൾതിരുത്തുക
മൂലപദം | മൂലഭാഷ | തദ്ഭവം | അഭ്യുക്തികൾ |
---|---|---|---|
Altar | അൾത്താര | ||
Battalion | പട്ടാളം | ||
Captain | കപ്പിത്താൻ | ||
Christ | ക്രിസ്തു | ||
Endorsement | ഇണ്ടാസ് | ||
France | പറങ്കി | ||
Hospital | ആശുപത്രി, ആസ്പത്രി | ||
Judge | ജഡ്ജി | ||
Lantern | റാന്തൽ | ||
Madam | മദാമ്മ | ||
Superintendent | സൂപ്രണ്ട് | ||
ദീനാർ | അറബിക് دينار; ലാറ്റിൻ denarius-ൽ നിന്ന്. "പത്ത് (Ten) അടങ്ങിയത്" എന്നർഥം | തീനാരം | വാഴപ്പള്ളി ശാസനത്തിൽ തീനാരം എന്ന പ്രയോഗം കാണാം. |