ട്രാൻസ്-കാസ്പിയൻ റെയിൽവേ (സെൻ‌ട്രൽ ഏഷ്യൻ റെയിൽ‌വേ, Russian: Среднеазиатская железная дорога ) പടിഞ്ഞാറൻ മധ്യേഷ്യയിലെ ഒട്ടു മിക്ക ഭാഗങ്ങളിലൂടെയും കടന്ന് സിൽക്ക് റോഡ് പാത പിന്തുടരുന്ന ഒരു റെയിൽ‌വേയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യേഷ്യയിലേക്കുള്ള വ്യാപന കാലത്ത് റഷ്യൻ സാമ്രാജ്യമാണ് ഇത് പണികഴിപ്പിച്ചത്. ഖോകാന്ദിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് 1879 ലാണ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. റഷ്യൻ സാമ്രാജ്യത്വ സൈന്യത്തിന്റെ ഭരണത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പുകളെ സൈനിക നടപടികളിലൂടെ സുഗമമാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യംവച്ചത്. എന്നിരുന്നാലും, കർസൺ പ്രഭു റെയിൽ‌വേ സന്ദർശിച്ചപ്പോൾ, അതിന്റെ പ്രാധാന്യം പ്രാദേശിക സൈനിക നിയന്ത്രണത്തേക്കാളുപരിയാണെന്നും ഏഷ്യയിലെ ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.[1]

1922-ലെ മധ്യേഷ്യൻ റെയിൽ‌വേയുടെ ഒരു ഭൂപടം. റെയിൽ‌വേ ക്രാസ്നോവ്ഡ്സ്കിൽനിന്ന് കോകന്ദിലേയ്ക്കും താഷ്കന്റിലേയ്ക്കും അസ്കാബാദ്, ബൊഖാറ, സമർഖണ്ഡ് വഴി സഞ്ചരിച്ചിരുന്നു.
ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയിലെ ബഹർ‌ലിയിലെ സ്റ്റേഷൻ, c. 1890 ലെ ഒരു ചിത്രം.
തുർക്ക്മെനിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.
ഉസ്ബെക്കിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.
ഉസുൻ-അഡാ തുറമുഖവും റെയിൽവേ സ്റ്റേഷനും.
ട്രാൻസ്-കാസ്പിയൻ റൂട്ടിലെ ഒരു പ്രധാന ജംഗ്ഷനാണ് ബെറെക്കറ്റ് നഗരം.

ചരിത്രം തിരുത്തുക

നിർമ്മാണം തിരുത്തുക

ജനറൽ മിഖായേൽ സ്കോബെലേവിന്റെ നേതൃത്വത്തിൻ കീഴിൽ റഷ്യ ട്രാൻസ്കാസ്പിയ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ടാണ് 1879 ൽ ഗൈസിലാർബാറ്റിലേക്കുള്ള ഒരു നാരോ ഗേജ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. അഞ്ച് അടിയുള്ള റഷ്യൻ ഗേജിലേക്ക് ഇത് അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയും അഷ്കാബാദിലേക്കും മെർവിലേക്കും (ആധുനിക മേരി) 1886 ൽ ജനറൽ മൈക്കൽ നിക്കോളെവിച്ച് അനെൻകോഫിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ റെയിൽപാത ആരംഭിച്ചത് കാസ്പിയൻ കടലിലെ ഉസുൻ-അഡയിൽ നിന്നാണെങ്കിലും ടെർമിനസ് പിന്നീട് വടക്ക് ക്രാസ്നോവോഡ്സ്കിലെ തുറമുഖത്തേക്ക് മാറ്റി. 1888-ൽ ബുഖാറ വഴി റെയിൽ‌വേ സമർ‌ഖണ്ഡിലെത്തുകയും ഇവിടെ 10 വർഷങ്ങൾ നിർമ്മാണം മുടങ്ങിക്കിടന്നതിനുശേഷം 1898-ൽ താഷ്‌കന്റിലേക്കും ആൻ‌ഡിജാനിലേക്കും ഇതിന്റെ നിർമ്മാണം വ്യാപിപ്പിക്കപ്പെട്ടു. 1901 വരെ ഓക്‌സസിലെ (അമു-ദര്യ) സ്ഥിരമായ പാലം പൂർ‌ത്തിയായില്ല എന്നതിനാൽ അതുവരെ തീവണ്ടികൾ പലപ്പോഴും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിക്കാറുള്ള ഒരു ബലഹീനമായ മരപ്പാലത്തിലൂടെ ഓടിയിരുന്നു. 1905 ന്റെ തുടക്കത്തിൽത്തന്നെ, കാസ്പിയൻ കടലിനു കുറുകെ ക്രാസ്നോവ്സ്കിൽ നിന്ന് അസർബൈജാനിലെ ബാക്കുവിലേക്കുള്ള ഒരു ട്രെയിൻ-ഫെറി സർവ്വീസ് ഉണ്ടായിരുന്നു. ട്രാൻസ്കാസ്പിയൻ സൈനിക റെയിൽ‌വേയെ മറ്റ് റഷ്യൻ, യൂറോപ്യൻ റെയിൽ‌വേകളുടെ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന താഷ്‌കൻറ് റെയിൽ‌വേ 1906 ൽ പൂർ‌ത്തിയായി.

