ടി.പി. ശ്രീനിവാസൻ
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനാണ് തെറ്റാലിൽ പരമേശ്വരൻപിള്ള ശ്രീനിവാസൻ എന്ന ടി.പി. ശ്രീനിവാസൻ (T.P. Sreenivasan). ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു.
ടി.പി. ശ്രീനിവാസൻ | |
---|---|
ജനനം | 1944 ജൂൺ 17 കായംകുളം, തിരുവിതാംകൂർ |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | നയതന്ത്രജ്ഞൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | ലേഖ ശ്രീനിവാസൻ |
കുട്ടികൾ | ശ്രീനാഥ് ശ്രീനിവാസൻ, ശ്രീകാന്ത് ശ്രീനിവാസൻ |
മാതാപിതാക്ക(ൾ) | പരമേശ്വരൻപിള്ള എൻ. ചെല്ലമ്മ. |
വെബ്സൈറ്റ് | tpsreenivasan.com |
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരള സർക്കാറിന് ഉപദേശം നൽകുന്ന കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ, എക്സിക്യൂട്ടിവ് തലവൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു. കോളമിസ്റ്റ്, ഫ്രീലാൻസ് എഴുത്തുകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.
ജീവിതരേഖ
തിരുത്തുക1944 ജൂൺ 17-ന് കായംകുളത്ത് ജനിച്ചു. പിതാവ് പരമേശ്വരൻപിള്ള സ്കൂൾ അധ്യാപകനായിരുന്നു. കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ നിർദ്ദേശപ്രകാരം 1960-ൽ തിരുവനന്തപുരത്ത് ഇന്റർമീഡിയറ്റ് കോളേജിൽ പ്രവേശനം നേടി. ഇതിനു ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉയർന്ന മാർക്കുകളോടെ പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തോളം മാർ ഇവാനിയോസ് കോളജിൽ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. പിന്നീടാണ് ഐ.എഫ്.എസ് പരീക്ഷ പാസാകുന്നത്.
വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫിജിയിലെയും മറ്റ് എട്ട് ദക്ഷിണ-പസഫിക് ദ്വീപ് സംസ്ഥാനങ്ങളുടെയും ഇന്ത്യൻ അംബാസഡർ (1986-1989), അമേരിക്കയിലെ ന്യൂയോർക്കിൽ അംബാസഡർ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം ഉപപ്രതിനിധി (1992-1995), കെനിയയിലെ ഇന്ത്യയുടെ ഹൈകമ്മീഷണറും നെയ്റോബിയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി (1995-1997), വാഷിഗ്ടണിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, വിയന്നയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണർ ഓസ്ടിയയിലെയും, സ്ലോവേനിയയിലെയും ഇന്ത്യൻ അംബാസഡർ (2000-2004) തുടങ്ങിയ ഉന്നത പദവികളിൽ സേവനം അനുഷ്ടിച്ചു. 2004-ൽ ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു.
2009 മുതൽ 2012 വരെ ദേശീയ സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായിരുന്നു. നിലവിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ, എക്സിക്യൂട്ടിവ് തലവൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു
ഏഷ്യാനെറ്റിൽ വിദേശരാജ്യങ്ങളിലെ വാർത്തകളെ ആസ്പദമാക്കിയുള്ള വിദേശ വിചാരം എന്ന പ്രതിവാര വാർത്താധിഷ്ടിത പരിപാടിയുടെ നിർമ്മാതാവാണ്. ഇതിനു പുറമേ ഏഷ്യാ വാൾസ്ട്രീറ്റ്, ന്യൂയോർക്ക് ടൈംസ്, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ അച്ചടി മാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ജാപ്പനീസ്, റഷ്യൻ ഭാഷകൾ സംസാരിക്കാനറിയാം.
കുടുംബം
തിരുത്തുകഭാര്യ ലേഖ ചിത്രകാരിയും, നർത്തകിയുമാണ്, കരുണ ചാരിറ്റീസ് ഇൻറർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെ അദ്ധ്യക്ഷയാണ്. വേൾഡ് മലയാളി കൗൺസിലിൻെറ ചെയർപേഴ്സനായിരുന്നു. മകൻ ശ്രീനാഥ് കൊളംബിയ സർവകലാശാലയിൽ ജേർണലിസം പ്രഫസറായിരുന്നു. ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ചീഫ് ഡിജിറ്റൽ ഓഫിസർ. ഇളയമകൻ ശ്രീകാന്ത് ദുബൈയിൽ കെ.ഇ.എഫ് ഹോൾഡിങ്സിനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും വേണ്ടി പ്രവർത്തിക്കുന്നു.
