ജോൺ ഡോസ് പാസോസ് അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1896 ജനുവരി 14-ന് ചിക്കാഗോയിൽ ജനിച്ചു.

ജോൺ ഡോസ് പാസോസ്
ജനനംJohn Roderigo Dos Passos
January 14, 1896
Chicago, Illinois
മരണംSeptember 28, 1970 (aged 74)
Baltimore, Maryland
തൊഴിൽnovelist, playwright, poet, journalist, painter, translator
ദേശീയതAmerican
സാഹിത്യ പ്രസ്ഥാനംModernism
Lost Generation
ശ്രദ്ധേയമായ രചന(കൾ)USA Trilogy
അവാർഡുകൾAntonio Feltrinelli Prize

വിദ്യാഭ്യാസവും ഉദ്യോഗവും

തിരുത്തുക

വാലിംഗ്ഫോർഡിലെ കൊയേറ്റ് സ്കൂൾ, ഹാർവാഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1917-ൽ ഫ്രാൻസിലെ നോർട്ടൻ-ഹാർജസ് ആംബുലൻസ് യൂണിറ്റിലും 1918-ൽ ഇറ്റലിയിലെ റെഡ് ക്രോസ് ആംബുലൻസിലും 1918-19 കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കൽ കോറിലും സേവനമനുഷ്ഠിച്ചു. 1922-ൽ ന്യൂയോർക്കിൽ താമസമാക്കിയ ഇദ്ദേഹം 1923-ൽ സ്പെയിനിലും 1928-ൽ യു.എസ്.എസ്.ആറിലും പര്യടനം നടത്തി. 1934-ൽ ഹോളിവുഡിൽ തിരക്കഥാരചനയാരംഭിച്ചു. 1945-ൽ പസിഫിക്കിലും ന്യൂറംബെർഗിലും 1948-ൽ തെക്കേ അമേരിക്കയിലും ലൈഫ് മാഗസിനിന്റെ യുദ്ധകാര്യ ലേഖകനായി സേവനമനുഷ്ഠിക്കാൻ ഡോസ് പാസോസിന് അവസരം ലഭിച്ചു. നാഷണൽ കമ്മിറ്റി ഫോർ ദ് ഡിഫൻസ് ഒഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്, നാഷണൽ കമ്മിറ്റി ടു എയ്ഡ് സ്ട്രൈക്കിംഗ് വർക്കേഴ്സ്, കാംപെയ്ൻ ഫോർ പൊളിറ്റിക്കൽ റെഫ്യൂജീസ് എന്നീ സമിതികളിലും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. അമേരിക്കൻ അക്കാദമി ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സിലെ അംഗമെന്ന നിലയിലും ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്.

സാഹിത്യ ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ചു

തിരുത്തുക

20-ആം നൂറ്റാണ്ടിലെ സാഹിത്യ ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ച പല സംഭവങ്ങളുമായും ഡോസ് പാസോസിനു ബന്ധമുണ്ടായിരുന്നു. ഏണസ്റ്റ് ഹെമിങ് വേ, സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്, ടി.എസ്.എലിയറ്റ്, ഇ.ഇ.കമിങ്സ്, അപ്ടൻ സിൻക്ലെയർ, എഡ്മൺഡ് വിൽസൺ തുടങ്ങിയ അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഇദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിൽപ്പെട്ടവരായിരുന്നു. 1920-കളിൽ പടർന്നുപിടിച്ച ഇടതുപക്ഷ രാഷ്ട്രീയ തീവ്രവാദി പ്രസ്ഥാനത്തിലും ഇദ്ദേഹം പങ്കാളിയായിരുന്നു. റഷ്യൻ വിപ്ലവത്തോടും സോഷ്യലിസ്റ്റ് പരീക്ഷണത്തോടും ഉണ്ടായ ആഭിമുഖ്യവും എക്സ്പ്രഷണിസ്റ്റു കലാപ്രസ്ഥാനത്തോടും സെർജി ഐൻസ്റ്റണിന്റെ സിനിമകളോടുമുണ്ടായ താത്പര്യവുമാണ് 1928-ൽ റഷ്യ സന്ദർശിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി. തന്റെ കാലത്തെ ഏറ്റവും മഹാനായ സാഹിത്യകാരനായി ഴാങ് പോൾ സാർത്ര് ഡോസ് പാസോസിനെ വാഴ്ത്തി.

രഷ്ട്രീയ നോവലിസ്റ്റ്

തിരുത്തുക

ഒരു രാഷ്ട്രീയ നോവലിസ്റ്റ് (Political Novelist) എന്നാണ് ഡോസ് പാസോസ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്.

  • ത്രീ സോൾജിയേഴ്സ് (1921)
  • മൻഹാട്ടൻ ട്രാൻസ്ഫർ (1925)
  • യു.എസ്.എ. (1938)

എന്നീ നോവലുകൾ അമേരിക്കൻ ആധുനികതാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ തന്നെയാണ്. ഒന്നാം ലോകമഹായുദ്ധ കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ആദ്യ അമേരിക്കൻ നോവലെന്ന പ്രത്യേകതയാണ് ത്രീ സോൾജേഴ്സിനെ പ്രശസ്തമാക്കിയത്. 19-ആം നൂറ്റണ്ടിന്റെ അന്ത്യദശകങ്ങളിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഉടലെടുത്ത ചില കലാസിദ്ധാന്തങ്ങൾ സാഹിത്യത്തിൽ പ്രയോഗിക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ നോവലിൽ കാണുന്നത്. തന്റെ കലാസിദ്ധാന്തങ്ങളെ അമേരിക്കൻ സാംസ്കാരിക ചരിത്രത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ പ്രയോഗിക്കുകയാണ് ഡോസ് പാസോസ് ചെയ്യുന്നത്.