സാമ്പത്തിക പ്രഭാവം തിരുത്തുക

റെയിൽവേയുടെ നിർമ്മാണം മേഖലയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പരുത്തിയുടെ അളവിൽ വൻ വർധനവിനു കാരണമായി. ഇത് 1888 ലെ 873,092 പുഡിയിൽ നിന്ന് 1893 ൽ 3,588,025 ആയി ഉയർന്നു. ഒപ്പം പഞ്ചസാര, മണ്ണെണ്ണ, മരം, ഇരുമ്പ്, നിർമ്മാണ സാമഗ്രികൾ എന്നിവയും ഈ പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ഈ വർദ്ധിച്ചുവരുന്ന വ്യാപാര കണക്കുകൾ ഗവർണർ ജനറൽ നിക്കോളായ് റോസൻ‌ബാക്ക് പാതയുടെ താഷ്‌കന്റിലേക്കുള്ള വിപുലീകരണത്തിനായി വാദിക്കാൻ ഉപയോഗിക്കുകയും അതേസമയംതന്നെ വ്യാപാരി എൻ. ഐ. റെഷെത്നികോവ് ഇതേ ആവശ്യത്തിനായി സ്വകാര്യ ഫണ്ടുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.[2]

വിപ്ലവവും ആഭ്യന്തരയുദ്ധവും തിരുത്തുക

അക്കാലത്ത് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ മാർഗ്ഗം റെയിൽ‌വേയായിരുന്നു. റഷ്യൻ വിപ്ലവകാലത്ത് റെയിൽ‌വേയിലെ തൊഴിലാളികൾ പ്രധാന പ്രവർത്തകരായി. 1917 മാർച്ച് 2 ന് മുപ്പത്തിയഞ്ച് റെയിൽ‌വേ തൊഴിലാളികൾ ചേർന്ന് താഷ്കന്റ് സോവിയറ്റ് എന്ന സംഘടന സ്ഥാപിച്ചു.[3] റെയിൽ‌വേയുടെ ഭരണം അഷ്കാബാദിൽ നിന്ന് മാറ്റണമെന്ന് അവർ ഉത്തരവിടുകയും ജനപ്രീതിയില്ലാത്ത ഒരു നീക്കമായി ഗവൺമെന്റ്‌ വകുപ്പധികാരി ഫ്രോലോവിനെ ആ നഗരത്തിലേക്ക് അയക്കുകയും ചെയ്തു.[4] റെയിൽ‌വേയുടെ പടിഞ്ഞാറെ അറ്റത്തുള്ള തൊഴിലാളികൾ ബോൾ‌ഷെവിക് അധിഷ്ഠിത താഷ്‌കന്റിൽ നിന്ന് പിരിഞ്ഞുപോകുകയും 1918 ജൂലൈ 14 ന് അഷ്കാബാദ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

റെയിൽ‌വേയും അതിലെ തൊഴിലാളികളും റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പടയാളികൾ റെയിൽ‌വേ പാതയിലുടനീളമുള്ള ചില യുദ്ധങ്ങളിൽ പങ്കെടുത്തു. റെഡ് ആർമിയുടെ ഒരു പ്രധാന ശക്തി ദുർഗ്ഗമായിരുന്നു താഷ്‌കന്റ്.