നേരിടേണ്ടി വന്ന എതിർപ്പുകൾ, അക്രമണങ്ങൾ
തിരുത്തുക- ഫിജിയിൽ ഇന്ത്യൻ ഹൈകമ്മീഷണറായിരുന്ന കാലത്ത് 1987-ൽ സിതിവേനി റബൂക്കയുടെ നേതൃത്വത്തിൽ പട്ടാള അട്ടിമറിയിലൂടെ ഇന്ത്യൻ വംശജർക്ക് മേധാവിത്വമുണ്ടായിരുന്ന സർക്കാർ താഴെയിറക്കപ്പെട്ടു. പട്ടാള ഭരണകൂടത്തെ അംഗീകരിക്കാതെ ഫിജിയിലെ ഇന്ത്യക്കാർക്ക് വേണ്ടി നിലകൊള്ളണമെന്ന് ഇന്ത്യൻ ഗവണ്മെന്റ് ശ്രീനിവാസനോട് നിർദ്ദേശിക്കപ്പെട്ടു. രണ്ടു വർഷത്തെ നയതന്ത്ര വടംവലിക്ക് ശേഷം റബൂക്ക, ശ്രീനിവാസനോട് 72 മണിക്കൂറിനകം രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ടി.പി. ശ്രീനിവാസനെ പുറത്താക്കിയ ശേഷം റബൂക്കയുടെ പട്ടാള ഭരണകൂടം ഇന്ത്യൻ ഹൈക്കമ്മീഷൺ ഓഫീസും സാംസ്കാരിക കേന്ദ്രവും ആറു മാസത്തോളം അടച്ചിടുകയുണ്ടായി.[1]
- കെനിയയിൽ ഹൈകമ്മീഷണറായിരുന്ന കാലയളവിൽ 1995 ഡിസംബറിൽ അദ്ദേഹത്തിനു നേരെ അവിടുത്തെ പ്രതിപക്ഷ കക്ഷിയുടെ അക്രമമുണ്ടായി. ഇന്ത്യൻ ബിസിനസുകാരുടെ സാമ്പത്തികപിന്തുണ ആവശ്യപ്പെട്ട് കെനിയയിലെ പ്രതിപക്ഷനേതാക്കൾ അദ്ദേഹത്തെ വന്നു കണ്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യക്കാർ സുരക്ഷിതരായിരിക്കില്ല എന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനാൽ തുടർന്ന് നവംബർ അഞ്ചിന് പുലർച്ചെ ഭൂമിക്കടിയിലൂടെ തുരങ്കം നിർമിച്ച് മുറിക്കുള്ളിലത്തെിയ പ്രതിപക്ഷ വിഭാഗത്തിൽ പെട്ടവർ ശ്രീനിവാസനെ അക്രമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഇടതു കൈക്കും ഇടുപ്പിനും സാരമായ പരുക്കുണ്ടായി.[2]
- ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ എന്ന നിലയിൽ 2016 ജനുവരിയിൽ കോവളത്തു നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ടി.പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു.[3] സമ്മേളനസ്ഥലമായ ലീല ഹോട്ടലിലേക്കെത്തിയ ശ്രീനിവാസനെ പിന്തുടർന്നെത്തിയ എസ്എഫ്െഎ പ്രവർത്തകൻ അടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി. തന്നെ മർദിക്കുമ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും, ഒരു പൊലീസുകാരനും സഹായിച്ചില്ലെന്നും ടി.പി. ശ്രീനിവാസൻ പിന്നീട് പറഞ്ഞു. അതേസമയം ശ്രീനിവാസനെ മർദിച്ച സംഭവത്തിൽ സി.പി.എമ്മും എസ്.എഫ്.െഎയും ക്ഷമചോദിച്ചു. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോളവിദ്യാഭ്യാസ സംഗമം എന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രതിഷേധിച്ചത്.[4][5]
കൃതികൾ
തിരുത്തുക- എൻകൗണ്ടേഴ്സ്
- വേർഡ്സ്, വേർഡ്സ്, വേർഡ്സ്. അഡ്വഞ്ചേഴ്സ് ഇൻ ഡിപ്ലോമസി
- മാറ്ററിംഗ് റ്റു ഇന്ത്യ. ദ ശശി തരൂർ ക്യാമ്പയിൻ
- അപ്ലൈഡ് ഡിപ്ലോമസി. ത്രൂ ദ പ്രിസം ഓഫ് മിഥോളജി
അവലംബം
തിരുത്തുക- ↑ "When I met the coup leader who expelled me". റെഡിഫ്.കോം. ഏപ്രിൽ 29, 2014.
- ↑ "മർദിതൻ". മാധ്യമം. ജനുവരി 31, 2016.
- ↑ "ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു". മാതൃഭൂമി. ജനുവരി 29, 2016. Archived from the original on 2016-01-29.
- ↑ "ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ അടിച്ചു വീഴ്ത്തി; മാപ്പു ചോദിച്ച് സി.പി.എം". മാധ്യമം. ജനുവരി 29, 2016.
{{cite web}}
: zero width space character in|title=
at position 22 (help) - ↑ "എസ്.എഫ്.ഐ നടത്തിയത് ബോധപൂർവമായ ആക്രമണം; പൊലീസ് സഹായിച്ചില്ല -ടി.പി ശ്രീനിവാസൻ". മാധ്യമം. ജനുവരി 29, 2016.