  • ദ് ഫോർട്ടി സെക്കൻഡ് പാരലൽ (1930)
  • നയന്റീൻ നയന്റീൻ (1932)
  • ദ് ബിഗ് മണി (1936)

എന്നീ മൂന്നു വാല്യങ്ങളടങ്ങിയ ഈ നോവൽത്രയത്തിൽ 1900 മുതൽ 1929 വരെയുള്ള അമേരിക്കൻ ചരിത്രത്തെയാണ് ആവിഷ്ക്കരിക്കുന്നത്. 1927 മുതൽ 1936 വരെയുള്ള ഒൻപത് വർഷക്കാലം ഡോസ് പാസോസ് ഈ ബൃഹത് നോവലിന്റെ പണിപ്പുരയിലായിരുന്നു. ഈ കാലഘട്ടത്തിൽ ഇദ്ദേഹം ഇടതുപക്ഷാഭിമുഖ്യം പുലർത്തിയിരുന്നു. സ്വാഭാവികമായും അമേരിക്കൻ സമൂഹത്തിലെ ഭൌതികവാദത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണമാണ് ഈ കൃതിയിൽ കാണുന്നത്.

കമ്യൂണിസ്റ്റ് വിരോധം

തിരുത്തുക

ഡോസ് പാസോസ് ക്രമേണ ഇടതുപക്ഷ ചിന്താഗതി വിട്ട് വലത്തോട്ടു ചായുന്നതാണ് പിന്നെ നാം കാണുന്നത്. കമ്യൂണിസ്റ്റുകാർ തന്നെ വഞ്ചിച്ചതായ ചിന്ത ഇദ്ദേഹത്തെ സദാ വേട്ടയാടിക്കൊണ്ടിരുന്നു. 1937-ൽ സ്പെയിനിൽ തന്റെ സുഹൃത്തായ ജോസ് റോബിൾസ് വധിക്കപ്പെട്ടതിനു പിന്നിൽ കമ്യൂണിസ്റ്റുകാരാണെന്ന സംശയം ഈ ചിന്തയെ ബലപ്പെടുത്തി. അഡ്വെഞ്ചേഴ്സ് ഒഫ് എ യംഗ് മാൻ എന്ന പേരിൽ 1939ൽ പുറത്തുവന്ന നോവലിൽ നായകനെ കമ്യൂണിസ്റ്റുകാർ ഒറ്റിക്കൊടുക്കുന്നതായി ചിത്രീകരിക്കുന്നു. ഫ്രാങ്ക്ലിൻ റൂസ്വെൽറ്റിന്റെ പുത്തൻ ഭരണക്രമത്തിൽ നിന്നുടലെടുത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണങ്ങളാണ് തുടർന്നു വന്ന നോവലുകൾ.

  • മോസ്റ്റ് ലൈക്‌ലി ടു സക്‌സീഡ് (1975)
  • ദ് ഗ്രേറ്റ് ഡെയ്സ് (1958)
  • സെഞ്ച്വറീസ് എൻഡ് (1975)

എന്നിവ ഇക്കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.

യാത്രാവിവരണങ്ങൾ

തിരുത്തുക

ഡോസ് പാസോസ് ഒരു നോവലിസ്റ്റ് മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തന്റെ യാത്രാനുഭവങ്ങൾ വിവരിച്ചുകൊണ്ടും അവിടത്തെ ജനജീവിതത്തേയും രാഷ്ട്രീയത്തേയും അപഗ്രഥിച്ചുകൊണ്ടും നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചു. *ഓറിയന്റ് എക്സ്പ്രസ് (1927)

  • ദ് വില്ലേജസ് ആർ ദ് ഹാർട്ട് ഒഫ് സ്പെയിൻ (1937)
  • ജേണീസ് ബിറ്റ്വീൻ വാഴ്സ് (1938)
  • ബ്രസീൽ ഓൺ ദ് മൂവ് (1963)
  • ഈസ്റ്റർ ഐലൻഡ്: ഐലൻഡ് ഒഫ് എനിഗ്മാസ് (1971)

എന്നിവ ഇക്കൂട്ടത്തിൽ ശ്രദ്ധേയങ്ങളാണ്. അമേരിക്കൻ ഐക്യനാടുകളുടെ ഉത്പത്തിയേയും വികാസത്തേയും പറ്റി രചിച്ച ഗ്രന്ഥങ്ങളിൽ പ്രധാനം

  • ദ് ഗ്രൌൺഡ് വി സ്റ്റാൻഡ് ഓൺ (1941)
  • ദ് മെൻ ഹു മെയ്ഡ് ദ് നേഷൻ (1957)
  • പ്രോസ്പെക്റ്റസ് ഒഫ് എ ഗോൾഡൻ ഏജ് (1959)
  • ദ് ഷാക്കിൾസ് ഒഫ് പവർ: ത്രീ ജെഫേഴ്സോണിയൻ ഡെക്കെയ്ഡ്സ് (1966)

എന്നിവയാണ്. ഇതിനു പുറമേ

  • എ പുഷ്കാർട്ട് അറ്റ് ദ് കോർബ് (1922)

എന്നൊരു കവിതാസമാഹാരവും

  • ദ് ഗാർബേജ്മാൻ: എ പരേഡ് വിത് ഷൗട്ടിംഗ് (1926)
  • ഫോർച്യൂൺ ഹൈറ്റ്സ് (1933)

തുടങ്ങി ചില നാടകങ്ങളും കൂടി ഡോസ് പാസോസിന്റെ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. 1970 ജനുവരി 1-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോസ് പാസോസ്, ജോൺ (1896 - 1970) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഡോസ്_പാസോസ്&oldid=3804607" എന്ന താളിൽനിന്ന് ശേഖരിച്ചത്