സോവിയറ്റ് യൂണിയന് കീഴിൽ തിരുത്തുക

സോവിയറ്റ് കാലഘട്ടത്തിലും അതിനുശേഷവും റെയിൽ‌വേ നിയന്ത്രിക്കപ്പെട്ടത് താഷ്‌കന്റിൽ നിന്നായിരുന്നു.

വഴി തിരുത്തുക

റെയിൽ‌വേ കാസ്പിയൻ കടലിന്റെ കിഴക്കൻ തീരത്തെ തുർക്ക്മെൻബാഷിയിൽ (ക്രാസ്നോവോഡ്സ്ക്) നിന്നാരംഭിച്ച് തെക്ക് കിഴക്ക് ലക്ഷ്യമാക്കി, കാരകും മരുഭൂമിയുടെ അറ്റത്തുകൂടിപോകുന്നു. യാത്രാമാർഗ്ഗത്തിലെ പ്രധാന ജംഗ്ഷനും ലോക്കോമോട്ടീവ് റിപ്പയർ ഡിപ്പോയും 340 കിലോമീറ്റർ (211 മൈൽ) കിഴക്കായി ബെറെക്കറ്റ് നഗരത്തിലാണ് (മുമ്പ് ഗസാന്ദ്‌ജിക്) സ്ഥിതി ചെയ്യുന്നത്. റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നിവയുമായി ബന്ധിപ്പിച്ച് പേർഷ്യൻ ഗൾഫിൽ അവസാനിക്കുന്ന രീതിയിൽ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേ പുതുതായി നിർമ്മിച്ച നോർത്ത്-സൗത്ത് ട്രാൻസ്‌നാഷണൽ റെയിൽ‌വേയെ വിഭജിച്ചാണ് ഇവിടെ ഇതു കടന്നു പോകുന്നത്. ബെറെക്കറ്റിന് ശേഷം കാരകം കനാലിന് സമാന്തരമായിട്ടാണ് പാത കടന്നു പോകുന്നത്. ഇത് അഷ്ഗാബത്ത് (അഷ്കാബാദ്) കടന്നുപോയി തെക്കുകിഴക്കോട്ട് തുടർന്നു പോകുകയും, കോപെറ്റ് ഡാഗ് പർവതനിരകളെ പുണർന്ന് ച് ടെഡ്ഷെൻ വഴി കടന്നുപോകുന്നു. ടെഡ്‌ഷെനിൽ, ഒരു ആധുനിക റെയിൽ‌വേയുടെ ശാഖകൾ ഇറാനിയൻ അതിർത്തിയിലുള്ള സെറാക്കിലേക്കും അവിടെ നിന്ന് ഇറാനിലെ മഷാദിലേക്കും പോകുന്നു. ടെഡ്‌ഷെനിൽ നിന്ന്, വടക്കു കിഴക്കു ലക്ഷ്യമാക്കി പോകുന്ന ട്രാൻസ്-കാസ്പിയൻ പാത, മേരിയിൽ (മെർവ്) 1890 കളിൽ നിർമ്മിച്ച ഒരു ബ്രാഞ്ച് ലൈൻ വഴി ഗുഷ്ജിയിലെ അഫ്ഗാൻ അതിർത്തിയിലേക്ക് നയിക്കുകയും പ്രധാന പാത തുർക്ക്മെനാബാദിലേക്ക് (ചർജ്യൂ) പോകുകയും ചെയ്യുന്നു. അവിടെ നിന്ന് സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച പാതയുടെ ഒരു ശാഖ വടക്കുപടിഞ്ഞാറോട്ട് ഉർഗാഞ്ചിലേക്കും കസാക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. Military power, conflict, and trade by Michael P. Gerace, Routledge, 2004 p182
  2. Russian Colonial Society in Tashkent by Jeff Sahadeo, Indiana University Press, 2007, p120
  3. Russian colonial Society in Tashkent, 1865-1923, by Jeff Sahedeo, Indiana university Press, 2007, p. 190
  4. The Times, The Fighting In Trans-Caspia, 3 March 1919