തകഴി ശ്രീ ധർമശാസ്താക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്‌ തകഴി ശ്രീ ധർമശാസ്താക്ഷേത്രം. കേരളത്തിലെ പേരുകേട്ട ധർമ്മശാസ്താക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്രത്തിൽ തയ്യാറാക്കുന്ന വലിയ എണ്ണ സുപ്രസിദ്ധമാണ്. എല്ലാ രോഗങ്ങൾക്കും ഉത്തമപരിഹാരമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഉപദേവതകളില്ലാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.

ഐതിഹ്യം

തിരുത്തുക

ഒരു കാലത്ത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലമ്പ്രദേശത്ത് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം മഴവെള്ളത്തിൽ ഒലിച്ചുവന്ന് കുട്ടനാട്ടെ ചെളിയിൽ പുതഞ്ഞുകിടന്നുവെന്നും അതിനെ വില്വമംഗലം സ്വാമിയാർ കണ്ടെടുത്ത് ഉദയർക്കമുനിയെ ഏല്പിച്ചുവെന്നും അദ്ദേഹം ആ വിഗ്രഹം തകഴിയിൽ പ്രതിഷ്ഠിച്ചുവെന്നും പറയുന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. മഴവെള്ളത്തിൽ ഒലിച്ചുവരുന്നതിനു മുൻപ് ഈ വിഗ്രഹം ഓതറമലയിൽ ആണ് പ്രതിഷ്ഠിച്ചിരുന്നത് എന്നും, ആ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആയിരുന്നുവെന്നും കൂടി ഐതിഹ്യകഥ നീളുന്നു. ഒരുകാലത്ത് ഇത് ഒരു ബുദ്ധവിഗ്രഹം ആയിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. കിഴക്കൻ മലയിൽ പരശുരാമൻ പ്രതിഷ്ഠിച്ച പലശാസ്താവിഗ്രഹങ്ങളിൽ ഒന്നാണ് ഇതെന്നും ഭക്തജനങ്ങൾ കരുതുന്നു. മലമ്പ്രദേശത്തെ ശാസ്താവിഗ്രഹങ്ങളെല്ലാം ആദ്യകാലത്ത് ബുദ്ധവിഗ്രഹങ്ങളായിരുന്നുവെന്ന സാമാന്യവിശ്വാസം ഇതിന് ഉപോത്ബലകമാണ്. ശങ്കരാചാര്യരുടെ ജീവിതകാലത്തിനുമുൻപ് കേരളത്തിന്റെ എല്ലാഭാഗത്തും ബുദ്ധ ജൈനമതങ്ങൾ പ്രബലമായിരുന്നു. ശങ്കരാചാര്യർ ബുദ്ധമതപണ്ഡിതൻമാരെ വാദപ്രതിവാദത്തിൽ പരാജയപ്പെടുത്തി വീണ്ടും ഹിന്ദുമതം പ്രചരിപ്പിച്ചു എന്ന അഭിപ്രായം ഇത്തരുണത്തിൽ ഗണനാർഹമാണ്. കേരളത്തിലെ പല ശാസ്താവിഗ്രഹങ്ങൾക്കും ശ്രീബുദ്ധന്റെ വിഗ്രഹങ്ങളോടുള്ള സാദൃശ്യം ക്ഷേത്രകലാവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയിൽ നിന്ന് വീണ്ടെടുത്ത് തഴുകി ശുദ്ധിവരുത്തി പ്രതിഷ്ഠിച്ചതിനാലാണ് തകഴി എന്ന സ്ഥലപ്പേര് ഈ പ്രദേശത്തിനു സിദ്ധിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ് അചിരേണ ചെമ്പകശ്ശേരി രാജാക്കന്മാർ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധന്റേതായിരുന്നുവെന്ന വിശ്വാസത്തോട് ഈ ഔഷധനിർമ്മാണത്തെ പഴമക്കാർ ബന്ധപ്പെടുത്തുന്നു. കേരളത്തിൽ ഒരുകാലത്ത് ആയുർവേദ വിജ്ഞാനം പ്രചരിക്കുകയും വികസിക്കുകയും ചെയ്യുന്നതിന് ബുദ്ധമതപണ്ഡിതന്മാർ അനുഷ്ഠിച്ച സേവനം ഇവിടെ സ്മർത്തവ്യമാണ്. ബുദ്ധമതം കേരളത്തിൽ നിന്ന് നിർമാർജ്ജനം ചെയ്യപ്പെട്ടപ്പോൾ കേരളീയ ബ്രാഹ്മണർ ബുദ്ധമതസന്ന്യാസിമാരെ വിരോധികളാക്കുന്നതിനു പകരം അനുനയങ്ങളിലൂടെ ഹൈന്ദവ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തുകൊണ്ടിരുന്നു എന്ന വിശ്വാസത്തിന് ചരിത്രപരമായ പ്രാബല്യം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അവർ ബുദ്ധമതസന്ന്യാസിമാരിൽ നിന്ന് ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു എന്നും കരുതാവുന്നതാണ്.

കിഴക്കു ദർശനമായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ദിവസേന അഞ്ച് നേരം ഇവിടെ പൂജ നടത്തുന്നു. അടിമനപാലത്തിങ്കൽ ഇല്ലത്തെയാണ് ഇവിടത്തെ കാരാണ്മശാന്തിക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

നിവേദ്യം

തിരുത്തുക

ഇവിടെ മുഖ്യനിവേദ്യം വറത്തുപൊടിയാണ്. ഈ ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന 'വലിയെണ്ണ' സുപ്രസിദ്ധമാണ്. വാതം തുടങ്ങിയ പല രോഗങ്ങൾക്കും കൈകണ്ട ഔഷധമാണ് ഈ എണ്ണയെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. എണ്ണ അടുപ്പത്തുവച്ച് കാച്ചിക്കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത അടുപ്പിൽ പാൽപ്പായസവും തയ്യാറാക്കുന്നു. പാൽപ്പായസത്തിൽ പാടകെട്ടുന്നത് തൈലം പാകമായി എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. ആദ്യമായി ഈ എണ്ണ കാച്ചിയ ആശാന്റേതാണെന്ന് കരുതുന്ന ഒരു വിഗ്രഹം ഈ ക്ഷേത്രത്തിലുണ്ട്.

ഇവിടെ ഉപദേവതാപ്രതിഷ്ഠകളില്ല. ഇത്തരത്തിലുള്ള അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ് തകഴി ക്ഷേത്രം. കുംഭമാസത്തിലെ ഉത്രം നാളിൽ ആറാട്ട് നടത്തത്തക്കവണ്ണം എട്ടു ദിവസത്തെ ഉത്സവം നടത്തുക ഇവിടെ പതിവാണ്. ഉത്സവാഘോഷത്തോടൊപ്പം കളമെഴുത്തുപാട്ടും കുളത്തിൽ വേലയും നടത്തിവരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തിന് തകഴി ക്ഷേത്രത്തിൽ നിന്ന് കുടവരവുണ്ടാകാറുണ്ട്.

ക്ഷേത്രഭരണം

തിരുത്തുക

ഇപ്പോൾ തകഴി ധർമശാസ്താക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തകഴി ധർമശാസ്താക്ഷേത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറം കണ്ണികൾ

തിരുത്തുക
  • ഐതിഹ്യമാല[1]