അഗ്നിഹോത്രം
ബ്രാഹ്മണർ അനുഷ്ഠിക്കുന്ന ഒരു ഹോമകർമമാണ് അഗ്നിഹോത്രം. ഗാർഹപത്യൻ, ആഹവനീയൻ, അന്വാഹാര്യൻ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയിൽ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികൾ. ഇവർ അഗ്നിഹോത്രികൾ എന്നപേരിൽ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളിൽ ഇട്ട് ആ ത്രേതാഗ്നിയിൽ രണ്ടു ദിവസം കൊണ്ടു ചെയ്തുതീർക്കേണ്ട കർമമാണ് അഗ്ന്യാധാനം.)
അഗ്നിഹോത്രം ചെയ്യുമ്പോൾ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങൾ ചൊല്ലി നിർദിഷ്ട ക്രമം അനുസരിച്ച് പാൽ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കർമം ചെയ്യുമ്പോൾ യജമാനനോ (ചെയ്യുന്ന കർമത്തിന്റെ ഫലമനുഭവിക്കേണ്ടയാൾ) പത്നിയോ അഗ്നിശാലയിൽ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കർമം ചെയ്യാറുള്ളത്. എന്നാൽ യജമാനൻ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങൾ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കർമം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കിൽ ചെന്നാലും മന്ത്രങ്ങൾ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താൽ അഗ്നിഹോത്രം മുടങ്ങാൻ ഇടവന്നാൽ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാൻ പാടുള്ളു. ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ്. അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാർഥനകൾ അടങ്ങിയതാണ് ഇവയിൽ ഉപയോഗിക്കുന്ന മന്ത്രങ്ങൾ. ഇവ കൂടാതെ സപ്തർഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോൾ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരൻമാർ പറയുന്നു.
പുറംകണ്ണികൾതിരുത്തുക
- Spiritual Healing by Agnihotra | Meditation Practice | Spiritual Technique
- AGNIHOTRA-HEAL THE ATMOSPHERE
- [http://www.agnihotra.net/ Agnihotra - Given for the World